ചില കാഴ്ചകള്‍ നമ്മെ വിസ്മയത്തിന്റെ പരകോടിയിലെത്തിക്കും. അത്തരം ദൃശ്യഗരിമയുടെ അത്ഭുതവിശേഷങ്ങള്‍ വാക്കുകള്‍ക്ക് വിവരിക്കാനാവില്ല; അടയാളപ്പെടുത്താനുമാവില്ല. അനുഭവത്തിലൂടെ മനസ്സിലാവാഹിക്കണം. ജടായുമംഗലം എന്ന ചടയമംഗലത്തെ ഉത്തുംഗമായ പാറപ്പരപ്പില്‍ ആകാശത്തേക്ക് വിടരുന്നത് അങ്ങനെയൊരു ദൃശ്യഗംഭീരതയാണ്.
ത്രേതായുഗത്തില്‍, മര്യാദാപുരുഷോത്തമനായ ശ്രീരാമദേവന്റെ ധര്‍മ്മായനങ്ങളുടെ കഠിനപഥങ്ങള്‍ക്കിടെ രാവണന്റെ സീതാപഹരണത്തെ ചെറുത്ത് സ്വയം സമര്‍പ്പിച്ച പക്ഷിരാജനായ ജടായുവിന്റെ മഹാത്യാഗത്തിന്റെ തിരുശേഷിപ്പായി ഭാരതീയമനസ്സുകളില്‍ ഇടംകൊണ്ട പ്രദേശം. അവിടെ ഉയര്‍ന്നതാകട്ടെ, ഇതിനകം ലോകപാരിസ്ഥിതിക ടൂറിസം ഭൂപടത്തില്‍ സ്ഥാനം പിടിച്ച അതുല്യമായ പക്ഷിശില്പം. ശില്‍പചാതുര്യത്തിലും ആകാരബഹുലതയിലും സമാനതകളില്ലാത്ത സൗന്ദര്യത്തിന് ഗിന്നസ് റെക്കോര്‍ഡിന്റെ നാള്‍വഴിയില്‍ മുദ്രിതമായ, പടിഞ്ഞാറന്‍ കടലിലേക്ക് മിഴി തുറക്കുന്ന കരവിരുതിന്റെ അത്യുദാത്തത.
അമ്പരപ്പിക്കുന്ന തലയെടുപ്പ്
അനന്തപുരിയില്‍നിന്ന് അന്‍പത് കിലോമീറ്റര്‍ വടക്കും, കൊല്ലം നഗരത്തിന് മുപ്പത്തിയെട്ട് കിലോമീറ്റര്‍ കിഴക്കുമായി എംസി റോഡില്‍ ചടയമംഗലം ജങ്ഷന് സമീപമാണ് ജടായുപ്പാറയുടെ കിടപ്പ്. അകലെനിന്നുതന്നെ സന്ദര്‍ശകന്റെ ദൃശ്യപഥത്തിലെത്തും പാറസമുച്ചയത്തിന്റെ അമ്പരപ്പിക്കുന്ന തലയെടുപ്പ്. റോഡരികിലുള്ള ദിശാസൂചികയും കടന്ന് അന്താരാഷ്ട്ര നിലവാരത്തില്‍ നിര്‍മ്മിച്ചിട്ടുള്ള പാതയിലൂടെ അല്പം മുന്നോട്ട് ചെന്നാല്‍ ജടായു എര്‍ത്ത് സെന്ററിന്റെ പ്രവേശനകവാടമായി. പ്രവേശനം ഓണ്‍ലൈന്‍ ടിക്കറ്റിലൂടെ മാത്രം. പുറംഗേറ്റിലെ പരിശോധനകള്‍ കഴിഞ്ഞ് അകത്തേക്ക് എത്തുന്നവര്‍ക്ക് ആദ്യവരവേല്‍പ് നല്കാന് എന്നവണ്ണം പാതയുടെ ഇരുവശങ്ങളിലുമായി നിരയൊപ്പിച്ച് ചിട്ടപ്പെടുത്തിയ ഓയില്‍പാം ചെടികള്‍. പാതയില്‍നിന്നും വലതുതിരിഞ്ഞാല്‍ ലളിതമായ രൂപഘടനകളാല്‍ നിര്‍മ്മിതമായ വിശാലമായ ഹാളിലെത്താം.
ഹാളില്‍ സജ്ജമാക്കിയിട്ടുള്ള കൗണ്ടറുകളില്‍ കര്‍ശനമായ സുരക്ഷാപരിശോധനയ്ക്കു ശേഷം യാത്രികരെ കേബിള്‍കാര്‍യാത്രയ്ക്ക് തയ്യാറാക്കി പ്ലാറ്റ്ഫോമില്‍ എത്തിക്കും. സമുദ്രനിരപ്പില്‍ നിന്നും ആയിരമടിയിലേറെ ഉയരമുള്ള പാറയുടെ നിറുകയിലേക്ക് സഞ്ചരിക്കാന്‍ എട്ട് കേബിള്‍കാറുകള്‍ ഉള്‍പ്പെടുന്ന ശൃംഖലയാണ് രൂപപ്പെടുത്തിയിട്ടുള്ളത്. ഒരു കാറില്‍ പരമാവധി എട്ട് പേര്‍ക്കാണ് യാത്രാസൗകര്യം. പാറയില്‍ ഉറപ്പിച്ച കോണ്‍ക്രീറ്റ് തൂണുകളില്‍ ബന്ധിപ്പിച്ചിരിക്കുന്ന കേബിളുകളില്‍ തൂങ്ങിയാടിയുള്ള ആകാശയാനയാത്ര നല്കുന്ന ദൃശ്യാനുഭവം ഒരേസമയം വിഭ്രാമകവും അനുഭൂതിദായകവുമാണ്.
യാത്രയുടെ ആദ്യഘട്ടം അവസാനിക്കുന്നത് മുകളിലെ പാറപ്പരപ്പില്‍ സംവിധാനം ചെയ്തിട്ടുള്ള പ്ലാറ്റ് ഫോമിലാണ്. പുറത്തേക്ക് കാല്‍വയ്ക്കുന്ന യാത്രികന്റെ മുന്നില്‍ പക്ഷിശില്പത്തിന്റെ അത്ഭുതാകാരം ഇരുനൂറടി നീളത്തിലും എഴുപതടി ഉയരത്തിലും നീണ്ടുനിവര്‍ന്നുയര്‍ന്ന മട്ടില്‍; ചിറകറ്റ പക്ഷിയുടെ തല ഉയര്‍ത്തി കൊക്ക് പിളര്‍ന്നുള്ള കിടപ്പ്. പല ദിക്കുകളില്‍ നിന്നും പല നോട്ടങ്ങള്‍ വേണം ഒന്നളന്നെടുക്കാന്‍.
അകം തണുപ്പിക്കുന്ന കാഴ്ചകള്‍
ശില്പത്തിന്റെ വടക്കുഭാഗത്തായി പച്ചച്ച പ്രകൃതിയുടെ തുറസ്സിലേക്ക് നോട്ടമെത്തിക്കാന്‍ പാകത്തില്‍ തയ്യാറാക്കപ്പെട്ട അര്‍ധവൃത്താകൃതിയിലുള്ള ഗാലറിയുടെ അതിരുകളില്‍ കട്ടി ഗ്ലാസ് മറകള്‍ സ്ഥാപിച്ച് സുരക്ഷിതത്വം ഉറപ്പുവരുത്തിയിരിക്കുന്നു. പ്രകൃതിഭംഗി മുഴുവന്‍ ആസ്വദിക്കത്തക്ക രീതിയിലാണ് ഗാലറിയുടെ സംവിധാനം. കൊതിപ്പിക്കുന്ന കാഴ്ചകളുടെ പുറംവട്ടങ്ങളിലേക്ക് കണ്ണയയ്ക്കുകയേ വേണ്ടൂ. പ്രകൃതിയുടെ വശ്യചാരുതയാല്‍ നിര്‍ന്നിമേഷമാക്കപ്പെടുന്ന സന്ദര്‍ശക മനസ്സിനുമേല്‍ ആകാശത്തിന്റെ അപാരതമാത്രം. കിഴക്കന്‍ മലനിരകളില്‍ മേഘത്തിന്റെ അടരുകള്‍. പച്ചപ്പുതപ്പാണ് താഴ്വാരങ്ങള്‍. കണ്ണോട്ടമെത്തുന്നിടത്തെല്ലാം ജൈവപ്രകൃതിയുടെ ധാരാളിത്തം.
മനം തണുപ്പിക്കുന്ന കാഴ്ചകള്‍ക്കിടയില്‍ അലോസരമായ, അകം പൊള്ളിക്കുന്ന ചില അടയാളങ്ങളും കണ്ണില്‍പ്പെട്ടു. മുച്ചൂടും പൊട്ടിച്ചുതീര്‍ത്ത കരിങ്കല്‍ മലകള്‍. പ്രകൃതിയുടെ മാറിലെ ഉണങ്ങാത്ത മുറിവുകള്‍.
പക്ഷിശില്പത്തിന്റെ സ്ഥൂലാകാരത്തിനുള്ളില്‍ തയ്യാറായി വരുന്നത് അതിവിപുലമായൊരു തീയറ്റര്‍ സംവിധാനമാണ്. പണിപൂര്‍ത്തിയാകുമ്പോള്‍ രാമായണകഥ ആനിമേഷന്‍ സങ്കേതത്തിലൂടെ ആസ്വാദ്യകരമായി സന്ദര്‍ശകരിലെത്തും. അത്യാധുനിക സാങ്കേതികത്തികവില്‍ ജടായു-രാവണ യുദ്ധം പുനഃസൃഷ്ടിക്കപ്പെടും. ഒരേസമയം 32 പേര്‍ക്ക് ഈ വിസ്മയക്കാഴ്ച കാണാനാവും. ശില്പത്തിന്റെ ഇരു കണ്ണിലൂടെയും പ്രകൃതിയെ വീക്ഷിക്കാനുള്ള അസുലഭാവസരം കാഴ്ചക്കാരന് കൈവരും.
ജനസൗഹൃദം ജടായു പ്രൊജക്ട്
സാഹസികത ഇഷ്ടപ്പെടുന്നവര്‍ക്കായി നിരവധി വിനോദ സാധ്യതകളാണ് എര്‍ത്ത് സെന്റര്‍ നല്‍കുന്നത്. മലകയറ്റവും പ്രകൃതിദത്ത വനത്തിലൂടെയുള്ള സഞ്ചാരവും റൈഫിള്‍ ഷൂട്ടിങും അമ്പെയ്ത്തുമെല്ലാം അവയില്‍ ചിലതുമാത്രം. ഇരുപതോളം സാഹസികവിനോദങ്ങളാണ് പട്ടികയില്‍.
ജടായു പ്രകൃതി ഉദ്യാനം പരിസ്ഥിതി സൗഹൃദം മാത്രമല്ല, സാമൂഹ്യപ്രതിബദ്ധവുമാണെന്ന് പരിസരകാഴ്ചയില്‍ ബോധ്യമാകും. തദ്ദേശീയജനതയുടെ അതിജീവനത്തിനായി ഉപകരിക്കപ്പെടണം എന്ന കാഴ്ചപ്പാടിലാണ് ഗ്രൂപ്പ് ഫാമിങ്, ഓര്‍ഗാനിക് ഫാമിങ്, സ്കില്‍ ട്രെയിനിങ് അടക്കമുള്ള പ്രോജക്ടുകള്‍ ഇവിടെ രൂപംകൊള്ളുന്നത്. ഉല്‍പ്പന്നങ്ങളുടെ വിപണനത്തിനായി പ്രാദേശിക വിപണിയുമുണ്ട്. മഴവെള്ള സംഭരണത്തിനായി വിപുലമായ സംവിധാനം ഏര്‍പ്പെടുത്തിയിരിക്കുന്നു. ഊര്‍ജ്ജ സ്വയംപര്യാപ്തതയ്ക്കായി സൗരോര്‍ജ ഉല്പാദനത്തിനുള്ള പദ്ധതിയും പരിഗണനയിലാണ്. ചുരുക്കത്തില്‍ ഇക്കോടൂറിസം എങ്ങനെ ജനസൗഹൃദപരമാകണമെന്നതിന്റെ മികച്ച മാതൃകയാണ് ജടായു പ്രോജക്ട്.
ഇവിടെ ജൈവപ്രകൃതിയുടെയും മനുഷ്യപ്രകൃതിയുടെയും സമന്വയമുണ്ട്. ചിതറിയ ശിലാഖണ്ഡങ്ങള്‍ക്കിടയിലെ മണ്ണടരുകളില്‍ ചെടികളും വൃക്ഷത്തൈകളും പാകി ശിലാപരിസരങ്ങളെ ഹരിതാഭമാക്കിയിട്ടുണ്ട്. പദ്ധതിപ്രദേശത്തിന് കാനനപ്രകൃതി കൈവരാന്‍ കാലമധികം വേണ്ടിവരില്ല.
രാജീവ് അഞ്ചലിന്റെ അവധൂത മനസ്സ്
ജടായുശിലാസമുച്ചയത്തിലെ അടുക്കളപ്പാറയില്‍ പ്രകൃതിദത്തമായ ഗുഹകളുണ്ട്. നിര്‍ദിഷ്ട സിദ്ധചികിത്സാകേന്ദ്രവും യോഗാഗ്രാമവും ഇവിടെയാണ് രൂപംകൊള്ളുന്നത്. ഇതിനോട് ചേര്‍ന്നുതന്നെ അത്യപൂര്‍വങ്ങളായ പച്ചമരുന്നുകളാല്‍ ഔഷധത്തോട്ടവുമുണ്ട്. ഇവ പൂര്‍ത്തിയാകുന്നതോടെ ജടായു ശില്പോദ്യാനത്തില് ആരോഗ്യ ടൂറിസവും യാഥാര്‍ത്ഥ്യമാകും. ജടായു എര്‍ത്ത് സെന്ററുമായി ബന്ധപ്പെട്ട് ഹെലികോപ്ടര്‍ ലോക്കല്‍ ഫ്ളൈയിങ് സര്‍വീസ് ആരംഭിച്ചുകഴിഞ്ഞു. പ്രധാന പാറയോടുചേര്‍ന്നുതന്നെയാണ് ആധുനികരീതിയില്‍ പണിത ഹെലിപ്പാഡ്.
നാലുകെട്ടും കെട്ടുവള്ളങ്ങളും കഥകളിയും പുലികളിയും വനപരിസരത്തെ ചില ഏറുമാടങ്ങളുമായാല്‍ ഇക്കോ ടൂറിസമായെന്ന് ധരിക്കുകയും ധരിപ്പിക്കുകയും ചെയ്യുന്ന മഹാസംരംഭശാലികള്‍ അരങ്ങ് കയ്യടക്കുമ്പോഴാണ് രാജീവ് അഞ്ചല്‍ എന്ന അവധൂതമനസ്സുള്ള പെരുന്തച്ചന് ലോകം ഉറ്റുനോക്കുന്ന പ്രകൃതി സൗഹൃദസംരംഭം ജടായുമംഗലത്തെ ആശ്രമശാന്തിയില്‍ യാഥാര്‍ത്ഥ്യമാക്കിയത്. മുപ്പതുകൊല്ലത്തേക്ക് ഒരു തരിശുപാറ പാട്ടവ്യവസ്ഥയില്‍ ഈ സംരംഭകത്വത്തിന് കൈമാറിയതുമാത്രമാണ് ഇക്കാര്യത്തില്‍ സര്‍ക്കാരിന്റെ ‘നല്ല പങ്ക്’.
കൈമുതലായി ഇച്ഛാശക്തിയും ഗുരുകടാക്ഷത്തിന്റെ കനിവുമായി രാജീവ് അഞ്ചല്‍ ഈ മഹാസംരംഭത്തിന് ഒരുങ്ങുമ്പോള്‍ പൂക്കള്‍ വിതറിയ പാതകളായിരുന്നില്ല മുന്നില്‍. മഹാസംരംഭങ്ങള്‍ ഈ കലാകാരന് പുതിയ കാര്യമല്ല. അതൊരു നിയോഗമായിരുന്നു. അനാദി തൊട്ട് ധ്യാനത്തിലായിരുന്ന ഒരു മഹാശിലയെ ഉണര്‍ത്തി, പ്രകൃതിയുടെ ജൈവതാളങ്ങള്‍ വിലയിച്ചുചേര്‍ത്ത് ജടായുവിന് ഉടല്‍രൂപം നല്കിയ പ്രകൃതിയുടെ ഉപാസകനായി വേണം അദ്ദേഹത്തെ കാണാന്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: