പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നന്ദി പറയുകയാണ് അനന്തസ്വാമി എന്ന അനന്ത നാരായണന് ഇപ്പോള്‍. കൗമാരകാലം മുതല്‍ യോഗ പരിശീലിക്കുകയും, ഈ രംഗത്ത് അദ്ഭുതങ്ങള്‍ കാഴ്ചവയ്ക്കുകയും ചെയ്യുന്ന ഈ മനുഷ്യനെ തിരിച്ചറിയാന്‍ നരേന്ദ്രമോദി ഭാരതത്തിന്റെ പ്രധാനമന്ത്രിയാവേണ്ടിവന്നു.
മോദി മുന്‍കയ്യെടുത്ത് ഐക്യരാഷ്ട്രസഭ ജൂണ്‍ 21 അന്താരാഷ്ട്ര യോഗ ദിനമായി അംഗീകരിക്കുകയും, 2016 മുതല്‍ ഈ ദിനം ലോകമെമ്പാടും ആചരിക്കുകയും ചെയ്തില്ലായിരുന്നെങ്കില്‍ അനന്തസ്വാമിയുടെ അന്യാദൃശമായ സിദ്ധിവൈഭവത്തിന് ഒരുപക്ഷേ ഇത്രയ്ക്ക് തിളക്കം ലഭിക്കില്ലായിരുന്നു. അഷ്ടാംഗ യോഗയിലെ ജലശയനം എന്ന യോഗവിദ്യയാണ് തൃശൂര്‍ നിവാസിയായ വടക്കേമഠം അനന്തനാരായണന്‍ കരഗതമാക്കിയിട്ടുള്ളത്.
ഭാരത ഋഷിമാര്‍ വിശ്വമാനവര്ക്ക് സമര്‍പ്പിച്ച അമൂല്യമായ ജീവനകലയാണ് യോഗവിദ്യ. ആത്മാവിനെ പരമാത്മാവുമായി സംഗമിപ്പിക്കുന്ന പ്രക്രിയയാണിത്. ചിത്തവൃത്തികളെ നിയന്ത്രിച്ച് മനസ്സും ശരീരവും സംശുദ്ധീകരിക്കുന്ന വിദ്യ. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ശ്രമഫലമായി അന്താരാഷ്ട്ര യോഗദിനം ലോകരാഷ്ട്രങ്ങള്‍ അംഗീകരിച്ചതോടെ യോഗവിദ്യ ലോകമെമ്പാടും പ്രചരിച്ചുകൊണ്ടിരിക്കുകയാണ്.
തൃശൂര്‍ ജില്ലയിലെ വടക്കാഞ്ചേരി വടക്കേമഠം അനന്തനാരായണന്‍, താന്‍ പതിനേഴാം വയസ്സു മുതല്‍ പ്രാപ്തമാക്കിയ അപൂര്‍വ ജലശയന യോഗവിദ്യ ലോകത്തെ അറിയിക്കുവാന്‍ അറുപത്തിരണ്ട് വയസ്സുവരെ കാത്തിരിക്കേണ്ടി വന്നു. അഷ്ടാംഗവിദ്യയിലെ ‘പ്ലവയെ പത്മ പത്രവല് സിദ്ധി’ കൈവരിച്ച ഭാരതത്തിലെ ഒരേയൊരു ആചാര്യനാണ് ഈ അനുഭവമുണ്ടായത്.
അത്യപൂര്‍വമായ നേര്‍ക്കാഴ്ച
2016 ജൂലൈ 21 വരെ യോഗാസനം ഹൈന്ദവ ആദ്ധ്യാത്മികതയുടെ ഭാഗമായാണ് കരുതിവന്നത്. എന്നാല്‍ ഈ ദിനം അന്താരാഷ്ട്ര യോഗദിനമായി ലോകം അംഗീകരിച്ചതോടെ ലോകരാഷ്ട്രങ്ങളും സജീവമായി യോഗദിനം ആചരിക്കാന്‍ തുടങ്ങി. അടുത്ത യോഗ ദിനത്തില്‍ അപൂര്‍വമായ ജലശയനം എന്ന അപൂര്‍വ സിദ്ധി അഭ്യുദയകാംക്ഷികളുടെയും മാധ്യമപ്രവര്‍ത്തകരുടെയും സാന്നിദ്ധ്യത്തില്‍ പ്രദര്‍ശിപ്പിക്കാന്‍ അനന്തനാരായണന്‍ തീരുമാനിച്ചു. ആ ദിവസം തൃശൂര്‍ നഗരമധ്യത്തിനടുത്തുള്ള പടിഞ്ഞാറേച്ചിറയില്‍ ഒന്നേമുക്കാല്‍ മണിക്കൂറാണ് ജലശയന യോഗ നടത്തിയത്. അത്യപൂര്‍വ്വമായൊരു കാഴ്ചയ്ക്കാണ് ജനങ്ങള്‍ സാക്ഷിയായത്. ‘പടിഞ്ഞാറേച്ചിറയില്‍ അനന്തശയനം, ജലത്തില്‍ സ്വാമിയുടെ ‘മത്സ്യാവതാരം’ എന്നൊക്കെയാണ് മാധ്യമങ്ങള്‍ വിശേഷിപ്പിച്ചത്. ഇന്ത്യയില്‍ ഒരിടത്തും കാണാത്ത യോഗ പ്രദര്‍ശനത്തിനാണ് പത്രദൃശ്യമാധ്യമങ്ങളും ജനങ്ങളും സാക്ഷിയായത്.
ജലശയന വിദ്യയടക്കമുള്ള യോഗാസനങ്ങളില്‍ അനന്തസ്വാമി എന്ന വിളിപ്പേരുള്ള അനന്തനാരായണന്‍ അഗ്രഗണ്യനായിരുന്നെങ്കിലും യോഗവിദ്യ പരിശീലകന് എന്ന നിലയില്‍ സമ്പത്തുണ്ടാക്കുന്നത് ശരിയല്ല എന്നതിനാല്‍ തൃശൂര്‍ ജയ്ഹിന്ദ് മാര്‍ക്കറ്റില്‍ ശ്രീ രാമദത്ത ജനറല്‍ സ്റ്റോഴ്സ് എന്ന പലചരക്ക് വ്യാപാരം അനന്തസ്വാമി ഏറ്റെടുത്തു. അപ്പോഴും ജലശയന യോഗയടക്കം യോഗാസനങ്ങള്‍ പതിവായി അനുഷ്ഠിച്ചു പോന്നു. ബ്രാഹ്മമുഹൂര്‍ത്തത്തില്‍ ഉണര്‍ന്ന് സ്നാനം, സൂര്യ നമസ്കാരം, ക്ഷേത്ര ദര്‍ശനം, പ്രാണായാമം. ശേഷം ഒരു മണിക്കൂര്‍ നീണ്ട ജലശയനവും പതിവാക്കി. തന്റെ വസതിക്ക് അടുത്തുള്ള തൃശൂരിലെ കുട്ടന്‍കുളങ്ങര ക്ഷേത്രക്കുളത്തിലാണ് ജലശയന ആസനങ്ങള്‍ ചെയ്തിരുന്നത്. ക്ഷേത്രദര്‍ശനത്തിന് വരുന്ന ഭക്തര്‍ അദ്ഭുതത്തോടെയാണ് അനന്തസ്വാമിയുടെ ജലശയനത്തെ വീക്ഷിച്ചിരുന്നത്. ഈ ഭക്തര്‍ മാത്രമാണ് അനന്തസ്വാമിയുടെ സിദ്ധി അറിഞ്ഞത്. എന്നാല്‍ ചിത്രം നാടകീയമായി മാറാന്‍ അധികം കാത്തിരിക്കേണ്ടി വന്നില്ല.
പമ്പയാറിലെ ജലശയനയോഗി
വടക്കാഞ്ചേരി ചാലിപ്പാടത്ത് വടക്കേമഠം സംസ്കൃത പണ്ഡിതന് പി.ആര്. സുബ്രഹ്മണ്യന്റെയും വിശാലാക്ഷി അമ്മയുടെയും മക്കളില്‍ ആറാമനായാണ് അനന്തനാരായണന്റെ ജനനം. ബാല്യം മുതല്‍ സനാതന ധര്‍മത്തിന്റെ പാതയിലൂടെ ചരിക്കുവാന്‍ ആഗ്രഹിച്ച മനസ്സുമായാണ് വളര്‍ന്നത്. യുവത്വത്തിലേക്ക് പ്രവേശിച്ചപ്പോള്‍ സ്വന്തമായി എന്തെങ്കിലും നേടുവാനല്ല ആഗ്രഹിച്ചത്. സമൂഹനന്മയ്ക്കുവേണ്ടി ജീവിതത്തെ സമര്‍പ്പിക്കുവാന്‍ തീരുമാനിക്കുകയായിരുന്നു. തന്റെ ആഗ്രഹംപോലെ ആത്മീയജ്ഞാനത്തിനായി പി. മാധവ്ജിയുടെ ശിഷ്യത്വത്തില്‍ യോഗ അഭ്യസിക്കുവാന്‍ തുടങ്ങി. പ്രാണായാമങ്ങള്‍ ശാസ്ത്രീയമായ രീതിയില്‍ മാധവ്ജിയില്‍നിന്ന് സ്വായത്തമാക്കി. തുടര്‍ന്ന് കുറെക്കാലം ചെങ്ങന്നൂരില്‍ ആര്‍എസ്എസ് പ്രചാരകനായി.
ഒരിക്കല്‍ പമ്പയാറില്‍ കുളിച്ചുകൊണ്ടിരിക്കെ ഒരു സന്ന്യാസിവര്യന് പത്മാസനത്തില്‍ ജലപ്പരപ്പില്‍ക്കൂടി ഒഴുകിവരുന്ന കാഴ്ചകണ്ടു. ഇതോടെ ജലശയനത്തില്‍ ആകൃഷ്ടനായ അനന്തസ്വാമി ഗുരുവായ മാധവ്ജിയോട് ജലശയന യോഗയെക്കുറിച്ച് ആരാഞ്ഞു. പ്രാണായാമത്തിലെ പ്ലാവിനിയോഗ അഭ്യസിച്ച് ജലോപരിതലത്തില്‍ കിടന്ന് ആസനങ്ങള്‍ ചെയ്യാന്‍ കഴിയുമെന്ന് മാധവ്ജി പറഞ്ഞു. പമ്പയാറില്‍ ജലശയന യോഗ ചെയ്ത സന്ന്യാസിയെ നേരില്‍ക്കണ്ട് യോഗവിധി ഗ്രഹിക്കുകയും, കടുത്ത പരിശ്രമങ്ങളിലൂടെ ജലനിരപ്പില്‍ പൊങ്ങിക്കിടന്ന് വിവിധ യോഗാസനങ്ങള്‍ പരിശീലിക്കുകയും ചെയ്തു. പ്രാണായാമത്തിലൂടെയും ജലശയനയോഗയിലൂടെയും ലഭ്യമാകുന്ന ഉണര്‍വ്വും ഊര്‍ജ്ജവും മറ്റെന്തിനേക്കാളും വിശേഷപ്പെട്ടതാണെന്ന് അനുഭവപ്പെട്ടതോടെ നിരന്തരം ജലശയനയോഗ അഭ്യസിച്ചു. അങ്ങനെ അപൂര്‍വ്വമായ ഈ വിദ്യയില്‍ നൈപുണ്യം നേടി.
എങ്ങനെയാണ് ജലശയനവിദ്യ പ്രാപ്തമാക്കിയത് എന്ന ചോദ്യത്തിന് അനന്തസ്വാമിയുടെ മറുപടി ഇങ്ങനെയാണ്: ”ഏഴ് വര്‍ഷത്തെ നിരന്തര അഭ്യാസംകൊണ്ടാണ് ജലശയനയോഗ സാധ്യമായത്. ആദ്യം പത്മാസനത്തില്‍ ജലനിരപ്പില്‍ കിടക്കും. മുങ്ങിപ്പോകാതിരിക്കാന്‍ ഉള്ളിലേക്ക് ശ്വാസമെടുത്തതിനുശേഷം ഗായത്രി മന്ത്രം ജപിക്കും. ശേഷം ശ്വാസോച്ഛ്വാസം സാധാരണഗതിയിലാക്കും. അതോടെ ജലനിരപ്പില്‍ പൊങ്ങിക്കിടന്ന് ശയനയോഗകള് ചെയ്യാമെന്നായി. ജലശയനത്തില്‍ മുദ്രയോടുകൂടി ധ്യാനാസനം, താണ്ഡവാസനം, താടാസനം, പര്‍വ്വതാസനം, പത്മാസനം, രണ്ടുവിധത്തില്‍ വൃക്ഷാസനം എന്നിവ മാറി മാറി മണിക്കൂറുകളോളം അനുഷ്ഠിക്കും. ഇപ്പോള്‍ കുളം തനിക്ക് തറപോലെയാണ്. പൊങ്ങിക്കിടക്കുന്നത് നിലത്തിരിക്കുന്നതുപോലെ ആയാസരഹിതവും. അതിനാല്‍ പത്മാസനത്തില്‍ കാലുകള്‍ പിണച്ചുവയ്ക്കാന്‍ ബുദ്ധിമുട്ടില്ല. പര്‍വതാസനം, വൃക്ഷാസനം തുടങ്ങി വിവിധ ആസനങ്ങള്‍ ആയാസരഹിതമായാണ് ചെയ്യുന്നത്.”
ചരിത്രംകുറിച്ച പ്രദര്‍ശനം
രണ്ടാം അന്താരാഷ്ട്ര യോഗദിനമായ 2018 ജൂലൈ ഇരുപത്തിയൊന്നിന് ജലശയന യോഗവിദ്യയില്‍ അനന്തസ്വാമി പുതിയ ചരിത്രംതന്നെ കുറിച്ചു. ഈ യോഗദിനത്തില്‍ കേരള ബ്രാഹ്മണസഭ തൃശൂര്‍ നഗര യൂണിറ്റാണ് അനന്തസ്വാമിയുടെ ജലശയനയോഗ സംഘടിപ്പിച്ചത്. തൃശൂര്‍ പുഷ്പഗിരി സീതാരാമ സ്വാമി ക്ഷേത്രക്കുളത്തില്‍ രാവിലെ ഒന്‍പത് മണി മുതല്‍ ഉച്ചതിരിഞ്ഞ് നാലുമണിവരെ ജലശയന യോഗ അനുഷ്ഠിച്ചു. പ്രദര്‍ശനം കാണാന്‍ വന്‍ ജനത്തിരക്കായിരുന്നു. ജലശയനം വീക്ഷിച്ചവരില്‍ നൂറുകണക്കിന് ജനങ്ങള്‍ ആശംസകളര്‍പ്പിക്കാന്‍ അഗ്രഹാരത്തിലേക്ക് ഒഴുകിയെത്തി. ക്ഷേത്രക്കുളത്തിന്റെ പരിസരത്ത് പ്രത്യേകം തയ്യാറാക്കിയ പന്തലും കമാനവുമൊക്കെ വന്സമ്മേളനത്തിന്റെ പ്രതീതി ഉളവാക്കി. അനന്തസ്വാമിയുടെ ജലശയന യോഗയെ പ്രകീര്‍ത്തിക്കുന്ന ഭജനഗാനങ്ങള്‍ അന്തരീക്ഷം ആത്മീയസാന്ദ്രമാക്കി. പുഷ്പഗിരിയിലുള്ള കേരള ബ്രാഹ്മണസഭ ആസ്ഥാന മന്ദിരത്തില്‍നിന്നും രാവിലെ അനന്തസ്വാമിയെ ക്ഷേത്രക്കുളത്തിലേക്ക് ആനയിച്ചാണ് തുടക്കം കുറിച്ചത്. ഏഴ് മണിക്കൂര്‍ നീണ്ട ജലശയന യോഗ കാണികളില്‍ അത്ഭുതകരമായ പ്രതികരണങ്ങളുണ്ടാക്കി.
രണ്ടാം അന്താരാഷ്ട്ര യോഗ ദിനത്തില്‍ നടത്തിയ ജലശയന യോഗയുടെ വാര്‍ത്തകള്‍ വന്നതിനുശേഷം പാലക്കാട് യോഗ അസോസിയേഷന് അനന്തസ്വാമിയെ ക്ഷണിച്ചുകൊണ്ട് വിപുലമായ ജലശയന യോഗ സംഘടിപ്പിച്ചിരുന്നു. തുടര്‍ന്ന് മണ്ണാര്‍ക്കാട് യോഗ അസോസിയേഷന് സംഘടിപ്പിച്ച യോഗ പരിശീലനത്തില്‍ സജീവമായി പങ്കെടുക്കുകയുണ്ടായി.
സേവനപാത കൈവിടാതെ
പക്ഷി മൃഗാദികളോടുള്ള അനന്തനാരായണന്റെ കാരുണ്യം അനന്തമാണ്. തൃശൂരിലെ ജയ്ഹിന്ദ് മാര്‍ക്കറ്റിലെ തന്റെ ശ്രീരാമദത്ത ജനറല്‍ സ്റ്റോഴ്സിന്റെ മുന്നില്‍ പ്രാവുകള്‍ക്ക് ധാന്യങ്ങള്‍ വിതറുവാന്‍ പ്രത്യേക ഇടംതന്നെയുണ്ട്. ആയിരക്കണക്കിന് പ്രാവുകളാണ് അനന്തസ്വാമി നല്കുന്ന ധാന്യങ്ങള്‍ ഭക്ഷിക്കാന്‍ എത്തുന്നത്. ഗോരക്ഷയും സ്വാമി നിര്‍വഹിക്കുന്നുണ്ട്.
വടക്കാഞ്ചേരിയില്‍ ജനിച്ചുവളര്‍ന്ന അനന്തസ്വാമി പൂങ്കുന്നത്താണ് കുടുംബസമേതം താമസിക്കുന്നത്. ഭാര്യ ലളിത. രണ്ട് ആണ്മക്കള്: എഞ്ചിനീയറിങ് പൂര്‍ത്തിയായ സുബ്രഹ്മണ്യന്. വിഷ്വല്‍ കമ്മ്യൂണിക്കേഷന്‍ ബിരുദം നേടിയ ഹരിഹരന് ഒരു അച്ചടിമാധ്യമത്തില്‍ ജോലി ചെയ്യുന്നു.
വ്യാപാരസ്ഥാപനത്തിലെ തിരക്കിനിടയിലും പതിനേഴാം വയസ്സില്‍ തുടങ്ങിയ സാമൂഹ്യപ്രവര്‍ത്തനങ്ങള്‍ അനന്തസ്വാമി തുടരുക തന്നെയാണ്. ആദിവാസി വിദ്യാര്‍ത്ഥികള്‍ക്ക് വിദ്യാഭ്യാസത്തിനായി സ്വാമി മുന്‍കൈയെടുത്ത് പ്രവര്‍ത്തിക്കുന്നു. പ്രളയത്തില്‍ സ്വാമിയുടെ നിസ്വാര്‍ത്ഥമായ സഹായപ്രവര്‍ത്തനങ്ങള്‍ പ്രശംസ പിടിച്ചുപറ്റി.
ഭാരതത്തിന്റെ ഋഷിവര്യര്‍ മാനവര്‍ക്കേകിയ പൈതൃക ആരോഗ്യമുറകളായ യോഗയെ ലോകം മുഴുവന്‍ അംഗീകരിച്ചിരിക്കുമ്പോള്‍ യോഗിതുല്യനായ അനന്തസ്വാമിയുടെ ജലശയന വിദ്യയുടെ മഹത്വം ഭാരതത്തില്‍ മാത്രമല്ല ലോകം മുഴുവന്‍ അറിയുന്ന ദിനങ്ങളാണ് സമാഗതമാകുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: