അവിചാരിതമായി ചികിത്സാ രംഗത്തെത്തി ഒറ്റമൂലിയിലൂടെ രോഗികള്‍ക്ക് സാന്ത്വനമാകുകയാണ് തൊടുപുഴ സ്വദേശി ജോസഫ് വൈദ്യന്. കൃഷിയാണ് ഉപജീവനമാര്‍ഗമെങ്കിലും ഈ കൈപ്പുണ്യത്തില്‍ ഇതുവരെ സൗഖ്യം ലഭിച്ചവര്‍ നിരവധിയാണ്.
നാട്ടുകാരുടെ പ്രിയപ്പെട്ട വഴിത്തല പാറത്തട്ടേല്‍ പി.എ. ജോസഫിന് പ്രതിസന്ധികളില്‍ തളരാന്‍ തയ്യാറല്ലാതെ എന്തിനെയും നേരിടുന്ന മനസ്സാണെങ്കിലും രോഗികളുടെ വിഷമം കണ്ടാല്‍ ആ മനസ്സ് അലിയും. അസുഖം മാറി രോഗി സന്തോഷത്തോടെ നന്ദിപറഞ്ഞ് മടങ്ങുമ്പോള്‍ ലഭിക്കുന്ന ആത്മസംതൃപ്തി മറ്റൊന്നിനും ലഭിക്കില്ലെന്നും വൈദ്യന് പറയുന്നു. ഫീസായി കിട്ടുന്ന പണം ഒരു രൂപപോലും എടുക്കാതെ സാമൂഹ്യ സേവനത്തിന് മാറ്റുകയാണ് ചെയ്യുന്നത്.
മൂത്രത്തില്‍ കല്ല്, തലവേദന, പൈല്‍സ്, ആസ്മ, ടോണ്‍സിലൈറ്റിസ്, അപസ്മാരം എന്നീ രോഗങ്ങള്‍ക്കാണ് വൈദ്യന് ഒറ്റമൂലി ചികിത്സ നടത്തുന്നത്. ഒരു വ്യാഴവട്ടം മുമ്പ് ബന്ധുവായ വാരാണസി ഐഎംഎസ് സഭയിലെ ഫാ. തോമസ് ആണ് ഇൗ രംഗത്തേക്കിറങ്ങാന്‍ വേണ്ട സഹായം ചെയ്യുന്നത്. അവിടെനിന്ന് ഇങ്ങോട്ട് ഏതാണ്ട് എണ്ണായിരത്തിലധികം ആളുകളാണ് ഇദ്ദേഹത്തിന്റെ സഹായംതേടി എത്തിയത്. ഇതില്‍ തമിഴ്നാട്, കര്‍ണ്ണാടക തുടങ്ങിയ ഇടങ്ങളില്‍ നിന്നുള്ളവരുമുണ്ട്. ഒരു രോഗിയെത്തി ചികിത്സ തേടി അതില്‍ ഫലം ഉണ്ടാവുമ്പോള്‍ അവര്‍ പറഞ്ഞാണ് മറ്റുള്ളവര്‍ എത്തുന്നത്.
ഏറ്റവുമധികം ആളുകളെത്തുന്നത് മൂത്രത്തില്‍ കല്ലിന്റെ പ്രശ്നവുമായാണ്. ഒരു നേരത്തെ മരുന്നുകൊണ്ട് തന്നെ ഇതും തലവേദനയും മാറ്റാനാകുമെന്ന് വൈദ്യന് പറയുന്നു. പഥ്യം നിര്‍ബന്ധമാണ്. കാണാന്‍ എത്തുന്നതിന് മുമ്പ് വിളിച്ച് ബുക്ക് ചെയ്യുകയാണ് പതിവ്. ദൂരെയാണെങ്കില്‍ കാര്യങ്ങള്‍ വിശദമായി തിരക്കും. പിന്നീട് ചികിത്സയ്ക്ക് ആവശ്യമായ മരുന്ന് ഉണ്ടാക്കാനുള്ള സാധനങ്ങള്‍ രോഗിയോട് തന്നെ കൊണ്ടുവരാന്‍ പറയും. ഇതില്‍ നിന്ന് മരുന്നുണ്ടാക്കി അപ്പോള്‍ തന്നെ നല്‍കുകയും ചെയ്യും. ചിലത് വീട്ടിലെത്തി കഴിക്കാനുള്ളതും ഉണ്ട്.
സപ്തതി പിന്നിട്ടിട്ടും ചികിത്സയുമായി മുന്നോട്ട് പോകുന്നത് തന്റെ അടുത്തുവന്ന് സുഖം പ്രാപിച്ച രോഗികളുടെ പ്രചോദനവും സ്നേഹവുംമൂലമാണെന്ന് വൈദ്യന് പറയുന്നു. ശസ്ത്രക്രിയ കൂടാതെ ഭേദമാകാത്ത പാന്‍ക്രിയാസില്‍ കല്ലുണ്ടാകുന്ന രോഗത്തിനു പോലും ഒറ്റമൂലി ഫലപ്രദമാണെന്നും വൈദ്യന് അവകാശപ്പെടുന്നു. ചികിത്സയ്ക്ക് കണക്ക് പറഞ്ഞ് ഫീസ് വാങ്ങാന്‍ തയ്യാറല്ലെങ്കിലും സൗജന്യ ചികിത്സയായാല് രോഗികള്‍ക്ക് തന്നോട് കടപ്പാട് അവശേഷിക്കുമെന്നതിനാല്‍ ഇഷ്ടമുള്ള ദക്ഷിണ സ്വീകരിക്കും.
മികച്ച പൊതുപ്രവര്ത്തകന് കൂടിയായ ഇദ്ദേഹം ദീര്‍ഘകാലമായി വഴിത്തല റബ്ബര്‍ ഉല്‍പ്പാദന സംഘം പ്രസിഡന്റാണ്. വ്യാപാരി വ്യവസായി വഴിത്തല യൂണിറ്റ് പ്രസിഡന്റ്, വ്യാപാരി വ്യവസായി ജില്ലാ കമ്മിറ്റിയംഗം, സിനിമാ തിയറ്റേഴ്സ് അസോസിയേഷന് ഇടുക്കി ജില്ലാ ജന. സെക്രട്ടറി തുടങ്ങിയ സ്ഥാനങ്ങളും വഹിച്ചിട്ടുണ്ട്. ദേശീയ നാട്ടുവൈദ്യ അസോസിയേഷന് അംഗത്വവും നേടിയിട്ടുണ്ട്.
മാറിക പുത്തന്‍പള്ളിക്ക് സമീപം താമസിക്കുന്ന വൈദ്യന് എല്ലാ സഹായവുമായി ഭാര്യ അന്നമ്മ ഒപ്പമുണ്ട്. ആറ് പെണ്മക്കളെയും വിവാഹം കഴിച്ച് അയച്ചു. ഇവരില്‍ മൂന്നു പേര് വിദേശത്തും മറ്റുള്ളവര്‍ ബെംഗളൂരുവിലും പൂനെയിലുമാണ് താമസിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: