ഭക്തജനകോടികളുടെ പ്രാര്‍ത്ഥന സഫലം. ശബരിമല വിധി സംബന്ധിച്ച പുനഃപരിശോധനാ ഹര്‍ജി സുപ്രീംകോടതി സ്വീകരിച്ചു. റിട്ട് ഹര്‍ജികളും ഒപ്പം പരിഗണിക്കുമെന്നാണ് കോടതി വ്യക്തമാക്കിയിരിക്കുന്നത്. തുറന്ന കോടതിയില്‍ കേസ് കേള്‍ക്കുമെന്ന് ചൂണ്ടിക്കാട്ടിയതിലൂടെ ചരിത്രപരമായ നിയോഗമാണ് ഈ സംഭവഗതികള്‍ക്ക് ഉണ്ടായിരിക്കുന്നത്. അടുത്ത വര്‍ഷം ജനുവരി 22നാണ് കേസില്‍ വാദം കേള്‍ക്കുക.
അയ്യപ്പഭക്തകോടികള്ക്ക് അങ്ങേയറ്റം ആഹ്ലാദം ഉണ്ടാക്കുന്നതും ഛിദ്രശക്തികള്‍ക്ക് കനത്ത പ്രഹരമുണ്ടാക്കുന്നതുമാണ് വിധി. യുവതീപ്രവേശം സംബന്ധിച്ച് സുപ്രീംകോടതിയുടെ ഭരണഘടനാബെഞ്ച് നേരത്തെ പുറപ്പെടുവിച്ച വിധിക്കെതിരെ രാജ്യമെമ്പാടും നിന്ന് മാത്രമല്ല ലോകത്തിന്റെ വിവിധ കോണുകളില്‍ നിന്നും പ്രതിഷേധം ഉയര്‍ന്നിരുന്നു. ആചാരവിരുദ്ധമായ ഒരു സംസ്കാരത്തെ പുനരാനയിക്കാനുള്ള ദുഷ്ടലാക്കാക്കി ഈ വിധിയെ വ്യാഖ്യാനിക്കാന്‍ ഇറങ്ങിപ്പുറപ്പെട്ട ശക്തികള്‍ക്ക് മുഴുവന്‍ മുഖത്തേറ്റ പ്രഹരമായി പുനഃപരിശോധന ഹര്‍ജി അനുവദിച്ചത്.
ശബരിമലയില്‍ നാളിതുവരെയായി നടന്നുവന്ന ശുഭ്രസൂചകമായ ആചാരത്തെ അട്ടിമറിക്കാന്‍ എത്രയോ കാലമായി ചില നീചശക്തികള്‍ ഗൂഢനീക്കങ്ങള്‍ നടത്തിവരികയായിരുന്നു. മണ്ഡല-മകരവിളക്ക് കാലത്ത് പല തരത്തിലുള്ള നികൃഷ്ടപ്രവര്ത്തനങ്ങളും ഇത്തരം ശക്തികള്‍ നടത്താറുണ്ടായിരുന്നു. എന്നാല്‍ അയ്യപ്പഭക്തരുടെ സമര്‍പ്പണബുദ്ധിയും ഭക്തിയും അതൊക്കെ അതിജീവിച്ചു മുന്നേറുന്ന സ്ഥിതിയായി. അതിനിടയിലാണ് തികച്ചും അനാവശ്യവും അപ്രസക്തവുമായ ഒരു ഹര്‍ജിയുമായി ചിലര്‍ പരമോന്നത നീതിപീഠത്തെ സമീപിച്ചത്. സ്ത്രീകള്‍ക്ക് പ്രവേശനമില്ല എന്ന തരത്തിലുള്ള ഒരു വികാരം ഉദ്ദീപിപ്പിക്കാനാണ് ഹര്‍ജിക്കാര്‍ ശ്രമിച്ചത്. അത് കണക്കിലെടുത്തുകൊണ്ടുള്ള ഒരു വിധിന്യായമാണ് കോടതിയില്‍ നിന്ന് നേരത്തെയുണ്ടായത്. അത് വാസ്തവത്തില്‍ ലക്ഷക്കണക്കായ ഭക്തജനങ്ങളെ വ്രണിതഹൃദയരാക്കുന്നതായിരുന്നു.
ആ വിധി സര്‍വാത്മനാ സ്വാഗതം ചെയ്ത ഇടതു സര്‍ക്കാര്‍ അത് നല്ലൊരു അവസരമാക്കി ഭക്തജനങ്ങള്‍ക്കെതിരായ നിലപാട് സ്വീകരിക്കുകയായിരുന്നു. അയ്യപ്പഭക്തന്മാരുടെ വികാരവിചാരങ്ങളേക്കാള്‍ സുപ്രീംകോടതിയുടെ നിലപാടാണ് വലുതെന്ന് പറയുന്നത് ഒരു പക്ഷേ, ജനാധിപത്യസര്‍ക്കാറിന്റെ സ്വാഭാവികരീതിയാവാം. എന്നാല്‍ വിശ്വാസികളും അവിശ്വാസികളും ചേര്‍ന്ന ഒരു സംവിധാനത്തിന്റെ ഭരണച്ചുമതലയാണ് തങ്ങള്‍ക്കുള്ളതെന്ന പ്രാഥമിക തിരിച്ചറിവ് ഭരണകൂടത്തിന് ഇല്ലാതെ പോയി എന്നതാണ് ഇതിലെ ഏറ്റവും ദയനീയവശം. ഒരര്‍ത്ഥത്തില്‍ ശബരിമലയെ തകര്‍ക്കാനുള്ള പരിശ്രമങ്ങള്‍ക്ക് ഊര്‍ജം നല്കുന്ന ശക്തികള്‍ക്കൊപ്പം നില്‍ക്കാനാണ് കേരള സര്‍ക്കാര്‍ തയ്യാറായത്. അവിശ്വാസികളുടെ സര്‍ക്കാറിന് വിശ്വാസികള്‍ക്കൊപ്പം നില്‍ക്കേണ്ട ബാധ്യതയില്ലെന്ന തരത്തിലാണ് സര്‍ക്കാറിന്റെ പെരുമാറ്റം.
പുനഃപരിശോധനാ ഹര്‍ജികള്‍ക്കു മുമ്പ് റിട്ട്ഹര്‍ജികള്‍ പരിഗണിക്കുമ്പോള്‍ അത് പൂര്‍ണമായി തള്ളണമെന്നാണ് കേരളം ആവശ്യപ്പെട്ടത്. അതില്‍ നിന്ന് തന്നെ കാര്യങ്ങള്‍ എത്രമാത്രം അജണ്ടാധിഷ്ഠിതമാണെന്ന് വ്യക്തമാണ്. ശബരിമലയിലെ ആചാരങ്ങളെ ദുരാചാരമായി വ്യാഖ്യാനിച്ച് ഇല്ലാതാക്കുക എന്ന തന്ത്രമാണ് ഇടതു സര്‍ക്കാറിന്റേത്. ആചാരം വേറെയാണെന്നും ദുരാചാരം മറ്റൊന്നാണെന്നും സര്‍ക്കാറിന് അറിയില്ലെന്നതാണ് സത്യം. ദുരാചാരം മാറ്റാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന തരത്തിലേക്കാണ് പ്രചാരണങ്ങള്‍ പോവുന്നത്. നിഷ്പ്പക്ഷമതികളെ തങ്ങളുടെ വരുതിയിലാക്കാന്‍ അങ്ങനെയേ സാധിക്കൂ എന്ന് അവര്‍ക്കറിയാം.
ഏതായാലും എല്ലാ കോണില്‍ നിന്നുമുള്ള നീചശ്രമങ്ങളെയും തള്ളിക്കൊണ്ടാണ് സുപ്രീംകോടതി പുനഃപരിശോധനാഹര്‍ജികള്‍ അനുവദിച്ചത് എന്നത് അത്യാഹ്ലാദം പകരുന്നതാണ്. കലിയുഗവരദന്റെ കാരുണ്യത്തിന് പാത്രീഭൂതരായ ഭക്തജനലക്ഷങ്ങള്‍ക്ക് ഇതില്‍പ്പരം ആശ്വാസം ലഭിക്കാനില്ല. ഇത് ഒരര്‍ത്ഥത്തില്‍ കേരള സര്‍ക്കാറിനും കൂടിയുള്ള പ്രഹരമാണ്.
ഭക്തജനങ്ങളെ അങ്ങേയറ്റം ആക്രമിച്ച് വശംകെടുത്തി തങ്ങളുടെ ധാര്‍ഷ്ട്യം നടപ്പാക്കാനിറങ്ങിത്തിരിച്ചവര്ക്ക് ഇനി ഒന്നും ചെയ്യാനാവില്ല എന്ന് വന്നിരിക്കുന്നു. ഭക്തജനലക്ഷങ്ങള്‍ക്ക് ഇത്തവണത്തെ മണ്ഡലകാലം എന്നത്തേക്കാളും പുണ്യപ്രദമായിരിക്കും. അതീവദുഷ്കരമായ പാതയിലൂടെ ശബരീശസന്നിധാനത്തെത്തി പുണ്യപാപച്ചുമടുകള്‍ ഇറക്കിവെക്കുമ്പോള്‍ കിട്ടുന്ന തീര്‍ത്ഥസമാനമായ മാനസികാവസ്ഥയ്ക്ക് കൂടുതല്‍ പ്രകാശമാനമായ ഒരു മുഖമാണ് കൈവരുന്നത്. രാക്ഷസീയശക്തികള്ക്കെതിരെയുള്ള വിജയം കൂടിയാണിത്. മഹിഷീമര്ദ്ദകന്റെ മുമ്പില്‍ ഒന്നും നിലനില്‍ക്കില്ല എന്ന ആത്യന്തിക സത്യത്തിലേക്കാണ് വിധി വിരല്‍ചൂണ്ടുന്നത് എന്ന് പറയാതെവയ്യ. വിധിയുടെ അന്തസ്സത്ത കണക്കിലെടുത്ത് നേരെ ചൊവ്വെ ഇടതുസര്‍ക്കാര്‍ മുന്നോട്ടു പോകുമെന്ന് പ്രതീക്ഷിക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: