നോട്ട് റദ്ദാക്കലിനു ശേഷമുള്ള രണ്ടു വര്‍ഷത്തേക്കു തിരിഞ്ഞുനോക്കുമ്പോള്‍ സമ്പദ്രംഗത്ത് കുതിച്ചുകയറുന്ന ഇന്ത്യയെയാണ് കാണുന്നത്. ആരോപണങ്ങളും വിവാദങ്ങളും ചീത്തവിളികളും ഇത്രയേറെ സഹിച്ച ഒരു പരിഷ്കാര നടപടി ഇന്ത്യയുടെ ചരിത്രത്തില്‍തന്നെ വേറെ ഉണ്ടായിട്ടുണ്ടാവില്ല. അതിനിടയിലും അചഞ്ചലനായി പിടിച്ചുനിന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയും ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലിയും സഹപ്രവര്‍ത്തകരും പുതിയ ഇന്ത്യയുടെ കവാടത്തിലേക്കാണ് രാജ്യത്തെ എത്തിച്ചിരിക്കുന്നത്. സ്വതന്ത്ര ഭാരതം കണ്ട ഏറ്റവും ധീരമായ സാമ്പത്തിക നടപടിയെന്ന് തന്നെ അതിനെ വിശേഷിപ്പിക്കാം. ദൂരക്കാഴ്ചയും ശരിയിലേയ്ക്കുള്ള ധീരമായ നീക്കവുമാണ് യഥാര്‍ഥ ഭരണാധികാരിയുടെ സവിശേഷതകളെങ്കില്‍ മോദിയില്‍ അതു രണ്ടും ഒത്തിണങ്ങി. ഭാവിയിലെ ഇന്ത്യയെ കണ്ടുള്ള നടപടിയായിരുന്നു അത്. കണ്ണുതുറന്നു നോക്കുന്നതിനു പകരം കണ്ണടച്ച് ഇരുട്ടാക്കുന്നവരെ ബോധ്യപ്പെടുത്താന്‍ പറ്റില്ലെങ്കിലും വിദേശരാജ്യങ്ങളടക്കം അംഗീകരിച്ച നടപടി രാജ്യാന്തര തലത്തില്‍ ഇന്ത്യയെ ഏറെ മുന്നോട്ടു നയിക്കുകയും ചെയ്തു. ലോകരാജ്യങ്ങളില്‍ ഇന്ത്യയുടെ യശസ്സുയര്‍ന്നു. ലോകം ശ്രദ്ധിക്കുന്ന ഭരണാധികാരിയായി മോദിയും ഉയര്‍ന്നു.
ഡിജിറ്റല്‍ കറന്‍സിയുടെ ലോകത്തേക്കു രാജ്യത്തിന്റെ വഴിത്തിരിവും ഈ പരിഷ്കാരത്തില്‍ നിന്നായിരുന്നു. രാജ്യാന്തര രംഗത്ത് അതിവേഗം അപ്രത്യക്ഷമാകുന്ന ഒന്നാണ് പേപ്പര്‍ കറന്‍സി. ഭൂരിഭാഗം ഇന്ത്യക്കാര്‍ക്കും അന്യമായിരുന്ന ആ ലോകത്തേക്ക് കടക്കാന്‍ രാജ്യത്തെ പ്രേരിപ്പിച്ചതു നോട്ടു റദ്ദാക്കലാണ്. എന്തിനും ഒരു കാരണം വേണമല്ലോ. മടിച്ചു നിന്നവര്‍ പോലും ആ വഴിക്കു നീങ്ങാന്‍ നിര്‍ബന്ധിതരായി. പേപ്പര്‍ കറന്‍സി കൈകാര്യം ചെയ്യുന്നതിനേക്കാള്‍ സൗകര്യപ്രദവും സുരക്ഷിതവുമായ മാര്‍ഗമാണു ഡിജിറ്റല്‍ സംവിധാനം. കൃത്യമായ കണക്കിലൂടെയല്ലാതെ പണം കൈകാര്യം ചെയ്യാനാവില്ല എന്നതാണല്ലോ ഡിജിറ്റല്‍ സംവിധാനത്തിന്റെ പ്രത്യേകത. അങ്ങനെ കണക്കിന്റെ ലോകത്തേക്കും നാം കടന്നു. അത് അഴിമതിക്കു കാര്യമായി വിലങ്ങിട്ടു.
ഇതടക്കം വിവിധ മേഖലകളില്‍ ചെന്നുതറച്ച അമ്പായിരുന്നു ആ നടപടി. കള്ളപ്പണ സാമ്രാജ്യത്തിന്റെ അടിത്തറ ഇളകി. അക്കൗണ്ട് ചെയ്യപ്പെട്ട പണത്തില്‍ വന്‍ വര്‍ധനയുണ്ടായി. ആദായ നികുതിയിനത്തിലും കാര്യമായ വര്‍ധന കണ്ടു. നികുതിദായകരുടെ സംഖ്യ ഏറെ വര്‍ധിച്ചു. ഇതൊക്കെയാണ് പ്രത്യക്ഷത്തിലുണ്ടായ ഫലങ്ങള്‍. പരോക്ഷമായി ഇതു ബാധിച്ചതു ഭീകരസംഘടനകളേയും വിഘടനവാദികളേയും മാവോയിസ്റ്റുകള്‍ നക്സലുകള്‍ തുടങ്ങിയ ഛിദ്രശക്തികളേയുമാണ്. വരുമാനത്തിന്റെ സ്രോതസ് അടഞ്ഞതോടെ അവരുടെ പ്രവര്‍ത്തനം മന്ദീഭവിച്ചു. കാശ്മീരില്‍ വെടിയൊച്ചകള്‍ താരതമ്യേന കുറഞ്ഞു. പാക്കിസ്ഥാനില്‍ നിന്നുള്ള കള്ളനോട്ടു മാഫിയയ്ക്കേറ്റ പ്രഹരത്തിന്റെ പ്രതിഫലനമായിരുന്നു ഇത്. വിദേശപണം വരവ് നിലച്ചതോടെ ദല്‍ഹിയിലെ ജെഎന്‍യു പോലെ സര്‍വകലാശാലകളില്‍ നടമാടിയിരുന്ന വിഘടനവാദപ്രവര്ത്തനങ്ങള്ക്കു വിലങ്ങുവീണു. അവിടെ ദേശീയതയുടെ ശബ്ദം മുഴങ്ങാന്‍ തുടങ്ങി.
പിടികിട്ടാതെ കുതിച്ചുകൊണ്ടിരുന്ന റിയല്‍ എസ്റ്റേറ്റ് രംഗത്തിനു കടിഞ്ഞാണ്‍ വീണു. ഭൂമിയുടെ വിലതാണു. സാധാരണക്കാരനും ഭൂമിവാങ്ങാമെന്ന നിലവന്നു. പൊതുജീവിതത്തില്‍ സാധാരണക്കാരനും പാവങ്ങള്‍ക്കും ഭാഗമാകാന്‍ കഴിഞ്ഞു എന്നതാണ് ഇതിന്റെ നേട്ടം. നികുതി വരുമാനത്തിലെ വര്‍ധനവുവഴി ഖജനാവില്‍ നിറഞ്ഞ പണം പാവങ്ങളുടെ സഹായത്തിനായാണ് ഒഴുക്കിയത്. പലര്‍ക്കും തീര്‍ത്തും അന്യമായിരുന്ന പാചക വാതകം ബിപിഎല്‍ വിഭാഗത്തിന്റെ അടുക്കളകളിലെത്തിയത് ഇതിന്റെ ഫലമാണ്. നിര്‍ധനര്‍ക്കു വീടുകളും ശുചിമുറികളും ലഭ്യമായി. ഗ്രാമങ്ങളില്‍ വൈദ്യുതിയെത്തി. ശുദ്ധജലമെത്തി. റോഡുകളെത്തി. ഒരു പരിഷ്കാരംകൊണ്ട് ഗ്രാമീണ ഇന്ത്യയുടെ മുഖഛായ മാറി. രാജ്യം മാറുകയാണ്, ധീരമായൊരു ചുവടുവയ്പിന്റെ ബലത്തില്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: