പിണറായി വിജയന് മുഖ്യമന്ത്രി ആയിട്ട് രണ്ടര വര്‍ഷം മാത്രം. ഇക്കാലയളവില്‍ അദ്ദേഹത്തിന് ഏറെ കുമ്പസരിക്കേണ്ടി വന്നത് പോലീസിന്റെ പേരിലാണ്. പോലീസിന് വീഴ്ച പറ്റി എന്ന് മുഖ്യമന്ത്രിക്ക് എത്ര തവണ പറയേണ്ടി വന്നു എന്നതിന് കണക്കില്ല. ജിഷ്ണു കൊലപാതകം, ശ്രീജിത്ത് കസ്റ്റഡി മരണം, നടിയുടെ ആക്രമണം, മറൈന്‍ ഡ്രൈവ് ശിവസേന ഗുണ്ടായിസം, വാളയാര്‍ കൊലപാതകം, മിഷേല്‍ കൊലപാതകം എന്നിവയിലൊക്കെ പോലീസിന്റെ വീഴ്ച ഏറ്റുപറയാന്‍ പിണറായി നിര്‍ബന്ധിതനായി. ഏറാന്മൂളികളെ മാത്രം താക്കോല്‍ സ്ഥാനങ്ങള്‍ ഏല്‍പ്പിച്ചിട്ടും ഉപദേശിക്കാന്‍ മുന്‍ ഡിജിപിയെ നിയമിച്ചിട്ടും സര്‍ക്കാരിനെ പോലീസ് നാണം കെടുത്തിക്കൊണ്ടിരിക്കുകയാണ്. അതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് നെയ്യാറ്റിന്‍കരയില്‍ കണ്ടത്. ഞാന്‍ സിപിഎമ്മിന്റെ ആജ്ഞാനുവര്‍ത്തി എന്ന് നെഞ്ചത്ത് ഒട്ടിച്ച് നടന്നിരുന്ന ഒരു ഡിവൈഎസ്പി, നിരപരാധിയായ ഒരു യുവാവിനെ ക്രൂരമായി കൊന്നിരിക്കുന്നു. തന്റെ വാഹനത്തിന് മാര്‍ഗ്ഗതടസ്സം ഉണ്ടാക്കിയെന്നു പറഞ്ഞ് 32കാരന് സനലിനെ മര്‍ദ്ദിച്ച് കാറിനു മുന്നിലേക്ക് തള്ളിയിട്ടാണ് കൊന്നത്. ഭരണ പിന്തുണയുടെ പേരില്‍ അഹന്തകാട്ടുന്ന ക്രൂരന്മാരയ പോലീസ് ഉദ്യോഗസ്ഥരുടെ പ്രതിനിധികളില്‍ ഒരാള്‍ മാത്രമാണ് ഡിവൈഎസ്പി ഹരികുമാര്‍.
പോലീസ് സേനയിലെ മോശക്കാരുടെ പട്ടികയിലാണെങ്കിലും സിപിഎം നേതാക്കളുടെ ഇഷ്ടതോഴനാണ് ഹരികുമാര്‍. നെയ്യാറ്റിന്‍കരക്കടുത്ത് ധനുവച്ചപുരം കോളേജിലെ എബിവിപി പ്രവര്‍ത്തകരെ ദ്രോഹിക്കാനും എംഎല്‍എ വിന്‍സന്റിനെ പീഡനക്കേസില്‍ പിടിക്കാനും ഒക്കെ സിപിഎം സഹായം തേടിയത് ഈ ഉദ്യോഗസ്ഥനെയാണ്. അതുകൊണ്ടുതന്നെ കാക്കിക്കുള്ളിലെ കാപാലികനെ ഏതുവിധത്തിലും രക്ഷിക്കാന്‍ നെട്ടോട്ടമോടുകയാണ് സര്‍ക്കാര്‍ അനുകൂല പോലീസ് സംഘടന. സംഭവം നടന്ന് മൂന്നു ദിവസം കഴിഞ്ഞിട്ടും കൊലയാളി ഡിവൈഎസ്പിയെക്കുറിച്ച് അറിവൊന്നുമില്ലെന്നാണ് പോലീസ് പറയുന്നത്. പോലീസ് ഒത്താശയോടെ ഹരികുമാര്‍ കേരളം വിട്ടതായുള്ള വാര്‍ത്ത അവിശ്വസിക്കേണ്ടതില്ല എന്നതാണ് സാഹചര്യം തെളിയിക്കുന്നത്. യുവാവിനെ ഡിവൈഎസ്പി അപകടപ്പെടുത്തിയതാണെന്ന് ബോധ്യമായിട്ടും നടപടി വൈകുന്നത് ദുരൂഹമാണ്.
ഇദ്ദേഹത്തിന്റെ ചരിത്രം പരിശോധിച്ചാല്‍ ദുര്‍നടപ്പിന്റെ നികൃഷ്ടവിവരങ്ങളാണ് അറിയാന്‍ കഴിയുക. കള്ളന്മാരില്നിന്ന് പോലും കൈക്കൂലി വാങ്ങി രക്ഷപ്പെടുത്തുക, മനുഷ്യക്കടത്തിന് കൂട്ടുനില്ക്കുക തുടങ്ങി പലതും ഇദ്ദേഹത്തിന്റെ ‘സേവന’ പട്ടികയിലുണ്ട്. എന്നും സിപിഎമ്മായിരുന്ന പ്രതി ഹൈദ്രാബാദില്‍ നടന്ന സിപിഎം പാര്‍ട്ടി കോണ്‍ഗ്രസില്‍ നേതാക്കളോടൊപ്പം പോയിരുന്നു. പാറശാല പ്രദേശം ഒരു കണ്ണൂര്‍ മോഡല്‍ പാര്‍ട്ടി ഗ്രാമമാക്കാന്‍ ഇയാളുടെ സഹായത്തോടെ സിപിഎം ശ്രമിക്കുകയാണെന്ന ആരോപണം ഉയര്‍ന്നിരുന്നു.
ഉമ്മന്‍ചാണ്ടി സര്‍ക്കാറിന്റെ കാലത്തെ ക്രമസമാധാന തകര്‍ച്ചയും അഴിമതിക്കേസുകളിലെ അന്വേഷണ വീഴ്ചയും ഉയര്‍ത്തിക്കാട്ടിയതിന്റെ കൂടി ഫലമായിട്ടാണ് പിണറായി സര്‍ക്കാര്‍ അധികാരത്തിലെത്തിയത്. എല്ലാം ശരിയാക്കാമെന്ന് പറഞ്ഞ സര്‍ക്കാര്‍ പോലീസിലെ നല്ലവരായ ഉദ്യോഗസ്ഥരെ വെട്ടി നിരത്തിക്കൊണ്ടാണ് ഭരണം തുടങ്ങിയത്. മിടുക്കനും സത്യസന്ധനും എന്ന് പേരുകേട്ട സെന്‍കുമാറിനെ ഡിജിപി പദവിയില്‍ നിന്ന് മാറ്റിക്കൊണ്ടുള്ള പോലീസ് ഭരണം, സുപ്രീംകോടതിയില്‍ നിന്നു വരെ സര്‍ക്കാരിന് ശാസന കിട്ടാന്‍ കാരണമായി. ഇഷ്ടക്കാരനായി ഉയര്‍ത്തിക്കൊണ്ടുവന്ന് വിജിലന്‍സ് കമ്മീഷണറാക്കിയ ജേക്കബ് തോമസ്സ് വരച്ച വരയിലൂടെ പോകുന്നില്ലന്നു കണ്ടപ്പോള്‍ ശത്രുവായി. തുടര്‍ച്ചയായ സസ്പെന്‍ഷനുകള്‍ക്കും ആക്ഷേപങ്ങള്‍ക്കും വിധേയനായി സേനയ്ക്ക് പുറത്താണ് ഈ ഉദ്യോഗസ്ഥന് ഇന്ന്. ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ക്കിടയില്‍ പരസ്പരവിശ്വാസവും ഇടപെടലും ഇല്ലാതായി എന്നത് രഹസ്യമല്ല. കേസ് അന്വേഷണത്തേക്കാള്‍ പരസ്പരം പാരവെക്കലിലും ചാത്തന് സേവ ഉള്‍പ്പെടെയുള്ള ആഭിചാരക്രിയകളിലുമാണ് ഉയര്‍ന്ന പോലീസുകാര്‍ക്ക് താല്പര്യം. വിള തിന്നുന്ന ഇത്തരം വേലിക്കമ്പുകള്‍ സര്‍വീസിനു തന്നെ ബാധ്യതയാണ്. ഇവ പിഴുതെറിയുന്നതിനൊപ്പം ഹതഭാഗ്യന്റെ കുടുംബത്തിന്റെ പൂര്‍ണ്ണ സംരക്ഷണം സര്‍ക്കാര്‍ ഏറ്റെടുക്കുകകൂടി വേണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: