‘എന്തരടാ ബാലു, നെനക്കറിഞ്ഞൂടെ… ഞാന്‍ മീന്‍ തീന്നൂല, കരിവാടാണെങ്കി ഇത്തിപ്പൂരം കൂട്ടും…. ഓ, അയ്യപ്പ സാമിയാണെ സത്യം.’ മിനിസ്ക്രീനില്‍ പ്രേക്ഷക ഹൃദയം കവര്‍ന്ന ‘ഉപ്പും മുളകും ‘ എന്ന സീരിയലിലെ ശങ്കരയണ്ണന്‍ എന്ന നാട്ടിന്‍പുറത്തുകാരനായ കഥാപാത്രത്തിന്റെ നിഷ്കളങ്കമായ വര്‍ത്തമാനം. പാങ്ങോട് ശ്രീചിത്രനഗര്‍ തേരിവിള പുത്തന്‍വീട്ടില്‍ മുരളീധരന് നായര്‍ (65, മുരളി മാനിഷാദ) ആണ് കുടുംബസദസ്സുകളെ കുടുകുടെ ചിരിപ്പിക്കുന്ന ആ ശങ്കരയണ്ണന്‍.
തിരുവനന്തപുരം കവടിയാറിലെ സ്വകാര്യ ഫ്ളാറ്റ് സമുച്ചയത്തില്‍ കാവല്‍ക്കാരനാണ് മുരളി. ഫ്ളാറ്റിലെ താമസക്കാരോടും സന്ദര്‍ശകരോടും തനി തിരുവനന്തപുരം ഭാഷയില്‍ കുശലം പറയുന്ന, നര്‍മ്മത്തില്‍ പൊതിഞ്ഞ സംസാര രീതിയിലൂടെ ആരെയും ആകര്‍ഷിക്കുന്ന പ്രകൃതം. മൂന്ന് വര്‍ഷം മുന്‍പ് ഉപ്പും മുളകിനും വേണ്ടി കഥയെഴുതുമ്പോള്‍ കഥാകൃത്ത് സുരേഷ് ബാബുവിന്റെ മനസില്‍ ശങ്കരയണ്ണനുവേണ്ടി തെളിഞ്ഞുവന്നത് മുരളിയുടെ മുഖം. അണിയറ പ്രവര്‍ത്തകരില്‍ പലരും മുരളിക്ക് ഈ കഥാപാത്രം വഴങ്ങുമോ എന്ന് സംശയിച്ചിരുന്നു. പക്ഷേ, സുരേഷ് ബാബുവിന് നിശ്ചയമുണ്ടായിരുന്നു ശങ്കരയണ്ണനെ അഭിനയിച്ച് ഫലിപ്പിക്കാന്‍ മുരളിയിലെ കലാകാരന് സാധിക്കുമെന്ന്.
മലയാളികള്‍ കണ്ടുപരിചയിച്ച ടിവി സീരിയലുകളില്‍ നിന്ന് തികച്ചും വ്യത്യസ്തമായിരുന്നു ഉപ്പും മുളകും. നാട്ടു ശൈലി സംസാരിക്കുന്ന കഥാപാത്രങ്ങള്‍. നമുക്ക് പരിചയമുള്ള, കണ്ടുമറന്ന കുടുംബ കാര്യങ്ങളുടെ ദൃശ്യഭാഷ. സീരിയലിലെ പ്രധാന കഥാപാത്രം ബാലുവിന്റെ ആര്യനാട്ടുള്ള വല്യമ്മയുടെ മകന് ശങ്കരയണ്ണനായി മുരളി എത്തിയപ്പോള്‍ കുടുംബ സദസ്സുകളുടെ അതുവരെയുള്ള മിനിസ്ക്രീന്‍ താര സങ്കല്‍പ്പമാണ് പൊളിച്ചെഴുതപ്പെട്ടത്. നിറംമങ്ങിയ വസ്ത്രങ്ങള്‍, ചമയങ്ങളില്ലാത്ത നരയന്‍ താടിയുള്ള മുഖം, എന്തെടേ, പോടേ സംസാര ശൈലി. സാധാരണക്കാര്‍ വിധിയെഴുതി, ഇത് നമ്മളിലൊരാള്‍. ഇങ്ങനെയാണ് ശങ്കരയണ്ണനിലൂടെ മുരളി ജനമനസ്സുകളില്‍ ഇടംനേടിയത്.
കയ്പ്പേറിയ ജീവിതാനുഭവങ്ങള്‍ മറക്കാന്‍ മുരളി തമാശകള്‍ പറഞ്ഞു. ഒപ്പമുള്ളവരെ പൊട്ടിച്ചിരിപ്പിച്ചു, സ്വയം ചിരിച്ച് മനസ്സിലെ നോവകറ്റി. ഭാര്യ പ്രഭ കുമാരിയും മക്കളായ ദിവ്യശ്രീയും ദീപക്കും അടങ്ങുന്ന കൊച്ചു കുടുംബത്തെ പോറ്റാന്‍ മുരളി കൂലിപ്പണിയെടുത്തു. ദാരിദ്ര്യത്തിലും കുട്ടിക്കാലത്തുതന്നെ തലയില്‍ കയറികൂടിയ നാടകക്കമ്പം ഉപേക്ഷിച്ചില്ല. സുഹൃത്തുക്കള്‍ ചേര്‍ന്നുണ്ടാക്കിയ മാനിഷാദ എന്ന അമച്വര്‍ നാടക സമിതിയില്‍ വൈകന്നേരങ്ങള്‍ ചെലവഴിച്ചു. പേരിനൊപ്പം മാനിഷാദ ചേര്‍ത്തുവച്ച് സ്ഥിരം ഹാസ്യവേഷങ്ങള്‍ ചെയ്ത് 45 വര്‍ഷങ്ങള്‍. ബെസ്റ്റ് കൊമേഡിയനുള്ള ഒട്ടനവധി പുരസ്ക്കാരങ്ങള്‍. ഒടുവില്‍ ശാരീരിക ബുദ്ധിമുട്ടുകളാല്‍ കൂലിവേല ചെയ്യാന്‍ കഴിയാതായപ്പോള്‍ പതിനഞ്ച് വര്‍ഷം മുന്‍പ് സെക്യുരിറ്റി ജീവനക്കാരന്റെ കുപ്പായമിട്ടു. തുച്ഛമായ വരുമാനം. എങ്കിലും പട്ടിണിയില്ലാതെ കഴിഞ്ഞുകൂടി. മകളെ നല്ല നിലയില്‍ വിവാഹം കഴിച്ചയച്ചു. അച്ഛന്റെ കലാവാസനകള്‍ മക്കള്‍ക്കും പകര്‍ന്നു കിട്ടി. മകള്‍ ദിവ്യശ്രീ ഊരൂട്ടമ്പലം ശ്രീസരസ്വതി വിദ്യാലയത്തില്‍ സംഗീതാധ്യാപികയാണ്. മകന് ദീപക് ഇന്റര്‍നാഷണല്‍ സ്കൂളില്‍ നൃത്താധ്യാപകന്.
ഉപ്പും മുളകിലെ ശങ്കരയണ്ണന്റെ പ്രകടനം ബിഗ് സ്ക്രീനിലേക്കും മുരളിക്ക് അവസരമൊരുക്കി. ഈ മാസം അവസാനം പുറത്തിറങ്ങുന്ന വാരിക്കുഴിയിലെ കൊലപാതകം എന്ന സിനിമയില്‍ നല്ലൊരു വേഷം ചെയ്തിട്ടുണ്ട് മുരളി. അഭിനയലോകത്ത് സജീവമാകാനാണ് ഈ കലാകാരന്റെ ആഗ്രഹം. നാട്യങ്ങളില്ലാത്ത നടനായി അഭിനയിക്കാനല്ല, ജീവിക്കാന്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: