കൊച്ചി: താര സംഘടനയായ ‘അമ്മ’ നടത്തുന്ന സ്റ്റേജ് ഷോയ്ക്ക് വേണ്ടി ഷൂട്ടിങ് നിര്‍ത്തിവച്ച് താരങ്ങളെ വിട്ടുനല്‍കാനാവില്ലെന്ന് നിര്‍മാതാക്കളുടെ സംഘടനയായ കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേന്‍. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അഞ്ച് കോടി രൂപ സമാഹരിക്കുന്നതിന് ഡിസംബര്‍ ഏഴിനാണ് സ്റ്റേജ് ഷോ സംഘടിപ്പിച്ചിരിക്കുന്നത്.
ഇതിനായി ഷൂട്ടിങ് നിര്‍ത്തിവച്ച് താരങ്ങളെ വിട്ടുനല്‍കണമെന്നാണ് ‘അമ്മ’ സെക്രട്ടറി പ്രൊഡക്ഷന്‍ കണ്ട്രോളര്മാര്ക്ക് വാട്സ് ആപ് സന്ദേശമയച്ചത്. എന്നാല്‍ തങ്ങളോട് സഹകരിക്കാതെ അമ്മ എടുക്കുന്ന ഏകപക്ഷീയമായ തീരുമാനങ്ങളോട് യോജിക്കാനാവില്ലെന്ന് കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷന് സെക്രട്ടറി എം.രഞ്ജിത് വ്യക്തമാക്കി. ഇത് സംബന്ധിച്ച് ‘അമ്മ’യ്ക്ക് അദ്ദേഹം കത്തയച്ചു.
കേരള ഫിലിം ചേംബറിനോടോ പ്രൊഡ്യൂസേഴ്സ് അസോസിയേഷനോടോ ആലോചിക്കാതെ ഏകപക്ഷീയമായി തീരുമാനമെടുത്തതില്‍ നിര്‍മാതാക്കളുടെ സംഘടന കടുത്ത പ്രതിഷേധത്തിലാണ്. പ്രൊഡക്ഷന്‍ കണ്ട്രോളര്മാര്ക്ക് നേരിട്ട് നിര്‍ദേശം നല്‍കിയതിലും കടുത്ത അമര്‍ഷമുണ്ട്. ഈ നടപടി തെറ്റായിപ്പോയെന്നും കത്തില്‍ പറയുന്നു. പ്രളയത്തില്‍ സിനിമ വ്യവസായത്തിലെ അംഗങ്ങള്‍ ഉള്‍പ്പടെ നിരവധി പേര്‍ക്ക് കിടപ്പാടം നഷ്ടപ്പെട്ടു. തിയേറ്ററുകള്‍ പലതും പ്രദര്ശനയോഗ്യമല്ലാതായി.
ഓണത്തിന് പോലും സിനിമകളും പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞില്ല. വിഷുവരെയുള്ള റിലീസും ചിത്രീകരണവും കഷ്ടപ്പെട്ട് ക്രമീകരിച്ച സാഹചര്യത്തില്‍ താരങ്ങളെ വിട്ടുതരാന്‍ കഴിയില്ലെന്നാണ് കത്തില്‍ വ്യക്തമാക്കിയിരിക്കുന്നത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അഞ്ച് കോടി രൂപ നല്‍കുന്നത് സ്വാഗതം ചെയ്യുന്നുവെന്നും കത്തില്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: