ഒരു ആസൂത്രിത കൊലപാതകത്തിന് രാജ്യാന്തര എണ്ണവിലയെ സ്വാധീനിക്കാനാകുമോ? ചോദ്യം അസംബന്ധമെന്ന് ആദ്യം തോന്നാം. എന്നാല്‍ പറ്റും എന്നു തന്നെയാണ്ഉത്തരം, ഈ കൊലപാതകം സൗദി വിമത മാധ്യമപ്രവര്ത്തകന് ജമാല്‍ ഖഷോഗിയുടേതാകുമ്പോള്.
ഖഷോഗിയുടെ മരണം രാജ്യാന്തര മാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയായതോടെ കഴിഞ്ഞ ദിവസങ്ങളില്‍ അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയില്‍ വില കുറഞ്ഞുതുടങ്ങിയത് ശ്രദ്ധേയം. വില ഉയര്‍ത്തിയ ഘടകങ്ങളെല്ലാം ഇപ്പോഴും മാറ്റമില്ലാതെ നില്‍ക്കുകയാണ്. കരുത്തേറുന്ന ഡോളര്‍, ഇറാനെതിരായ യുഎസ് ഉപരോധം, സൗദി-റഷ്യ കൂട്ടുകെട്ടിന്റെ ഉല്പാദനം വെട്ടിക്കുറയ്ക്കല്‍, വെനിസ്വേലയിലെ രാഷ്ട്രീയ പ്രതിസന്ധിമൂലം അവിടെ ക്രൂഡ് ഉല്പാദനത്തിലുണ്ടായ കുറവ്. ഒന്നിനും മാറ്റമില്ല.
കഴിഞ്ഞ ഒരാഴ്ചയ്ക്കുള്ളില്‍ മാറിയത് ഒന്നുമാത്രം. സൗദി ഭരണകൂടത്തോട് യുഎസ് പ്രസിഡന്റ് ട്രംപ് കൈക്കൊണ്ട മൃദുസമീപനം. ക്രൂഡ് ഉല്പാദനം കൂട്ടാനും അതുവഴി കുതിച്ചുയരുന്ന എണ്ണവില കുറച്ചുകൊണ്ടുവരാനും ട്രംപ് സൗദിയോട് ആവശ്യപ്പെട്ടിരുന്നു, പലവട്ടം, മൃദുസ്വരത്തില്‍. എന്നാല്‍ ഖഷോഗിയുടെ കൊലപാതകത്തോടെ രാജ്യാന്തരതലത്തില്‍ ഒറ്റപ്പെട്ട സൗദിക്കുമേല്‍ ഉല്പാദനം കൂട്ടാന്‍ ട്രംപ് സമ്മര്‍ദ്ദം ശക്തമാക്കുമെന്നും ട്രംപിന്റെ നിര്‍ദേശം ഇനി അവഗണിക്കാന്‍ അവര്‍ക്കാവില്ലെന്നും എണ്ണവിപണിയുമായി അടുത്ത വൃത്തങ്ങള്‍ വിലയിരുത്തുന്നു.
യുകെ ഉള്‍പ്പെടെ പല യൂറോപ്യന്‍ രാജ്യങ്ങളും പെട്രോളിയം ഉപഭോക്താക്കളാണ്. ബ്രെന്റ് ക്രൂഡ് വില വര്‍ധന ഇന്ത്യയ്ക്കെന്നപോലെ പല യൂറോപ്യന്‍ യൂണിയന് രാജ്യങ്ങള്‍ക്കും അധിക സാമ്പത്തിക ബാധ്യത വരുത്തിവയ്ക്കുന്നുണ്ട്. ക്രൂഡ് വില കുറഞ്ഞുകിട്ടാന്‍ മോഹിക്കുന്ന ഈ രാജ്യങ്ങളും ഇപ്പോഴത്തെ പ്രതിസന്ധി മുതലെടുത്ത് ഉല്പാദനം ഉയര്‍ത്താന്‍ സൗദിക്കുമേല്‍ സമ്മര്‍ദ്ദം ശക്തമാക്കിയേക്കും.
ഇടിഞ്ഞുതകര്‍ന്ന് ഓഹരി വിപണി
ഖഷോഗി സംഭവം സൗദിയുടെ ഓഹരി വിപണിയെ തെല്ലൊന്നുമല്ല തകര്‍ത്തുകളഞ്ഞത്. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ വിദേശ നിക്ഷേപകര്‍ വിറ്റുമാറിയത് വിവിധ സൗദി കമ്പനികളിലെ 107 കോടി ഓഹരികളാണ്. 2015-ല്‍ രാജ്യത്ത് നേരിട്ടുള്ള വിദേശ നിക്ഷേപം അനുവദിച്ചശേഷം സൗദി ഓഹരി വിപണിയില്‍ ഉണ്ടാകുന്ന ഏറ്റവും വലിയ തകര്‍ച്ചയാണിത്.
നാലു ശതമാനമാണ് ഓഹരി സൂചിക ഇടിഞ്ഞത്. സര്‍ക്കാര്‍ നിയന്ത്രിത ഫണ്ടുകള്‍ ഉപയോഗിച്ച് ഓഹരികള്‍ വാങ്ങിയതിനാലാണ് തകര്‍ച്ച ഒരുപരിധിവരെയെങ്കിലും തടുത്തുനിര്‍ത്താനായത്. രാജ്യാന്തര നിക്ഷേപകരെ ലക്ഷ്യമിട്ട് ഇക്കഴിഞ്ഞ ദിവസം റിയാദില്‍ ആരംഭിച്ച സാമ്പത്തിക സമ്മേളനത്തില്‍ നിന്ന് യുഎസ്, യുകെ, ജര്‍മനി, ഫ്രാന്‍സ്, നെതര്‍ലന്‍ഡ്സ് എന്നിവ പിന്മാറിയതും സൗദിക്കു വലിയ ക്ഷീണമായിട്ടുണ്ട്.
ഈ തകര്‍ച്ച മറികടക്കാന്‍ അവര്‍ക്ക് ഉല്പാദനം ഉയര്‍ത്താതെ വയ്യ എന്നാണ് പൊതുനിഗമനം. പക്ഷേ സൗദി ഉല്പാദനം ഉയര്‍ത്തിയാലും നവംബര്‍ ഒന്നിന് ഇറാനുമേല്‍ യുഎസ് ഏര്‍പ്പെടുത്തുന്ന ഉപരോധത്തിന്റെ അനന്തരഫലം എണ്ണവിലയെ ബാധിക്കുമെന്നതും ഉറപ്പ്.
അല്പം ചില കണക്കുകള്‍
അടുത്തവര്‍ഷം എണ്ണഉപയോഗത്തില് പ്രതിദിനം 20ലക്ഷം ബാരലിന്റെ വര്‍ധനവുണ്ടാകുമെന്നാണ് യുഎസ് എനര്‍ജി ഡിപ്പാര്‍ട്ട്മെന്റിന്റെ കണക്ക്. ഈ വര്‍ഷത്തെ ശരാശരി പ്രതിദിന ഉപഭോഗം 10 കോടി ബാരലാണ്. അപ്പോള്‍ അടുത്തവര്‍ഷം ഉപഭോഗം 10.20 കോടി ബാരലാകും. ഉപഭോഗത്തിനനുസരിച്ച് ഉല്പാദനവും കൂടുമെന്നതിനാല്‍ ഗണ്യമായ വിലവര്‍ധനവിനു സാധ്യതയില്ലെന്ന യുഎസ് നിഗമനം ഇന്ത്യക്ക് ആശ്വാസം പകരുന്നതാണ്.
നാലുവര്‍ഷത്തിനിടെ എണ്ണവില റെക്കോര്‍ഡിലെത്തിയത് ഒക്ടോബര്‍ ആദ്യമാണ്. ബാരലിന് 85 ഡോളറിലേക്ക്. 2016ല്‍ 44 ഡോളറായിരുന്നുത് 2017ല്‍ 55 ആയി. അതാണ് ഈ മാസം ആദ്യം 85ലേക്ക് എത്തിയത്. ഉല്പാദനം വെട്ടിച്ചുരുക്കാനുള്ള സൗദി-റഷ്യ ധാരണ ഡിസംബറില്‍ അവസാനിക്കുകയാണ്. ഒപെക്-റഷ്യ സൗഹൃദ രാജ്യങ്ങളില്‍ നിന്ന് ഈ വര്‍ഷാവസാനത്തോടെ പ്രതിദിനം 11 ലക്ഷം ബാരലിന്റെ അധിക ഉല്പാദനം ഉണ്ടാകുമെന്നാണ് യുഎസ് എനര്‍ജി ഡിപ്പാര്‍ട്മെന്റ് വിലയിരുത്തുന്നത്.
ഷെയ്ല്‍ ഉല്പാദനം പ്രതിദിനം 20ലക്ഷം ബാരലാണ്. ഇത് 2019 അവസാനം 30 ലക്ഷമാകും. എങ്കില്‍ രാജ്യാന്തരവിപണി സമതുലനാവസ്ഥയില്‍ എത്തിയേക്കാം.
എങ്ങനെയാകും ക്രൂഡ് വില
രാജ്യാന്തരവിപണി സമതുലനാവസ്ഥയില്‍ എത്തിയാലും ശരാശരി വില ബാരലിന് 82 ഡോളറില്‍ താഴാനിടയില്ലെന്നാണ് ഊര്‍ജമേഖലയിലെ പൊതുവിലയിരുത്തല്‍. ഉപഭോഗം കുറയുകയും ഉല്പാദനം ഉയരുകയും ചെയ്താല്‍ വില 73 ഡോളര്‍ വരെ താഴുകയും ചെയ്യാം. ബാരലിന് വില 0.67 ഡോളര്‍ കുറഞ്ഞ് 75.77-ല്‍ ആണ് ഇന്നലെ എണ്ണവിപണി വ്യാപാരം അവസാനിപ്പിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: