ഗുണ്ടയുടെ വെല്ലുവിളി പോലെയാണ് കഴിഞ്ഞദിവസം മുഖ്യമന്ത്രി നടത്തിയ വാര്‍ത്താസമ്മേളനം എന്നു പറയേണ്ടിവന്നതില്‍ ഖേദമുണ്ട്. ശബരിമലയില്‍ ഏതുവിധേനയും യുവതികളെ കയറ്റുമെന്ന് പ്രഖ്യാപിച്ച മുഖ്യമന്ത്രി ആചാരാനുഷ്ഠാനങ്ങളുടെ നടത്തിപ്പു ചുമതലയുള്ള തന്ത്രിയെ വരെ അപമാനിക്കുകയും ചെയ്തു. മൂന്നാംകിട രാഷ്ട്രീയത്തിന്റെ പിന്നാമ്പുറത്ത് ആദ്ധ്യാത്മികവും സാംസ്കാരികവുമായ പവിഴമുത്തുകള്‍ തെരയുന്നത് നിരര്‍ത്ഥകമാണെങ്കിലും ഭക്തകോടികള്ക്കെതിരെ യുദ്ധപ്രഖ്യാപനം നടത്തുന്നത് നോക്കിയിരിക്കാനാവില്ല. ഉപദേശികള്‍ എഴുതിക്കൊടുത്തത് അങ്ങനെതന്നെ വായിക്കുന്ന മുഖ്യമന്ത്രി സാക്ഷരസമൃദ്ധവും സാംസ്കാരിക പൈതൃകവുമുള്ള ഒരു സംസ്ഥാനത്തെ പ്രജയാണ് താനെന്നെങ്കിലും ഓര്‍ക്കണമായിരുന്നു.
പ്രായോഗിക വിവരം എല്ലാവരിലും കാണില്ല എന്നൊരു ആംഗലേയമൊഴിയുണ്ട്. കേരളത്തിലെ ഭരണത്തെക്കുറിച്ചും അത് കൃത്യമാണെന്ന് വിലയിരുത്താനാവും. ഭരണഘടനയുടെ ചട്ടക്കൂട്ടില്‍ നിന്നുകൊണ്ട് ശബരിമലയിലെ ആചാരാനുഷ്ഠാനങ്ങളിലെ ന്യായാന്യായതകളെക്കുറിച്ച് വേണ്ടത്ര ധാരണയില്ലാതെ സുപ്രീം കോടതി നടത്തിയ വിധിയെ ആയുധമാക്കി കേരളത്തിന്റെ സ്വാഭാവിക ആദ്ധ്യാത്മിക തനിമയെ തച്ചുതകര്ക്കാനായിരുന്നു ഇടതുമുന്നണി സര്‍ക്കാര്‍ ശ്രമിച്ചത്. നാളിതുവരെയില്ലാത്ത കോടതിബഹുമാനവും വിധിയോടുള്ള ആദരവും വാസ്തവത്തില്‍ അവരുടെ ആട്ടിന്‍തോലിട്ട ചെന്നായയുടെ സ്വഭാവത്തില്‍നിന്ന് പുറത്തുവന്നതായിരുന്നു.
ഏതായാലും കേരളത്തിന്റെ സാംസ്കാരിക-ആദ്ധ്യാത്മിക തനിമയില്‍ മനസ്സര്‍പ്പിക്കുന്ന വിശ്വാസിസമൂഹം ഈ കാപട്യം തിരിച്ചറിഞ്ഞു എന്നതാണ് സുപ്രീം കോടതി വിധിക്ക് ശേഷമുള്ള പൊതുവികാരം. ഏതെങ്കിലും സംഘടന വിശ്വാസികളുടെ വികാരം ഉള്‍ക്കൊണ്ട് മുന്നിട്ടിറങ്ങുന്നതിന് മുമ്പ് സമൂഹംതന്നെ സര്‍വസജ്ജരായി രംഗത്തിറങ്ങിയെന്നതാണ് അഭിമാനകരമായ വസ്തുത. തുടര്‍ന്ന് ഈ മണ്ണിന്റെ മഹിത പാരമ്പര്യമേറുന്ന സംഘടനകളും വിശ്വാസികളുടെ ഊര്‍ജമായി രംഗത്ത് സക്രിയമായി നിലകൊണ്ടു. ഇതിന്റെ ശക്തി മനസ്സിലാക്കിയ ഭരണകൂടത്തിന് ഒടുവില്‍ ആക്രാമിക സ്വഭാവഗതിയില് നിന്ന് പിന്തിരിയേണ്ടിവന്നു. മുഹമ്മദ്ഗോറി സോമനാഥക്ഷേത്രം ആക്രമിച്ചപ്പോള്‍ പ്രതികരിക്കാതെ നിലവിളിച്ചുകൊണ്ട് വിഗ്രഹത്തെ കെട്ടിപ്പുണര്ന്നുനിന്ന സ്വഭാവരീതിയാണ് ഹിന്ദുവിന് വേണ്ടതെന്ന് കരുതുന്ന രാഷ്ട്രീയ നൃശംസതക്ക് ശബരിമല അയ്യപ്പന്റെ അനുഗ്രഹത്തോടെ കണക്കിന് പ്രഹരം കിട്ടിയിരിക്കുകയാണ്. അതിന്റെ ഈര്‍ഷ്യ മുഴുവനും കഴിഞ്ഞ ദിവസം മുഖ്യമന്ത്രി മാധ്യമങ്ങളുടെ മുമ്പില്‍ കുടഞ്ഞിടുകയുണ്ടായി. പരാജിതന്റെ നിസ്സഹായതയില്‍ നിന്നുള്ള പ്രലപനങ്ങളില്‍ പക്ഷേ, കൃത്യമായ അജണ്ടയുണ്ടെന്ന് വ്യക്തം.
ശബരിമല വിഷയത്തില്‍ തോറ്റതിന്റെ കലിയത്രയും കേന്ദ്ര സര്‍ക്കാരിനും ഹിന്ദുസംഘടനകള്‍ക്കും നേരെ തിരിക്കാനായിരുന്നു വാര്‍ത്താസമ്മേളനത്തില്‍ ഏറിയ പങ്കും ശ്രമിച്ചത്. നേരത്തെ ഫേസ്ബുക്ക്വഴി നടത്തിയ അദ്ദേഹത്തിന്റെ ആഹ്വാനം ശരിക്കും കലാപം ലക്ഷ്യമിട്ടുള്ളതായിരുന്നു. ഹിന്ദുവിഭാഗത്തെ വരേണ്യവും അല്ലാതെയും ആക്കി വര്‍ഗീകരിക്കുന്ന സ്വതസിദ്ധമായ കമ്യൂണിസ്റ്റ് ശൈലി തന്നെയാണ് ഇവിടെയും പുറത്തെടുത്തത്. എക്കാലവും കമ്യൂണിസ്റ്റുകള്‍ പയറ്റുന്ന ആ തന്ത്രം വഴി ശബരിമല വിഷയത്തില്‍ മേല്‍ക്കൈ നേടാനും കേന്ദ്ര ഭരണത്തിനെതിരെ ജനവികാരം ഇളക്കിവിടാനുമാണ് മുഖ്യമന്ത്രിയുടെ ശ്രമം. കേരളം ഏതാണ്ട് പുര്‍ണമായി ഉപേക്ഷിച്ച ജാതി ചിന്തയും അതിന്റെ ഉപോല്‍പ്പന്നങ്ങളും വിറ്റഴിച്ച് നേട്ടം കൊയ്യാനുള്ള മുഖ്യമന്ത്രിയുടെ ശ്രമങ്ങള്‍ പൊതുസമൂഹം തിരിച്ചറിഞ്ഞിട്ടുണ്ട് എന്നതാണ് ആശ്വാസകരമായ സംഗതി.
എന്നും കോടതിക്കും അതിന്റെ വിധികള്‍ക്കും നേരെ പുറംതിരിഞ്ഞുനില്‍ക്കുകയും ജഡ്ജിയെവരെ പ്രതീകാത്മകമായി നാടുകടത്തുകയും ചെയ്ത കമ്യൂണിസ്റ്റ് മാര്‍ക്സിസ്റ്റ് പാര്‍ട്ടിക്ക് പൊടുന്നനെ അവയോടൊക്കെ അടക്കാനാവാത്ത പ്രേമം വന്നതിന്റെ പിന്നിലെ രാഷ്ട്രീയം ആര്‍ക്കാണറിയാത്തത്. സുപ്രീം കോടതിയില്‍ ഒരു സംസ്ഥാനം രണ്ടുതരത്തിലുള്ള സത്യവാങ്മൂലം കൊടുത്തതിന്റെ ഉദ്ദേശ്യം തന്നെ ശബരിമല തീര്‍ത്ഥാടനം അട്ടിമറിക്കാനായിരുന്നില്ലേ? അരാജകവാദികള് ഉള്‍പ്പെടെയുള്ളവരെ അവിടെയെത്തിച്ച് ഹൈന്ദവ വിശ്വാസത്തെ തകര്ത്തെറിയാനായിരുന്നില്ലേ? ശബരിമല വിഷയത്തില്‍ മുഖ്യമന്ത്രി കലാപത്തിന് ആഹ്വാനം ചെയ്യുകയാണെന്ന് പ്രതിപക്ഷനേതാവ് അഭിപ്രായപ്പെട്ടത് ഇത്തരുണത്തില്‍ ശ്രദ്ധേയമല്ലേ ? ഈ വിഷയത്തില്‍ കൈപൊള്ളിയ സിപിഎം ഇനി വീടുകളിലേക്ക് വിശദീകരണവുമായി ഇറങ്ങുകയാണ്്. ഇനിയൊരിക്കലും അവര്‍ക്ക് ജനങ്ങളെ സമീപിക്കാന്‍ കഴിയാത്ത തരത്തില്‍ മുഖ്യമന്ത്രി പെരുമാറിക്കഴിഞ്ഞതിനാല് അതും തിരിച്ചടിക്കാനാണു സാധ്യത. ഒടുവിലത്തെ ആശ്രയം കലാപമാണ്. കേന്ദ്ര ഭരണകൂടത്തിനെതിരെ നീങ്ങാനായി മുഖ്യമന്ത്രിതന്നെ നേതൃത്വം കൊടുക്കുന്ന സമരപരമ്പരകളും മറ്റും ലക്ഷ്യമിടുന്നതും അതിനുതന്നെ. ജനാധിപത്യത്തിലും മതനിരപേക്ഷതയിലും വിശ്വസിക്കുന്ന സമൂഹം ഈ ചൂണ്ടയില്‍ കൊത്താതെ അവരെ തുറന്നുകാണിക്കാനുള്ള പരിശ്രമങ്ങളുമായി രംഗത്തിറങ്ങുക തന്നെവേണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: