Categories: Special Article

ശബരിമല: പല ചോദ്യങ്ങളിങ്ങനെ; ശരിയുത്തരങ്ങളും

Published by

 വിശ്വരാജ് വിശ്വ

 1. എന്താണ് ശബരിമല കേസില്‍ സുപ്രീം കോടതി വിധി ?

 ശബരിമലയിലെ യുവതി പ്രവേശനം അനുവദിക്കണം എന്നു ആവശ്യപ്പെട്ട് 2006 ല്‍ ഇന്ത്യന്‍ യങ് ലോയേഴ്സ് അസോസിയേഷന്‍ എന്ന സംഘടന കൊടുത്ത കേസില്‍ സുപ്രീം കോടതിയുടെ അഞ്ചാംഗ ഭരണഘടന ബെഞ്ച് വിധി പറഞ്ഞു. മൗലിക അവകാശ ലംഘനം ചൂണ്ടി കാട്ടി ആര്‍ട്ടിക്കിള്‍ 14, 15, 17 എന്നീ ഭരണഘടന അടിസ്ഥാന തത്വങ്ങള്‍ മുന്‍നിര്‍ത്തി കേരള ഹിന്ദു പ്ലേസസ് ഓഫ് പബ്ലിക് വര്‍ഷിപ് ആക്ട് 1965 എന്ന കേരള സംസ്ഥാന നിയമത്തിന്റെ ചട്ടം മൂന്ന് ബി സുപ്രീം കോടതി റദ്ദാക്കിക്കൊണ്ടാണ് ശബരിമലയിലെ അയ്യപ്പ ക്ഷേത്രത്തിലെ ആചാരങ്ങളുടെ ഭാഗമായ യുവതി പ്രവേശന വിലക്ക് നീക്കിയത്. പ്രസ്തുത കേസില്‍ 4/5 ജഡ്ജിമാര്‍ ശബരിമലയില്‍ യുവതി പ്രവേശനം വിലക്കരുത് എന്നു ആവശ്യപ്പെട്ട് വിധി പറഞ്ഞു. ഇവിടെ ശ്രദ്ധിക്കേണ്ട കാര്യം സുപ്രീം കോടതി റദ്ദാക്കിയത് കേരള സംസ്ഥാന സര്‍ക്കാര്‍ സംസ്ഥാനത്തെ നിയമനിര്‍മ്മാണ സഭയില്‍ 1965 ല്‍ പാസാക്കിയ ഒരു നിയമം ആണ് എന്നതാണ്. അത് കോടതി റദ്ദ് ചെയ്യുക മാത്രമാണ് ചെയ്തത് അല്ലാതെ സംസ്ഥാനത്തെ സിപിഎം സര്‍ക്കാരിനോട് എങ്ങനെ എങ്കിലും നിങ്ങള്‍ കുറച്ചു യുവതികളെ ശബരിമലയില്‍ എത്രയും വേഗം കയറ്റണം എന്നു സുപ്രീം കോടതി പറഞ്ഞില്ല. മാത്രമല്ല 1991 മുന്‍പ് യാതൊരു നിയമ വിലക്കും ഇല്ലാതിരുന്നിട്ടും ശബരിമലയുടെ ആചാര മര്യാദകള്‍ പാലിച്ചു കൊണ്ടു സ്ത്രീകള്‍ സ്വയം അവിടെ വരാന്‍ തയ്യാറായിരുന്നില്ല..

 2. ആരാണ് ശബരിമലയില്‍ നിയമം മൂലം യുവതി പ്രവേശനം നിരോധിച്ചത് ?

 ശബരിമല ഉള്‍പ്പെടുന്ന ഹിന്ദു ക്ഷേത്രങ്ങള്‍ നിയന്ത്രിച്ചും ഭരണം നിര്‍വ്വഹിച്ചു കൊണ്ടും പോകുന്നത് തിരുവിതാംകൂര്‍- കൊച്ചിന്‍ ഹിന്ദു റിലീജിയസ് ഇന്‍സ്റ്റിറ്റിയൂഷന്‍ ആക്ട് 1950 വഴി സ്ഥാപിതമായ ദേവസ്വം ബോര്‍ഡ് ആണ്. ദേവസ്വം ബോര്‍ഡ് ഒരു സ്വയം ഭരണ സ്ഥാപനം ആണെന്നാണ് പറയുന്നത് എങ്കിലും ദേവസ്വം ബോര്‍ഡിനെ നിയന്ത്രിക്കുന്ന ദേവസ്വം മന്ത്രിയും, ദേവസ്വം ചെയര്‍മാനും എല്ലാം ഭരണപക്ഷ പാര്‍ട്ടിയുടെ നിയമനങ്ങള്‍ ആണെന്ന് അറിയാമല്ലോ. ദേവസ്വം ബോര്‍ഡിനു സര്‍ക്കാര്‍ വകുപ്പും ഉണ്ട് ദേവസ്വം ബോര്‍ഡിന് കേരള ഹൈക്കോടതിയില്‍ ദേവസ്വം ബഞ്ച് പോലും ഉണ്ട്. കൂടാതെ ദേവസ്വം കണക്കുകള്‍ വര്‍ഷാവര്‍ഷം ഓഡിറ്റ് ചെയ്യേണ്ടത് സംസ്ഥാനത്തെ ധനകാര്യ വകുപ്പിന്റെ ഉത്തരവാദിത്വം ആണ്. 

1991 ലെ ഹൈക്കോടതി വിധി പ്രകാരം ആണ് നിയമപരമായി ശബരിമലയില്‍ യുവതി പ്രവേശനം നിരോധിച്ചതും കേരള സര്‍ക്കാര്‍ തന്നെ സര്‍ക്കാരിന്റെ പോലീസ് സേനയെ ഉപയോഗിച്ച് കോടതി വിധി നടപ്പാക്കുവാന്‍ യുവതികളെ പരിശോധിക്കുകയും ഔദ്യോഗികമായി തന്നെ തടയുന്ന ഏര്‍പ്പാടും തുടങ്ങിയത്. ഇവിടെയും ശ്രദ്ധിക്കേണ്ട കാര്യം ശബരിമലയെയും ദേവസ്വം ബോര്‍ഡിന്റെയും നിയന്ത്രിക്കാനും നിയമങ്ങള്‍ നടപ്പില്‍ വരുത്താനും ലോ ആന്‍ഡ് ഓര്‍ഡര്‍ ഉറപ്പ് വരുത്തുന്നത് എല്ലാം കേരള സര്‍ക്കാരാണ്. പക്ഷേ നൂറ്റാണ്ടുകള്‍ ആയി ആചാര പ്രകാരം ശബരിമലയില്‍ ആചാര പ്രകാരം സ്ത്രീകള്‍ പ്രവേശിക്കാറിലായിരുന്നു. പക്ഷേ സ്വാധീനവും പണവും മൂലം അങ്ങനെ ചില അനിഷ്ട സംഭവങ്ങള്‍ നടന്നപ്പോള്‍ രണ്ടു വ്യക്തികള്‍ 1991 ല്‍ കോടതിയെ സമീപിക്കുകയും കോടതി വാദങ്ങള്‍ മുഴുവന്‍ കേട്ട ശേഷം ശബരിമലയിലെ അയ്യപ്പന്‍ എന്ന ലീഗല്‍ മൈനര്‍ പേഴ്‌സന്റെ അവകാശങ്ങള്‍ സംരക്ഷിച്ച് അയ്യപ്പന്റെ ഹിതത്തിനു വിരുദ്ധം ആയി ശബരിമലയില്‍ യുവതി പ്രവേശം പാടില്ല എന്ന് കേരള ഹൈക്കോടതി വിധി പറഞ്ഞു. ഇവിടെയും കേന്ദ്ര സര്‍ക്കാരിന്റെ ഒരു ഇടപെടുകളും നാളിതു വരെ നടന്നിട്ടില്ല എന്നു ശ്രദ്ധിക്കുമല്ലോ.. !

3. ഇപ്പോഴത്തെ സുപ്രീം കോടതി വിധിയില്‍ യുവതി പ്രവേശനത്തിനു സമ്മതം മൂളിയത് ആരാണ് ?

ശബരിമല യുവതി പ്രവേശന കേസില്‍ സുപ്രീം കോടതി റിപ്പോര്‍ട്ട് ആവശ്യപ്പെട്ടത് അനുസരിച്ചു കേരള സര്‍ക്കാര്‍ 2007 ല്‍ അച്യുതാനന്ദന്‍ സര്‍ക്കാരും ഇപ്പോള്‍ ഭരിക്കുന്ന പിണറായി സര്‍ക്കാരും ശബരിമലയില്‍ യുവതി പ്രവേശനത്തിനു സര്‍ക്കാരിന് എതിര്‍പ്പില്ല എന്നു സത്യവാങ് മൂലം കൊടുത്തു. കേസില്‍ ദേവസ്വം ബോര്‍ഡും കക്ഷി ആണ് എന്ന് മാത്രമല്ല നായര്‍ സര്‍വീസ് സൊസൈറ്റിയും സംഘ പരിവാര്‍ സംഘടനകള്‍ ആയ ക്ഷേത്ര സംരക്ഷണ സമിതിയും അയ്യപ്പ സേവാ സമാജവും പിന്നെ പീപ്പിള്‍ േഫാര്‍ ധര്‍മ്മയും എല്ലാം അതിനെതിരായി സുപ്രീം കോടതിയില്‍ പല സമയങ്ങളില്‍ കക്ഷി ചേര്‍ന്നു. ഇതില്‍ എവിടെയും കേന്ദ്ര സര്‍ക്കാര്‍ കക്ഷി അല്ല എന്ന് മാത്രമല്ല കേസിന്റെ നടപടിക്രമങ്ങളില്‍ എവിടെ വച്ചും കേന്ദ്ര സര്‍ക്കാരിനോട് സുപ്രീം കോടതി അഭിപ്രായം ആരാഞ്ഞിട്ടു പോലും ഇല്ല.. സ്വാഭാവികം ആയും ഒരു സ്റ്റേറ്റ് സംബന്ധിച്ചുള്ള പ്രശ്നത്തില്‍ കേന്ദ്ര സര്‍ക്കാര്‍ അഭിപ്രായം പറയേണ്ട ആവശ്യവും കേസ് നടക്കുന്ന സമയത്തു ഇല്ലായിരുന്നു.

 4. ശബരിമലയുടെ ആചാരങ്ങളും അനുഷ്ഠാനങ്ങളും സംരക്ഷിക്കാന്‍ കേരള സര്‍ക്കാരിന് ഓര്‍ഡിനന്‍സ് / നിയമ നിര്‍മ്മാണം നടത്താന്‍ സാധിക്കുമോ ?

 തീര്‍ച്ചയായും. ശബരിമല കേസില്‍ സുപ്രീം കോടതി വിധി പ്രതികൂലം ആയ ശേഷം 90% ഹിന്ദുജനതയും സ്ത്രീ പുരുഷ ഭേദമെന്യേ ആബാല വൃദ്ധ ജനങ്ങളും തെരുവില്‍ ഇറങ്ങി പ്രതിഷേധം ഉയര്‍ത്തുന്നത് അതിനു വേണ്ടി മാത്രം ആണ്. സുപ്രീം കോടതി വിധിയെ മറികടക്കാന്‍ വേണ്ടി കേരള സര്‍ക്കാരിന്റെ ശബരിമലയ്‌ക്ക് എതിരായ നിലപാട് മാറ്റണം എന്നാണ് അവര്‍ ആവശ്യപ്പെടുന്നത്. ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 213 ഉപയോഗിച്ച് ഗവര്‍ണറുടെ പ്രത്യേക അധികാരം വഴി ഒരു ഓര്‍സിനന്‍സ് പാസാക്കി അത് ആറു മാസം കൊണ്ട് നിയമസഭയില്‍ നിയമമാക്കി മാറ്റി സുപ്രീം കോടതി വിധിയെ മണ്ഡലകാലം തുടങ്ങും മുന്‍പേ മറികടക്കാന്‍ സാധിക്കും. 

കേരളത്തിലെ ക്ഷേത്രങ്ങളെ സംബന്ധിച്ചുള്ള കേരള ഹിന്ദു പ്ലേസസ് ഓഫ് പബ്ലിക് വര്‍ഷിപ് ആക്ട് 1965 എന്ന കേരള സംസ്ഥാനത്തിന്റെ നിയമത്തിലെ ചട്ടം മൂന്ന് ബി യാണ് ഇപ്പോള്‍ സുപ്രീം കോടതി വിധിയിലൂടെ റദ്ദാക്കി ശബരിമല ആചാരങ്ങള്‍ക്ക് വിരുദ്ധമായി യുവതി പ്രവേശനം അനുവദിച്ചത് . അപ്പോള്‍ സ്വഭാവികമായും അയ്യപ്പ ഭക്തരുടെ ആവശ്യങ്ങള്‍ക്ക് വേണ്ടി പ്രാഥമികമായി നില കൊള്ളേണ്ടത് കേരളത്തിലെ സംസ്ഥാന സര്‍ക്കാര്‍ തന്നെയാണ്. അവരുടെ ജനങ്ങളോടുള്ള കര്‍ത്തവ്യം ആണ് അത്. പക്ഷെ സുപ്രീം കോടതിയില്‍ രണ്ടു തവണയും യുവതികളെ ശബരിമലയില്‍ പ്രവേശിപ്പിക്കണം എന്നാവശ്യപ്പെട്ട് സത്യവാങ് മൂലം നല്‍കിയതും കേരളം ഭരിക്കുന്ന ഇജകങ സര്‍ക്കാരാണ്. 

സുപ്രീം കോടതി വിധിക്ക് എതിരെ അയ്യപ്പ ഭക്തര്‍ക്ക് വേണ്ടി കോടതിയെ സമീപിക്കുമോ എന്ന ചോദ്യത്തിന് മുഖ്യമന്ത്രി പിണറായി വിജയന്റെ മറുപടി ശ്രദ്ധിക്കണം. കേരള സര്‍ക്കാര്‍ എടുത്ത നിലപാടിന് അനുകൂലമായി ആണ് സുപ്രീം കോടതി വിധി വന്നിട്ടുള്ളത്. പിന്നെ എന്തിനു കേരള സര്‍ക്കാര്‍ സുപ്രീം കോടതി വിധിക്ക് ‘എതിരായി’ നിയമ നിര്‍മാണം നടത്തണം എന്നാണ് മുഖ്യന്‍ ചോദിച്ചത്. അതായത് അയ്യപ്പഭക്തരും ഹിന്ദുക്കളും എത്ര തെരുവില്‍ പ്രതിഷേധിച്ചാലും സര്‍ക്കാര്‍ നിലപാട് മാറ്റാന്‍ ഒരുക്കമല്ല എന്നാണ് മുന്‍പേ തന്നെയുള്ള സിപിഎം നില്‍പാട്. അയ്യപ്പ ഭക്തരുടെ മുന്നില്‍ ഉള്ള ലക്ഷ്യം എന്താവണം എന്നു വച്ചാല്‍ , കനത്ത പ്രധിഷേധം ഉയര്‍ത്തി പിണറായി സര്‍ക്കാരിനെ കൊണ്ടു യുവതി പ്രവേശനത്തിനു അനുകൂലം ആയ നിലപാട് തിരുത്തിച്ചു ഓര്‍സിനന്‍സ് ഇറക്കി മണ്ഡല മാസ ആരംഭത്തിന് മുന്നേ ശബരിമല ആചാര സംരക്ഷണം ഉറപ്പു വരുത്തുക എന്നത് മാത്രമാണ്. ഒരിക്കല്‍ കൂടി പറയട്ടെ ഓര്‍ഡിനന്‍സ് ഒരു ശാശ്വത പരിഹാരം അല്ല, ഒരു താല്‍ക്കാലിക പരിഹാരം മാത്രമാണ് എന്നു ഓര്‍മ്മിപ്പിക്കട്ടെ…

5. ഭരണഘടന ആര്‍ട്ടിക്കിള്‍ 245 ന്റെ സ്പെഷ്യല്‍ പ്രൊട്ടക്ഷന്‍ ഉപയോഗിച്ചു കൊണ്ട് കേന്ദ്ര സര്‍ക്കാരിന് ശബരിമലക്കു വേണ്ടി ഓര്‍ഡിനന്‍സ് ഇറക്കാന്‍ സാധിക്കില്ലേ ? അങ്ങനെ ഉണ്ടാക്കുന്ന ഓര്‍ഡിനന്‍സ് സുപ്രീം കോടതിയുടെ ജുഡീഷ്യല്‍ റീവ്യൂ പോലും മറികടക്കാന്‍ ഭരണഘടനയുടെ ഷെഡ്യൂള്‍ 9 ല്‍ പെടുത്തി ഇമ്മ്യൂണിറ്റി നേടാന്‍ സാധിക്കില്ലേ ??

 ആ സാധ്യതയും സംസ്ഥാന സര്‍ക്കാരിന്റെ ഈ വിഷയത്തില്‍ ഉള്ള നിലപാട് പോലെ ഇരിക്കും എന്നു തന്നെ പറയേണ്ടി വരും. 

ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 245 പ്രകാരം ഇന്ത്യയില്‍ മുഴുവനായോ അല്ലെങ്കില്‍ ഇന്ത്യയിലെ ഏതെങ്കിലും ഒരു ഭാഗത്തിന് വേണ്ടിയോ നിയമ നിര്‍മാണം നടത്താന്‍ കേന്ദ്ര സര്‍ക്കാരിന് സാധിക്കും. പല ഘട്ടങ്ങളിലും അതത് കേന്ദ്ര സര്‍ക്കാരുകള്‍ ആ സാഹചര്യം അനുസരിച്ചു അതു ചെയ്തിട്ടും ഉണ്ട്… കശ്മീരിലും കിഴക്കന്‍ സംസ്ഥാനങ്ങളില്‍ ഒക്കെ രാജ്യ സുരക്ഷയെ മുന്‍നിര്‍ത്തി പലപ്പോഴും കേന്ദ്ര സര്‍ക്കാരുകള്‍ ഒരു പ്രത്യേക സ്ഥലങ്ങളില്‍ മാത്രം നിയമ നിര്‍മ്മാണം നടത്തിയിട്ടും ഉണ്ട്… 

കേന്ദ്ര സര്‍ക്കാര്‍ ശബരിമലയ്‌ക്ക് വേണ്ടി നിയമം പാസാക്കി അതു ഭരണഘടനയുടെ 9ത് ഷെഡ്യൂളില്‍ ഉള്‍പ്പെടുത്തിയാല്‍ അതു ചോദ്യം ചെയ്യാന്‍ സുപ്രീം കോടതിക്ക് പോലും സാധ്യമല്ല എന്നാണ് സിപിഎം ന്റെ കണ്ടെത്തല്‍. 9ത് ഷെഡ്യൂള്‍ നെഹ്രുവിന്റെ കാലത്തു 1951 ല്‍ ഉണ്ടാക്കിയ ഭരണഘടന ഭേദഗതി ആണ്.. 9ത് ഷെഡ്യൂളില്‍ പാസാക്കുന്ന നിയമങ്ങള്‍ക്ക് ജുഡീഷ്യല്‍ റീവ്യൂവില്‍ നിന്നു ഇമ്യൂണിറ്റി ( പ്രതിരോധം) ഉണ്ട്. അതു കോടതിക്ക് ഇടപെട്ട് നീക്കാന്‍ സാധിക്കില്ല എന്നാണ് 9ത് ഷെഡ്യൂള്‍ പറയുന്നത്. ഭരണഘടനയുടെ കാവലാള്‍ ആയ ജുഡീഷ്യറിയെ മറികടന്നു നിയമനിര്‍മ്മാണം നടത്താന്‍ നെഹ്‌റു കൊണ്ടു വന്ന ഭരണഘടന ഭേദഗതി ആണ് 9ത് ഷെഡ്യൂള്‍. ഇനി ആര്‍ട്ടിക്കിള്‍ 245 ന്റെ പ്രത്യേകത നോക്കാം. അതിങ്ങനെയാണ്:  

ഇന്ത്യയില്‍ മൊത്തമായോ ഏതെങ്കിലും ഒരു പ്രദേശത്തു ഭാഗികമായോ നിയമനിര്‍മ്മാണം നടത്താന്‍ കേന്ദ്രത്തിനു അവകാശം ഉണ്ട്. സംസ്ഥാനത്തു മുഴുവന്‍ ആയോ ഭാഗികം ആയോ നിയമനിര്‍മ്മാണം നടത്താന്‍ സംസ്ഥാന സര്‍ക്കാരിനും അധികാരം ഉണ്ട്

 പക്ഷെ, ശബരിമല കേസില്‍ കേന്ദ്ര സര്‍ക്കാരിന്റെ ഓര്‍ഡിനന്‍സ് വന്നാലും അതു 9ത് ഷെഡ്യൂളില്‍ ഉള്‍പ്പെടുത്തി പാസാക്കിയാലും സുപ്രീം കോടതിയെ മറികടക്കാന്‍ സാധിക്കണം എന്നില്ല. കാരണം, കേന്ദ്ര സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് ഇറക്കി നിയമം പാസ്സാക്കിയാലും ഇനി അത് 9വേ ഷെഡ്യൂളില്‍ ഉള്‍പ്പെടുത്തിയാലും ഇപ്പോഴുള്ള കോടതി വിധി ഭരണഘടന മൗലിക അവകാശ ലംഘനം ആയതു കൊണ്ട് സുപ്രീം കോടതിയില്‍ ജുഡീഷ്യല്‍ റിവ്യൂവിനു എത്തിയാല്‍ അത് തള്ളി പോകും.

ശബരിമല കേസില്‍ സുപ്രീം കോടതിയുടെ ഇപ്പോഴത്തെ വിധിയിലെ കണ്ടെത്തലില്‍ ഇപ്പൊഴത്തെ ആചാരവിധി ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 14 , 15, 17 എന്നിവയെ കൗണ്ടര്‍ ചെയ്യുന്നുണ്ട് എന്നാണ് പറയുന്നത്. അതായത് ആര്‍ട്ടിക്കിള്‍ 14 , 15 , 17 ഉം വരുന്നത് മൗലിക അവകാശങ്ങള്‍ ആയി ആണ്.. അങ്ങനെ ഉള്ള അവസരത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ആര്‍ട്ടിക്കിള്‍ 245 ഉപയോഗിച്ച് ശബരിമല വിഷയത്തില്‍ നിയമം പാസ്സാക്കി അത് 9വേ ഷെഡ്യൂളില്‍ ഉള്‍പ്പെടുത്തി കൊണ്ട് സുപ്രീം കോടതി വിധി മറികടക്കാന്‍ ശ്രമിക്കുന്നു എന്ന് കരുതുക.. 

അപ്പോള്‍ സ്വാഭാവികം ആയും മൗലിക അവകാശ ലംഘനവും കൂടാതെ ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങളെ തന്നെ ചോദ്യം ചെയ്യുന്നതായ ഒരു നിയമ നിര്‍മ്മാണം ആവും കേന്ദ്ര സര്‍ക്കാരിന്റേത്. അപ്പോള്‍ സുപ്രീം കോടതിയുടെ ഇപ്പോഴത്തെ അഞ്ചംഗ ഭരണഘടനാ ബെഞ്ചിന്റെ വിധി ശരിവെച്ച് ചുമ്മാ കേന്ദ്രം ഉണ്ടാക്കിയ ഓര്‍ഡിനന്‍സ് സുപ്രീം കോടതി റദ്ദാക്കാന്‍ ആണ് സാധ്യത ..(കോഴ വാങ്ങി നിയമങ്ങളെ മറികടന്നു മെഡിക്കല്‍ കോളേജ് അഡ്മിഷന്‍ നടത്താന്‍ വേണ്ടി പിണറായി സര്‍ക്കാര്‍, മെഡിക്കല്‍ അഡ്മിഷന്‍ റദ്ദാക്കിയ സുപ്രീം കോടതി വിധിക്ക് എതിരെ ഒക്ടോബര്‍ 2017 ല്‍ ഓര്‍ഡിനന്‍സ് ഇറക്കി കരുണ മെഡിക്കല്‍ കോളേജ്, കണ്ണൂര്‍ മെഡിക്കല്‍ കോളേജ് എന്നിവിടങ്ങളില്‍ അഡ്മിഷന്‍ നടത്തി. കഴിഞ്ഞ മാസം സെപ്റ്റംബര്‍ 2018 ന് മെഡിക്കല്‍ കൗണ്‌സില്‍ കൊടുത്ത റിവ്യൂ ഹര്‍ജിയുടെ ആദ്യ ഹിയറിങ്ങില്‍ തന്നെ സുപ്രീം കോടതി പിണറായി സര്‍ക്കാരിന്റെ ഓര്‍ഡിനന്‍സ് എടുത്തു ചവറ്റു കുട്ടയില്‍ ഇട്ടു . ഇത്രയേ ഉള്ളൂ സുപ്രീം കോടതി വിധിക്ക് എതിരെ ഉള്ള ഓര്‍ഡിനന്‍സ് ഒക്കെ പലപ്പോഴും അതു കേന്ദ്രത്തിന്റെ ആയാലും സംസ്ഥാനത്തിന്റെ ആയാലും. ) 

നിയമനിര്‍മ്മാണ സഭയായ നിയമസഭയും പാര്‍ലമെന്റും എല്ലാം ഉണ്ടാക്കുന്ന നിയമങ്ങള്‍ ഭരണഘടനക്ക് അനുസൃതം ആണോ എന്ന് പരിശോധിക്കുന്ന ഭരണഘടനയുടെ കാവല്‍ക്കാരന്‍ ആണ് ഇന്ത്യന്‍ ജുഡീഷ്യറി. ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങളെ തന്നെ ലംഘിച്ചാല്‍ കോടതി നിയമനിര്‍മ്മാണ സഭയുടെ ചെവിക്ക് പിടിക്കും.

 ഒമ്പതാം ഷെഡ്യൂളില്‍ ഉള്‍പ്പെടുത്തി കേന്ദ്ര സര്‍ക്കാര്‍ ആര്‍ട്ടിക്കിള്‍ 245 ഉപയോഗിച്ചു പാസ്സാക്കിയ നിയമങ്ങള്‍ക്കുള്ളില്‍ എപ്പോള്‍ എല്ലാം സുപ്രീം കോടതി നിര്‍ബന്ധമായും ഇടപെടാം എന്നത് മനസ്സിലാക്കാന്‍ സുപ്രീം കോടതിയുടെ രണ്ട് സുപ്രധാന വിധികള്‍ ഒന്ന് വായിച്ചാല്‍ മതി..

 > 1973 ലെ കേശവാനന്ദ ഭാരതി- കേരള കേസ് നോക്കാം .

> 2011 ജനുവരി 11 ലെ സുപ്രീം കോടതിയുടെ 9 അംഗ ഭരണഘടനാ ബെഞ്ചിന്റെ ഒരു ചരിത്ര വിധി ഉണ്ട്. അതും ഒന്ന് നോക്കാം .. ചീഫ് ജസ്റ്റിസ് വൈ.എസ്. സബര്‍വാള്‍ അടങ്ങിയ ഒമ്പതംഗ ഭരണഘടനാ ബെഞ്ചാണ് 9വേ ഷെഡ്യൂളിന് എതിരെ വിധി പറഞ്ഞത്.

 അപ്പോള്‍ ഒമ്പതാം ഷെഡ്യൂളില്‍ നിയമം പാസാക്കിയാല്‍ അത് ഇരുമ്പുലക്ക അല്ല. മൗലിക അവകാശ ലംഘനം ആയതു കൊണ്ട് സുപ്രീം കോടതി കേന്ദ്ര സര്‍ക്കാരിനോട് ആയാലും സംസ്ഥാന സര്‍ക്കാരിനോട് ആയാലും പോയി പണി നോക്കാന്‍ പറയാന്‍ സാധ്യത ഏറെയാണ്.

6. ശബരിമല കേസില്‍ കേരള സര്‍ക്കാരിനെ മറികടന്നു കൊണ്ട് കേന്ദ്ര സര്‍ക്കാരിന് നേരിട്ട് ഓര്‍ഡിനന്‍സ് / നിയമ നിര്‍മാണം സാധ്യമാണോ ?

 നമ്മുടേത് ജനാധിപത്യ രാജ്യമാണല്ലോ. കേന്ദ്രത്തില്‍ ഉള്ളത് പോലെ തന്നെ സംസ്ഥാനത്തു ഉള്ളതും ഒരു ജനാധിപത്യപരമായി തെരെഞ്ഞെടുക്കപ്പെട്ട സര്‍ക്കാരും നിയമനിര്‍മ്മാണ സഭയും തന്നെയാണ്. അതിനാല്‍ തന്നെ ഇന്ത്യന്‍ ഭരണഘടനയുടെ ഫെഡറല്‍ സംവിധാനത്തെ മാനിക്കാന്‍ കേന്ദ്രവും സംസ്ഥാനവും ബാധ്യസ്തര്‍ ആണ്. കേന്ദ്രവും സംസ്ഥാനവും രണ്ടും ഒത്തു ചേര്‍ന്ന് പോകണം എന്നാണ് ഭരണഘടന ശില്പി അംബേദ്കറും പറയുന്നത്. ഇന്ന് ശബരിമലയിലെ സ്ഥിതി എന്താണ്. ? സുപ്രീം കോടതി വിധി നടപ്പാക്കാന്‍ പോകുന്ന ഇടത് സര്‍ക്കാര്‍, അതിനെതിരെ തെരുവില്‍ ഇറങ്ങിയ ആബാലവൃദ്ധം ഹിന്ദുക്കളായ അയ്യപ്പഭക്തര്‍. ഒരു പോപ്പുലിസ്റ്റ് അജണ്ട വച്ച് ബിജെപി സര്‍ക്കാര്‍ ഒരു സംസ്ഥാന സര്‍ക്കാരിന്റെ ഒരു വകുപ്പിന്റെ കീഴില്‍ ഉള്ള ഒരു സ്ഥാപനം ബലമായി പിടിച്ചെടുക്കാന്‍ തക്ക എന്ത് കാരണം ആണ് നിങ്ങള്‍ നാളെ കോടതിയോട് പറയുന്നത്. മോഡി ഹിറ്റ്ലര്‍ ഒന്നും അല്ല, അങ്ങനെ പലരും പലപ്പോഴും പറയാറുണ്ട് എങ്കിലും. .. .

 തിരുവിതാംകൂര്‍- കൊച്ചിന്‍ ഹിന്ദു റിലീജിയസ് ഇന്‍സ്റ്റിറ്റിയൂഷന്‍ ആക്ട 1950 പ്രകാരം ഉണ്ടായ ദേവസ്വം ബോര്‍ഡ് ഒരു സംസ്ഥാന സര്‍ക്കാര്‍ നിയന്ത്രിക്കുന്ന ഒരു സ്വയം ഭരണ സ്ഥാപനം ആണ്. അതിനു ഒരു മന്ത്രിയും ഒരു വകുപ്പും ഒരു സിവില്‍ സര്‍വീസ് സര്‍ക്കാര്‍ എക്‌സിക്യൂട്ടീവ് ഒക്കെ ഉണ്ട്. കേരള സര്‍ക്കാര്‍ നടപ്പാക്കാന്‍ ശ്രമിച്ചത് അവരുടെ അജണ്ട അല്ല സുപ്രീം കോടതി ഉത്തരവ് ആണ് എന്നിരിക്കെ, കേന്ദ്രത്തിനു അത് മറികടന്നു കൊണ്ടു സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനത്തിന്റെ ഭരണം പിടിച്ചെടുക്കുക എന്നത് നമ്മുടെ ഭരണഘടനയ്‌ക്ക് നിരക്കുന്നതല്ല ഒരിക്കലും. കേരള സര്‍ക്കാര്‍ വളഞ്ഞ വഴിക്ക് ആണെങ്കിലും നടപ്പിലാക്കാന്‍ നോക്കുന്നത് സുപ്രീം കോടതി ഉത്തരവ് ആണ്. നാളെ കോണ്‍ഗ്രസ് കേന്ദ്ര ഭരണത്തില്‍ വന്നാല്‍ ഇത് പോലെ ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ വകുപ്പുകള്‍ പലതും ഓരോന്നായി പലകാരണങ്ങള്‍ പറഞ്ഞു രാഷ്‌ട്രീയം കളിച്ചു കൊണ്ട് ആര്‍ട്ടിക്കിള്‍ 245 വച്ച് നിയമങ്ങള്‍ ഇറക്കി പിടിച്ചെടുക്കാന്‍ തുടങ്ങിയാല്‍ എന്ത് ചെയ്യണം.. ? 

ഗുജറാത്തിലെ സഹകരണ വകുപ്പ് സ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ ശരിയല്ല, ആര്‍ട്ടിക്കിള്‍ 245 ഉപയോഗിച്ച് അതിന്റെ കീഴില്‍ ഉള്ള സ്ഥാപനങ്ങളുടെ നിയന്ത്രണം കോണ്‌ഗ്രെസ്സിന്റെ കേന്ദ്ര സര്‍ക്കാര്‍ ഏറ്റെടുക്കുന്നു. സംസ്ഥാനത്തെ ബിജെപി സമ്മതിക്കുമോ ? ഇന്ത്യന്‍ ഫെഡറല്‍ സംവിധാനത്തെ മാനിക്കാന്‍ കേന്ദ്ര സര്‍ക്കാരിന് ആണ് കൂടുതല്‍ ബാധ്യത ഉള്ളത്. കാരണം കമ്മ്യൂണിസ്റ്റ് സര്‍ക്കാരിന്റെ ജനാധിപത്യവും ഭരണഘടനയോട് ഉള്ള കൂറും കടപ്പാടും ഒക്കെ എത്രത്തോളം ഉണ്ടെന്നു നമുക്കറിയാം. അപ്പോള്‍ ശബരിമല ക്ഷേത്രം ഇപ്പോഴത്തെ സുപ്രീം കോടതി വിധിയുടെ വെളിച്ചത്തില്‍ കേന്ദ്ര സര്‍ക്കാര്‍ നിയമ നിര്‍മ്മാണം നടത്തി പിടിച്ചെടുക്കുക എന്നാല്‍ അതു വളരെ വലിയ പ്രത്യാഘാതം ആവും ഇന്ത്യന്‍ ജനാധിപത്യ സംവിധനത്തിനു ഉണ്ടാക്കുക.. 

കൂടാതെ നിലവിലെ സുപ്രീം കോടതി വിധിയില്‍ റിവ്യൂ പെറ്റിഷനു ശേഷവും മാറ്റം ഒന്നും വരുന്നില്ല എങ്കില്‍, വിധി മൗലിക അവകാശ ലംഘനം ആണ് ചൂണ്ടി കാണിക്കുന്നത്. ഭരണഘടന പൗരന് ഉറപ്പ് തരുന്ന മൗലിക അവകാശം ലംഘിക്കപ്പെടുന്ന സാഹചര്യം ആണെങ്കില്‍ മേല്പറഞ്ഞത് പോലെ അതിനെ മറികടക്കാന്‍ ഓര്‍ഡിനന്‍സ് ഇറക്കുന്നത് കേന്ദ്രം ആയാലും സംസ്ഥാനം ആയാലും സുപ്രീം കോടതി ഇടപെട്ടു അതിനെ തടയും. ഇപ്പോഴത്തെ കോടതി വിധി മാറുന്നില്ല എങ്കില്‍ .

 7. എന്നും കായികമായി പ്രതിരോധിക്കുക സാധ്യമല്ല. ഇന്നല്ലെങ്കില്‍ നാളെ സുപ്രീം കോടതി വിധി ശബരിമലയില്‍ നടപ്പാക്കുക തന്നെ ചെയ്യും. ആചാര പാലനത്തിനു പിന്നെ എന്ത് ചെയ്യാന്‍ കഴിയും. ?

 ‘പൊതുസ്ഥലങ്ങളില്‍’ ഭരണഘടന മൗലിക അവകാശ ലംഘനങ്ങള്‍ അനുവദിക്കാന്‍ സാധിക്കില്ല എന്നത് കൊണ്ട് ആണ് ഹിന്ദു ആരാധനാ കേന്ദ്ര ആക്ട്  1965 ന്റെ ചട്ടം മൂന്ന് ബി സുപ്രീം കോടതി റദ്ദാക്കിയത്. അതായത് ശബരിമല എന്ന വിശ്വാസികളുടെ ക്ഷേത്രം സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള ദേവസ്വം ബോര്‍ഡിന്റെ കീഴില്‍ ആയതു കൊണ്ടും, അവിടുത്തെ കാര്യനിര്‍വ്വഹണം കേരള സര്‍ക്കാര്‍ ഉണ്ടാക്കിയ നിയമപ്രകാരം ആയതു കൊണ്ടും കേരള സംസ്ഥാനത്തിന്റെ നിയമത്തിന്റെ കീഴില്‍ ആയതു കൊണ്ടും അവിടുത്തെ യുവതി പ്രവേശനം തടയുന്ന പോലീസ് സേന സ്റ്റേറ്റിന്റെ പൊതു സംവിധാനം ആയതു കൊണ്ടൊക്കെ ആണല്ലോ ശബരിമല ‘പൊതു സ്ഥലം’ ആണെന്ന് കോടതി വിധിയില്‍ പറയുന്നത്. അപ്പോള്‍ ശബരിമലയെ പൊതുസ്ഥലം അല്ലാതെ ആക്കിയാല്‍ ഭരണഘടന മൗലിക അവകാശങ്ങള്‍ അവിടെ ബാധകം ആവില്ല.. ഒരു സ്വകാര്യ സ്വത്തില്‍ ഉള്ള നിയന്ത്രണവും ആര്‍ക്കൊക്കെ വരാം പോവാം എന്നത് ഒന്നും ഭരണഘടനയുടെ ബാധ്യത ആവുന്നില്ല. അപ്പോള്‍ ദേവസ്വം ബോര്‍ഡ് എന്ന വെള്ളാനായില്‍ നിന്നും ഹിന്ദുവിന്റെ ശബരിമല അടക്കമുള്ള ക്ഷേത്രങ്ങള്‍ മോചിപ്പിക്കുക എന്നതാണ് ഒരു പരിഹാരം. അതിനെ തിരുപ്പതി ക്ഷേത്ര ട്രസ്റ്റ് പോലെയോ ഇസ്‌കോണ് ക്ഷേത്രങ്ങള്‍ പോലെയോ ഒക്കെ ഒരു സ്വതന്ത്ര സംവിധാനമായി സര്‍ക്കാരില്‍ നിന്ന് അടര്‍ത്തി മാറ്റുകയാണ് വേണ്ടത്.. അങ്ങനെ സംഭവിച്ചാല്‍ ഹിന്ദു ക്ഷേത്രങ്ങളുടെ സര്‍ക്കാരില്‍ നിന്നുള്ള മോക്ഷ മാര്‍ഗം കൂടിയാകും അത്. അതിനു കേരള സര്‍ക്കാരിന് മേല്‍ കനത്ത സമ്മര്‍ദ്ദം ചെലുത്താന്‍ ഇപ്പോഴുള്ള പ്രക്ഷോഭം ഒന്നുകൂടി വളരെ ശക്തിയായി രീതിയില്‍ മുന്നോട്ട് കൊണ്ടു പോയി ഈ ആവശ്യം ഒരു ഭൂരിപക്ഷ സമുദായത്തിന്റെ കൂട്ടായ ആവശ്യം ആയി അവതരിപ്പിക്കുക …

8. ശബരിമല പ്രക്ഷോഭം കേരളത്തിലെ വിശ്വാസികളും അവിശ്വാസികളും തമ്മില്‍ ഉള്ള പോരാട്ടം ആണല്ലോ. വിശ്വാസികളുടെ ഭാഗത്തു നിന്ന് നോക്കിയാല്‍ ശബരിമലയിലെ ആചാരങ്ങള്‍ സംരക്ഷിക്കാന്‍ ഇനി എന്തൊക്കെ വഴികള്‍ ആണ് മുന്നില്‍ ഉള്ളത് ?

  തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡ് കേരളത്തിലെ സര്‍ക്കാര്‍ മുഖാന്തിരം ആവശ്യപ്പെട്ടാല്‍ കേന്ദ്രസര്‍ക്കാരിന് ഭരണഘടന അനുശാസിക്കുന്ന ഫെഡറല്‍ സംവിധാനത്തെ മാനിച്ചു കൊണ്ട് തന്നെ സ്പെഷ്യല്‍ ഓര്‍ഡിനന്‍സ് ഇറക്കി ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 245 പ്രകാരം നിയമനിര്‍മാണം നടത്താന്‍ സാധിക്കും. അതിനു ആദ്യം ദേവസ്വം ബോര്‍ഡ് തയ്യാറാവണം. പിന്നീട് ശബരിമല എന്ന വിശ്വസികളുടെ വികാരത്തെ കണ്ടറിഞ്ഞു ഈഗോ എല്ലാം മാറ്റി വച്ചു നരേന്ദ്ര മോഡി സര്‍ക്കാരിനെ സമീപിക്കാന്‍ പിണറായി വിജയന്‍ തയ്യാറാവണം. പണ്ട് ആന്ധ്രാ സര്‍ക്കാരിന്റെ ആവശ്യപ്രകാരം തിരുപ്പതി തിരുമല ദേവസ്ഥാനത്തിനുവേണ്ടി അങ്ങിനെയൊരു ഓര്‍ഡിനെസ് കൊണ്ടു വന്നിട്ടുണ്ട് എന്നാണ് ഓര്‍മ്മ . അങ്ങനെ ഒരു കേന്ദ്ര സര്‍ക്കാര്‍ നിയമനിര്‍മാണം വഴി ശബരിമലയെ തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡിന്റെ നിയന്ത്രണത്തില്‍ നിന്നു മുക്തമാക്കണം. 

ശബരിമല തികച്ചും സ്വതന്ത്ര്യ ഭരണം ഉള്ള സംവിധാനം ആയി കേരള സര്‍ക്കാരിന്റെയും സര്‍ക്കാര്‍ നിയമം വഴി സ്ഥാപിതം ആയ ദേവസ്വം ബോര്‍ഡിന്റെയും മുന്‍പുള്ള എല്ലാ നിയമങ്ങള്‍ക്കും ചട്ടകൂടിനും പുറത്തു വന്നാല്‍ ഭരണഘടന മൗലിക അവകാശങ്ങള്‍ ബാധകം ആവുന്ന ‘പൊതുസ്ഥലം’ എന്ന ചട്ടകൂടിനു പുറത്തു വരും. ആ സാഹചര്യത്തില്‍ അവിടെ മൗലിക അവകാശ സംരക്ഷണം എന്ന വകുപ്പ് ഭരണഘടന നിര്‍ദേശം നടപ്പിലാക്കേണ്ട കാര്യം ഇല്ല. അതോടെ ഇപ്പോഴത്തെ കോടതി വിധി ്ീശറ ആവുകയും പുതിയ ഓര്‍ഡിനന്‍സ് നിയമമായി നിലവില്‍ വരികയും ചെയ്യും. അങ്ങനെ വരുമ്പോള്‍, ശബരിമലയില്‍ യുവതി പ്രവേശനം വേണം എന്ന് ആവശ്യപ്പെട്ടു 2006 ല്‍ ഹര്‍ജി കൊടുത്ത ഹര്‍ജിക്കാര്‍ തന്നെ ഓര്‍ഡിനന്‍സിന് എതിരെ സുപ്രീം കോടതിയില്‍ റീവ്യൂവിന് പോയാലും ശബരിമലയെ ‘ പൊതുസ്ഥലം’ എന്ന സര്‍ക്കാര്‍ നിയന്ത്രണത്തില്‍ നിന്നു ഹശയലൃമലേ ചെയ്തത് കൊണ്ടു ഇപ്പോഴത്തെ സുപ്രീം കോടതി വിധിയെ ചലഞ്ച് ചെയ്യുന്ന മൗലിക അവകാശ ലംഘനങ്ങള്‍ ബാധകം അല്ലാതെ ആവുകയും, പുതിയ ക്ഷേത്ര ഭരണ സംവിധാനം സുപ്രീം കോടതിയുടെ പരിധിക്ക് പുറത്തായത് കൊണ്ട്, ആ അവസരത്തില്‍ യുവതി പ്രവേശനത്തിന് വേണ്ടി കൊടുക്കുന്ന റീവ്യൂ ഹര്‍ജി തള്ളുകയല്ലാതെ കോടതിക്ക് വേറെ മാര്‍ഗ്ഗം ഇല്ലാതെ വരും. ഇതൊക്കെ ആണ് ശബരിമല കേസില്‍ ഹിന്ദുക്കള്‍ ആയ ഭക്ത ജനങ്ങള്‍ക്കു മുന്നില്‍ ഉള്ള പോംവഴികള്‍. ഈ സാഹചര്യം സൃഷ്ടിക്കാന്‍ സംസ്ഥാന സര്‍ക്കാരിനെ നിര്ബന്ധിതര്‍ ആക്കുക എന്നതാണ് അയ്യപ്പന് വേണ്ടി ഭക്തര്‍ക്ക് ഇനി ചെയ്യാന്‍ ഉള്ളത്.

 അവിശ്വാസികള്‍ നയിക്കുന്ന ഒരു സര്‍ക്കാര്‍ ആണ് കേരളത്തില്‍ ഇപ്പോള്‍ ഉള്ളത്. അതിനൊപ്പം ധാര്‍ഷ്ട്യം നിറഞ്ഞ, ബുദ്ധിശോഷണം സംഭവിച്ച ഒരു കൂട്ടം ഭരണകര്‍ത്താക്കളും ചേര്‍ന്നതാണ് സിപിഎം നയിക്കുന്ന കേരള സര്‍ക്കാര്‍. അതിനാല്‍ തന്നെ ഇക്കാര്യത്തില്‍ അയ്യപ്പ ഭക്തര്‍ക്ക് വേണ്ടി , ശബരിമല ശാസ്താവിന് വേണ്ടി ഇത്തരം ഒരു വിട്ട് വീഴ്ചക്ക് കേരള സര്‍ക്കാര്‍ ഒരിക്കലും തയ്യറാവില്ല എന്നു മാത്രമല്ല പൂര്‍വാധികം ശക്തിയോടെ വൃശ്ചിക മാസത്തില്‍ മണ്ഡല മാസപൂജക്ക് നട തുറക്കുമ്പോള്‍ വീണ്ടും അവിശ്വാസികള്‍ ആയ പാര്‍ട്ടി യുവതികളും ആയി സര്‍ക്കാര്‍ വീണ്ടും എത്തുക തന്നെ ചെയ്യും. 

വരാന്‍ പോകുന്ന വര്‍ഷങ്ങള്‍ മുഴുവന്‍ ഭരണകൂടത്തിന് എതിരെ അയ്യപ്പന് കാവല്‍ ആവുക എന്നത് എത്രത്തോളം, എത്ര നാള്‍ പ്രാവര്‍ത്തികമാക്കാന്‍ സാധിക്കും ?അപ്പോള്‍ എത്രയും വേഗം ഒരു ശാശ്വത പരിഹാരം കൂടിയേ തീരൂ. ഭരിക്കുന്ന സര്‍ക്കാരിനെ ജനങ്ങള്‍ ആണ് തെരഞ്ഞെടുത്തത്. അല്ലാതെ സര്‍ക്കാരിന്റെ ഔദാര്യത്തില്‍ അല്ല ജനങ്ങള്‍ ഉള്ളത്. കരാര്‍ അടിസ്ഥാനത്തില്‍ അഞ്ചു കൊല്ലം ഭരിക്കാന്‍ ഏല്‍പ്പിച്ച ജനസേവകര്‍ മാത്രം ആണ് കേരളത്തിലെ കമ്യൂണിസ്റ്റ് സര്‍ക്കാര്‍. ജനങ്ങളുടെ വികാരങ്ങളെയും വിശ്വസികളുടെ ഭക്തിയെയും മാനിക്കുക സര്‍ക്കാരിന്റെ കടമ ആണ്, കര്‍ത്തവ്യം ആണ്. അതു ചെയ്യാന്‍ സര്‍ക്കാരിന് മടി ഉണ്ടെങ്കില്‍ തെരുവില്‍ ഇറങ്ങുന്ന ഓരോ മന്ത്രിയോടും അതിന്റെ കാരണം ആരായാന്‍ ഭക്തര്‍ക്ക് അവകാശം ഉണ്ട്. ശബരിമല കേസില്‍ സര്‍ക്കാര്‍ ദേവസ്വം ബോര്‍ഡിനെ മുക്തമാക്കി സുപ്രീം കോടതി വിധിയെ മറികടക്കാന്‍ ഓരോ തെരുവിലും മന്ത്രിമാരോട് അമ്മമാര്‍ അടക്കമുള്ള ഭക്തര്‍ ആവശ്യപ്പെടാന്‍ തുടങ്ങണം. മൂന്നാറിലെ മലകള്‍ മുഴുവന്‍ കയ്യേറി അനധികൃതമായി കുരിശു വച്ചത് പിഴുതെടുത്തു ദൂരെ എറിയാന്‍ ശ്രീറാം വെങ്കിട്ടരാമന്‍ എന്ന പയ്യന്‍ കളക്ടര്‍ തുനിഞ്ഞു ഇറങ്ങിയപ്പോള്‍ ഉള്ളം കാലില്‍ നിന്നു വിറ വന്നു ക്രുദ്ധനായി ആ സിവില്‍ സര്‍വീസ് ചെക്കനെ രാത്രിക്ക് രാത്രി സ്ഥലം മാറ്റി സ്വയം കുരിശുകള്‍ രക്ഷിച്ച പിണറായി സര്‍ക്കാരിന്റെ ആ ആവേശം ശബരിമലക്കും വേണ്ടിയും ഉണ്ടാവാന്‍ വേണ്ടിയാണ് അയ്യപ്പഭക്തര്‍ പ്രതിഷേധം ഉയര്‍ത്തേണ്ടത്. പുറത്തിറങ്ങിയാല്‍ ശബരിമല അയ്യപ്പന്റെ പേരില്‍ കമ്യൂണിസ്റ്റ് സര്‍ക്കാരിന്റെ മന്ത്രിമാര്‍ പൊതുസ്ഥലത്ത് ചോദ്യം ചെയ്യപ്പെടാന്‍ തുടങ്ങണം. അതേ ഉള്ളൂ ശബരിമലക്കു ഉള്ള പരിഹാരം.

9. ശബരിമലയുടെ അസ്തിത്വത്തെ ചോദ്യം ചെയ്ത ഈ വിധി , ഹിന്ദു സമൂഹത്തെ ഒരു മാസത്തോളം തെരുവില്‍ ഇറക്കി നിര്‍ത്തിയ ഈ സുപ്രീം കോടതി വിധി ഒരു തുടക്കം ആണോ ഒടുക്കം ആണോ ?

 സംശയം എന്ത്. തുടക്കമാണ്. 

ആരോ കുറച്ചു പേര്‍ ചേര്‍ന്ന് എവിടെ ഇരുന്നോ തീരുമാനിച്ചു കൊടുത്ത കേസില്‍, ഇന്ന് അയ്യപ്പന്റെ ശബരിമല പൊതുസ്ഥലമാക്കി സുപ്രീം കോടതി മൗലിക അവകാശ ലംഘനത്തിന്റെ പേരില്‍, നൂറ്റാണ്ടുകള്‍ ആയി തുടര്‍ന്ന് വരുന്ന ആചാരങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തി. നാളെ അതു അനന്തപുരിക്ക് ഉടയോന്‍ ശ്രീപദ്മനാഭന്റെ നേര്‍ക്കാവാം, അതും ദേവസ്വം ബോര്‍ഡിന്റെ കീഴില്‍ ഉള്ള ‘പൊതുസ്ഥലം’ ആണല്ലോ. മറ്റന്നാള്‍ അത് ഏഴു ഉലകവും നമിക്കുന്ന ഏറ്റുമാനൂരപ്പന്റെ നെഞ്ചത്തു കയറാന്‍ വേണ്ടി ആവാം, അതും പൊതുസ്ഥലം ആണല്ലോ. പിന്നെ വിളിച്ചാല്‍ വിളിപ്പുറത്തുള്ള ചോറ്റാനിക്കര ഭഗവതിക്ക് വേണ്ടി നാളെ ഭക്തര്‍ തെരുവില്‍ ഇറങ്ങി അമ്മേ നാരായണ ജപിക്കേണ്ടി വരും, പൊതു സ്ഥലം ആണ്, ദേവസ്വം ബോര്‍ഡാണ്. പിന്നീട് ആറന്‍മുള തേവരുടെ വള്ളസദ്യ മുതല്‍ അമ്പലപ്പുഴ പാല്‍പ്പായസം വരെ പട്ടിണി പാവങ്ങള്‍ ഉള്ള ഇന്ത്യയില്‍ ധൂര്‍ത്ത് ആയി കോടതിക്ക് കാണേണ്ടി വരും. ആറാട്ടിനു എഴുന്നെള്ളുന്ന ദേവനും തൃപ്പൂത്താവുന്ന ഭഗവതിയും കള്ളും മീനും നേദിക്കുന്ന മുത്തപ്പനും നിയമത്തിന്റെ മുന്നില്‍ അശ്ലീലം ആവും. പിന്നെ നിങ്ങളുടെ കണ്ണിലെ കൃഷ്ണമണി പോലെ നിങ്ങള്‍ പരിപാലിക്കുന്ന ഓരോരോ മൂര്‍ത്തിക്ക് വേണ്ടിയും നാളെ നിങ്ങള്‍ തെരുവില്‍ നിന്നു അവിശ്വാസികളോട്, അവിശ്വാസികളുടെ സര്‍ക്കാരിനോട്, നിസ്സഹായരായ ബഹുമാന്യ കോടതികളോട്, എല്ലാം ഹിന്ദുവായതിന്റെ പേരില്‍, അവന്റെ ആരാധനക്ക് ഭംഗം വരാതെ നോക്കാന്‍, ആചാരങ്ങള്‍ പരിപാലിക്കാന്‍, അനുഷ്ടാനങ്ങള്‍ പിന്തുടര്‍ന്നു പോകാന്‍, അടുത്ത തലമുറക്ക് മഹത്തായ ഒരു സംസ്‌കാരം പകര്‍ന്നു കൊടുക്കാന്‍ വേണ്ടി, ആരുടെയൊക്കെയോ കനിവിന് വേണ്ടി നാളേ എന്റെയും നിങ്ങളുടെയും അമ്മമാരും കുരുന്നു മക്കളും നാമജപവുമായി തെരുവില്‍ ഇറങ്ങേണ്ടി വരും. ശബരിമലയിലെ ആചാരങ്ങള്‍ പണ്ട് ഇങ്ങനെ ആയിരുന്നു മകനെ, ഏറ്റുമാനൂരപ്പനു ഏഴരപൊന്നാന ഉണ്ടായിരുന്നു, ശ്രീപദ്മനാഭന് എണ്ണിയാല്‍ ഒടുങ്ങാത്ത നിധി ഉണ്ടായിരുന്നു, ആറന്മുള തേവര്‍ക്ക് വള്ള സദ്യ ഉണ്ടായിരുന്നു എന്നൊക്കെ നാളെ വരാന്‍ പോകുന്ന തലമുറക്ക് ഉണ്ടായിരുന്നു, ഉണ്ടായിരുന്നു എന്ന് പറയേണ്ടി വരുന്ന ഒരു ഹത്യഭാഗ്യന്‍ ആയ ഹിന്ദു മത വിശ്വാസി ആവണോ നിങ്ങള്‍ക്ക്, എന്നു വിശ്വാസം കരഞ്ഞു തീര്‍ക്കുന്ന ഒരു അയ്യപ്പ ഭക്തന്‍ ആവണോ നിങ്ങള്‍ക്ക് ? . അതോ നട്ടെല്ല് നിവര്‍ത്തി നിന്നു ഹിന്ദുവാണ് ഞാന്‍, അയ്യപ്പഭക്തനാണ്, സ്വാമിയാണ് ഞാന്‍, പദ്മനാഭ ദാസന്‍ ആണ് ഞാന്‍, മുത്തപ്പന്റെ കിടാവാണ് ഞാന്‍ , തെയ്യവും തെയ്യക്കോലവും, പടയണിയും എല്ലാം എന്റെ അമൂല്യ സംസ്‌കാരത്തിന്റെ ഭാഗമാണ് എന്ന് പറഞ്ഞു ജനാധിപത്യത്തില്‍ വിശ്വസിച്ചു കൊണ്ടു നിങ്ങള്‍ വോട്ട് ചെയ്ത അവിശ്വാസികളുടെ സര്‍ക്കാരിനെ മുട്ടു കുത്തിച്ചു സമസ്താപരാധം പറയിച്ചു സ്വന്തം വിശ്വാസം സംരക്ഷിച്ച തലമുറ എന്നറിയപ്പെടണോ നിങ്ങള്‍ക്ക് ?

 ആ തീരുമാനം നിങ്ങളുടെ ആണ്. നിങ്ങളുടെ മാത്രം ആണ്. പക്ഷെ അത് ചരിത്രമാവും. ഒന്നുകില്‍ നാളത്തെ തലമുറക്ക് പറഞ്ഞു ചിരിക്കാന്‍ ഉള്ള നാണം വര്‍ഗ്ഗം ആയി അല്ലെങ്കില്‍ അവര്‍ക്ക് വാനോളം അഭിമാനം തോന്നുന്ന അവരുടെ വിശ്വാസത്തെ പോരാടി ജയിച്ചു നേടിത്തന്ന തലമുറയിലെ നായകന്‍ ആയിട്ട്. തീരുമാനം ഹിന്ദുവിന്റെ ആണ്, ശ്രീഭൂതനാഥനായ അയ്യപ്പന്റെ ഭക്തരുടെ ആണ്… നിങ്ങള്‍ തീരുമാനിക്കുക…

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by

Recent Posts