ശബരിമല വിശ്വാസികളുമായുള്ള സംസ്ഥാന സര്‍ക്കാരിന്റെ തുറന്ന പോരിനു താത്ക്കാലിക വിരാമമായെന്ന് ആശ്വസിക്കാം. തുലാമാസ പൂജകള്‍ക്കു ശേഷം നടയടച്ചു. ഇനി നവംബര്‍ അഞ്ചിന് ഒരു ദിവസത്തേക്കും തുടര്‍ന്നു മണ്ഡലകാല തീര്‍ഥാടനത്തിനുമായാണ് നടതുറക്കുക.
സര്‍ക്കാരും പാര്‍ട്ടിയും പൊലീസ് സേനയും ഒത്തൊരുമിച്ചു ശ്രമിച്ചിട്ടും വിശ്വാസികളുടെ നിശ്ചയദാര്‍ഢ്യത്തിനു മുന്നില്‍ കീഴടങ്ങേണ്ടിവന്നു. അതിന്റെ ജാള്യതയും വൈരാഗ്യവും മുഖ്യമന്ത്രി അടക്കമുള്ളവരുടെ ഉള്ളുപൊള്ളിക്കുന്നുണ്ടെന്നു വ്യക്തം. ചില മന്ത്രിമാരുടെ നിലവിട്ട വാക്പ്രയോഗങ്ങള് അതിനു തെളിവായി നില്ക്കുന്നു. വീണ്ടുവിചാരത്തിനുള്ള സമയം ഒരിക്കല്‍ക്കൂടി സര്‍ക്കാരിനു കിട്ടുകയാണ്. വൈരാഗ്യബുദ്ധിക്കു പകരം വിവേചന ബുദ്ധിയോടെ അവര്‍ കാര്യങ്ങള്‍ വിലയിരുത്തുമെന്നു കരുതാം.
വിശ്വാസത്തിന്റെ കാര്യത്തില്‍ പിന്നോട്ടില്ലെന്ന് ഭക്തര്‍ തറപ്പിച്ചു പറയുന്നൊരു വിഷയത്തില്‍ ഏറ്റുമുട്ടലിന്റെ പാതയല്ല കരണീയമെന്ന് അവര്‍ തിരിച്ചറിയട്ടെ. വെല്ലുവിളിക്കുന്നതു സ്വന്തം ജനതയെ ആണെന്ന് മനസ്സിലാക്കട്ടെ. പുനരാലോചനാ ഹര്‍ജിയുടെ കാര്യത്തില്‍ സുപ്രീം കോടതി ഇന്നു തീരുമാനം പറയുമെന്നാണ് സൂചന. എങ്കില്‍ അന്തിമ തീര്‍പ്പുവരെയെങ്കിലും കാക്കാനുള്ള സന്മനസ്സ് സര്‍ക്കാര്‍ ഭാഗത്തുനിന്നു വിശ്വാസികളടക്കമുള്ളവര്‍ പ്രതീക്ഷിക്കും. കാര്യങ്ങള്‍ ഗുരുതരമാണെന്നു പറയേണ്ടവര്‍ വേണ്ടപോലെ പറഞ്ഞു ബോധ്യപ്പെടുത്തിയിട്ടുണ്ടെന്നാണു സൂചന.
അക്ഷരാര്‍ഥത്തില്‍, തീകൊണ്ടുള്ളൊരു കളിതന്നെയായിരുന്നു അഞ്ചാറു ദിവസമായി കേരളത്തില്‍ നടന്നത്. സന്നിധാനത്തും പമ്പയിലും നിലയ്ക്കലിലും ഉയര്‍ന്നുകേട്ട ശരണം വിളികള്‍ക്ക് ഇതുവരെ കേള്‍ക്കാത്ത അര്‍ഥതലങ്ങളുണ്ടായിരുന്നു. മനശ്ശക്തിയുടെ കരുത്ത് എത്രയെന്ന് ഈ ദിവസങ്ങള്‍ കാണിച്ചു തന്നു. പോരാടുന്നത് ഒരു ഭരണ സംവിധാനത്തോടാണെന്ന തിരിച്ചറിവും വിശ്വാസികളെ ചാഞ്ചല്യപ്പെടുത്തിയില്ല. സംരക്ഷിക്കേണ്ടവരില്‍ നിന്നു പ്രകോപനവും ബലപ്രയോഗവും ഉണ്ടായപ്പോള്‍ ശരണമന്ത്രങ്ങള്‍കൊണ്ട് അവര്‍ സ്വയം ആവരണം തീര്‍ത്തു. ആ വിശ്വാസി സമൂഹത്തെ വെല്ലുവിളിച്ചാണ്, അവിശ്വാസികളായ ഏതാനും യുവതികള്‍ക്ക് ആചാരലംഘനം നടത്താന്‍ സര്‍ക്കാര്‍ പൊലീസ് അകമ്പടിയോടെ വഴിയൊരുക്കിയത്.
കാര്യങ്ങള്‍ കൈവിട്ടുപോയേക്കാമെന്ന അവസ്ഥയില്‍നിന്ന് ഈ പുണ്യസങ്കേതത്തേയും നാടിനേയും കാത്തത് സര്‍ക്കാരിന്റെ വീണ്ടുവിചാരമല്ല, വിശ്വാസികളുടെ ക്ഷമയും സമചിത്തതയും സ്വയം നിയന്ത്രണവും തന്ത്രിയുടേയും പന്തളം കൊട്ടാരത്തിന്റെയും സമയോചിതമായ ഇടപെടലുമാണ്. ആചാരം ലംഘിച്ചാല്‍ നടയടച്ചു മലയിറങ്ങണമെന്നു കൊട്ടാരത്തില്നിന്നുണ്ടായ നിര്‍ദേശവും തന്ത്രി കണ്ഠര് രാജീവരുടെ ഇതു സംബന്ധിച്ച പ്രഖ്യാപനവുമാണ്, നടപ്പന്തലില്‍ വരെയെത്തിച്ച ആക്ടിവിസ്റ്റ് യുവതികളേയുംകൊണ്ടു പിന്‍വാങ്ങാന്‍ സര്‍ക്കാരിനേയും പൊലീസിനേയും പ്രേരിപ്പിച്ചത്. വിശ്വാസികള്‍ക്കുമേല്‍ കൈവച്ചാല്‍ കാര്യങ്ങള്‍ പിടിവിട്ടുപോകുമെന്ന ബോധ്യം സര്‍ക്കാരിനുണ്ടായി.
ആരോടാണ് ഈ പകവീട്ടല്‍ ? സ്ത്രീസമത്വവും സ്ത്രീകളുടെ അവകാശ സംരക്ഷണവുമാണ് നടപ്പാക്കുന്നത് എന്നു പറയുന്ന സര്‍ക്കാര്‍ എന്തിനാണ് ആചാരം ലംഘനത്തിനു പ്രതിജ്ഞയെടുത്തതുപോലെ പെരുമാറിയത്? ഇനി പലതിനും ഇവര്‍ മറുപടി പറയേണ്ടിവരും. വിശ്വാസിയായ ഒരു യുവതിപോലും ഈ ദിവസങ്ങളിലൊന്നും മലകയറാന്‍ എത്തയില്ലെന്നതു ലോകം മുഴുവന്‍ കണ്ടുകഴിഞ്ഞു. അപ്പോള്‍പ്പിന്നെ ആരുടെ അവകാശമാണു സര്‍ക്കാര്‍ സംരക്ഷിക്കാന്‍ ശ്രമിച്ചത്? യുവതികള്‍ക്കു വേണ്ടാത്ത ഇത്തരമൊരു സമത്വം നടപ്പാക്കണമെന്നു സര്‍ക്കാരിന് ഇത്ര നിര്ബന്ധംവരാന് കാരണമെന്ത്? ഇപ്പറയുന്ന സഖാക്കളുടെ വീടുകളില്‍നിന്ന് ഒരു യുവതിപോലും മലകയറാന്‍ വരാത്തതെന്തേ?
അതേസമയം, സര്‍ക്കാര്‍ ഉത്തരവു പാലിക്കാന്‍ ഒരു അവിശ്വാസിക്ക് അകമ്പടി സേവിച്ച് നടപ്പന്തല്‍ വരെ പോകേണ്ടിവന്ന ഐജി ശ്രീജിത്തിന്റെ കണ്ണുനീര് ഒരു പാടു കാര്യങ്ങള്‍ പറയുന്നുണ്ട്. തിരുനടയില്‍ വീണത് ഒരു ഭക്തന്റെ കണ്ണുനീരാണ്. ഐജിയുടെയല്ല. ഉദ്യോഗസ്ഥരായാലും യൂണിഫോമിലായാലും, മനസ്സില്‍ നിറഞ്ഞുതുളുമ്പുന്ന ഭക്തി, ആചാരങ്ങളോടുള്ള ആദരവ്, ഉത്തരവ് ശിരസ്സാവഹിക്കേണ്ടിവരുമ്പോഴത്തെ നിസ്സഹായത, അതുണ്ടാക്കുന്ന മനസ്സമ്മര്‍ദം ഇവയെല്ലാം എല്ലാവര്ക്കും ഒരുപോലെയാണ്. സംസ്കാരവും ആചാരവും അനുഷ്ഠാനങ്ങളും ഭക്തര്‍ക്കു ജീവവായുവാണ്. ഈ സര്‍ക്കാരിനു മാത്രമാണ് അതു മനസ്സിലാക്കാന്‍ കഴിയാത്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: