1950 ജൂണ്‍ ആദ്യവാരം ശബരിമല ക്ഷേത്രം അഗ്നിക്കിരയാക്കിയതിനെക്കുറിച്ച് അന്വേഷിച്ച ഡിഐജി: കെ.കേശവ മേനോന്, സര്‍ക്കാരിന് സമര്‍പ്പിച്ച റിപ്പോര്‍ട്ട് അവസാനിപ്പിക്കുന്നത് ഇങ്ങനെയാണ്:
”കേസന്വേഷണത്തില്‍ മതപരമായ ഉദ്ദേശ്യമാണ് കുറ്റത്തിന് പ്രേരണ നല്‍കിയതെന്നും, കുറ്റത്തിന് ഉത്തരവാദികള്‍ ക്രിസ്ത്യാനികളാണെന്നും കാണപ്പെട്ടതിനാല്‍ കുറ്റക്കാരെ കണ്ടുപിടിക്കാനാവുന്നവിധം എന്തെങ്കിലും തെളിവോ സൂചനയോ കിട്ടുക എന്നത് അസാധ്യമാണ്. എന്തെന്നാല്‍ അടിവാരത്തില്നിന്ന് മലയിലേക്കുള്ള മാര്‍ഗങ്ങളിലെല്ലാം ക്രിസ്ത്യാനികളാണ് പാര്‍ക്കുന്നത്. ചുറ്റുമുള്ള എസ്റ്റേറ്റ് ഉടമസ്ഥന്മാര് എല്ലാം ക്രിസ്ത്യാനികളാണ്. ഈ കേസന്വേഷണത്തിന്റെ അവസാനഘട്ടത്തില്‍ ഞാനെത്തുകയും, ഞാനും എന്റെ സഹായികളും നടത്തിയ അന്വേഷണങ്ങളും, ഇതുവരെ ശേഖരിച്ചിട്ടുള്ള തെളിവുകള്‍ വച്ചുകൊണ്ടുള്ള നിഗമനങ്ങളും ഞാന്‍ സമര്‍പ്പിക്കുകയും ചെയ്തിട്ടുണ്ട്. ഓരോ ദിവസവും നടത്തിയ അന്വേഷണങ്ങളുടെ വിവരവും സമര്‍പ്പിച്ചിട്ടുണ്ട്. ഒരു നീതിന്യായ കോടതിയില്‍ കേസ് സമര്‍പ്പിക്കത്തക്കവണ്ണം കുറ്റസമ്മതം ഉണ്ടാകാത്തപക്ഷം ഈ അന്വേഷണം തുടരുന്നതുകൊണ്ട് യാതൊരു പ്രയോജനവും ഇല്ലെന്നതാണ് എന്റെ അഭിപ്രായം. അതിനാല്‍ ഞാന്‍ എന്റെ അവസാന റിപ്പോര്‍ട്ട് സമര്‍പ്പിച്ചുകൊള്ളുന്നു.”
ഇത്രയും പറഞ്ഞശേഷം ഒരു വാചകംകൂടി കേശവ മേനോന് തന്റെ റിപ്പോര്‍ട്ടില്‍ കൂട്ടിച്ചേര്‍ക്കുന്നു: ”ഈ കേസ് ഇനി എങ്ങനെ തീര്‍ക്കണം എന്നതിനെപ്പറ്റി സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കണമെന്ന് ഞാന്‍ അപേക്ഷിക്കുന്നു.”
കേരളപ്പിറവിയിലെ വാഗ്ദാനം
1950-ല്‍ കേശവമേനോന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത് തിരു-കൊച്ചി മുഖ്യമന്ത്രിയായിരുന്ന പറവൂര്‍ ടി.കെ. നാരായണ പിള്ളയ്ക്കാണ്. കോണ്‍ഗ്രസ്സ്-പിഎസ്പി സര്‍ക്കാരായിരുന്നു ഇത്. ടികെയ്ക്കുശേഷം സി. കേശവന്, എ.ജെ. ജോണ്‍, പട്ടംതാണുപിള്ള, പനമ്പിള്ളി ഗോവിന്ദമേനോന് എന്നിവര്‍ തിരു-കൊച്ചി മുഖ്യമന്ത്രിമാരായി. ഇവരാരുംതന്നെ കേസ് എങ്ങനെ തീര്‍ക്കണം എന്നതിനെപ്പറ്റി സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കണമെന്ന കേശവമേനോന്റെ അപേക്ഷയോട് പ്രതികരിച്ചില്ല. എന്നുമാത്രമല്ല റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കാന്‍ കൂടി ഈ സര്‍ക്കാരുകള്‍ തയ്യാറായില്ല. കോണ്‍ഗ്രസ്സ് ക്രിസ്ത്യാനികളുടെ പാര്‍ട്ടിയായി മാറിയതിനാലാണ് ഇതെന്ന് പല കോണുകളില്‍നിന്നും വിമര്‍ശനമുയര്‍ന്നു.
ഐക്യ കേരളം വരുന്നതിനു മുന്‍പുള്ള ആറ് വര്‍ഷത്തോളം കേശവ മേനോന് റിപ്പോര്‍ട്ട് അനാഥമായിരുന്നു. റിപ്പോര്‍ട്ട് പരിഗണിക്കാനോ പ്രസിദ്ധീകരിക്കാന്‍ പോലുമോ ആരും തയ്യാറായില്ല. ഇതൊരു സുവര്‍ണാവസരമായി അവിഭക്ത കമ്യൂണിസ്റ്റ് പാര്‍ട്ടി കണ്ടു. തങ്ങള്‍ പരിപാവനമായി കരുതുന്ന ശബരിമല ക്ഷേത്രം തീയിട്ട് നശിപ്പിക്കുക, അതിനെക്കുറിച്ച് അന്വേഷിച്ച് സമര്‍പ്പിച്ച റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കുകയോ കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കുകയോ ചെയ്യാതിരുന്നതിന്റെ ഫലമായി ഹിന്ദുക്കളില്‍ അമര്‍ഷം കുമിഞ്ഞുകൂടിയിരുന്നു. അധികാരത്തിലേക്കുള്ള കുറുക്കുവഴിയായി കമ്യൂണിസ്റ്റ് പാര്‍ട്ടി ഇതിനെ കണ്ടു.
ഐക്യ കേരളത്തിലെ ആദ്യ നിയമസഭാ തെരഞ്ഞെടുപ്പായിരുന്നു 1957-ല്‍ നടന്നത്. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സ്, അവിഭക്ത കമ്യൂണിസ്റ്റ് പാര്‍ട്ടി (സിപിഐ) പ്രജാ സോഷ്യലിസ്റ്റ് പാര്‍ട്ടി (പിഎസ്പി), റവല്യൂഷണറി സോഷ്യലിസ്റ്റ് പാര്‍ട്ടി (ആര്‍എസ്പി) എന്നിങ്ങനെ ചതുഷ്കോണ മത്സരമായിരുന്നു. പിഎസ്പി, ആര്‍എസ്പി എന്നിവയുമായി സഖ്യത്തിന് ശ്രമിച്ച് പരാജയപ്പെട്ടത് കമ്യൂണിസ്റ്റ് പാര്‍ട്ടിക്ക് തിരിച്ചടിയായി. ഐക്യകേരളത്തില്‍ മലബാര്‍ ചേര്‍ന്നതോടെ കരുത്ത് വര്‍ധിച്ചതായി കണ്ട കമ്യൂണിസ്റ്റ് പാര്‍ട്ടി തിരുവിതാംകൂറിലെ ഹിന്ദുക്കളുടെ പിന്തുണ അത്യന്താപേക്ഷിതമാണെന്ന് വിലയിരുത്തി. ഇതിനായി ശബരിമല തീവെപ്പ് സംഭവത്തെ ആശ്രയിക്കാന്‍ പാര്‍ട്ടി തീരുമാനിച്ചു. കമ്യൂണിസ്റ്റ് പാര്‍ട്ടി അധികാരത്തില്‍ വന്നാല്‍ ശബരിമല തീവെപ്പ് സംബന്ധിച്ച കേശവമേനോന് റിപ്പോര്‍ട്ട് പ്രസിദ്ധപ്പെടുത്തുമെന്ന് പാര്‍ട്ടി പ്രകടനപത്രികയില്‍ വാഗ്ദാനം ചെയ്തു. കമ്യൂണിസ്റ്റനുഭാവികളല്ലാത്ത ഹിന്ദുക്കളും അവരുടെ വികാരങ്ങളെ അനുകൂലിക്കുന്ന നടപടിയായി ഇതിനെ ഉള്‍ക്കൊണ്ടു.
മാറിമറിഞ്ഞ രാഷ്ട്രീയാന്തരീക്ഷം
പ്രശസ്ത പത്രപ്രവര്‍ത്തകനും വിദേശകാര്യവിദഗ്ദ്ധനുമായ കെ.പി.നായര്‍ അന്നത്തെ രാഷ്ട്രീയ സാഹചര്യം വിവരിക്കുന്നത് ഇങ്ങനെയാണ്:
”കേരളം ഭാഷാടിസ്ഥാനത്തിലുള്ള സംസ്ഥാനമായതിനുശേഷം ആ വര്‍ഷം ആദ്യം നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ പരമ്പരാഗതമായ കൂട്ടുകുടുംബത്തിന്റെ അധിപയും വിധവയുമായിരുന്ന എന്റെ മുത്തശ്ശി, താന്‍ വോട്ടു ചെയ്യാന്‍ പോവുകയാണെന്നു പറഞ്ഞത് വീട്ടിലെ ആണുങ്ങളെ ഞെട്ടിക്കുകയുണ്ടായി. യാഥാസ്ഥിതിക മൂല്യങ്ങള്‍ ഉള്‍ക്കൊണ്ടുവളര്‍ന്ന ആ വനിത താന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിക്കാണ് വോട്ടു ചെയ്യുകയെന്ന് തുറന്നടിച്ചപ്പോള്‍ ആണുങ്ങളുടെ ഞെട്ടല്‍ അമ്പരപ്പിന് വഴിമാറി. കമ്യൂണിസ്റ്റായിരുന്ന എന്റെ അച്ഛനൊഴികെ കുടുംബത്തിലെ കോണ്‍ഗ്രസ്സുകാരായിരുന്ന മറ്റാര്‍ക്കും അത് ഇഷ്ടപ്പെട്ടില്ല.
”പാരമ്പര്യത്തിന് വിരുദ്ധമായി എന്റെ മുത്തശ്ശി കമ്യൂണിസ്റ്റ് പാര്‍ട്ടിയെ പിന്തുണയ്ക്കാനുള്ള കാരണം വളരെ ലളിതവും ഹൈന്ദവവുമാണ്. 1950-ല്‍ പരിപാവനമായ ശബരിമല ക്ഷേത്രം അഗ്നിക്കിരയായി. ഈ അക്രമത്തിനു പിന്നില്‍ ഒരു ഗൂഢസംഘമുണ്ടെന്നു കരുതിയതിന്റെ അടിസ്ഥാനത്തില്‍ അന്നത്തെ പോലീസ് ഡിഐജി കേശവമേനോനെ അന്വേഷണത്തിന് നിയമിക്കുകയും ചെയ്തു. മേനോന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടും തിരു-കൊച്ചിയിലെ കോണ്‍ഗ്രസ്സിന്റെയും പിഎസ്പിയുടെയും മുഖ്യമന്ത്രിമാര്‍ റിപ്പോര്‍ട്ട് രഹസ്യമായി വയ്ക്കാന്‍ തീരുമാനിക്കുകയായിരുന്നു.
”ഇതിന്റെ ഫലമായി ഹിന്ദുക്കളിലുണ്ടായ അമര്‍ഷം അവിഭക്ത കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സംസ്ഥാന സെക്രട്ടറിയും, 1957-ലെ നിയമസഭാ തെരഞ്ഞെടുപ്പിന്റെ ചുമതലക്കാരനുമായിരുന്ന എം.എന്‍. ഗോവിന്ദന് നായരെ ശക്തമായ ഒരു തീരുമാനമെടുപ്പിച്ചു. കമ്യൂണിസ്റ്റ് പാര്‍ട്ടി അധികാരത്തില്‍ വന്നാല്‍ കേശവമേനോന് റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കുമെന്നും, ശബരിമലയിലെ കുറ്റവാളികളെ തുറന്നുകാട്ടുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു. എന്റെ മുത്തശ്ശിക്ക് സന്തോഷമായെന്ന് പറയേണ്ടതില്ലല്ലോ.
”കേരളത്തിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനം വളര്‍ന്നതും നിലനിന്നതും കര്‍ഷകരുടെയും തൊഴിലാളികളുടെയും ത്യാഗംകൊണ്ടാണ്. പക്ഷേ, എന്റെ മുത്തശ്ശിയെപ്പോലെ ആയിരക്കണക്കിന് ഹിന്ദുക്കളുടെ വോട്ടുകൊണ്ടാണ് 1957-ല്‍ കേരളത്തില്‍, ലോകത്ത് ആദ്യമായി ജനാധിപത്യപരമായ തെരഞ്ഞെടുപ്പിലൂടെ കമ്യൂണിസ്റ്റ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നത്.”
ഇഎംഎസ് സര്‍ക്കാരിന്റെ വാഗ്ദാന വഞ്ചന
ഇ.എം. എസ്. നമ്പൂതിരിപ്പാട് നേതൃത്വം നല്കിയ സര്‍ക്കാരിന്റെ ആദ്യതീരുമാനങ്ങളിലൊന്ന് കേശവമേനോന് റിപ്പോര്‍ട്ട് പ്രസിദ്ധപ്പെടുത്തിയതാണ്. എന്നാല്‍, കാര്യങ്ങള്‍ അവിടെ അവസാനിച്ചു. ശബരിമല തീവപ്പിനു പിന്നിലെ കുറ്റവാളികളെ തുറന്നുകാട്ടുമെന്ന വാഗ്ദാനം പാലിക്കപ്പെട്ടില്ല.
1957 ഡിസംബര്‍ പതിമൂന്നിനാണ് നിയമസഭയില്‍ റിപ്പോര്‍ട്ട് വച്ചത്. അതിന്റെ പേരില്‍ വലിയ ഒച്ചപ്പാടുണ്ടായി. പലരുടെയും നിര്‍ബന്ധത്തിനു വഴങ്ങി റിപ്പോര്‍ട്ട് നീക്കം ചെയ്യേണ്ടിവന്നു. ചിലര്‍ ചേര്‍ന്ന് അതിന്റെ കോപ്പികള്‍ നശിപ്പിച്ചു.
കോണ്‍ഗ്രസ്സ്-പിഎസ്പി സര്‍ക്കാരുകള്‍ എന്തുകാരണം കൊണ്ടാണോ കേശവമേനോന് റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കാതിരുന്നത്, അതേ കാരണംകൊണ്ട് കമ്യൂണിസ്റ്റ് സര്‍ക്കാരും കുറ്റവാളികളെ കണ്ടെത്തി ശിക്ഷിക്കാന്‍ നടപടികളെടുത്തില്ല. കോണ്‍ഗ്രസ്സിനെ ഹൈജാക്കു ചെയ്തിരുന്ന ഹിന്ദുവിരുദ്ധ ശക്തികളുടെ സമ്മര്‍ദ്ദത്തിനു മുന്നില്‍ കമ്യൂണിസ്റ്റ് സര്‍ക്കാരും കീഴടങ്ങുകയായിരുന്നു.
അഗ്നിബാധ ആകസ്മികമായി ഉണ്ടായതല്ലെന്നും, ക്ഷേത്രം നശിപ്പിക്കുന്നതിനുള്ള ആസൂത്രിത ശ്രമമായിരുന്നുവെന്നും കേശവമേനോനെ അന്വേഷണം ഏല്‍പ്പിക്കുന്നതിന് മുന്‍പ് സംഭവം അന്വേഷിക്കാന്‍ ക്ഷേത്രസങ്കേതം സന്ദര്‍ശിച്ച കൊല്ലം ഡിഎസ്പിയും സംഘവും കണ്ടെത്തുകയുണ്ടായി. ഇക്കാര്യം കേശവ മേനോന്റെ റിപ്പോര്‍ട്ടില്‍ പറയുന്നത് ഇങ്ങനെയാണ്:
”വിഗ്രഹം ഉടഞ്ഞു കാണപ്പെട്ടു. തലയും ഇടതുകൈപ്പത്തിയും വിരലുകളും ഛേദിക്കപ്പെട്ടിരുന്നു. വിഗ്രഹത്തിന്റെ മുഖത്തും നെറ്റിയിലും വെട്ടിന്റെ പാടുകള്‍ കാണാനുണ്ടായിരുന്നു. വിഗ്രഹം ഉടഞ്ഞ വസ്തുത മാത്രം പരിഗണനയ്ക്കെടുക്കുന്നതായാല് ശ്രീകോവിലിന്റെ കഴുക്കോലും മേല്‍പ്പുരയിലെ ചെമ്പുകൊണ്ടുള്ള മറ്റ് സാമഗ്രികളും വിഗ്രഹത്തിന്റെ മേല്‍വീണ് അതിന് കേടുണ്ടായിരിക്കാം എന്ന കാര്യം പരിശോധനാര്‍ഹമാണ്. എന്നാല്‍ ശ്രീകോവിലിലെ പിച്ചള പതിച്ച വാതിലിലെ കയ്യേറ്റത്തിന്റെ പാടുകളും, വിഗ്രഹത്തിന്റെ പുറത്തെ പാടുകളുംകൂടി ഒന്നിച്ചു ചേര്‍ത്ത് നോക്കിയാല്‍, വിഗ്രഹം തകര്‍ക്കുന്നതിനായിട്ടാണ് ബലംപ്രയോഗിച്ച് അകത്ത് കയറിയതെന്നും, കതകില്‍ വെട്ടുന്നതിനും വിഗ്രഹം ഉടയ്ക്കുന്നതിനും ഉപയോഗിച്ച ആയുധം ഒന്നുതന്നെയാണെന്നും ഉള്ള തീരുമാനത്തിലെത്തിച്ചേരാന്‍ നിര്‍വാഹമില്ല. സംഭവസ്ഥലത്ത് ഒരു കോടാലിയുണ്ടായിരുന്നു. കോടാലിയുടെ വായ്ത്തലയില്‍ പിച്ചളയുടെ അംശങ്ങള്‍ ഉണ്ടായിരുന്നുവെന്നതിനാല്‍ ഈ കോടാലിതന്നെയാണ് ശ്രീകോവിലിന്റെ കതകുപൊളിക്കാന്‍ ഉപയോഗിച്ചതെന്നുമുള്ളത് നിശ്ചയമാണ്. അതിനാല്‍ അഗ്നിബാധ ആകസ്മികമായതല്ലെന്നു പറയേണ്ടിയിരിക്കുന്നു.”
വെറുതെ ഒരു അന്വേഷണം
ഇത്രയും വ്യക്തമായിരിക്കെ, കുറ്റവാളികള്‍ ആരൊക്കെയെന്ന് കൃത്യമായി കണ്ടെത്താന്‍ ആദ്യത്തെ പോലീസ് അന്വേഷണത്തിന് കഴിയുമായിരുന്നു. എന്നാല്‍ ഈ അന്വേഷണ സംഘം ബോധപൂര്‍വം വീഴ്ച വരുത്തിയെന്ന് കരുതേണ്ടിവരുന്നു. ഇതിനെക്കുറിച്ച് കേശവമേനോന് റിപ്പോര്‍ട്ടില്‍ ഇങ്ങനെ പറയുന്നു:
”മേല്‍പ്പറഞ്ഞ സംഘത്തിലെ (ശബരിമലയിലെത്തി ക്ഷേത്രം തകര്‍ത്തതായി കരുതപ്പെടുന്ന സംഘങ്ങള്‍) അംഗങ്ങളെ കേസന്വേഷണത്തിന് നിയുക്തരായിരുന്ന ഉദ്യോഗസ്ഥര്‍ 13-8-1950-ല്‍ തന്നെ ചോദ്യം ചെയ്തിരുന്നു. സംഘാംഗങ്ങളില്‍ ഓരോരുത്തരേയും ചോദ്യം ചെയ്തത് വളരെ ദീര്‍ഘമായ ഇടവിട്ടുകൊണ്ടാണ്. അന്വേഷണത്തിന്റെ ഒരു വൈകല്യമാണിത്. കാരണം ചോദ്യം ചെയ്യപ്പെടുന്നയാളിന് സംഘത്തിലെ മറ്റംഗങ്ങളുമായി സമ്പര്‍ക്കത്തിലേര്‍പ്പെടാന്‍ ധാരാളം സമയവും സൗകര്യവും ലഭിക്കുകയും, തന്മൂലം പിന്നീട് ചോദ്യം ചെയ്യപ്പെടുന്നവര്‍ക്ക് കാട്ടിലെ തങ്ങളുടെ സഞ്ചാരങ്ങളെയും പ്രവര്‍ത്തനങ്ങളെയും പറ്റി അതിവിചിത്രമായ പഴുതുകളുള്ളവയെങ്കിലും ഏതാണ്ട് സാദൃശ്യമുള്ള വസ്തുസ്ഥിതികഥനം സാധ്യമാവുകയും ചെയ്തു എന്നതുതന്നെ. സ്പെഷ്യല്‍ അന്വേഷണ സംഘം 1950 സെപ്തംബര്‍ എട്ടാം തീയതി, അതായത് കേസ് റിപ്പോര്‍ട്ട് ചെയ്ത് ഏകദേശം മൂന്നുമാസം കഴിഞ്ഞശേഷം ആണ് ചാര്‍ജെടുത്തത്. എന്നാല്‍, അന്ന് പ്രത്യേക നിയന്ത്രണങ്ങളോ നിര്‍ദ്ദേശങ്ങളോ ഇല്ലാതെതന്നെ അന്വേഷണം തുടര്‍ന്നതുകൊണ്ടും ദൈനംദിനാന്വേഷണത്തെപ്പറ്റിയുള്ള റിപ്പോര്‍ട്ടുകള്‍ (കേസ് ഡയറി) എനിക്ക് ലഭിക്കാത്തതുകൊണ്ടും എനിക്ക് മുഴുവന്‍ അന്വേഷണം നടത്തേണ്ടതായും അതിനുമുന്‍പുതന്നെ സമ്പര്‍ക്കം സ്ഥാപിച്ച് ചോദ്യം ചെയ്യപ്പെട്ടവരായ ബന്ധപ്പെട്ട വ്യക്തികളെ വീണ്ടും ചോദ്യം ചെയ്യേണ്ടതായും വന്നുകൂടി. ഇപ്രകാരമുള്ള അന്വേഷണത്തിലാണ് കുറ്റവാളികളെ സൂചിപ്പിക്കുന്ന തെളിവുകളുള്‍ക്കൊള്ളുന്ന പല പ്രധാന സംഗതികള്‍ വെളിച്ചത്ത് വന്നത്.”
ക്ഷേത്ര സങ്കേതത്തില്‍ അതിക്രമിച്ച് കയറി തമ്പടിച്ചതായി കേശവമേനോന് റിപ്പോര്‍ട്ട് പറയുന്നത് നാല് സംഘങ്ങളാണ്.
ഒന്ന്: ഔസേഫ് തൊമ്മന് എന്ന പേരോടുകൂടിയുള്ള വട്ടക്കുന്നേല്‍ കുഞ്ഞു പാപ്പനും അയാളുടെ സംഘവും.
രണ്ട്: പേഴത്തും വീട്ടില്‍ ചാക്കോ, മലയാനിക്കല്‍ കൊച്ച് എന്നിവരും മൂന്ന് കൂലിക്കാരും.
മൂന്ന്: അടയ്ക്കാമുണ്ടയ്ക്കല്‍ കുഞ്ഞപ്പിയും മുളമാക്കല്‍ സ്കറിയായും.
നാല്: പേഴത്തുംവീട്ടില് ഔസേഫും മറ്റു ചിലരും.
ക്ഷേത്രധ്വംസനത്തിന്റെ ഗൂഢാലോചന
സമര്‍ത്ഥനും സത്യസന്ധനുമായ ഉദ്യോഗസ്ഥനെന്ന് പേരെടുത്തയാളായിരുന്നു ഡിഐജി: കെ. കേശവ മേനോന്. 35 പേജ് വരുന്ന തന്റെ റിപ്പോര്‍ട്ടില്‍ കേശവ മേനോന് ഇങ്ങനെ രേഖപ്പെടുത്തുന്നു:
”കരിമ്പനാല്‍ തോട്ടം റൈട്ടറായ ഔസേഫിന്റെ മൊഴിപ്രകാരം, മകര മാസത്തില്‍ കരിമ്പനാല്‍ കൊച്ചുകുഞ്ഞ് മുതലാളി തെച്ചിമുറ്റത്ത് കുടിയച്ചന്, പൊടിമറ്റം വര്‍ഗീസ്, കരിപ്പാപ്പറമ്പില്‍ ദേവസ്യ, വടക്കേപ്പറമ്പില്‍ തൊമ്മന്, പൊട്ടംകുളം തോമസ് എന്നിവരടങ്ങിയ സംഘത്തെ അയാള്‍ അനുഗമിച്ചു. ഇവര്‍ എരുമേലിയില്‍നിന്ന് ഒരു ജീപ്പില്‍ കാളകെട്ടിയില്‍ എത്തി. അവിടെനിന്ന് കാല്‍നടയായി കൊല്ലമൂഴിയിലെത്തി താവളമടിച്ചു. കൂലിക്കാരെ കാട്ടില്‍ കയറ്റി നായാടുവാന് അവര്‍ നിയോഗിച്ചു. പിന്നീട് മുതലാളിമാരും അയാളും നിലയ്ക്കല്‍ ഉണ്ടായിരുന്നുവെന്ന് അവര്‍ വിശ്വസിച്ചിരുന്ന ഒരു പള്ളി അന്വേഷിച്ചുപോയി. ഒരു അന്വേഷണം നടത്തിയെങ്കിലും പള്ളിയുടെ അവശിഷ്ടങ്ങളൊന്നും അവര്‍ കണ്ടില്ല. നേരെ മറിച്ച് രണ്ടുമൂന്ന് ക്ഷേത്രങ്ങളുടെ അവശിഷ്ടമാണ് അവര്‍ കണ്ടത്. തിരുവിതാംകൂറിന്റെ ഈ ചരിത്രദശയില്‍ ഈ മുതലാളിമാര്‍ ശബരിമലയ്ക്കുള്ള പാതയില്‍ ഒരു പള്ളിയെപ്പറ്റി അന്വേഷിക്കുന്നതും ആശ്ചര്യജനകമായിരിക്കുന്നു. ഒന്നുകില്‍ ഏതെങ്കിലും തെളിവുമൂലം അവിടെ ഒരു പള്ളിയുണ്ടായിരുന്നതായി സ്ഥാപിച്ച് അതിനെ പുനരുദ്ധരിക്കുവാനോ ഒരു പുതിയ പള്ളി സ്ഥാപിക്കാന്‍ അനുയോജ്യമായ സ്ഥലം അന്വേഷിച്ചോ ആയിരുന്നിരിക്കാം ഈ ഉദ്യമം… ഭക്തിയോടുകൂടി ശബരിമല സന്ദര്‍ശനാര്‍ത്ഥം പോകുന്ന അധഃസ്ഥിത ഹിന്ദുക്കളുടെ സംഖ്യാവര്ദ്ധന കണ്ട് തടുത്തില്ലെങ്കില് നിശ്ചയമായും അത് താണജാതി ഹൈന്ദവരുടെ ഇടയില്നിന്നുമുള്ള ക്രിസ്തുമത പരിവര്‍ത്തന പ്രസ്ഥാനത്തിന് വിഘാതം സംഭവിക്കാവുന്ന ഒരു സംഭവവികാസമാകുമെന്ന് കുറെക്കാലമായി ക്രിസ്ത്യാനികള്‍ ചിന്തിച്ചുതുടങ്ങിയിട്ടുണ്ടെന്ന് കാണാന്‍ കഴിയും. അതിനും പുറമെ, നിലയ്ക്കലും പമ്പാകടവിലും ഒരു പള്ളിയുടെ സ്ഥിതി കാലക്രമേണ ആ പ്രദേശം അധിനിവേശം ചെയ്യുവാന്‍ ക്രിസ്ത്യാനികളെ ആകര്‍ഷിക്കുമെന്നും, അങ്ങനെ ഫലഭൂയിഷ്ഠമായ ആ പ്രദേശങ്ങള്‍ തങ്ങളുടെ സാമ്പത്തികസ്ഥിതി ഉന്നമിപ്പിക്കാന് ചൂഷണംചെയ്യാമെന്നും അവര്‍ കരുതിയിരിക്കണം.
പള്ളി തേടിയുള്ള എബ്രഹാമിന്റെയും കൂട്ടരുടേയും മറ്റ് മുതലാളിമാരുടെയും സഞ്ചാരങ്ങളും പ്രവൃത്തികളും ശബരിമല ക്ഷേത്രം എന്നെന്നേക്കുമായി ധ്വംസിക്കാന്‍ ഗൂഢാലോചന നടത്തുന്നതിനുള്ള ശ്രമമാണെന്ന് വിശ്വസിക്കാം.”
ശബരിമല ക്ഷേത്രം തീവച്ച് നശിപ്പിച്ചത് ആര്, എന്തിന് എന്ന് അന്വേഷണത്തിലൂടെ വ്യക്തമായിട്ടും ആ മഹാപാതകം ചെയ്ത കുറ്റവാളികളെ നിയമത്തിനു മുന്നില്‍ കൊണ്ടുവരാതിരുന്ന കമ്യൂണിസ്റ്റ് സര്‍ക്കാര്‍, ഹിന്ദുക്കളോട് കൊടുംവഞ്ചന കാട്ടുകയായിരുന്നു.
മുരളി പാറപ്പുറം
പ്രതികരിക്കാൻ ഇവിടെ എഴുതുക: