‘ദി ഹിന്ദു’ പത്രത്തിന്റെ കഴിഞ്ഞ വെള്ളിയാഴ്ചത്തെ സാംസ്കാരിക സപ്ലിമെന്റില്‍ എസ്.ആര്.ഡി. പ്രസാദിനെക്കുറിച്ചു വന്ന ലേഖനം വായിച്ചപ്പോള്‍ ഓര്‍മയില്‍ വന്ന ചില കാര്യങ്ങളാണ് ഇവിടെ കുറിക്കുന്നത്. 20-ാം നൂറ്റാണ്ടില്‍ കളരിപ്പയറ്റിന്റെ വടക്കന്‍ ശൈലിയെ പുനരുദ്ധരിച്ച് പ്രചുരപ്രചാരം നല്കിയ പ്രഗല്ഭരില് ഒരാളായ ചിറയ്ക്കല്‍ ടി. ശ്രീധരന്‍നായരുടെ മകനാണ് എസ്.ആര്.ഡി. പ്രസാദ് ഗുരുക്കള്‍ എന്നു മനസ്സിലായി. അദ്ദേഹത്തെയും സഹോദരന് അംബികാദാസിനെയും കണ്ടു പരിചയപ്പെടാന്‍ അവസരമുണ്ടായതാണിവിടെ അനുസ്മരിക്കുന്നത്. ഞാന്‍ കണ്ണൂരില്‍ സംഘപ്രചാരകനായി എത്തിയത് അറുപതു വര്‍ഷം മുമ്പ് 1958-ലായിരുന്നു. അന്ന് അവിടെ പള്ളിക്കുന്ന് മൂകാംബിക ക്ഷേത്രത്തിനടുത്തു ശാഖയില്‍ കൊണ്ടുപോയത് ജില്ലാ പ്രചാരകന് വി.പി. ജനാര്ദ്ദനന് എന്ന ജനേട്ടന്.
നല്ല ഊര്‍ജസ്വലനായ അനേകം സ്വയംസേവകര്‍ ശാഖയിലുണ്ടായിരുന്നു. പള്ളിക്കുന്നില്‍ അംശം കോല്ക്കാരനായിരുന്ന ശിവാജി എന്ന് പ്രസിദ്ധനായ സി.സി. നാരായണന് നമ്പ്യാരായിരുന്നു മുഖ്യശിക്ഷക്. ശാഖയില്‍ വളരെ സജീവമായിരുന്ന അംബികാദാസിന്റെ വീട്ടില്‍ ജനേട്ടനുമൊത്തു പോയി. ചിറക്കല്‍ ശ്രീധരന്‍നായരുടെ മകനാണെന്നും, ശ്രീധരന്‍നായര്‍ മദിരാശിയിലെ അഡയാറില്‍ കളരി അധ്യാപകനാണെന്നും മറ്റും മനസ്സിലായി. അദ്ദേഹത്തിന്റെ മറ്റൊരു മകനും അവിടെയുണ്ടെന്നറിഞ്ഞു. ഏതാനും മാസങ്ങള്‍ കഴിഞ്ഞപ്പോള്‍ അംബികാദാസും മദ്രാസിലേക്ക് കളരി ഇന്‍സ്ക്ര്ടര്‍ ജോലി കിട്ടി പോയത്രെ. പിന്നീടവരെക്കുറിച്ച് വിവരങ്ങള്‍ ലഭിച്ചിട്ടില്ല.
വളപട്ടണത്ത് കളരിവാതുക്കല്‍ പരമ്പരാഗതമായി അവരുടെ കളരി നടന്നുവന്നു. ചിറയ്ക്കല്‍ രാജകുടുംബം വകയായിരുന്ന ആ ക്ഷേത്രത്തിന് പേരു വന്നതുതന്നെ ആ കളരി അവിടെയുള്ളതുകൊണ്ടാണ്. പതിവായി ക്ഷേത്രത്തില്‍ ആരാധന കുറവായിരുന്നെങ്കിലും ക്ഷേത്രവളപ്പില്‍ സാമാന്യം നല്ല നിലയില്‍ ശാഖ നടന്നുവന്നു. അവിടത്തെ പരമേശ്വരന് എന്ന സ്വയംസേവകന് പില്ക്കാലത്തു രണ്ടുമാസം കൂത്തുപറമ്പില്‍ വിസ്താരകനായും പ്രവര്‍ത്തിച്ചു.
ചിറക്കല്‍ ടി. ശ്രീധരന്‍നായര്‍ പ്രശസ്ത കളരിഗുരുക്കളായിരുന്നെങ്കില് അദ്ദേഹത്തിന്റെ ജ്യേഷ്ഠന് ചിറക്കല്‍ ടി. ബാലകൃഷ്ണന് നായര്‍ ചരിത്രഗവേഷകനും, ഭാഷാശാസ്ത്രപണ്ഡിതനും സാഹിത്യകാരനുമൊക്കെയായിരുന്നു. ബാലകൃഷ്ണന് നായര്‍ മാസ്റ്ററോടൊപ്പം കുറേനേരം സംസാരിക്കുന്നതുതന്നെ ഒരു വിദ്യാഭ്യാസമായിരുന്നു. കണ്ണൂരിന്റെ പരിസരഗ്രാമങ്ങളുടെ ചരിത്രവും പാരമ്പര്യവും നാടോടികഥകളും ഇത്ര ഗേവഷണവിഷയമാക്കിയ മറ്റൊരാള്‍ ഉണ്ടാവില്ല. കൃഷ്ണഗാഥാ കര്‍ത്താവായ ചെറുശ്ശേരിയെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ പഠനങ്ങളും ശ്രദ്ധേയമത്രേ. മഹാകവി ഉള്ളൂരിന്റെ പ്രസിദ്ധമായ കേരളഭാഷാചരിത്രത്തിന്റെ രചനക്കു ബാലകൃഷ്ണന് നായര്‍ മാസ്റ്റര്‍ ചെയ്തുകൊടുത്ത സഹായങ്ങള്‍ വിലയേറിയതായിരുന്നു. അന്നു ചിറയ്ക്കല്‍ തമ്പുരാനായിരുന്ന തന്റെ പിതാവിനെക്കൊണ്ട് സമ്മതിപ്പിച്ച് മഹാകവിക്ക് കോവിലകം ഗ്രന്ഥപ്പുര ഉപയോഗിക്കാനും മാസ്റ്റര്‍ക്കു കഴിഞ്ഞു. കൂടാതെ അക്കാര്യത്തില്‍ അദ്ദേഹം മഹാകവിക്കു വന്‍സഹായങ്ങള്‍ നല്കി.
പഴശ്ശിരാജാവിന്റെ കാലത്ത് ഈസ്റ്റിന്ത്യാ കമ്പനിയെ ചെറുക്കാന്‍ അദ്ദേഹത്തിനു കഴിഞ്ഞത് അന്നത്തെ കോട്ടയം രാജ്യത്തെ ഓരോ ഗ്രാമത്തിലും നിലവിലുണ്ടായിരുന്ന കളരികളില്‍ പരിശീലനം സിദ്ധിച്ച പടയാളികളുടെ സഹായം മൂലമായിരുന്നു. അതു മനസ്സിലാക്കിയ കമ്പനി ഭരണം ഗ്രാമീണ കളരികളിലെ എല്ലാവിധ അഭ്യാസങ്ങളും തടയുന്ന ഉത്തരവ് പുറപ്പെടുവിച്ചു. 1815 നവംബറില്‍ പഴശ്ശി തമ്പുരാന് കൊല്ലപ്പെട്ടതിനുശേഷവും കളരികള്‍ നടത്താന്‍ കമ്പനി അനുവദിച്ചില്ല. ഒട്ടേറെ പ്രശസ്ത കളരികളും തുടര്‍ന്നു നിലച്ചു. അതിന്റെ സ്ഥാനത്തു കാവുകളും ആരാധനാലയങ്ങളും മാത്രമായി. ചടങ്ങിനു മാത്രമായി ചിലര്‍ പരിശീലനങ്ങള്‍ നടത്തിയിരിക്കാം. കളരിയുടെ ഭാഗമായിരുന്ന ചികിത്സാ സമ്പ്രദായങ്ങള്‍ ഒരു പരിധിവരെ തുടര്‍ന്നു.
20-ാം നൂറ്റാണ്ടില്‍ വീണ്ടും കളരികളുടെ പ്രവര്‍ത്തനം സജീവമാക്കിയതില്‍ പ്രമുഖരായി വരുന്നത് ചിറയ്ക്കല്‍ ശ്രീധരന്‍നായരും, തലശ്ശേരിയിലെ സി.വി. നാരായണന്‍നായരും മുന്‍കയ്യെടുത്തു നടത്തിയ ശ്രമങ്ങളായിരുന്നു. ഒന്നു ചിറയ്ക്കല്‍ സമ്പ്രദായവും മറ്റേതു കോട്ടയം സമ്പ്രദായവുമാണ്. എല്ലാത്തിന്റെയും അടിസ്ഥാനം സമാനമാണെങ്കില്‍ പ്രയോഗത്തില്‍ നേരിയ ഭിന്നതയുണ്ടാവുമെന്നേയുള്ളൂ.
കളരിപ്പയറ്റിനെ പുനരുദ്ധരിച്ച ഈ രണ്ടു പ്രശസ്തര്‍ തമ്മില്‍ അതേപ്പറ്റി തര്‍ക്കമുണ്ടായി. അതു രൂക്ഷമായി. വലിയ ഉദ്വോഗം ശിഷ്യഗണങ്ങളുടെ ഇടയിലും, കളരിപ്രേമികളിലും സൃഷ്ടിച്ചു. അതിനെപ്പറ്റി സഞ്ജയന് എഴുതിയ ലേഖനം (എം.ആര്. നായര്‍) രസകരങ്ങളാണ്. തര്‍ക്കം മൂത്ത് അവര്‍ ഇരുവരും അടവുകളുടെ മത്സരത്തിനു വെല്ലുവിളിച്ചു. അതിനു തീയതിയും നിശ്ചയിച്ചിരുന്നു. മധ്യസ്ഥനായി ഇരുവരും നിര്‍ദ്ദേശിച്ചത് എം. ആര്. നായരെയും കേളപ്പനെയുമായിരുന്നത്രേ. അവരിരുവര്‍ക്കും കളരിയുടെ അകംപുറം നന്നായി അറിയുന്നവരായിരുന്നുവെന്നാണല്ലോ അതില്‍നിന്നു മനസ്സിലാക്കേണ്ടത്. അക്കാലത്തു വലിയ പൊതുജന ഉല്‍ക്കണ്ഠ സൃഷ്ടിച്ച ഈ മത്സര നിര്‍ദ്ദേശവും വെല്ലുവിളികളും കേളപ്പന്റെ അനുനയപൂര്വമായ മധ്യസ്ഥതയില്‍ ഉപേക്ഷിക്കാന്‍ ഇരു ഗുരുക്കന്മാരും സമ്മതിച്ചുവെന്ന് സഞ്ജയന്റെ ലേഖനത്തില്‍നിന്നു മനസ്സിലായി.
ശ്രീധരന്‍നായര്‍ ഗുരുക്കളും മക്കളും കേരളത്തിനു പുറത്തേക്ക് തങ്ങളുടെ രംഗം മാറ്റിയതിനാല്‍ അവരുമായി തുടര്‍ന്നു ബന്ധം പുലര്‍ത്താന്‍ കഴിഞ്ഞില്ല. അവരുടെ സംരംഭങ്ങള്‍ വളരെ സജീവമായി പ്രവര്‍ത്തിച്ചുവരുന്നുവെന്നത് വായിച്ചപ്പോള്‍ സന്തോഷം തോന്നി.
സി.വി. നാരായണന് നായരുടെ മക്കളെല്ലാം തലശ്ശേരിയിലെ തിരുവങ്ങാട്ട് ശാഖയില്‍ സജീവമായിരുന്നു. മൂത്ത മകന് ഗോവിന്ദന്‍കുട്ടിയാണ് ഇന്ന് കേരളത്തിലെങ്ങും സി.വി.എന്‍ കളരികള്‍ പ്രചരിക്കാന്‍ കാരണം. ശ്രീ ഗോദവര്‍മ രാജാ അദ്ദേഹത്തെ 1954-ല്‍ തിരുവനന്തപുരത്ത് വരുത്തി ഒരു പ്രദര്‍ശനം ഏര്‍പ്പാടു ചെയ്യുകയും, കളരി തുടങ്ങാന്‍ ഒത്താശ ചെയ്യുകയുമുണ്ടായി. രാജഗോപാല്‍ എന്ന മകന് പ്രചാരകനായി പുറപ്പെട്ടതായിരുന്നു. തുടരാനായില്ല. ബെംഗളൂരുവില്‍ ചിത്രകലയുമായി കഴിഞ്ഞുകൂടി. അവരെല്ലാം അനുഗ്രഹീത ചിത്രകാരന്മാരുമാണ്.
നാരായണന്‍നായരുടെ അനുജന് സി.വി. ബാലന്നായര് തലശ്ശേരിയില്‍ നടത്തിവന്ന ചിത്രകലാ വിദ്യാലയം ലോകപ്രശസ്തമായ ഒട്ടേറെ ചിത്രകാരന്മാരെ വളര്‍ത്തി. പരേതനായ കെ.കെ. വാര്യര്‍ അവിടെ പഠിച്ചിരുന്നു.
കളരി എന്ന സങ്കല്പനം കായികസംസ്കാരത്തെ മാത്രമല്ല സകല സുകുമാരകലകളെയും വളര്‍ത്തുന്ന ഇടമാണെന്ന് പ്രസാദ് ഗുരുക്കളെപ്പറ്റിയുള്ള ലേഖനം വായിച്ചപ്പോള്‍ ഓര്‍ത്തു. മഹത്തായ ഈ കേരളീയ കായികകലയാണല്ലോ പൂര്‍വേഷ്യന്‍ ലോകത്തെ കായികസംസ്കാരത്തിന്റെ മുഴുവന്‍ പൂര്‍വരൂപമായി കരുതപ്പെടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: