ഗുവാഹത്തി: ചൈനയില്‍ കൃത്രിമ തടാകം രൂപപ്പെട്ടതിനെ തുടര്‍ന്ന് പ്രളയത്തിനും മണ്ണിടിച്ചിലിനും മുന്നറിയിപ്പ് നല്‍കി അരുണാചല്‍ പ്രദേശ്. അരുണാചല്‍ പ്രദേശിലെ കിഴക്കന്‍ സിയാങ്ങ് ജില്ലയിലാണ് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുള്ളത്.
ചൈനയിലെ യാര്‍ലംഗ് സാങ്‌പോയിലാണ് കൃത്രിമ തടാകം രൂപപ്പെട്ടിരിക്കുന്നത്. ഇതിനെ തുടര്‍ന്ന് മണ്ണിടിച്ചിലും ഉണ്ടായാതായാണ് ചൈനീസ് അധികൃതര്‍ അറിയിച്ചിരിക്കുന്നത്. കൃത്രിമ തടാകം രൂപപ്പെട്ടതോടെ സിയാങ്ങ് നദിയിലെ വെള്ളം ഉള്‍വലിഞ്ഞതാണ് ഭീതിയുളവാക്കുന്നത്. ഇത് പ്രളയത്തിനു മുന്നോടിയായിട്ടുള്ളതാകാം എന്നാണ് വിലയിരുത്തുന്നത്.
ടിബറ്റ് മുതല്‍ അരുണാചല്‍ വരെ യാര്‍ലൂങ് സങ്‌പോയെ സിയാങ്ങ് എന്നും ആസാമില്‍ ബ്രഹ്മപുത്രയെന്നുമാണ് വിളിക്കുന്നത്. നദി അരുണാചലിലൂടെ കടന്നുപോകുന്നതാണ് പ്രദേശത്ത് പ്രളയഭീഷണിയുയര്‍ത്തുന്നത്.
‘ടിബറ്റിലെ മണ്ണിടിച്ചിലത്തെക്കുറിച്ച് സെന്‍ട്രല്‍ വാട്ടര്‍ കമീഷന്‍ (സിഡബ്ല്യുസി) റിപ്പോര്‍ട്ട് ലഭിച്ചിട്ടുണ്ടെന്നും അരുണാചല്‍ പ്രദേശിലെ സിയാങ്ങ് നദിയിലെ ജലനിരപ്പ് രണ്ട് മീറ്ററോളം താഴ്ന്നിരിക്കുകയാണെന്നും അപ്പര്‍ സിയാങ്ങിലെ ഡെപ്യൂട്ടി കമ്മീഷണര്‍ ഡൂമി കാമുക് പറഞ്ഞു. പുതുതായി രൂപം കൊണ്ട തടാകത്തിനു സമീപമുള്ള 6,000 പേരെ ചൈനീസ് അധികൃതര്‍ ഒഴിപ്പിച്ചിട്ടുണ്ട്.
















