സുപ്രീംകോടതിവിധിയെ തുടര്‍ന്ന് ശബരിമലയിലെ ആചാരാനുഷ്ഠാനങ്ങള്‍ സംരക്ഷിക്കാന്‍ വിശ്വാസികള്‍ ബഹുമുഖസമരത്തിലാണ്. വിവിധ ഹൈന്ദവ സംഘടനകളും ബിജെപി ഉള്‍പ്പെടെയുള്ള രാഷ്ട്രീയ പാര്‍ട്ടികളും തങ്ങളുടേതായ രീതിയില്‍ വിശ്വാസസംരക്ഷണത്തിനായി തെരുവില്‍ ഇറങ്ങിയിരിക്കുന്നു. സമാധാനപരമായി ജനാധിപത്യരീതിയിലാണ് സമരം. നാമജപവും ഭജനപ്പാട്ടും ഒക്കെയായിട്ടാണ് കേരളത്തിലങ്ങോളമിങ്ങോളം വിശ്വാസികളുടെ കൂട്ടായ്മകള്‍ രംഗത്തുവന്നിരിക്കുന്നത്. നിയമപരമായ വിഷയമെന്നതിലുപരി വിശ്വാസത്തിന്റെ പ്രശ്നമായി കണ്ട് പരിഹാരം കാണണമെന്നാണ് എല്ലാവരും പറയുന്നത്. സമരത്തിന്റെ പേരില്‍ ശബരിമലയെ സംഘര്ഷഭൂമിയാക്കാനില്ലെന്ന് ബിജെപിയും എന്‍എസ്എസും അയ്യപ്പസേവാസമാജവും അയ്യപ്പസേവാ സംഘവും ഉള്‍പ്പെടെ പൊതുജനപിന്തുണയുള്ള പ്രസ്ഥാനങ്ങളെല്ലാം പ്രസ്താവിച്ചുകഴിഞ്ഞു. ശബരിമലയിലെത്തുന്ന ആരെയും തങ്ങള്‍ തടയില്ലെന്ന് പറഞ്ഞശേഷമാണ് ബിജെപി അധ്യക്ഷന്‍ വിശ്വാസികളുടെ ആഗ്രഹസഫലീകരണത്തിനായി ലോംഗ് മാര്‍ച്ച് ആരംഭിച്ചത്.
എന്നാല്‍ ശബരിമലയെ സംഘര്‍ഷഭൂമിയാക്കി മാറ്റാനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്. വിശ്വാസികളുടെ സമരത്തെ സവര്ണലഹളയായി ചിത്രീകരിച്ചുകൊണ്ട് സിപിഎം നേതാക്കള്‍ രംഗത്തുവന്നിരിക്കുന്നത് ഇതിന്റെ ഭാഗമായിട്ടാണ്. എസ്എന്‍ഡിപി ഉള്‍പ്പെടെയുള്ള പിന്നാക്കവിഭാഗ സമുദായങ്ങള്‍ സമരത്തിന് എതിരാണെന്ന പ്രചാരണവും നടക്കുന്നുണ്ട്. ബിജെപിയുടെ ലോംഗ്മാര്‍ച്ച് ഉദ്ഘാടനം ചെയ്തത് എസ്എന്‍ഡിപി യോഗം വൈസ് പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളി ആയിരുന്നുവെന്നതും യോഗാംഗങ്ങള്‍ വിശ്വാസമനുസരിച്ച് സമരത്തില്‍ പങ്കെടുക്കുന്നതിന് എതിരല്ലെന്ന് ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് പറഞ്ഞതും മറന്നുകൊണ്ടാണ് ഇത്തരം പ്രചരണം.
പരമോന്നത കോടതിവിധിയായതിനാല് ഞങ്ങള്‍ക്കൊന്നും ചെയ്യാനില്ല എന്ന നിലപാടിലാണ് സിപിഎമ്മും സര്‍ക്കാരും. വിധി ആവേശത്തോടെ നടപ്പാക്കാന്‍ ഒരുമ്പെട്ട് പരാജയപ്പെട്ടപ്പോഴാണ് ഈ ചുവടുമാറ്റും. സുപ്രീംകോടതി വിധി സര്‍ക്കാരിന്റെ നേട്ടമായിട്ടാണ് മുഖ്യമന്ത്രി വിശേഷിപ്പിച്ചിരുന്നത്. വനിതാ പോലീസിനെ ഉള്‍പ്പെടെ വിന്യസിച്ച് വിധി നടപ്പാക്കുമെന്ന് അറിയിക്കുകയും ചെയ്തു. ശരിക്കും പ്രകോപനമുണ്ടാക്കിയത് സര്‍ക്കാരിന്റെ ഈ എടുത്തുചാട്ടമായിരുന്നു. വിധിയുടെ പകര്‍പ്പ് കിട്ടുംമുന്‍പ് ശബരിമല പിടിച്ചെടുക്കാന്‍ ഈശ്വരവിശ്വാസികളല്ലാത്ത സിപിഎമ്മുകാര്‍ ശ്രമിക്കുന്നുവെന്ന ധാരണ സാധാരണ വിശ്വാസികള്‍ക്കുണ്ടായി. അതിന് ആക്കംകൂട്ടുന്നതായിരുന്നു മുഖ്യമന്ത്രിയുടെയും പാര്‍ട്ടി സെക്രട്ടറിയുടെയും പ്രഖ്യാപനങ്ങളും പ്രവൃത്തികളും. പ്രതീക്ഷ തെറ്റിച്ച് വിശ്വാസികള്‍ സര്‍ക്കാരിനെതിരെ കൂടി തിരിഞ്ഞതോടെ നിലപാടു മാറ്റാന്‍ സര്‍ക്കാര്‍ തയ്യാറായിരിക്കുകയാണ്. ബന്ധപ്പെട്ടവരുമായി ചര്‍ച്ച ചെയ്യാന്‍ തയ്യാറെന്ന പ്രസ്താവനയുണ്ടായി. പക്ഷേ, സര്‍ക്കാരില്‍ വിശ്വാസമില്ലാത്തതിനാല്‍ സമരരംഗത്തുള്ള സംഘടനകള്‍ ഇത് തള്ളി.
കേസുമായിപ്പോയത് ആര്‍എസ്എസ് പ്രവര്‍ത്തകരാണെന്ന കള്ളപ്രചരണം ദേവസ്വം മന്ത്രി തന്നെ നടത്തി. അതും പൊളിഞ്ഞു. സുപ്രീംകോടതിയില്‍ സര്‍ക്കാര്‍ പുനര്‍പരിശോധനാ ഹര്‍ജി നല്‍കണമെന്ന വിശ്വാസികളുടെ ആവശ്യം അംഗീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറായില്ല. അതേസമയം എന്‍എസ്എസിന്റെ പുനപരിശോധനാ ഹര്‍ജി തള്ളണമെന്നാവശ്യപ്പെട്ട് സിപിഎം സുപ്രീംകോടതിയെ സമീപിച്ചിരിക്കുകയാണ്. സംഘര്‍ഷത്തിനില്ലെന്നും സമവായത്തിന് ശ്രമിക്കുന്നുവെന്നും പറയുന്നവര്‍ തന്നെയാണ് ഇത്തരം നീക്കം നടത്തുന്നത്. പ്രകോപനപരമായ പ്രസംഗങ്ങളും പ്രസ്താവനകളും സമരത്തെ ദോഷകരമായേ ബാധിക്കൂ എന്ന് വിശ്വാസികള്‍ തിരിച്ചറിയണം. സിപിഎമ്മിനും സര്‍ക്കാരിനും പറഞ്ഞുനില്ക്കാന് ഇത് സഹായകമാവുകയേയുള്ളൂ. സമാധാനത്തിന്റെ മാര്‍ഗം തേടുന്നതിന് പകരം മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ അയ്യപ്പഭക്തര്‍ക്കെതിരെ ഇടതുമുന്നണിയുടെ നേതൃത്വത്തില്‍ വിശദീകരണ യോഗങ്ങള്‍ നടക്കുന്നതും എരിതീയില്‍ എണ്ണയൊഴിക്കാനേ സഹായകമാവൂ. വിശ്വാസത്തിന്റെ പേരിലായാലും അവിശ്വാസത്തിന്റെ പേരിലായാലും ശബരിമലയുടെ പേരില്‍ സംഘര്‍ഷമുണ്ടാകുന്നത് ഒരുതരത്തിലും അംഗീകരിക്കാനാവില്ല. ശബരിമലയുടെ മഹത്വവും മഹിമയും ഇല്ലാതാകണമെന്ന് കാലാകാലങ്ങളായി ആഗ്രഹിക്കുകയും അതിനായി വിവാദങ്ങളും കള്ളക്കളികളും പ്രചരിപ്പിക്കുകയും ചെയ്യുന്നുവര്ക്കുമാത്രമാരിക്കും അത് ഗുണം ചെയ്യുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: