പത്താം വയസ്സില്‍ മലനിരകളോട് തുടങ്ങിയ ഇഷ്ടം അര്‍ജുനെ ലോകം അറിയുന്ന ഏറ്റവും പ്രായം കുറഞ്ഞ പര്വ്വതാരോഹകനാക്കി മാറ്റി. ഉയരങ്ങളെ കീഴടക്കാനുള്ള അര്‍ജുന്റെ ചിന്തകള്‍ക്ക് വേരു മുളച്ചത് പൂനെയിലാണ്. സിന്ദൂരമണിഞ്ഞ ചക്രവാളത്തിന് മാറ്റുകൂട്ടുന്ന സഹ്യാദ്രി മലകളോട് തോന്നിയ ഇഷ്ടമായിരുന്നു പിന്നീട് ഉയരങ്ങള്‍ കീഴടക്കാന്‍ അവന് പ്രചോദനമായിത്തീര്‍ന്നത്.
പര്‍വ്വതങ്ങളോടുള്ള പ്രണയം
പത്താം വയസ്സിലായിരുന്നു എല്ലാത്തിന്റെയും തുടക്കം. മധ്യവേനലവധിക്ക് പൂനെയിലെത്തുന്ന അര്ജുന്, മുത്തശ്ശന്റെ വിരലുകളെ കോര്‍ത്തുപിടിച്ച് ഭൂമിയുടെ സൗന്ദര്യം ആസ്വദിക്കാന്‍ സഹ്യാദ്രി മലമുകളിലെത്തുമായിരുന്നു. പിന്നീട് മനസ്സില്‍ തോന്നിയ കുസൃതി ചിന്തയാണ് ഉയരമേറിയ ആറു കൊടുമുടികളേയും കീഴടക്കുന്നതിലേക്ക് നയിച്ചത്.
സഹ്യാദ്രിയുടെ മുകളില്‍നിന്ന് നോക്കുമ്പോള്‍ ഭൂമിയുടെ ചന്തത്തിന് മാറ്റുകൂടുന്നത് അര്‍ജുന്റെ ബാലമനസ്സില്‍ ഉണ്ടാക്കിയത് ആകാംക്ഷയാണ്. ഭൂമിയെ കൂടുതല്‍ സുന്ദരമായി കാണാന്‍ ഇനിയും ഉയരങ്ങള്‍ കീഴടക്കണമെന്ന ആഗ്രഹം അവനിലുദിച്ചു. തന്നിലെ ഈ ആകാംക്ഷയെ അവഗണിക്കാന്‍ തയ്യാറാകാതിരുന്ന അര്ജുന് സ്വപ്നങ്ങളെ യാഥാര്‍ത്ഥ്യമാക്കാനുള്ള മുന്നൊരുക്കങ്ങള്‍ നടത്തി. സ്വപ്നസാക്ഷാത്കാരത്തിന്റെ ആദ്യപടി വായനയായിരുന്നു. അങ്ങനെ ഇന്ത്യന്‍ പര്വ്വതാരോഹകയായിരുന്ന ബച്ചേന്ദ്രി പാലിനെക്കുറിച്ച് വായിച്ചറിഞ്ഞു. ശേഷം തന്റെ സ്വപ്നച്ചിറകിന്റെ തൂവലുകള്‍ ചേര്‍ത്തുകെട്ടി. ഊണിലും ഉറക്കത്തിലും ലക്ഷ്യത്തില്‍ എത്തിച്ചേരാനുള്ള വ്യഗ്രതയായിരുന്നു പിന്നീട്.
ആറ് പര്‍വ്വത നിരകള്‍
എണ്ണായിരത്തിലധികം അടി ഉയരമുള്ള ഗിരി ശൃംഗങ്ങള്‍ അര്ജുന് മുന്നില്‍ തല കുനിച്ചുനിന്നു. ഏറ്റവും കുറഞ്ഞ പ്രായത്തില്‍ എവറസ്റ്റും ലോട്സേയും മണാസ്ളുവും മക്കാലുവും ചോ ഒയോയും ഈ ധീരന് മുന്നില്‍ കീഴടങ്ങി. ലോകത്തിലെ സുപ്രധാന കൊടുമുടിയായ കാഞ്ചന്ജംഗയായിരുന്നു അവസാനത്തേത്. പതിനാറ് വയസ്സില്‍ തുടങ്ങിയ പ്രയാണം ഇരുപത്തിനാലാം വയസ്സിലും തുടരുകയാണ് അര്ജുന്. ഉയരങ്ങളെ കീഴടക്കി ആകാശത്തെ മേഘശകലങ്ങളെ തഴുകി ഭൂമിയുടെ സൗന്ദര്യത്തെ ആസ്വദിച്ച് ഇനിയും കൊതിതീര്‍ന്നിട്ടില്ല. താണ്ടാനുള്ള ദൂരത്തെ മനസ്സിലാവാഹിച്ച് ഉള്ളിലെ വാശി ഉലയിലെന്നപോലെ ഊതിപ്പെരുപ്പിക്കുകയാണ് അര്‍ജുനിപ്പോള്‍.
മറ്റുള്ള കൊടുമുടികളെപ്പോലെ എളുപ്പമായിരുന്നില്ല കാഞ്ചന്‍ജംഗയെ കീഴ്പ്പെടുത്തല്. പല തവണകളായുള്ള ശ്രമങ്ങള്‍ക്കൊടുവിലാണ് കാഞ്ചന് ജംഗയെ കീഴ്പ്പെടുത്താന്‍ സാധിച്ചത്. കാലാവസ്ഥ പ്രതികൂലമായതിനാല്‍ കാഞ്ചന്‍ജംഗയെ കാല്‍ക്കീഴിലാക്കുക എന്നത് ശ്രമകരമായിരുന്നു. എന്നാല്‍ മൂന്നുദിവസം പ്രകൃതി അര്‍ജുനെ അനുകൂലിച്ചപ്പോള്‍ 2008 മേയ് ഇരുപതിന് കാഞ്ചന്‍ജംഗ അര്ജുന് മുന്നില്‍ ശിരസ്സ് നമിച്ചു.
പ്രായം മറികടന്ന റെക്കോര്‍ഡ്
സമപ്രായക്കാര്‍ കളിച്ചും ചിരിച്ചും നടക്കുന്ന പ്രായത്തില്‍ എവറസ്റ്റ് കീഴടക്കി റെക്കോഡ് സ്ഥാപിച്ച അര്ജുന് മറ്റൊരു റെക്കോഡിനും ഉടമയായി. ലോകത്തിലെ അഞ്ചാമത്തെ ഉയരംകൂടിയ കൊടുമുടിയായ മൗണ്ട് മകാലു കീഴടക്കിയതോടെ 8000 മീറ്ററിന് മുകളില്‍ ഉയരമുള്ള നാല് കൊടുമുടികള്‍ കീഴടക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ പര്‍വ്വതാരോഹകനായി മാറിയിരിക്കുകയാണ് അര്ജുന്. 2013-ലും 2014-ലും ഈ പര്‍വ്വത നിരകള്‍ കീഴടക്കാന്‍ ശ്രമിച്ചെങ്കിലും ബെയ്സ് ക്യാമ്പില്‍ എത്തിയപ്പോള്‍ ശക്തമായ ഭൂചലനം ഉണ്ടായതിനെ തുടര്‍ന്ന് പിന്‍വാങ്ങുകയായിരുന്നു.
2010-ല്‍ പതിനാറാം വയസ്സിലാണ് അര്ജുന് എവറസ്റ്റ് കീഴടക്കുന്നത്. ലോകത്തിലെ ഏറ്റവും വലിയ കൊടുമുടി കീഴടക്കുന്ന മൂന്നാമത്തെ പ്രായം കുറഞ്ഞ ഇന്ത്യക്കാരന് എന്ന റെക്കോര്‍ഡ് അതോടെ അര്ജുന് സ്വന്തമായി.
മരണ നിമിഷങ്ങള്‍
ചെറുപ്പം മുതല്‍ക്ക് ഉയരങ്ങളോട് തോന്നിയ പ്രണയം ഭയത്തെ ഇല്ലാതാക്കിയിരുന്നു. എന്നാലും വലിയ മലനിരകളെ കീഴടക്കുമ്പോള്‍ മരണത്തെ മുന്നില്‍ കണ്ട നിമിഷങ്ങളും ഉണ്ടായിട്ടുണ്ട്. പക്ഷേ പേര് അന്വര്‍ത്ഥമാക്കുന്ന അര്ജുന് എന്ന വീര പോരാളിയില്‍ ലവലേശം ഭയപ്പാടുണ്ടായില്ല. മരണത്തെ മുഖാമുഖം കണ്ടിട്ടും ഒരടിപോലും പിന്നോട്ടുവയ്ക്കാതെ ആ ചെറുപ്പക്കാരന് മുന്നോട്ട് കുതിച്ചു. ആ കുതിപ്പില്‍ ശിരസ്സ് നമിച്ചത് മാനംമുട്ടെ നില്ക്കുന്ന പര്‍വ്വത നിരകളായിരുന്നു.
ഏത് ആഗ്രഹത്തെയും നമ്മുടെ കാല്ച്ചുവട്ടില് എത്തിക്കാമെന്നതിന്റെ മികച്ച ഉദാഹരണമാണ് അര്ജുന്. കഠിനപ്രയത്നവും നിശ്ചയദാര്‍ഢ്യവും ഉണ്ടെങ്കില്‍ ഒന്നിനെയും ഭയക്കേണ്ടതില്ലെന്നാണ് ഈ യുവാവിന്റെ പക്ഷം. ഇവ രണ്ടുമാണ് തന്റെ വിജയത്തിന് കാരണമെന്ന് പറയുമ്പോള്‍ അര്‍ജുന്റെ മുഖത്ത് നിറഞ്ഞ പുഞ്ചിരിയാണ്. പര്‍വ്വതനിരകളിലേക്കുള്ള യാത്രയുടെ ഭാഗമായി സ്വീകരിക്കേണ്ട നിരവധി ചര്യകള്‍ ഒന്നുപോലും തെറ്റാതെ അര്ജുന് ശ്രദ്ധിക്കുന്നുണ്ട്.
ആത്മബലം നല്‍കുന്നത് യോഗ
മരം കോച്ചുന്ന തണുപ്പിനെ പ്രതിരോധിക്കുക എന്നത് നിസ്സാരവത്കരിക്കാന്‍ ആകുന്ന ഒന്നല്ല. അവയെ അതിജീവിക്കണമെങ്കില്‍ മനസ്സിനും ശരീരത്തിനും മികച്ച ആരോഗ്യം ആവശ്യമാണ്. അതിന് തന്നെ പ്രാപ്തനാക്കുന്നത് യോഗയും. ദിവസവും മുടങ്ങാതെ യോഗ ചെയ്യുന്നതിനാലാണ് മനസ്സും ശരീരവും പൂര്‍ണ്ണ ആരോഗ്യത്തോടെയിരിക്കുന്നത്.
വിദഗ്ധരുടെ കീഴിലാണ് അര്‍ജുന്റെ പരിശീലനം. സൈക്കിള്‍ ചവിട്ടിയാണ് ദിവസം തുടങ്ങുന്നത്. അറുപത് കിലോ മീറ്ററോളം ദിവസവും സൈക്കിള്‍ ചവിട്ടും. അതിനുശേഷം മൂന്നുമണിക്കൂര്‍ കായിക പരിശീലന കേന്ദ്രത്തില്‍ ചെലവഴിക്കും. പിന്നീട് രണ്ട് മണിക്കൂര്‍ നേരത്തെ ഓട്ടം. ഇങ്ങനെ നീളുന്നു അര്‍ജുന്റെ ഒരു ദിവസം.
”അര്ജുന് നിങ്ങളുടെ ധൈര്യം, ദൃഢനിശ്ചയം, അശ്രാന്ത പരിശ്രമം ഇവയെല്ലാം ഓരോ വ്യക്തികള്‍ക്കും പ്രചോദനമാണ്. ഈ ധീര യുവാവിന് നമുക്ക് വിജയം മാത്രം ആശംസിക്കാം. അവന്റെ ആത്മസമര്‍പ്പണവും അഭിനിവേശവും എന്നെ വളരെയധികം പ്രചോദിപ്പിക്കുന്നു. ഈ ഉദ്യമം പൂര്‍ത്തിയാക്കിയതിനുശേഷവും ഇനിയും ഇതുപോലുള്ള നിരവധി സാഹസിക യാത്രകള്‍ ഞാന്‍ പ്രതീക്ഷിക്കുന്നു. അര്ജുന് വാജ്പേയ് എന്നാല്‍ സാഹസത്തിനു മുതിരുന്നവന്റെ നാമം എന്ന് ഉയര്‍ന്നുകേള്‍ക്കും.” ഇതായിരുന്നു ബോളിവുഡിന്റെ പ്രിയനായകന് ഹൃത്വിക് റോഷന്റെ വാക്കുകള്‍. അര്‍ജുന്റെ വീഡിയോയും ഈ വാക്കുകള്‍ക്കൊപ്പം ഹൃത്വിക് പോസ്റ്റ് ചെയ്തു.
അര്‍ജുന്റെ വിജയ മന്ത്രം
ഇത്ര ചെറിയ പ്രായത്തില്‍ അര്‍ജുന്റെ വിജയം എല്ലാവരിലും അത്ഭുതം ജനിപ്പിച്ചിട്ടുണ്ട്. എല്ലാവര്ക്കും അറിയേണ്ടത് അര്‍ജുന്റെ വിജയ രഹസ്യം തന്നെയാണ്. എന്നാല്‍ അതിന് പ്രത്യേക മന്ത്രങ്ങളൊന്നുമില്ലെന്നാണ് അര്‍ജുന്റെ പക്ഷം. സമയം വിലപ്പെട്ടതാണ്. ഉള്‍ക്കാഴ്ചയും വലിയ സ്വപ്നങ്ങളും, അത് നേടിയെടുക്കാനുള്ള നിശ്ചയദാര്‍ഢ്യവും ഉണ്ടെങ്കില്‍ നമുക്ക് എന്തും നേടിയെടുക്കാന്‍ സാധിക്കുമെന്നാണ് അര്ജുന് പറയുന്നത്.
ഉത്തരാഖണ്ഡിലെ നെഹ്റു ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മൗണ്ടനീയറിങ്ങില്‍ ചേരുമ്പോള്‍ അത് മാത്രമായിരുന്നു മനസ്സില്‍. അന്നുമുതല്‍ ഇന്നുവരെ ലക്ഷ്യങ്ങള്‍ താണ്ടുക എന്നത് മാത്രമാണ് ലക്ഷ്യം. 8000 മീറ്റിന് മുകളില്‍ ഉയരമുള്ള പതിനാല് കൊടുമുടികളാണ് ലോകത്തിലുളളത്. അതില്‍ അഞ്ചെണ്ണം കീഴടക്കിയ അര്‍ജുന്റെ ലക്ഷ്യം അവശേഷിക്കുന്ന ഒമ്പതെണ്ണംകൂടി കീഴടക്കുകയെന്നതാണ്. അതിനുള്ള തയ്യാറെടുപ്പിലാണ് അവനിപ്പോള്‍.
കുടുംബം നല്കുന്ന പിന്തുണ
മക്കളെ സാഹസികമായി വളര്‍ത്താന്‍ ആരും തയ്യാറല്ല. എന്നാല്‍ മകന്റെ ആഗ്രഹത്തിന് എതിരുനില്‍ക്കാന്‍ അവര്‍ക്കായില്ല. മകന്റെ ആഗ്രഹങ്ങളെ നെഞ്ചോടുചേര്‍ത്ത് അവന്റെ ആഗ്രഹങ്ങളുടെ ചിറകിനെ തുന്നിവെയ്ക്കുകയായിരുന്നു ആ മാതാപിതാക്കള്‍. നോയിഡ സ്വദേശിയായ ക്യാപ്റ്റന്‍ സഞ്ജീവ് വാജ്പേയിയുടെയും പ്രിയ വാജ്പേയിയുടേയും പുത്രനാണ് അര്ജുന്. കാഞ്ചന്‍ജംഗയെ കീഴ്പ്പെടുത്താന്‍ കൂട്ടായി അച്ഛനും അര്‍ജുന്റെ ഒപ്പമുണ്ടായി. ജീവിതത്തിലെ നിര്‍ണ്ണായക ഘട്ടത്തില്‍ അച്ഛന്റെ പിന്തുണ വളരെ വലുതായിരുന്നു. കാഞ്ചന്‍ജംഗ എന്ന കൊടുമുടി ഉയര്‍ത്തിയത് വന്‍ വെല്ലുവിളി ആയിരുന്നു. ഹെലികോപ്ടറില്‍ തങ്ങിയ ദിവസങ്ങളില്‍ അര്‍ജുന്റെ മനോധൈര്യത്തിന്റെ മുഖ്യഘടകം ആ പിതാവ് തന്നെയായിരുന്നു.
ലോകത്തിലെ ഗിരിനിരകളെ പ്രണയിച്ച ചെറുപ്പക്കാരന് ഇനിയും കീഴ്പ്പെടുത്താനുണ്ട് മലനിരകളെ. അത്രമേല്‍ അഭിനിവേശത്തോടെ അര്ജുന് കൊടുമുടികളെ സ്നേഹിക്കുമ്പോള്‍ അവയും അര്ജുന് മുന്നില്‍ അനായാസം തലകുനിച്ച് പരാജയം സമ്മതിക്കും. ലോകത്തിലെ ഗിരിശൃംഗങ്ങളെ തന്റെ കാല്ക്കീഴിലാക്കി അര്‍ജുന്റെ ആഗ്രഹംപോലെ ഭൂമിയുടെ സൗന്ദര്യം ആവോളം ആസ്വദിക്കട്ടെ, ആഗ്രഹംപോലെ ഇന്ത്യയുടെ യശസ്സ് വാനോളം ഉയര്‍ത്താന്‍ അര്ജുന് കഴിയട്ടെ എന്നാണ് അവനെ സ്നഹിക്കുന്നവരുടെ പ്രാര്‍ത്ഥന.
ആതിര ടി. കമല്‍രാജ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: