ഉഷസ്സിനെ ‘ധര്‍മ്മപത്നി’ എന്നു സംേബാധന ചെയ്ത മറ്റൊരു കവി മലയാളത്തിലില്ല- പാലൂര് മാധവന് നമ്പൂതിരി എന്ന എം.എന്‍. പാലൂരിന്റെ വേര്‍പാട്, മലയാള കവിതയില്‍ വല്ലാത്തൊരു ശൂന്യത സൃഷ്ടിക്കുന്നു. അദ്ദേഹത്തിന്റെ കവിതകള്‍ മനുഷ്യജീവിതം പോലെ, വൈവവിധ്യപൂര്‍ണ്ണമാണ്. ജീവിത സമസ്യകളെപ്പറ്റി പാടുന്നതുകൊണ്ടുതന്നെ, അവയില്‍ വൈവിദ്ധ്യം ഉള്‍ച്ചേര്‍ന്നിരിക്കുന്നു. വീട്ടുകാര്യങ്ങളാവട്ടെ, നാട്ടുകാര്യങ്ങളാവട്ടെ, ആത്മാനുഭൂതികളാവട്ടെ, എല്ലാം ഒരുപോലെ തീവ്രതയോടെ ആവിഷ്കരിക്കാന്‍ ശ്രമിച്ച കവിയാണ് പാലൂര്. ജനിമൃതികള്‍ക്കു നടുവില്‍ ഇത്തിരി സുഖം പകരാന്‍ ആ കവിതകള്‍ ഉതകുന്നു. ഏത് വാര്‍ദ്ധക്യത്തിലും നരവീഴാത്ത കാവ്യകന്യകയെയാണ് പാലൂര് വേളികഴിച്ചത്. അതിനാല്‍, അദ്ദേഹത്തിന്റെ ഭാഷ എപ്പോഴും മധുരത്തേന് കിനിയുന്ന ശുദ്ധമലയാളമാണ്.
കാലത്തിന്റെ അവസ്ഥാന്തരങ്ങളും കുടുംബ-സാമൂഹ്യ വ്യവസ്ഥകളിലെ ശൈഥില്യങ്ങളും അവ ജീവിതത്തില്‍ ഉളവാക്കുന്ന ഭാവഭേദങ്ങളും ഇത്രയേറെ അനുഭവിക്കുകയും ആവിഷ്കരിക്കുകയും ചെയ്ത കവികള്‍ അധികം പേരുണ്ടാവില്ല. ജീവിതത്തിന്റെ കയ്പും ചവര്‍പ്പും ഏറെ കുടിയ്ക്കേണ്ടിവന്ന ഒരു ജന്മം. അമ്മയ്ക്കു ജനിച്ച ഒന്‍പതു മക്കളില്‍ ‘മരമണ്ടനായ ഒരുണ്ണി’, ആനപ്പുറത്ത് കയറുന്ന കീഴ്ശാന്തി, വര്‍ക്ക്ഷോപ്പ് മെക്കാനിക്ക്, ഡ്രൈവര്‍, കഥകളിനടന്, ദേഹണ്ണക്കാരന്, കമ്യൂണിസ്റ്റ് ആശയപ്രചാരകന്‍, വി.ടിയുടെ സമുദായ വിമോചന പ്രസ്ഥാനത്തിലെ അനുയായി- പതുക്കെപ്പതുക്കെ ജ്വലിച്ചുയര്‍ന്ന ആ കാവ്യവ്യക്തിത്വം എത്രയെത്ര സന്ദിഗ്ധതകളിലൂടെ കടന്നുപോയി എന്ന് വിവരിക്കുക പ്രയാസം. പക്ഷേ, ആ കൃത്യം പാലൂര് തന്നെ, ‘കഥയില്ലാത്തവന്റെ കഥ’ എന്ന ആത്മകഥയില്‍ ലളിതസുന്ദരമായി ആഖ്യാനിച്ചിട്ടുണ്ട്. കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം നല്കി ആദരിച്ച ആ ഗ്രന്ഥം മലയാളത്തിലെ ആത്മകഥാ സാഹിത്യത്തിന്റെ ഈടുവെപ്പില്‍ ശ്രേഷ്ഠമായ സ്ഥാനത്തുതന്നെയുണ്ടാവും.
കലാകാരന്റെ ലോലഹൃദയവും ബ്രാഹ്മണന്റെ ശുദ്ധമനസ്സും സര്‍വ്വോപരി മനുഷ്യസ്നേഹവുമായിരുന്നു പാലൂരിന്റെ കൈമുതല്‍. സ്വതേ തന്റേടിയായിരുന്ന അദ്ദേഹത്തിന് അനീതിയോടും അടിമത്തത്തോടും അടങ്ങാത്ത പ്രതിഷേധമുണ്ടായിരുന്നു. വാര്‍ദ്ധക്യദശയില്‍ അദ്ദേഹം ഒരിക്കല്‍ പറഞ്ഞു, ”അന്യന്റെ വേദന കാണാന്‍ എനിക്ക് വയ്യ” എന്ന്. പക്ഷേ, ഒട്ടേറെ വേദനകള്‍ അനുഭവിച്ച് പതംവന്ന ആ ഹൃദയത്തില്‍നിന്ന് ഉയിര്‍ക്കൊണ്ട വരികളധികവും മനുഷ്യജന്മത്തെ കേന്ദ്രീകരിച്ചുള്ളവയായിരുന്നു. പണ്ഡിതശ്രേഷ്ഠനായിരുന്ന കെ.പി. നാരായണപ്പിഷാരടിയുടെ ശിഷ്യനായി നാലുവര്‍ഷം സംസ്കൃതം പഠിക്കാന്‍ സാധിച്ചതാണ് തന്റെ ജീവിതത്തിലെ വഴിത്തിരിവെന്ന് പാലൂര് അഭിമാനപൂര്‍വ്വം പറഞ്ഞിട്ടുണ്ട്. ആ ഗുരുനാഥനാണ് തന്നെ കവിയും മനുഷ്യനുമാക്കിയത് എന്നുകൂടി അദ്ദേഹം പറയും. ”വ്യാസനേയും കാളിദാസനേയും വായിക്കൂ” എന്ന, സാക്ഷാല്‍ കുട്ടികൃഷ്ണമാരാരുടെ ഉപദേശംകൂടിയായപ്പോള്‍ പാലൂരിലെ കവിയും ദാര്‍ശനികനും ഉണരുകയും ചെയ്തു. വ്യാസഭാരതം 21 പ്രാവശ്യം വായിച്ച കവിക്ക്, ഭാരതീയ കാവ്യസംസ്കാരത്തെ തന്റെ രചനകളിലേക്ക് സ്വാംശീകരിക്കാന്‍ പ്രയാസപ്പെടേണ്ടിവന്നിട്ടില്ല. അതോടൊപ്പം, മലയാള കവിതയിലെ ആധുനിക പ്രവണതകളേയും സമഞ്ജസമായി തന്റെ കവിതയില്‍ സമ്മേളിപ്പിക്കാന്‍ പാലൂരിന് കഴിഞ്ഞു.
ആധുനിക മലയാള കവിതയില്‍ നവഭാവുകത്വം സൃഷ്ടിച്ച കവികളുടെ ഗണത്തില്‍ ശ്രദ്ധേയനായിത്തീര്‍ന്നു എം.എന്‍. പാലൂര്. ആധുനികതയുടെ ഈ നവീന ചൈതന്യധാരയുള്‍ക്കൊണ്ട് രചന നടത്തിയ കവികള്‍ വേറെയുമുണ്ട്. പക്ഷേ, അവരില്‍നിന്നൊക്കെ പാലൂരിനെ വ്യത്യസ്തനാക്കുന്ന ചില ഘടകങ്ങളുണ്ട്. അത്, അദ്ദേഹത്തിന്റെ വേറിട്ട ജീവിതാനുഭവങ്ങളില്‍നിന്ന് ഉയിര്‍ക്കൊണ്ടവയാണ് എന്നുതന്നെ പറയാം. നഗ്നമായ ജീവിതസത്യങ്ങളേയും തീക്ഷ്ണമായ അനുഭവങ്ങളേയും ആവിഷ്കരിക്കുമ്പോള്‍ പോലും, നിഷേധാത്മകത്വത്തിന്റെ, വ്യര്‍ത്ഥതാബോധത്തിന്റെ തലത്തിലേക്ക് വഴുതിപ്പോകാതെ, പ്രസാദാത്മകമായ ഒരു ശൈലിയുടെ പ്രകാശം വിതറുന്നു പാലൂര്‍ക്കവിത.
മഹാഭാരതവും കൃഷ്ണഗാഥയും എഴുത്തച്ഛന്റെ രാമായണവും പൂന്താനത്തിന്റെ ജ്ഞാനപ്പാനയും മറ്റ് സ്തോത്രങ്ങളും കേട്ടും വായിച്ചും വളര്‍ന്ന പാലൂരിന്റെ കാവ്യജീവിതത്തില്‍ ആ സംസ്കാരത്തിന്റെ ചൈതന്യം ജ്വലിച്ചുനില്ക്കുന്നത് തികച്ചും സ്വാഭാവികം. മഹാഭാരതത്തിലെ കൃഷ്ണസങ്കല്പം ആ കവിതകളില്‍ നിഴലിച്ചുകാണാം. ഗോപികമാര്‍ക്ക് കാമുകനായും അമ്മമാര്‍ക്ക് മകനായും പണ്ഡിതന്മാര്ക്ക് പരമാത്മാവായും മഹര്ഷിമാര്ക്ക് സൃഷ്ടി-സ്ഥിതി-സംഹാരകനായും അനുഭവപ്പെടുന്ന കൃഷ്ണന് എക്കാലവും, തന്നെ ഹരംപിടിപ്പിച്ചിട്ടുള്ള ഒരു കഥാപാത്രമാണെന്ന് അദ്ദേഹം, ഒരഭിമുഖത്തില്‍, പറയുന്നുണ്ട്.
ജന്മംകൊണ്ട് ബ്രാഹ്മണനാണ്. കര്‍മ്മംകൊണ്ട് വിഗ്രഹാരാധന (ശാന്തി) ചെയ്തിട്ടുണ്ട്. പക്ഷേ, സാധാരണ വിശ്വാസിയെപ്പോലെ വിഗ്രഹപൂജയില്‍ അധിഷ്ഠിതമായ ഈശ്വരസങ്കല്‍പമല്ല പാലൂരിന്റേത്. സൃഷ്ടിരഹസ്യങ്ങളിലേക്കും പ്രപഞ്ചസമഗ്രതയിലേക്കും അദ്വൈതപ്പൊരുളിലേക്കും നീളുന്ന ദാര്‍ശനികതയുടെ ആഴങ്ങളില്‍നിന്നാണ് അദ്ദേഹത്തിന്റെ വരികള്‍ ഉയിര്‍ക്കൊള്ളുന്നത്.
ഇതിഹാസ പുരാണങ്ങളിലൂടെയുള്ള നിതാന്തസഞ്ചാരം നല്കിയ അനുഭവജ്ഞാനത്തിന്റെ കാവ്യാവിഷ്കാരമായ ‘കലികാലം’ എന്ന സമാഹാരം പുറത്തുവന്നതോടെയാണ് കവിയെന്ന നിലയില്‍ പാലൂര് ശ്രദ്ധിക്കപ്പെട്ടുതുടങ്ങിയത്. പേടിത്തൊണ്ടന്‍, തീര്‍ത്ഥയാത്ര, സുഗമസംഗീതം തുടങ്ങിയ കൃതികള്‍ അതിനു മുന്‍പുതന്നെ പ്രസിദ്ധീകരിച്ചിരുന്നു. കവിത, സര്‍ഗ്ഗധാര, ഭംഗിയും അഭംഗിയും, പച്ചമാങ്ങ, ഒളിച്ചുകളി, പേരില്ലാപ്പൂവ് എന്നിവയാണ് പ്രധാന രചനകള്‍.
മൂല്യങ്ങള്‍ നഷ്ടപ്പെടുന്ന പുതിയ ലോകത്തിന് വെളിച്ചം കാണിക്കുവാന്‍, മഹാഭാരതം പോലുള്ള ഇതിഹാസങ്ങളും കാളിദാസകാവ്യങ്ങളുമൊക്കെ നിര്‍ദ്ദേശിക്കുന്ന സനാതന ധര്‍മ്മത്തിനു മാത്രമേ കഴിയൂ എന്ന് വിശ്വസിച്ചിരുന്ന ഒരു ദാര്‍ശനിക കവിയെയാണ് എം.എന്‍. പാലൂരിന്റെ തിരോധാനത്തോടെ നമുക്ക് നഷ്ടപ്പെട്ടത്.
പി.വി. കൃഷ്ണന് കുറൂര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: