മനുഷ്യനെ ആകെ അപഗ്രഥിക്കുന്ന ഡോക്ടര്‍ രോഗിയുടെ ഹൃദയവും മനസ്സും കീഴടക്കണം. മനുഷ്യത്വ പൂര്‍ണ്ണമായ സമീപനമാണ് ഒരു ഡോക്ടറെ ജനകീയനാക്കുന്നത്. യാന്ത്രികമായ രോഗീപരിചരണമല്ല വേണ്ടത്. ഇവിടെയാണ് ഡോ. വിജിത് ശശിധര്‍ എന്ന മനുഷ്യസ്നേഹിയായ ഭിഷഗ്വരനെ വേറിട്ടു നിര്‍ത്തുന്നത്. പുതിയ പുതിയ അറിവുകള്‍ സ്വാംശീകരിക്കുകയും, അതു മനുഷ്യന് ഗുണപ്രദമാക്കുകയും ചെയുന്ന ഡോ. വിജിത് ശശിധര്‍ ഒരു മനീഷിയാണ്. ആയുര്‍വേദത്തില്‍ പരീക്ഷണമെന്ന് കേള്‍ക്കുമ്പോള്‍ പലരും അത്ഭുതം കൂറും. എന്നാല്‍ അന്വേഷണവും പരീക്ഷണവുമാണ് വിജിത്തിന്റെ ഓരോ നിമിഷവും. ആധുനിക വൈദ്യശാസ്ത്രത്തിന്റെ ഗുണവും പോരായ്മയും വിവേചനത്തോടെ നോക്കിക്കാണുന്ന ഡോക്ടര്‍ ലോകം അംഗീകരിച്ച ആയുര്‍വേദത്തോടൊപ്പം സഞ്ചരിക്കാന്‍ ഒട്ടേറെ കാരണങ്ങളുണ്ട്. അതുകൊണ്ടാണ് വൈക്കത്ത് ശ്രീകൃഷ്ണ ആയുര്‍വ്വേദ ആശുപത്രി എന്ന ആതുരാലയം വേറിട്ടു നില്‍ക്കുന്നത്. ഇവിടെ ചികിത്സ തേടുന്നവര്‍ പൂര്‍ണ്ണ സംതൃപ്തിയോടെയാണ് മടങ്ങുന്നത്.
അച്ഛനും അമ്മയും പ്രചോദനം
അച്ഛന് പി. ശശിധരനില്‍ നിന്ന് ചെറുപ്പത്തിലേ യോഗ പഠിച്ചു. യോഗ പഠനം ഭാരതീയ ശാസ്ത്രങ്ങളിലേക്ക് ശ്രദ്ധപതിയാന്‍ കാരണമായി. അമ്മ ഒ.എം. വിമല വൈക്കം ആശുപത്രിയിലെ നേഴ്സിങ് സൂപ്രണ്ടായിരുന്നു. വീടിന് സമീപവാസികള്‍ക്ക് ചെറിയ അസുഖങ്ങള്‍ വരുമ്പോള്‍ വീട്ടില്‍ വന്നാണ് മരുന്ന് വാങ്ങിയിരുന്നത്. ചിലപ്പോള്‍ അമ്മ വീട്ടില്‍ കാണില്ല. അപ്പോള്‍ വിജിത്താണ് മരുന്ന് കൊടുത്തിരുന്നത്. വളരെ ചെറുപ്പത്തില്‍ തന്നെ മരുന്നുമായി ഇടപഴകാന്‍ ഇത് കാരണമായി. നിരന്തരമായി ഇംഗ്ലീഷ് മരുന്ന് എടുക്കുന്നതുമൂലം അമ്മയ്ക്ക് കൈയ്ക്ക് ചില അലര്‍ജി വരുമായിരുന്നു. അപ്പോള്‍ അമ്മ പറയും, ഇംഗ്ലീഷ് മരുന്നുകള്‍ ആവശ്യത്തിന് മാത്രമേ ഉപയോഗിക്കാവൂ. ഇന്നും അമ്മയുടെ വാക്ക് അതേപോലെ പാലിക്കാന്‍ ഈ മകന് ബദ്ധശ്രദ്ധനാണ്. ആതുര സേവനത്തിന്റെ മഹത്വം അമ്മയില്‍ നിന്നാണ് അറിഞ്ഞത്.
സ്വാമി വിവേകാനന്ദന് മാര്‍ഗ്ഗദര്‍ശി
ആഴത്തിലുള്ള വായനക്കിടെയാണ് വിവേകാനന്ദ സാഹിത്യസര്‍വ്വസ്വം വായിക്കാനിട വന്നത്. അത് ഡോ. വിജിത്തിന് ദിശാബോധം നല്കി. മൂന്നാം വര്‍ഷ ഭൗതികശാസ്ത്ര ബിരുദ വിദ്യാര്‍ത്ഥിയായിരുന്ന വിജിത് ഭാരതീയ ഭൗതികശാസ്ത്രങ്ങളായ ന്യായ, വൈശേഷിക, സാംഖ്യങ്ങളില്‍ അധിഷ്ഠിതമായ ആയുര്‍വ്വേദ വൈദ്യശാസ്ത്രം തിരഞ്ഞെടുക്കാന്‍ തീരുമാനിച്ചു. 2002-ല്‍ കര്‍ണ്ണാടക കൊപ്പ അരൂര്‍ ലക്ഷ്മി നാരായണ ആയുര്‍വ്വേദ കോളേജില്‍നിന്ന് ആയുര്‍വ്വേദ പഠനം പൂര്‍ത്തിയാക്കി. പ്രശസ്ത ആയുര്‍വ്വേദ ഗവേഷകനായ ഡോ. റാം മനോഹര്‍ ഉള്‍പ്പെടുന്ന അദ്ധ്യാപകരുടെ ശിക്ഷണത്തിലായിരുന്നു പഠനം. ആയുര്‍വ്വേദ പഠനത്തോടൊപ്പം ശൃംഗേരി മഠം കോളേജ് പ്രിന്‍സിപ്പല്‍ ഗിരിധര്‍ ശാസ്ത്രിയുടെ കീഴില്‍ സംസ്കൃതവും താന്ത്രിക വിദ്യയും സ്വായത്തമാക്കി. പാലക്കാട്ട് പൂത്തോട്ടം ആയുര്‍വ്വേദ ആശ്രമത്തില്‍ ഡോ. രവീന്ദ്രനാഥ് നമ്പൂതിരിയുടെ കീഴില്‍ ആയുര്‍വ്വേദത്തോടൊപ്പം യോഗയിലും താന്ത്രികതയിലും പ്രായോഗിക പരിശീലനം നേടി.
ആയുര്‍വ്വേദത്തില്‍ ഗവേഷണം വേണം
ആയുര്‍വ്വേദത്തില്‍ മികച്ച ഗവേഷണം വേണമെന്ന് ഡോ. വിജിത് പറയുന്നു. ആധുനിക വൈദ്യശാസ്ത്രത്തിന് ചികിത്സയില്ലാത്ത ഒട്ടേറെ മേഖലകളുണ്ട്. ഇവിടെ ആയുര്‍വ്വേദം ഫലപ്രദമാണ്. ഇത്തരം രോഗങ്ങളെ പ്രതിരോധിക്കാന്‍ വേണ്ട പരിശ്രമങ്ങളാണ് ആവശ്യം. വിദേശരാജ്യങ്ങളില്‍ ആയുര്‍വ്വേദത്തിന് നല്ല സാദ്ധ്യതകളാണ്. ചില ആയുര്‍വ്വേദ മരുന്നുകള്‍ക്ക് അമേരിക്കയില്‍ വിലക്കുണ്ട്. 16-ാം നൂറ്റാണ്ടിനുശേഷം ആയുര്‍വ്വേദത്തില്‍ കാര്യമായ ഗവേഷണം ഇന്ത്യയില്‍ നടന്നിട്ടേയില്ല. എന്നാല്‍ ജര്‍മ്മനിയില്‍ ആയുര്‍വ്വേദത്തില്‍ ആഴത്തിലുള്ള ഗവേഷണം നടക്കുന്നു. ആയുര്‍വ്വേദത്തിലെ ഗവേഷണത്തിന് ഒരു സര്‍ക്കാരും പ്രോല്‍സാഹനം നല്‍കുന്നില്ല. അലോപ്പതിക്ക് ചികിത്സിച്ചു ഭേദമാക്കാന്‍ പറ്റാത്ത രോഗങ്ങളില്‍ മാത്രം ആയുര്‍വ്വേദം ഗവേഷണം നടത്തിയാല്‍ മതി. കൊച്ചി അമൃത ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ ആയുര്‍വ്വേദത്തില്‍ ഗവേഷണം നടക്കുന്നു. അമൃതയിലെ റിസര്‍ച്ച് ഓഫീസര്‍ കൂടിയാണ് ഡോ. വിജിത്. മറ്റ് രാജ്യങ്ങളുമായി വ്യാപാര കരാറില്‍ ഒപ്പുവെക്കുന്ന ചൈന ആദ്യം ആവശ്യപ്പെടുക തങ്ങളുടെ മരുന്നുകള്‍ക്ക് വിപണി വേണമെന്നാണ്. അതുകൊണ്ടുതന്നെ ചൈനീസ് മരുന്നുകള്‍ക്ക് ലോക വിപണിയില്‍ സ്ഥാനമുണ്ട്. അതിലും മഹത്തരമായ ആയുര്‍വ്വേദത്തിന് അത് നേടിയെടുക്കാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല. നരേന്ദ്രമോദി പ്രധാനമന്ത്രിയായതിനുശേഷം ആയുഷ് വകുപ്പ് രൂപീകരിച്ച് ചില നടപടികള്‍ തുടങ്ങിയത് ആശ്വാസകരമാണെന്നും അദ്ദേഹം പറഞ്ഞു. ജര്‍മ്മനിയില്‍ അലോപ്പതി ഡോക്ടര്‍മാര്‍ക്ക് ആയുര്‍വ്വേദ പഠനവും നിര്‍ബന്ധമാണ്.
വിദേശരാജ്യത്ത് അദ്ധ്യാപകന്
ജര്‍മ്മനിയിലെ സേവാ അക്കാദമിയിലും ഹോളണ്ടിലെ അക്കാദമി ഓഫ് ആയുര്‍വ്വേദിക് സ്റ്റഡീസിലും അദ്ധ്യാപകനാണ് ഡോ. വിജിത്. വിദേശരാജ്യങ്ങളില്‍ ആയുര്‍വ്വേദ ചികിത്സാ രീതികളെക്കുറിച്ച് ചര്‍ച്ചകളും വര്‍ക്ക്ഷോപ്പുകളും സെമിനാറുകളും സംഘടിപ്പിക്കാന്‍ കഴിഞ്ഞതായി അദ്ദേഹം പറഞ്ഞു. 2005 ജനുവരിയില്‍ വൈക്കത്ത് പടിഞ്ഞാറേക്കര തുറുവേലിക്കുന്നില്‍ ആരംഭിച്ച ശ്രീകൃഷ്ണ ആയുര്‍വ്വേദ ആശുപത്രി ആയുര്‍വ്വേദ ഗവേഷണ കേന്ദ്രമാണ്. കാന്‍സര്‍ അടക്കമുള്ള നൂറുകണക്കിന് രോഗികള്‍ ചികിത്സയ്ക്കായി എത്തുന്നു. ആയുര്‍വ്വേദ പഠനം പൂര്‍ത്തിയാക്കിയ വിദേശികളും സ്വദേശികളുമായ വിദ്യാര്‍ത്ഥികള്‍ക്ക് ശുദ്ധവിദ്യ പകര്‍ന്നു നല്‍കുന്നതിനായി ആയുര്‍വ്വേദ ഗുരുകുലവും ഇവിടെ പ്രവര്‍ത്തിക്കുന്നു. ഗുരുമുഖത്തുനിന്ന് അഭ്യസിക്കുന്ന ശുദ്ധമായ ആയുര്‍വ്വേദത്തിന്റെ ആചരണവും പ്രചാരണവുമാണ് ഡോക്ടറുടെ ലക്ഷ്യം. ചികിത്സാ കേന്ദ്രത്തോടോപ്പം ആയുര്‍വ്വേദ ഔഷധ നിര്‍മ്മാണശാലയും പ്രവര്‍ത്തിക്കുന്നു. ഇവിടെ നിര്‍മ്മിക്കുന്ന ഔഷധം തന്നെയാണ് ചികിത്സക്കായി ഉപയോഗിക്കുന്നത്. കിടപ്പ് രോഗികള്‍ക്ക് അവരവരുടെ ചികിത്സയ്ക്ക് പര്യാപ്തമായ ഭക്ഷണമാണ് ഇവിടെ നല്‍കുന്നത്. ചികിത്സയ്ക്കായി രോഗികളോട് തുച്ഛമായ പണമാണ് ഈടാക്കുന്നത്.
ശിവരാമ വൈദ്യന്
ആയുര്‍വ്വേദം അഭ്യസിക്കുന്നതിന് മുമ്പ് വൈക്കത്തെ പരമ്പരാഗത വൈദ്യനായ ശിവരാമന് വൈദ്യരുടെ ശിക്ഷണത്തിനായി അദ്ദേഹത്തിന്റെ വൈദ്യശാലയില്‍ പോയിത്തുടങ്ങി. പുസ്തകത്തിനും അപ്പുറത്ത് ഗുരുമുഖത്തുനിന്ന് പലതും പഠിക്കാനുണ്ടെന്ന അറിവ് പകര്‍ന്ന് തന്നത് അദ്ദേഹമാണ്. പ്രായോഗിക പരിജ്ഞാനം ഗുരുമുഖത്തുനിന്നും ലഭിക്കണം. അതു കിട്ടാത്തതാണ് ആധുനിക ആയുര്‍വ്വേദത്തിന്റെ ഏറ്റവും വലിയ പോരായ്മയെന്ന് വിജിത്ത് ചൂണ്ടിക്കാട്ടുന്നു.
കെ.വി.ഹരിദാസ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: