2018-ല്‍ നാം കാണുന്ന സംസ്കൃതിയുടെ മുഖമെന്തോ അതിന്റെ കാരണം മുഖ്യമായും സാംസ്കാരിക രംഗത്തുള്ളവരുടെ പ്രവര്‍ത്തനമാണ്. ശാസ്ത്രലോകവും മതാചാര്യന്മാരുടെ ലോകവും ഭരണകൂടവ്യവസ്ഥകളും വഹിക്കുന്ന പങ്ക് അതിനുശേഷം മാത്രമാണ്. ഈ മൂന്ന് വ്യവസ്ഥകളോടും സാംസ്കാരിക നേതൃത്വം നീതി പുലര്‍ത്തുന്ന കാലത്തോളം സമൂഹത്തിന്റെ ഗതി സുഗമമായിരിക്കും. മറിച്ച് എന്നാണോ ഏകപക്ഷീയവും സ്വാര്ത്ഥപ്രേരിതവുമായി ഈ മൂന്നു ഘടകങ്ങളില്‍ ഓരോന്നിനെ സ്വാധീനിച്ച് മറ്റൊന്നിന് വിരുദ്ധമായി പ്രവര്‍ത്തിക്കുന്നത് അന്ന് വിനാശങ്ങളേ ഉണ്ടാകൂ.
ഇന്ത്യയുടെ നിലപാടുതറ ഈ സമരസതയുടെ തലത്തിലായിരുന്നു. കപിലന്റെ സിദ്ധാന്തങ്ങളെ യുക്തിസഹമായി എതിര്‍ത്ത ഋഷിയാണ് വ്യാസന്. പക്ഷേ ഷഡ്ദര്ശനത്തില് സാംഖ്യദര്‍ശനത്തിന് അദ്ദേഹംതന്നെ ഭാഷ്യമെഴുതി ഈ കാഴ്ചപ്പാടിനെ മഹത്തരമാക്ക ിത്തീര്ത്തു. ആശയങ്ങളെ ഉന്മൂലനം ചെയ്യലും ശാരീരിക കടന്നാക്രമണങ്ങളും ഈയാവശ്യത്തിനുവേണ്ടി ഇവിടെ അന്യമായിരുന്നു.
അധികാരദുര്നടപടികള്ക്കെതിരെ ശബ്ദമുയര്‍ത്താന്‍, അഴിമതിക്കും സ്വജനപക്ഷപാതത്തിനുമെതിരെ വിരല്‍ ചൂണ്ടാന്‍, അക്രമരാഷ്ട്രീയത്തിനെതിരെ ധര്മ്മദണ്ഡുയര്ത്താന്, സാമൂഹ്യ അനാചാരങ്ങളെ അഗ്നിക്കിരയാക്കാന്‍, അന്ധവിശ്വാസങ്ങളെ വലിച്ചെറിയാന്‍ ഇവര്‍ മുന്നിലുണ്ടായിരുന്നു. ഇന്ത്യയില്‍ ഈ സമൂഹം ‘കവി’ എന്ന രണ്ടക്ഷരംകൊണ്ടാണറിയപ്പെട്ടത്. ഈ നാടിന്റെ സംസ്കൃതി അനാദിയാണെന്നപോലെ അനശ്വരവുമായി നിലനില്ക്കാന് ആ ‘കവി’ത്വബോധം കാരണമായി. അക്കാരണംകൊണ്ട് കൂടിയായിരിക്കും, കവി ‘ഋഷി’യാണിവിടെ.
മാനവികതയുടെ പേരില്‍ മനുഷ്യന് മലകളെ നശിപ്പിച്ചപ്പോള്‍, തെളിനീര് വിഷമാക്കിയപ്പോള്, കാടിനുപകരം കോണ്‍ക്രീറ്റ് സൗധങ്ങളുയര്ത്തിയപ്പോള്, ജൈവ സമ്പത്തും വന്യസമ്പത്തും താറുമാറായി. കാടിന്റെ മക്കളെ ചൂഷണം ചെയ്തപ്പോള്‍, അവരെ പുകയിലയും മദ്യവും നല്കി വ്യഭിചരിച്ചപ്പോള്‍ ഒരു കവയിത്രി ക്ഷമകെട്ട് പാടിയതിങ്ങനെയാണ്: ‘ഇനിയീ മനസ്സില്‍ കവിതയില്ല. മണമില്ല മധുവില്ല മധുരമില്ല’
അക്രമവാസനയ്ക്കൊപ്പം പട്ടയമഹോത്സവങ്ങള്ക്കായി കാടിന്റെ മക്കളെ ഗളഹസ്തം ചെയ്തപ്പോള്‍ മറ്റൊരു കവി താക്കീത് നല്കി: ‘കുലമൊക്കെ മുടിച്ചവരവരുടെ കുടല്‍മാലകള്‍ തൂക്കിയെടുത്തു ജഗത്തിന് നിറമാലകള്‍ ചാര്‍ത്തും ഞാന്‍. വേട്ടക്കാരവരുടെ കയ്യുകള്‍ വെട്ടും ഞാന്‍ കല്‍മഴുവോങ്ങി.’ നെടുവീര്പ്പിട്ടുകൊണ്ടദ്ദേഹം പറഞ്ഞു. ‘വിരുന്നുവന്നവര്‍ വിരുന്നുവന്നവര്‍ ഉടമകളായ് നാമടിമകളായ്.’
എത്ര യാഥാര്‍ത്ഥ്യം. ഇവയൊന്നും ചെവിക്കൊള്ളാന്‍ തയ്യാറല്ലാത്ത ഒരു സമൂഹത്തെ സൃഷ്ടിച്ചെടുക്കാന്‍ അജണ്ടയുമായി പുറപ്പെട്ട ചിലരുടെ പ്രവൃത്തികള്‍ സാമൂഹ്യ ജീവിതത്തെ അപഥസഞ്ചാരത്തിലേക്ക് നയിച്ചുതുടങ്ങിയിരുന്നു. ഒടുങ്ങാത്ത തൃഷ്ണയും അന്തമില്ലാത്ത പകയും വിദ്വേഷവും വിത്തിട്ട കാലം കൂടിയാണിത്. ഇവിടെയിന്ന് ദേശസ്നേഹത്തെക്കുറിച്ച് പറയാന്‍ പാടില്ല. മാനവികമൂല്യങ്ങള്‍ക്ക് വിലയില്ല. മനുഷ്യനെന്ന ഇരുകാലിമൃഗത്തിനുവേണ്ടി മാത്രമാണുപോലും ഈ ജീവല്പ്രപഞ്ചം.
‘ആകാശാല്‍ പതിതം തോയം യഥാ ഗച്ഛതി സാഗരം’ എന്ന ആര്ഷസിദ്ധാന്തം പാര്ശ്വവല്ക്കരിക്കപ്പെട്ട് അവിടെ ഇപ്പറഞ്ഞ ആക്രാമികശരങ്ങള് തറയ്ക്കപ്പെട്ടിരിക്കുകയാണ്. ആ ആശയങ്ങളെ പ്രചരിപ്പിക്കലും പരിപോഷിപ്പിക്കലുമാണ് കേരളത്തിന്റെ സാംസ്കാരിക നേതൃത്വത്തിന്റെ നിലപാട് എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.
ഒ.വി.വിജയന്റെ കൃതികളില്‍ കാണപ്പെടുന്ന ‘മൃദുഹിന്ദുത്വം’ അപലപനീയമായിട്ടാണ് അവതരിപ്പിക്കപ്പെടുന്നത്. സക്കറിയയെപ്പോലുള്ള സാഹിത്യകാരന്മാരെ അത് അസ്വസ്ഥമാക്കുന്നു. തപസ്യ ഒ.വി. വിജയന് അവാര്‍ഡ് കൊടുത്തത് അദ്ദേഹം സ്വീകരിച്ചുപോലും. ഹരീഷിന്റെ ‘മീശ’യാകുന്ന വിശറിയുടെ ഇളംതെന്നലിലാണദ്ദേഹം അല്‍പ്പം ആശ്വാസം തേടുന്നത്. അതേസമയം, പവിത്രന് തീക്കുനിയുടെ കവിത ചാപിള്ളയായത് കെ. സച്ചിദാനന്ദന് കണ്ടിട്ടുമില്ല, കേട്ടിട്ടുമില്ല. ഈ കവി അന്ന് അങ്ങ് ദല്ഹിയിലായിരുന്നുവത്രേ.
ഇവര്‍ കല്‍ബുര്‍ഗിയുടെ മൃതദേഹം കണ്ടു, കാണണം. പ്രതികരിച്ചു, പ്രതികരിക്കണം. ഗൗരി ലങ്കേഷിന്റെ മരണമറിഞ്ഞു. അറിയണം, പ്രതികരിക്കണം. എന്നാല്‍ ഇവരാരും അട്ടപ്പാടിയിലെ ‘മധു’ എന്ന ദരിദ്രയുവാവിന്റെ വിശപ്പ് കൊലപാതകത്തിലേക്കെത്തിച്ച കാടത്തം അറിഞ്ഞില്ല. അഭിമന്യു എന്ന കോളജ് വിദ്യാര്‍ത്ഥിയുടെ കരളിലേക്കും ഹൃദയത്തിലേക്കും ആഴ്ന്നിറങ്ങിയ തീവ്രവാദിയുടെ കത്തി കണ്ടില്ല. ചേകന്നൂര്‍ മൗലവി മുതല്‍ പ്രൊഫ. ജോസഫ് വരെയുള്ളവരെക്കുറിച്ച് ഇവര്‍ ഒന്നുംതന്നെ കണ്ടിട്ടില്ല, കേട്ടിട്ടില്ല.
മുഖ്യധാരാവിശ്വാസികളെ അടച്ചാക്ഷേപിക്കുന്നതിനും ഉന്മൂലനാശം വരുത്താനും സാംസ്കാരിക പ്രവര്‍ത്തകരെന്ന നിലയില്‍ പലരും മുന്‍നിരപോരാളികളാണ്. അതേസമയം, അവര്‍ വിശ്വാസത്തിന്റെ മേലങ്കി, അത് മതത്തിന്റേതായാലും രാഷ്ട്രീയത്തിന്റേതായാലും അണിഞ്ഞുനില്ക്കാനും തയ്യാര്‍. അവരുടെ കൂലിയെഴുത്തുകാരായിപ്പോലും ഇക്കൂട്ടര്‍ രംഗപ്രവേശം ചെയ്യുന്നു.
കുമാരനാശാന് ഇക്കാലഘട്ടത്തിലാണ് ജീവിച്ചിരുന്നത് എങ്കില്‍ ‘ദുരവസ്ഥ’ എഴുതാന്‍ സാധിക്കുമായിരുന്നോ? അത് മറ്റൊരു ദുരവസ്ഥ ഉണ്ടാക്കുമായിരുന്നില്ലേ? സാംസ്കാരിക പൊതുധാരയെ വികലമാക്കുക, പിച്ചിച്ചീന്തുക, അത് തൂത്തെറിയുക എന്ന അജണ്ടയാണോ സാംസ്കാരിക നായകന്മാര് നടപ്പാക്കിക്കൊണ്ടിരിക്കുന്നത്?
വേദോപനിഷത്തുകളുടെ, പുരാണേതിഹാസങ്ങളുടെ, ചരിത്രസാക്ഷ്യങ്ങളുടെ ചട്ടക്കൂട്ടില്നിന്നുമാണ് ഭാരതത്തില്‍, പ്രത്യേകിച്ചും കേരളത്തില്‍ സംസ്കൃതിയുടെ ചട്ടക്കൂട് രൂപംകൊണ്ടത്. അതിന്റെ കോട്ടം ഈ നാടിന്റെ കോട്ടമായിരിക്കും. മൃദുഹിന്ദുത്വം പോലെ മൃദു ഇസ്ലാമും മൃദുക്രൈസ്തവതയും ചര്ച്ചാവിഷയമാകാമല്ലോ. എല്ലാറ്റിനോടും മൃദുസമീപനം തന്നെയാണ് നമ്മുടെ പൂര്‍വികര്‍ പുലര്‍ത്തിപ്പോന്നത്. മഗ്ദലനമറിയവും യേശുദേവനും മറ്റും സൃഷ്ടികളായി വന്നത് അങ്ങനെയാണ്. അക്കാലങ്ങളിലും മുഖ്യധാരാ ധാര്മികചിന്തകളെയും ചിഹ്നങ്ങളെയും വിമര്‍ശനവിധേയമാക്കിയിട്ടുണ്ട്. പക്ഷേ ഇന്ന് അവയെ ആക്രാമികമായി അവതരിപ്പിക്കുകയും ശിഥിലീകരണശാഠ്യത്തെ ആവിഷ്കാരസ്വാതന്ത്ര്യമായി വ്യാഖ്യാനിക്കുകയുമാണ് ചെയ്യുന്നത്. ഇതിനെ ആശയപരമായി പ്രതിരോധിച്ചാല്‍ പോലും അത് അസഹിഷ്ണുതയായി! ഇതിന്റെ മനശ്ശാസ്ത്രം മനസ്സിലാകുന്നില്ല.
എം.എന്‍. കാരശ്ശേരിയുടെ ഒരു ഹ്രസ്വമായ പ്രതികരണഭാഷണത്തില് പറഞ്ഞതുപോലെ, നിങ്ങളുടെ ഉടുതുണി അഴിഞ്ഞിരിക്കുന്നു. ഞങ്ങള്‍ കാണുന്നുണ്ട്. നിങ്ങള്‍ എവിടെ നില്ക്കുന്നു എന്ന കാര്യം ഞങ്ങള്‍ മനസ്സിലാക്കുന്നുണ്ട്. നിങ്ങള്‍ക്ക് സ്ഥാനമാനങ്ങള്‍ ലഭിച്ചേക്കാം. പണം ലഭിച്ചേക്കാം. പ്രശസ്തി ലഭിച്ചേക്കാം. അവാര്‍ഡ് ലഭിച്ചേക്കാം. പക്ഷേ നിങ്ങളെ ഞങ്ങള്‍ മനസ്സിലാക്കിക്കഴിഞ്ഞു.
എം. മോഹനന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: