കരിമണല്‍ ധാതുക്കളുടെ കയറ്റുമതി പൂര്‍ണമായും പൊതുമേഖലയിലാക്കിക്കൊണ്ടുള്ള കേന്ദ്രസര്‍ക്കാരിന്റെ തീരുമാനം ദീര്‍ഘവീക്ഷണത്തോടെയുള്ളതും രാജ്യതാല്‍പ്പര്യം സംരക്ഷിക്കുന്നതുമാണ്. ആണവോര്‍ജ വകുപ്പിന്റെ ശുപാര്‍ശപ്രകാരം വാണിജ്യമന്ത്രാലയമാണ് കരിമണല്‍ ഇന്ത്യന്‍ ട്രേഡ് ക്ലാസിഫിക്കേഷന്റെ രണ്ടാം പട്ടികയുടെ ഇരുപത്തിയാറാം അധ്യായത്തില്‍ ഉള്‍പ്പെടുത്തി വിജ്ഞാപനം പുറപ്പെടുവിച്ചിരിക്കുന്നത്. ഇതിനായി തീരദേശ കരിമണല്‍ കയറ്റുമതി നയം ഭേദഗതി ചെയ്തു. ഇതുപ്രകാരം പൊതുമേഖലാ സ്ഥാപനമായ ഇന്ത്യന്‍ റെയര്‍ എര്‍ത്ത്സ് ലിമിറ്റഡിന് (ഐആര്‍ഇ) മാത്രമാണ് ഇനി മുതല്‍ കരിമണല്‍ ധാതുക്കള്‍ കയറ്റുമതി ചെയ്യാനുള്ള അധികാരം. ഇല്‍മനൈറ്റ്, റൂട്ടൈല്‍, ല്യുക്കോസിന്, സില്ക്കോണ്, ഗാര്‍നെറ്റ്, സില്‍മനൈറ്റ്, മോണോസൈറ്റ് എന്നിവയടങ്ങിയ കരിമണലിനെയാണ് പുതിയ പട്ടികയില്‍പ്പെടുത്തി ആര്‍ക്കും കയറ്റുമതി ചെയ്യാമെന്ന അവസ്ഥ ഇല്ലാതാക്കിയിരിക്കുന്നത്.
യുപിഎ സര്‍ക്കാരിന്റെ കാലത്ത് 2007-ല്‍ നയം മാറുന്നതുവരെ കരിമണല്‍ ധാതുക്കള്‍ പ്രത്യേക പട്ടികയിലുള്പ്പെടുത്തിയവയായിരുന്നു. നയം മാറ്റത്തോടെ ഈ പട്ടിക ഇല്ലാതാവുകയും, ആണവ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്ന യുറേനിയവും തോറിയവും അടങ്ങിയ മോണോസൈറ്റ് ഒഴികെയുള്ളവ ആര്‍ക്കും കയറ്റി അയയ്ക്കാവുന്ന നിലവന്നു. ഈ അവസരം മുതലെടുത്ത് തമിഴ്നാട്, ആന്ധ്രാപ്രദേശ് മുതലായ തീരപ്രദേശ സംസ്ഥാനങ്ങളിലെ സ്വകാര്യ കമ്പനികള്‍ കേരളത്തില്‍ നിന്ന് വന്‍തോതില്‍ കരിമണല്‍ കടത്തിക്കൊണ്ടുപോയി കയറ്റുമതി ചെയ്തു. ഇതിലൂടെ കോടികള്‍ കൊയ്യാന്‍ ഈ കമ്പനികള്‍ക്ക് കഴിഞ്ഞു. ഒരു മാഫിയതന്നെ ഈ രംഗത്ത് സജീവമായി എന്നുവേണം പറയാന്‍. അതേസമയം, കേരളത്തില്‍ കരിമണല്‍ ഖനനം നടത്താന്‍ സ്വകാര്യ കമ്പനികള്‍ക്ക് അനുമതിയില്ലാത്തത് ആന്ധ്രയിലെയും മറ്റും കമ്പനികള്‍ക്ക് ചാകരയായി. സംസ്ഥാനത്ത് കൊല്ലം, ആലപ്പുഴ ജില്ലകളിലാണ് മുഖ്യമായും കരിമണലുള്ളത്.
ലോകത്തില്‍ വച്ചുതന്നെ, കരിമണല്‍ ധാതുക്കളിലൊന്നായ തോറിയം നിക്ഷേപത്തിന്റെ 40 ശതമാനവും കന്യാകുമാരി മുതല്‍ കൊല്ലംവരെയുള്ള തീരദേശങ്ങളിലാണുള്ളത്. ആണവനിലയങ്ങളിലാണ് ഇത് ഉപയോഗിക്കുന്നത്. ചൈനയിലേക്കും അമേരിക്കയിലേക്കുമൊക്കെ ഇത് കയറ്റുമതി ചെയ്ത് സ്വകാര്യ കമ്പനികള്‍ വര്‍ഷംതോറും ആയിരക്കണക്കിന് കോടി രൂപ സമ്പാദിക്കുന്നത്. ചില ധാതുക്കള്‍ ആണവായുധങ്ങളുടെ നിര്‍മാണത്തിനും വിമാനങ്ങളുടെ എന്‍ജിനുകള്‍ നിര്‍മിക്കാനും ഉപയോഗിക്കുന്നു. ഇതാണ് ലാഭക്കൊതിയോടെ ഈ മേഖലയില്‍ കണ്ണുവയ്ക്കാന്‍ സ്വകാര്യ കമ്പനികളെ പ്രേരിപ്പിക്കുന്നത്.
രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥയ്ക്ക് വന്‍തോതില്‍ മുതല്‍ക്കൂട്ടാവുന്ന ധാതുവിഭവമാണ് കരിമണല്‍. ഇവ ശരിയായി ഉപയോഗിക്കാനുള്ള അവസരമുണ്ടാവണം. കാരണം, ഖനനം ചെയ്ത് എടുക്കാതിരുന്നാല്‍ വര്‍ധിക്കുന്ന ഒന്നല്ല കരിമണല്‍. സുനാമി പോലുള്ളവ സംഭവിച്ചാല്‍ ഏതെങ്കിലും ഒരു പ്രത്യേക തീരത്തുനിന്ന് ഒറ്റയടിക്ക് നഷ്ടപ്പെടാനുള്ള സാധ്യതയുമുണ്ട്. ഇക്കാര്യങ്ങള്‍ കണക്കിലെടുത്താവാം കയറ്റുമതിക്ക് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും ഖനനത്തിനും സംസ്കരണത്തിനും സ്വകാര്യ കമ്പനികള്‍ക്കുള്ള അനുമതി നിലനിര്‍ത്തിയിരിക്കുന്നത്. ചൂഷണം ഒഴിവാക്കുമ്പോള്‍ തന്നെ രാജ്യത്തെ വിഭവങ്ങള്‍ ജനങ്ങള്‍ക്ക് പ്രയോജനപ്പെടണം എന്ന നയമാണ് നരേന്ദ്രമോദി സര്‍ക്കാരിന്റേത്. ഇതിനനുസൃതമായാണ് ഇപ്പോള്‍ കരിമണല്‍ ധാതുക്കളുടെ കയറ്റുമതി പൊതുമേഖലയ്ക്ക് കീഴിലാക്കിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: