ഒരു പ്രശ്നത്തിലും നിലപാടുകളോ നയങ്ങളോ ഇല്ലാത്തപാര്ട്ടിയാണ് സിപിഎം. ഏതെങ്കിലും തരത്തില്‍ ഒരുനയം ഉണ്ടെങ്കില്‍ അത് തികച്ചും ജനവിരുദ്ധവുമായിരിക്കും. ശബരിമല വിഷയത്തിലും സിപിഎമ്മിന് നിരന്തരം മാറിക്കൊണ്ടിരിക്കുന്ന നിലപാടുകളാണുള്ളത്. പാര്‍ട്ടി സെക്രട്ടറി ഒന്നു പറയും. മുഖ്യമന്ത്രി പിണറായി വിജയന് മറ്റൊന്നു പറയും. ഇനി മറ്റു നേതാക്കള്‍ പറയുന്നതാകട്ടെ വേറൊന്നും. ശബരിമലയില്‍ സ്ത്രീകളെ എത്തിക്കാന്‍ തങ്ങളില്ലെന്ന് മലക്കം മറിഞ്ഞ കോടിയേരി ബാലകൃഷ്ണനു പിന്നാലെ തങ്ങളോട് അടിയുറച്ചു നില്‍ക്കുകയും അനുഭാവികളുമായ വിദ്യാര്‍ഥിനികളെ ശബരിമലയില്‍ എത്തിക്കാനുള്ള ബോധവല്‍ക്കരണം എറണാകുളം മഹാരാജാസ് കോളേജില്‍ എസ്എഫ് ഐ നടത്തുന്നുവെന്നാണ് വിവരം. നിരീശ്വരവാദികളും വിശ്വാസികളുമല്ലാത്ത സിപിഎം എന്തിനു ശബരിമല വിഷയത്തില്‍ മാത്രം ഇത്ര നിര്‍ബന്ധ ബുദ്ധികാണിക്കുന്നു എന്നതാണ് മനസിലാവാത്തത്.
തൊടുന്നതിലെല്ലാം കൈപൊള്ളിയിരിക്കുമ്പോഴാണ് ശബരിമല പ്രശ്നത്തില്‍ സിപിഎം വീണ്ടും പെട്ടിരിക്കുന്നത്. വിശ്വാസവും ആചാരാനുഷ്ഠാനങ്ങളുമൊക്കെ ശക്തമായി പിന്തുടരുന്ന നാട്ടില്‍ അതിനെതിരെ പുരോഗമനവും ഊട്ടോപ്യയും പറഞ്ഞ് സ്വയം ജനാധിപത്യവിരുദ്ധമാകണോ ഈ പാര്‍ട്ടി. പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍പ്പോലും സ്ഥാനാര്‍ഥികളുടെ ജാതിയും മതവും വിശ്വാസവും നോക്കുന്ന സിപിഎം, പാര്‍ട്ടിക്കുള്ളില്‍ത്തന്നെ അധികാര സ്ഥാനങ്ങള്‍ പങ്കുവെക്കുമ്പോള്പ്പോലും ഇത്തരം കാര്യങ്ങള്‍ ശ്രദ്ധിക്കാറുണ്ട്. പിന്നെ എന്തുകൊണ്ട് ശബരിമല പ്രശ്നത്തില്‍ ഇവര്‍ക്കിത്ര ഉഷ്ണം എന്നു മനസിലാകുന്നില്ല.
പ്രളയാനന്തര പുനര്‍ജീവനം ഒട്ടുംതന്നെ മുന്നോട്ടുപോകാതെ പതിനായിരങ്ങള്‍ വിഷമിക്കുകയാണ്. ഒരു വാഗ്ദാനവും നിറവേറപ്പെട്ടിട്ടില്ല. അതിനിടയിലാണ് ബ്രൂവറി അഴിമതി വന്മലയായി തീര്‍ന്നിരിക്കുന്നത്. പീഡനവീരന് പി.കെ.ശശി എംഎല്‍എയുടെ കാര്യം എന്തായെന്നും ജനം ചോദിക്കുന്നു. ഇത്തരം നിരവധി ചോദ്യങ്ങള്‍ സര്‍ക്കാരിനെതിരെ കുന്തമുനപോലെ നീളുമ്പോഴാണ് വിശ്വാസികള്‍ക്കെതിരെ വലിയ പകപോലെ പിണറായി സര്‍ക്കാര്‍ പെരുമാറുന്നത്. നിരീശ്വര വാദികളുടേയും അവിശ്വാസികളുടേയും മാത്രം വോട്ടുകൊണ്ടാണ് പിണറായി ഭരണത്തിലേറിയത് എന്നു പറയാനാവുമോ. പാര്‍ട്ടിയിലെ വിശ്വാസികളുടെ വോട്ട് വേണ്ടെന്നു പറയാന്‍ സിപിഎമ്മിനാകുമോ. ഇങ്ങനേയും പ്രാകൃതമാകാന് കഴിയുമോ ഈ പാര്‍ട്ടിക്ക്.
കേരളം ഇന്നുവരെ കാണാത്ത മഹത്തായ കൂട്ടായ്മയാണ് ശബരിമലയുടെ കാര്യത്തില്‍ വിശ്വാസികളായ സ്ത്രീകളില്‍നിന്നും ഉണ്ടായിരിക്കുന്നത്. ഈ നൂറ്റാണ്ടിലും ജനാധിപത്യ മര്യാദകളെ കണ്ടില്ലെന്നു നടിച്ച് വിശ്വാസികള്‍ക്ക് എതിരായാല്‍ അത് സിപിഎമ്മിന്റെ നിലനില്പ്പിനെത്തെന്ന ബാധിക്കുമെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: