യുദ്ധാനന്തര ഇറ്റലിയുടെ ദുരന്തമുഖം പകര്‍ത്തിയ വിഖ്യാത ചലച്ചിത്രമാണ് വിറ്റോറിയോ ഡിസീക്ക സംവിധാനം ചെയ്ത ‘ബൈസിക്കിള്‍ തീവ്സ്’. ലോകത്തിലെ മഹത്തായ 50 സിനിമകളില്‍ ഒന്നായി ഇത് പരിഗണിക്കപ്പെടുന്നു. 1948ല്‍ പുറത്തിറങ്ങിയ ചിത്രത്തിന് ഇപ്പോള്‍ 70 വയസ്സ്.
ല്യൂഗി ബാര്‍ട്ടോലിനി ഇതേ പേരില്‍ രചിച്ച നോവലിന്റെ ചലച്ചിത്രാവിഷ്ക്കാരമാണ് ബൈ സിക്കിള്‍ തീവ്സ്. പ്രധാനമായും ഒരു ദിവസത്തെ സംഭവങ്ങളാണ് ഇതില്‍ ഉള്‍ക്കൊള്ളിച്ചിട്ടുള്ളത്. ഇറ്റാലിയന്‍ ഭാഷയിലുള്ള ചിത്രത്തിന്റെ ദൈര്‍ഘ്യം 93 മിനിറ്റ്. സത്യജിത് റേയേപ്പോലുള്ള ചലച്ചിത്രകാരന്മാരെ സിനിമാ മേഖലയിലേക്ക് ആകര്‍ഷിച്ച ചിത്രം കൂടിയാണിത്.
മുഖ്യകഥാപാത്രമായ അന്തോണിയോ റിച്ചിക്ക് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന് മുന്നിലുള്ള മാസങ്ങളുടെ കാത്തിരിപ്പിനൊടുവില്‍ ഒരു താല്‍ക്കാലിക ജോലി ലഭിക്കുന്നു. മതിലുകളില്‍ പോസ്റ്റര്‍ പതിക്കുന്ന ജോലി. പക്ഷെ ജോലിയില്‍ ചേരണമെങ്കില്‍ സ്വന്തമായി സൈക്കിള്‍ വേണം. അന്തോണിയോയുടെ സൈക്കിള്‍ പണയത്തിലാണ്. ഭാര്യയുടെ ഉപദേശപ്രകാരം വീട്ടിലെ കിടക്കവിരികള്‍ പണയമായി നല്കി സൈക്കിള്‍ തിരിച്ചെടുക്കുന്നു. എന്നാല്‍ ജോലി തുടങ്ങി അധികം കഴിയും മുമ്പുതന്നെ സൈക്കിള്‍ മോഷ്ടിക്കപ്പെടുന്നു.
എട്ടു വയസ്സുകാരനായ മകനോടൊപ്പം അയാള്‍ സൈക്കിള്‍ തിരഞ്ഞു നടക്കുന്ന ദൃശ്യങ്ങള്‍ ആരെയും വേദനിപ്പിക്കും. സൈക്കിളില്ലെങ്കില്‍ ജോലി നഷ്ടപ്പെടും. പോലീസില്‍ പരാതി കൊടുത്തിട്ടും പ്രയോജനമുണ്ടാകുന്നില്ല. വെയിലത്ത് നടന്ന് തളര്‍ന്ന മകന് കൈയിലുള്ള ചില്ലിക്കാശുകൊണ്ട് ഒരു പിസ്സ വാങ്ങിക്കൊടുക്കാനായി അയാള്‍ നിലവാരമുള്ള ഒരു ഹോട്ടലില്‍ കയറുന്നു. തൊട്ടടുത്ത് മൃഷ്ടാന്ന ഭക്ഷണം കഴിക്കുന്ന ഒരു കുടുംബത്തെ അവര്‍ ശ്രദ്ധിക്കുന്നു. അവിടെ ഇരുവരും അനുഭവിക്കുന്ന നിസ്സംഗതയും സങ്കടവും പ്രേക്ഷകരെ നടുക്കും. മോഷ്ടാവിനെ അവര്‍ കണ്ടെത്തുന്നു. എന്നാല്‍ പോലീസിന് മുന്നില്‍ അവര്‍ക്ക് വിശ്വസനീയമായ തെളിവുകള്‍ നിരത്താനാവുന്നില്ല. ജോലി നഷ്ടപ്പെടുമെന്ന ആധി അയാളെ തീഷ്ണമായി അലട്ടുന്നു. ഫുട്ബോള്‍ മത്സരം നടക്കുന്നിടത്തുനിന്ന് അയാള്‍ ഒരു സൈക്കിള്‍ മോഷ്ടിക്കുന്നു.
എന്നാല്‍ അതില്‍ സാമര്‍ത്ഥ്യമില്ലാത്തതിനാല്‍ അയാള്‍ വേഗത്തില്‍ പിടിക്കപ്പെടുകയും ആള്‍ക്കൂട്ടത്തിന്റെ മര്‍ദ്ദനത്തിനിരയാവുകയും ചെയ്യുന്നു. മകന്റെ നിലവിളിയും സങ്കടവും കണ്ട് ജനം അയാളെ വിട്ടയയ്ക്കുന്നു. അനിശ്ചിതമായ ഭാവിയുടെ ഇരുട്ടിലേക്ക് വേച്ചുവേച്ചു നടന്നു നീങ്ങുന്ന അച്ഛന്റേയും മകന്റെയും ഹൃദയഭേദകമായ ദൃശ്യത്താടെയാണ് സിനിമ അവസാനിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: