പാട്ടുപാടി ബോധം കെട്ടപ്പോള്‍
പാടി അഭിനയിക്കുക. ഇതായിരുന്നു ആദ്യകാല മലയാള സിനിമകളിലെ രീതി. 1938ല്‍ പുറത്തിറങ്ങിയ ആദ്യ ശബ്ദചിത്രമായ ബാലനില്‍ 23 ഗാനങ്ങളാണ് ഉണ്ടായിരുന്നത്. ഇവ രചിച്ചത് കവിയും നടനും തിരക്കഥാകൃത്തും കൂടിയായ മുതുകുളം രാഘവന്‍പിള്ള. പ്രശസ്തമായ ഹിന്ദി-തമിഴ് ഈണങ്ങള്ക്കനുസരിച്ചാണ് ഗാനരചന നടത്തിയിരുന്നത്. രണ്ടാമത്തെ ശബ്ദചിത്രമായ ‘ജ്ഞാനാംബിക’യില്‍ 16 പാട്ടുകള്‍. സെബാസ്റ്റ്യന്‍ കുഞ്ഞുകുഞ്ഞു ഭാഗവതര്‍ നായകനായി അഭിനയിച്ച ചിത്രത്തിലെ ഗാനങ്ങള്‍ രചിച്ചത് മഹാകവി പുത്തന്‍കാവ് മാത്തന് തരകന്. സംഗീതം പകര്‍ന്നത് ജയരാമയ്യര്‍. ചിത്രത്തിലെ നായികയായ സി.കെ. രാജം പാട്ടുപാടിപ്പാടി ഷൂട്ടിങ്ങിനിടെ ബോധംകെട്ടു വീണതായും ഒരു കഥയുണ്ട്.
തുടക്കം നിര്‍മ്മലയില്‍
മലയാളത്തില്‍ പിന്നണിഗാന സമ്പ്രദായം നിലവില്‍വന്നത് ‘നിര്‍മ്മല’ (1948) യിലൂടെയാണ്. ആര്‍ട്ടിസ്റ്റ് പി.ജെ. ചെറിയാന് നിര്‍മ്മിച്ച ചിത്രത്തില്‍ അരങ്ങിലും അണിയറയിലും ഒട്ടേറെ മലയാളികള്‍ അണിനിരന്നു. ചിത്രത്തിന്റെ രചന നടത്തിയത് പുത്തേഴത്ത് രാമന് മേനോന്. പി.വി. കൃഷ്ണയ്യര്‍ സംവിധായകന്. മഹാകവി ജി. ശങ്കരക്കുറുപ്പ് എഴുതിയ ഗാനങ്ങള്‍ക്ക് സംഗീതം പകര്‍ന്നത് പി.എസ്. ദിവാകര്‍, ഇ.ഐ. വാര്യര്‍ എന്നിവര്‍.
നിര്‍മ്മലയിലെ ‘ശുഭലീല’ എന്നു തുടങ്ങുന്ന ആദ്യഗാനം പാടിക്കൊണ്ട് ടി.കെ. ഗോവിന്ദറാവു മലയാള സിനിമയിലെ ആദ്യത്തെ പിന്നണിഗായകനായി. ആദ്യ പിന്നണിഗായികയായ സരോജിനി മേനോന് ആലപിച്ച ‘കരുണാകര പീതാംബര’ എന്ന ഗാനവും ശ്രദ്ധേയമായിരുന്നു. ദക്ഷിണേന്ത്യന്‍ ഗായികമാരില്‍ പില്ക്കാലത്ത് പ്രസിദ്ധി നേടിയ പി. ലീലയുടെ അരങ്ങേറ്റ ചിത്രം കൂടിയായിരുന്നു നിര്‍മ്മല. ‘കേരളമേ ലോകനന്ദനം’ എന്ന ഗാനമായിരുന്നു ലീലയുടെ ആദ്യഗാനം.
പി. ലീല പറയുന്നു
സേലത്തിനടുത്ത് ഏര്‍ക്കാട്ടുള്ള മോഡേണ്‍ തീയറ്റേഴ്സില്‍ വച്ചാണ് നിര്‍മ്മലയിലെ ഗാനങ്ങളുടെ റെക്കോഡിങ് നടന്നത്. അതിനെപ്പറ്റി പി. ലീല പറഞ്ഞിട്ടുള്ളതിങ്ങനെ: ”ഓലകൊണ്ടും പനമ്പുകൊണ്ടും കെട്ടിമറച്ച ഒരു ഷെഡ്ഡായിരുന്നു സ്റ്റുഡിയോ. റോഡിനോട് ചേര്‍ന്നായതിനാല്‍ പുറത്തുകൂടി പോകുന്ന വാഹനങ്ങളുടെ ശബ്ദവും ഹോണടിയും റെക്കോഡിങ്ങിനെ തടസപ്പെടുത്തിക്കൊണ്ടിരുന്നു. ഇത് കണക്കിലെടുത്ത് കഴിയുന്നത്ര ഉച്ചത്തില്‍ പാടാനാണ് എന്നോട് നിര്‍ദ്ദേശിച്ചിരുന്നത്. സ്റ്റുഡിയോയുടെ തട്ടില്‍നിന്ന് താഴേക്ക് നീണ്ടുകിടന്ന മണ്കുടങ്ങളെപ്പറ്റി ഇന്നും ഓര്‍മ്മിക്കുന്നു. പ്രതിധ്വനി നിയന്ത്രിക്കാനുള്ള ലളിതമായ മാര്‍ഗമായിരുന്നു അത്.”
മലയാളത്തനിമയുടെ നീലക്കുയില്‍
നീലക്കുയില്‍. മലയാള മണ്ണിന്റെ മണമുള്ള ആദ്യസിനിമ (1954). രാഷ്ട്രപതിയുടെ വെള്ളി മെഡല്‍ നേടിയ ആദ്യത്തെ ദക്ഷിണേന്ത്യന്‍ സിനിമ. രാമുകാര്യാട്ട്, പി. ഭാസ്കരന് എന്നിവര്‍ സംവിധാനം ചെയ്ത സിനിമയ്ക്ക് തിരക്കഥ രചിച്ചത് ഉറൂബ്.
സംവിധായകരില്‍ ഒരാളായ പി. ഭാസ്കരന് രചിച്ച ഒമ്പത് ഗാനങ്ങള്‍ക്ക് ഈണം പകര്‍ന്നത് കെ. രാഘവന്. നാടന്‍പാട്ടുകളായിരുന്നു അവ. കെ. രാഘവന്റെ അരങ്ങേറ്റ ചിത്രം കൂടിയായിരുന്നു ‘നീലക്കുയില്‍’. കൊയ്ത്തുപാട്ട്, കീര്‍ത്തനം, മാപ്പിളപ്പാട്ട് തുടങ്ങിയ നാടന്‍ശീലുകള്‍ ചേര്‍ന്നവയായിരുന്നു ആ പാട്ടുകള്‍. സത്യന്, മിസ്കുമാരി, പ്രേമ, പി. ഭാസ്കരന് തുടങ്ങിയവരായിരുന്നു അഭിനേതാക്കള്‍.
നീലക്കുയിലിലെ ഗാനങ്ങള്‍
. എല്ലാരും ചൊല്ലണ് (ജാനമ്മ ഡേവിഡ്)
. കായലരികത്ത് വലയെറിഞ്ഞപ്പോള്‍ (കെ. രാഘവന്)
. എങ്ങനെ നീ മറക്കും കുയിലേ (കോഴിക്കോട് അബ്ദുള്‍ ഖാദര്‍)
. ഉണരുണരൂ… ഉണ്ണിക്കണ്ണാ… (ശാന്ത പി.നായര്‍)
. കടലാസുവഞ്ചി… (കോഴിക്കോട് പുഷ്പ)
. മാനെന്നും വിളിക്കില്ല (മെഹ്ബൂബ്)
ആയിരം പാദസരങ്ങള്‍ കിലുങ്ങി
മലയാള പിന്നണി സംഗീതത്തിന്റെ 70 വര്‍ഷം നീണ്ട ചരിത്രത്തിലെ ഏറ്റവും തിളക്കമാര്‍ന്ന പേരുകളില്‍ ഒന്നാണ് ഗാനഗന്ധര്വ്വന് യേശുദാസിന്റേത്. അനുഗ്രഹീത നടനും അഭിനേതാവുമായിരുന്ന അഗസ്റ്റിന് ജോസഫിന്റേയും എലിസബത്തിന്റെയും അഞ്ചുമക്കളില്‍ മൂത്തപുത്രനായി 1940 ജനുവരി 10ന് ഫോര്‍ട്ടുകൊച്ചിയില്‍ ജനിച്ചു.
1962ല്‍ പുറത്തിറങ്ങിയ ‘കാല്പാടുകള്’ എന്ന ചിത്രത്തില്‍ എം.ബി. ശ്രീനിവാസന് ചിട്ടപ്പെടുത്തിയ ശ്രീനാരായണഗുരുവിന്റെ ‘ജാതിഭേദം മതദ്വേഷം’ എന്നു തുടങ്ങുന്ന വരികള്‍ ആലപിച്ചുകൊണ്ടായിരുന്നു അരങ്ങേറ്റം. പില്ക്കാലത്ത് മലയാള സിനിമ യേശുദാസിന്റെ സ്വരപ്രപഞ്ചം തന്നെയായി. മുപ്പതിനായിരത്തിലേറെ ഗാനങ്ങള്‍ വ്യത്യസ്ത ഭാഷകളിലെ സിനിമകള്‍ക്കായി പാടി. അസമീസ്, കശ്മീരി, കൊങ്കണി എന്നിവയിലൊഴികെയുള്ള എല്ലാ ഇന്ത്യന്‍ ഭാഷകളിലും പാടുകയുണ്ടായി. കര്‍ണാടക സംഗീതത്തിലും അദ്ദേഹം തന്റെ സാന്നിധ്യമറിയിച്ചിട്ടുണ്ട്. ഏതാനും സിനിമകള്‍ക്ക് സംഗീത സംവിധായകനായും പ്രവര്‍ത്തിച്ചു. കായംകുളം കൊച്ചുണ്ണി, അച്ചാണി, നന്ദനം തുടങ്ങിയ സിനിമകളില്‍ പാടി അഭിനയിച്ചിട്ടുമുണ്ട്.
ശബരിമല ധര്‍മ്മശാസ്താ ക്ഷേത്രത്തില്‍ അത്താഴപൂജയ്ക്കുശേഷം നട അടയ്ക്കുന്നതിനു മുമ്പായി ആലപിക്കുന്ന ഹരിവരാസനം എന്ന കീര്‍ത്തനവും യേശുദാസാണ് ആലപിച്ചിട്ടുള്ളത്. ജി. ദേവരാജനാണ് ഇതിന് സംഗീതം പകര്‍ന്നത്.
അക്ഷരസ്ഫുടതയിലും ശബ്ദനിയന്ത്രണത്തിലും ഭാവപ്രകടനത്തിലും അസാമാന്യ പാടവം തെളിയിച്ചിട്ടുള്ള അദ്ദേഹം ഗാനഗന്ധര്വ്വന് എന്നു വിളിക്കപ്പെടുന്നത് തികച്ചും അന്വര്‍ത്ഥമാണ്.
താമസമെന്തേ വരുവാന്‍…
മലയാളഗാനശാഖയെ സമ്പന്നമാക്കിയ മറ്റൊരു അനശ്വര ചിത്രമാണ് ‘ഭാര്‍ഗവിനിലയം’ (1964). വൈക്കം മുഹമ്മദ് ബഷീറിന്റെ ‘നീലവെളിച്ചം’ എന്ന കഥയെ ആധാരമാക്കി അദ്ദേഹം രചിച്ച തിരക്കഥ. സംവിധാനം എ. വിന്‍സെന്റ്. മധു, പ്രേംനസീര്‍, വിജയനിര്‍മ്മല, പി.ജെ. ആന്റണി തുടങ്ങിയവര്‍ അഭിനയിച്ചു.
പി. ഭാസ്കരന്റെ രചനയില്‍ എം.എസ്. ബാബുരാജ് ഈണം പകര്‍ന്ന ഗാനങ്ങള്‍ കാലത്തെ അതിജീവിക്കുന്നവയാണ്. ഹിന്ദുസ്ഥാനി രാഗത്തിലുള്ള ഏഴ് ഗാനങ്ങളാണ് ഇതിലുള്ളത്.
$ താമസമെന്തേ വരുവാന്‍ (കെ. ജെ. യേശുദാസ്)
$ ഏകാന്തതയുടെ അപാരതീരം (കമുകറ പുരുഷോത്തമന്)
$ പൊട്ടിത്തകര്‍ന്ന കിനാവുകൊണ്ടൊരു (എസ്. ജാനകി)
$ അറബിക്കടലൊരു മണവാളന് (യേശുദാസ്)
$ പൊട്ടാത്ത പൊന്നിന് കിനാവുകൊണ്ടൊരു (ജാനകി)
$ വാസന്ത പഞ്ചമിനാളില്‍ (ജാനകി)
$ അനുരാഗമധുചഷകം (ജാനകി)
ഹിന്ദി-തമിഴ് സ്വാധീനം
പിന്നണിഗാന സമ്പ്രദായം രൂപംകൊണ്ടുവെങ്കിലും ഹിന്ദി-തമിഴ് ഈണങ്ങള്‍ ഉപയോഗിക്കുന്നതായിരുന്നു അപ്പോഴും പതിവ്. എന്നാല്‍ 1950കളോടെ പുതിയ കവികളും സംഗീത സംവിധായകരും എത്തിയത് വലിയ മാറ്റങ്ങള്‍ സൃഷ് ടിച്ചു. പി. ഭാസ്കരന്, വയലാര്‍ രാമവര്‍മ്മ, തിരുനയ്നാര്കുറിച്ചി മാധവന് നായര്‍, ശ്രീകുമാരന്‍ തമ്പി, ഒ.എന്‍.വി, യൂസഫലി കേച്ചേരി, ബിച്ചു തിരുമല, പൂവച്ചല്‍ ഖാദര്‍, കാവാലം നാരായണ പണിക്കര്‍ തുടങ്ങിയ ഗാനരചയിതാക്കള്‍ മലയാള ഗാനങ്ങളുടെ അനുകരണശൈലി മാറ്റിമറിച്ചു. സംഗീത സംവിധായകരായ കെ. രാഘവന്, ബ്രദര്‍ ലക്ഷ്മണ്, ദക്ഷിണാമൂര്‍ത്തി, ജി. ദേവരാജന്‍, പുകഴേന്തി, ചിദംബരനാഥ്, എം.എസ്. ബാബുരാജ്, എം.കെ. അര്ജുനന് തുടങ്ങിയവരുടെ സംഭാവനകള്‍ മലയാളഗാനശാഖയെ ജനപ്രിയമാക്കി.
കായലരികത്ത്
മലയാള ചലച്ചിത്രഗാനശാഖയ്ക്ക് തനിമ നേടിക്കൊടുത്ത ഗാന സംവിധായകരില്‍ ശ്രദ്ധേയനാണ് കെ. രാഘവന് മാസ്റ്റര്‍. നാല് ദശകക്കാലം ചലച്ചിത്ര വേദിയില്‍ നിറഞ്ഞുനിന്ന അദ്ദേഹം നാന്നൂറിലേറെ ഗാനങ്ങള്‍ ചിട്ടപ്പെടുത്തി. അറുപത്തഞ്ചോളം സിനിമകള്‍ക്ക് സംഗീതം പകര്‍ന്നു.
1913 ഡിസംബര്‍ രണ്ടിന് നാടന്‍പാട്ട് ഗായകനായ എം. കൃഷ്ണന്റേയും നാരായണിയുടെയും പുത്രനായി തലശ്ശേരിയില്‍ ജനിച്ചു. ആകാശവാണിയില്‍ തംബുരു ആര്‍ട്ടിസ്റ്റായി ജോലിയില്‍ പ്രവേശിച്ചു. നീലക്കുയില്‍ ആണ് ആദ്യമായി ഈണം പകര്‍ന്ന ചിത്രം. മെഹബൂബ്, കെ.പി. ബ്രഹ്മാനന്ദന്, എ.എം. രാജ, ബാലമുരളീകൃഷ്ണ, പി.ബി. ശ്രീനിവാസ്, ശാന്താ പി.നായര്‍, എം.ജി. രാധാകൃഷ്ണന്, വാണി ജയറാം തുടങ്ങി ഒട്ടേറെ ഗായകരെ മലയാള സിനിമയില്‍ അവതരിപ്പിച്ച സംഗീത സംവിധായകന് കൂടിയാണ് കെ. രാഘവന്. 1997ല്‍ അദ്ദേഹത്തിന് ജെ.സി. ദാനിയേല്‍ പുരസ്കാരം ലഭിച്ചു. 100-ാം പിറന്നാള്‍ ആഘോഷിക്കാനുള്ള തയ്യാറെടുപ്പിനിടെ 2013 ഒക്ടോബര്‍ 19ന് രാഘവന് മാഷ് അന്തരിച്ചു.
പ്രശസ്ത ഗാനങ്ങള്‍
$ആത്മവിദ്യാലയമേ…, ചിത്രം: ഹരിശ്ചന്ദ്ര, രചന: തിരുനൈനാര്‍കുറിച്ചി മാധവന് നായര്‍, സംഗീതം: ബ്രദര്‍ ലക്ഷ്മണന്, ഗായകന്: കമുകറ പുരുഷോത്തമന്
$തളിരിട്ട കിനാക്കള്‍ തന് താമര മാലവാങ്ങാന്‍…, ചിത്രം: മൂടുപടം, രചന: പി. ഭാസ്കരന്, സംഗീതം: എം.എസ്. ബാബുരാജ്, ഗായിക: എസ്. ജാനകി
$താമസമെന്തേ വരുവാന്‍ പ്രാണസഖീ എന്റെ മുന്നില്‍…, ചിത്രം: ഭാര്‍ഗ്ഗവിനിലയം, രചന: പി. ഭാസ്കരന്, സംഗീതം: ബാബുരാജ്, ഗായകന്: യേശുദാസ്
$അഞ്ജന കണ്ണെഴുതി ആലിലത്താലി ചാര്‍ത്തി…, ചിത്രം: തച്ചോളി ഒതേനന്, രചന: പി. ഭാസ്കരന്, സംഗീതം: ബാബുരാജ്, ഗായിക: എസ്. ജാനകി
$മാനസമൈനേ വരൂ… ചിത്രം: ചെമ്മീന്‍, രചന: വയലാര്‍, സംഗീതം: സലില്‍ ചൗധരി, ഗായകന്: മന്നാഡെ
$കരയുന്നോ പുഴ ചിരിക്കുന്നോ…, ചിത്രം: മുറപ്പെണ്ണ്, രചന: പി. ഭാസ്കരന്, സംഗീതം: ചിദംബരനാഥ്, ഗായകന്: യേശുദാസ്
$സ്വര്‍ഗപുത്രീ നവരാത്രി…, ചിത്രം: നിഴലാട്ടം, രചന: വയലാര്‍, സംഗീതം: ദേവരാജന്‍, ഗായകന്: യേശുദാസ്
$ആയിരം പാദസ്വരങ്ങള്‍ കിലുങ്ങി…, ചിത്രം: നദി, രചന: വയലാര്‍, സംഗീതം: ദേവരാജന്‍, ഗായകന്: യേശുദാസ്
$സുപ്രഭാതം… സുപ്രഭാതം…, ചിത്രം: പണിതീരാത്ത വീട്, രചന: വയലാര്‍, സംഗീതം: എം.എസ്. വിശ്വനാഥന്, ഗായകന്: ജയചന്ദ്രന്
$പൂന്തേനരുവി…, ചിത്രം: ഒരു പെണ്ണിന്റെ കഥ, രചന: വയലാര്‍, സംഗീതം: ദേവരാജന്‍, ഗായിക: പി. സുശീല
$ഹൃദയസരസ്സിലെ പ്രണയപുഷ്പമേ…, ചിത്രം: പാടുന്നപുഴ, രചന: ശ്രീകുമാരന്‍ തമ്പി, സംഗീതം: വി. ദക്ഷിണാമൂര്‍ത്തി, ഗായകന്: യേശുദാസ്
$ചന്ദ്രികയിലലിയുന്നു ചന്ദ്രകാന്തം…, ചിത്രം: ഭാര്യമാര്‍ സൂക്ഷിക്കുക, രചന: ശ്രീകുമാരന്‍ തമ്പി, സംഗീതം: ദക്ഷിണാമൂര്‍ത്തി, ഗായകന്: യേശുദാസ്
$അഗ്നിപര്‍വ്വതം പുകഞ്ഞു…, ചിത്രം: അനുഭവങ്ങള്‍ പാളിച്ചകള്‍, രചന: വയലാര്‍, സംഗീതം: ദേവരാജന്‍, ഗായകന്: യേശുദാസ്
$കൃഷ്ണകൃപാസാഗരം…, ചിത്രം: സര്‍ഗ്ഗം, രചന: യൂസഫലി കേച്ചേരി, സംഗീതം: ബോംബെ രവി, ഗായകര്‍: യേശുദാസ്-ചിത്ര
$ഒരുവട്ടം കൂടിയെന്‍…, ചിത്രം: ചില്ല്, രചന: ഒ.എന്‍.വി, സംഗീതം: എം.ബി. ശ്രീനിവാസന്, ഗായകര്‍: യേശുദാസ്-ജാനകി
(പട്ടിക അപൂര്‍ണം)
സി. മുകുന്ദന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: