കേരളത്തില്‍ ആര്‍എസ്സ്എസ്സ് എന്നോ രാഷ്ട്രീയ സ്വയംസേവക സംഘമെന്നോ കേട്ടാല്‍, സംഘത്തെ പരിചയമുള്ള പഴമക്കാരുടെ മനസ്സില്‍ ആദ്യം തെളിഞ്ഞുവരിക, ഇവിടെ ആദ്യം പ്രാന്തപ്രചാരകനായ കെ. ഭാസ്കര്‍റാവുവിന്റെ മുഖമാവും. വിശേഷവിധിയായി ഒന്നുമില്ലാത്ത സാധാരണക്കാരന്റെ മുഖമായിരുന്നു അത്. മേധാശക്തിയുടെ ലക്ഷണമായി പറയപ്പെടുന്ന ഉയര്‍ന്ന നാസികയും, പല്ലുകളുടെ അറ്റം പുറത്തു കാണുന്ന മേല്‍ത്താടിയും, നമ്മുടെ ഹൃദയത്തിലേക്കിറങ്ങി ദൃഷ്ടി പായിക്കുന്ന കണ്ണുകളും, വശ്യമായ പുഞ്ചിരിയും ആരെയും ആകര്‍ഷിക്കുന്നതായിരുന്നു. അദ്ദേഹം പ്രാന്തപ്രചാരകനായിരുന്ന 1964 മുതല്‍ രണ്ട് പതിറ്റാണ്ടുകളോളം നീണ്ട കാലഘട്ടത്തില്‍ ആര്‍എസ്സ്എസ്സ് ഏറ്റവും വ്യാപകമായി വളര്‍ന്ന സംസ്ഥാനങ്ങളുടെ മുന്‍പന്തിയിലേക്ക് കേരളം കടന്നുവന്നു. ആ മഹാവ്യക്തിയുടെ ജന്മശതാബ്ദി വര്‍ഷത്തിലേക്ക് ഈ വരികള്‍ കുറിക്കുമ്പോള്‍ നാം പ്രവേശിക്കുകയാണ്. താന്‍ പ്രവര്‍ത്തിച്ച പ്രസ്ഥാനം, തന്റെ ശേഷം എത്ര ശക്തമായി ശാഖോപശാഖകളായി കരുത്താര്‍ജിച്ചു, തണല്‍വീശി വളരുന്നുവെന്നത് ആ വ്യക്തിയുടെ വിജയമാകുന്നു. തന്റെ പ്രവര്‍ത്തനഫലമായി തഴച്ചുവളര്‍ന്ന പ്രസ്ഥാനം തന്റെ അഭാവത്തില്‍ വളര്‍ച്ച നിലച്ച് വാടിക്കരിഞ്ഞ് അപ്രത്യക്ഷമാവുകയാണെങ്കില്‍ അത് ആ വ്യക്തിയുടെ വിജയമാവില്ല. സംഘാടകനെന്ന നിലയ്ക്ക് അയാളുടെ പരാജയംതന്നെ ആയിരിക്കും. അത്തരം പ്രസ്ഥാനങ്ങള്‍ എത്ര വേണമെങ്കിലും നമ്മുടെ ചുറ്റുപാടുമുണ്ട്.
വളരെ അസാധാരണനായ സാധാരണക്കാരനായായിരുന്നു അദ്ദേഹം ജനിച്ചത്. മ്യാന്മറിലെ ദിന്സാ എന്ന ചെറുനഗരത്തില്‍ പാര്‍പ്പുറപ്പിച്ച, മംഗലാപുരത്തിനടുത്തുള്ള ഗ്രാമക്കാരനായ ഡോ. ശിവറാം കളംബിയുടെ മകനായി, ബാല്യത്തില്‍ത്തന്നെ അച്ഛനമ്മമാരുടെ മരണശേഷം മുംബൈയിലേക്കു പറിച്ചുനടപ്പെട്ട കുടുംബാംഗമായി വളര്‍ന്നു. ഈശ്വരാധീനംകൊണ്ടെന്നപോലെ വിദ്യാര്‍ഥിയായിരിക്കെ തന്റെ വസതിക്കടുത്തുണ്ടായിരുന്ന സംഘശാഖയില്‍ പോകാനും, സംഘസ്ഥാപകന് ഡോ. ഹെഡ്ഗേവാറുമായി അടുപ്പത്തില്‍ വരാനും ഇടയായി. അത് ആ ജീവിതത്തെ അതിന്റെ പാത കണ്ടെത്താന്‍ സഹായിച്ചു. 1940-ല്‍ ഡോക്ടര്‍ജിയുടെ ദേഹാന്ത്യശേഷം, രാജ്യം കടന്നുവന്ന അതീവഗുരുതരമായ പരിതഃസ്ഥിതിയില്‍- സ്വാതന്ത്ര്യസമരം, മുസ്ലിംലീഗിന്റെ വിഭജനവാദം, കമ്യൂണിസ്റ്റുകളുടെ ഞാണിന്മേല് കളികള്‍- രാജ്യത്ത് സുസംഘടിതമായ ദേശീയശക്തിയെ വളര്‍ത്തിക്കൊണ്ടുവരാനുള്ള ഗുരുജിയുടെ ആഹ്വാനം ചെവിക്കൊണ്ട് സംഘപ്രചാരകനായി ജീവിതം സമര്‍പ്പിക്കാന്‍ ഭാസ്കര്‍ കളംബി എന്ന യുവാവ് തീരുമാനിക്കുന്നു. അദ്ദേഹം ദക്ഷിണ ദിക്കിലെ കൊച്ചി രാജ്യത്തേക്കാണ് 1964-ല്‍ നിയുക്തനായത്. തന്റെ ഓരോ പരാധീനതയെയും- ഭാഷ, ഭക്ഷണരീതി, ജീവിതശൈലി- പ്രവര്ത്തനവിജയത്തിനനുകൂലമാക്കി മാറ്റാനുള്ള ശ്രുതം (അതെ, സംഘപ്രാര്‍ഥനയില്‍ കണ്ടകാകീകര്ണമാര്ഗം സുഗമമാക്കിത്തീര്‍ക്കാന്‍ ആവശ്യമായതെന്ന് വിവരിക്കപ്പെട്ട ശ്രുതംതന്നെ) അദ്ദേഹം സ്വജീവിതത്തിന്റെ ഭാഗമാക്കിയിരുന്നു. അതിനാല്‍ അതിവേഗം എല്ലാ പരിതഃസ്ഥിതികളെയും മറികടന്ന് വിജയം കൈവരിക്കാന്‍ അദ്ദേഹത്തിനു കഴിഞ്ഞു.
1948 കാലത്ത് സംഘം നിരോധിക്കപ്പെട്ടപ്പോള്‍ തമിഴ്നാടിന്റെ ചുമതലകൂടി അദ്ദേഹത്തിനു നല്കപ്പെട്ടിരുന്നു. അവിടെ അറസ്റ്റുചെയ്യപ്പെട്ട അന്യസംസ്ഥാനക്കാരെയൊക്കെ സര്‍ക്കാര്‍ സംസ്ഥാനത്തിനു പുറത്താക്കിയിരുന്നു. മേല്‍വിലാസമായി പൈതൃകഗ്രാമമായ മംഗലാപുരത്തിനടുത്ത വീടിന്റെ വിലാസം കൊടുത്തതിനാല്‍ അദ്ദേഹത്തിനു ബഹിഷ്കരണം ബാധകമായില്ല. എന്നു മാത്രമല്ല തടവുകാരുടെ ചുമതല വഹിച്ച പോലീസ് സേനയുടെ തലവന്‍ സി.കെ. നായിഡുവിനെ സ്വയം പരിചയപ്പെട്ട് തങ്ങള്‍ ഒരുമിച്ച് മുംബൈയിലെ മാട്ടുംഗ മൈതാനത്തെ ക്രിക്കറ്റ് കളിച്ചിരുന്നതോര്മിപ്പിച്ചപ്പോള് പോലീസ്-തടവുകാരന് ബന്ധം മാറി അവിടെ ക്രിക്കറ്റ് സൗഹൃദം സ്ഥാനംപിടിച്ചു. ‘എവരി ഡിഫിക്കല്‍ട്ടി ഈസ് ആന്‍ ഓപ്പര്‍ച്യൂണിറ്റി’ എന്ന തത്ത്വം അവസരോചിതമായി ഉപയോഗിക്കുന്ന ശ്രുതം ഭാസ്കര്‍റാവുവിന്റെ ജീവിതത്തിലെങ്ങും കാണാന്‍ കഴിഞ്ഞു.
ഭാസ്കര്‍റാവുവിന്റെ ആദര്‍ശജീവിതത്തില്‍ നിറഞ്ഞുനിന്ന മാനുഷികതയും മമതയും എത്ര എതിരഭിപ്രായക്കാരുടെയും ഹൃദയത്തെ കീഴടക്കുന്നതായിരുന്നു. അനുഭവങ്ങള്‍ എത്രയെങ്കിലുമുണ്ട്. സ്വാനുഭവംതന്നെ പറഞ്ഞാല്‍ 1952-ല്‍ ഞാന്‍ പ്രചാരകനായി പോയപ്പോള്‍ വീട്ടിലും ബന്ധുക്കള്‍ക്കും അതു വലിയ ക്ഷോഭമുണ്ടാക്കി. ‘ആ ഭാസ്കര്റാവുവാണിതിനു കാരണം. അയാളോട് രണ്ടു വാക്ക് പറയണം’ എന്നുറച്ച് അദ്ദേഹത്തിന്റെ അടുത്ത തൊടുപുഴ സന്ദര്‍ശനത്തില്‍ നേരിട്ട അടുത്ത ബന്ധു അത്യന്തം ശാന്തനായി, പില്ക്കാലത്തെ സംഘത്തിന്റെയും ജനസംഘത്തിന്റെയും ഉറ്റബന്ധുവായിത്തീര്ന്നു. ഭാസ്കര്റാവുവാകട്ടെ പില്ക്കാല സന്ദര്‍ശനങ്ങളില്‍ താമസം എന്റെ വീട്ടിലാക്കിയെന്നു മാത്രമല്ല, സംഘചാലകസ്ഥാനം ഏറ്റെടുക്കാന്‍ അച്ഛനെ സമ്മതിപ്പിക്കുകയും ചെയ്തു.
അച്ഛന് രോഗബാധിതനായി കിടക്കുന്ന ദിവസങ്ങളില്‍ ഭാസ്കര്‍റാവുവിനെ കാണാന്‍ അഭിലഷിക്കുകയും, വിവരം അറിയിച്ചപ്പോള്‍ കറുകച്ചാലിനടുത്ത് ചമ്പക്കരയില്‍ ശ്രീധരക്കുറുപ്പിന്റെ ഭവനത്തില്‍ നടന്ന ചികിത്സ കഴിഞ്ഞ് എറണാകുളത്തേക്കു മടങ്ങുംവഴിക്ക് തൊടുപുഴയിലെ വീട്ടില്‍ വന്ന് അച്ഛനുമായി സംസാരിക്കുകയും ചെയ്തു. ആ യാത്രയിലെ മറ്റൊരു സംഭവം, ഭാസ്കര്‍റാവുവിന്റെ കൂടെയുണ്ടായിരുന്നവരെ വിസ്മയിപ്പിച്ചുകളഞ്ഞു. അവരുടെ കാര്‍ വരേണ്ടവഴി ഭാസ്കര്റാവുതന്നെ ഡ്രൈവര്‍ക്കു പറഞ്ഞുകൊടുത്തു; ”ഈരാറ്റുപേട്ടയ്ക്കടുത്ത് ഒരു കാട്ടുപ്രദേശത്ത് താമസക്കാരനായിരുന്ന ഒരാളെ കാണാന്‍ ഭാസ്കര്‍റാവു പോയി. ഞങ്ങള്‍ക്കാര്‍ക്കും ആളെ അറിയില്ല” എന്നവര്‍ പറഞ്ഞു. അദ്ദേഹത്തോടന്വേഷിച്ചപ്പോള് ഭരണങ്ങാനത്തും പരിസരങ്ങളിലും ശാഖ തുടങ്ങാന്‍ ഉത്സാഹിച്ച കെ.പി.എസ്. മാരാരായിരുന്നു അത്. നാലു പതിറ്റാണ്ടു മുമ്പ് ഞങ്ങള്‍ ഭാസ്കര്റാവുവിനെയുംകൊണ്ട് നടന്നുപോയ വീടായിരുന്നു അത്.
കേരളത്തിലെ പ്രവര്‍ത്തനം ശക്തമായിവരുന്നതിനിടെ ഉയര്‍ന്നുവന്ന പ്രശ്നങ്ങളെയെല്ലാം അത്യന്തം പ്രത്യുത്പന്നമതിത്വവും, ആത്മവിശ്വാസവുംകൊണ്ട് നേരിടാന്‍ അദ്ദേഹം സ്വയംസേവകരെ പഠിപ്പിച്ചു. എത്രയെത്ര പ്രതിസന്ധികളെയാണ് അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ സംഘപ്രസ്ഥാനങ്ങള്‍ മറികടന്നതെന്ന് എണ്ണിത്തിട്ടപ്പെടുത്താന്‍ കഴിയില്ല. വിശ്രമമെന്തെന്നറിയാതെയാണദ്ദേഹം പരിശ്രമിച്ചത്. ആരോഗ്യപ്രശ്നങ്ങള്കൊണ്ടാണ് അദ്ദേഹത്തെ കേരളത്തിന്റെ ചുമതലയില്‍നിന്ന് വിമുക്തനാക്കി, ഏതാണ്ട് ആഫീസ് പണി മാത്രമുള്ള മേഖലയിലേക്ക് സംഘനേതൃത്വം ചുമതലപ്പെടുത്തിയത്. മുംബൈയില്‍ അദ്ദേഹം കേരളീയനായി, ഭാസ്കരനായി കഴിഞ്ഞു. മുംബൈയിലെ മലയാളികള്‍ അങ്ങോട്ടു പ്രവഹിച്ചു. കല്യാണാശ്രമത്തിന്റെ പ്രവര്‍ത്തനത്തിന്റെ സമഗ്ര ചുമതലകളും ഏറ്റെടുത്തുവെന്നു മാത്രമല്ല, ഭാരതത്തിലെങ്ങുമുള്ള വനവാസി വിഭാഗങ്ങളെയാകെ കല്യാണാശ്രമത്തിന്റെ പരിപ്രേക്ഷ്യത്തിലേക്കു കൊണ്ടുവന്നു നവയുഗസൃഷ്ടിതന്നെ നടത്തി. അവരുടെ ജസ്പൂരിലെ ആസ്ഥാനത്തെ വനവാസി സംഗമത്തില്‍ രാഷ്ട്രപതിയെത്തന്നെ മുഖ്യാതിഥിയായി സ്വീകരിച്ചു. വനവാസികളുടെ സര്‍വതോമുഖമായ വികാസം സര്‍വ മേഖലകളിലും എത്തിച്ചു. വിദ്യാഭ്യാസത്തിനു പുറമെ കല, സാഹിത്യ, ചരിത്ര, സ്പോര്‍ട്സ് രംഗങ്ങളിലും പുതിയ സംരംഭങ്ങളുണ്ടാക്കി. വനവാസി ഒളിമ്പിക് ‘ഖേല്കൂദ’ ഇന്നൊരു ദേശീയ സംഭവമാണെങ്കില്‍ അതിന്റെ ഉറവിടം മറ്റാരുടെയും മസ്തിഷ്കമായിരുന്നില്ല.
അവരെ സേവിക്കാനായി രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളില്‍നിന്നും നൂറുകണക്കിന് അഭ്യസ്തവിദ്യര്‍ക്ക് മുന്നോട്ടുവരാന്‍ പ്രചോദനം നല്‍കിയത് അദ്ദേഹത്തിന്റെ പ്രതിഭതന്നെയായിരുന്നു. വനവാസി വിഭാഗം ബൃഹത്തായ ഹിന്ദുസമാജത്തിന്റെ ഘടകമാണെന്നും, ആ മഹത്തായ പൈതൃകത്തിനു തങ്ങളും അവകാശികളാണെന്ന അനുഭൂതി അവരില്‍ രൂഢമൂലമാകണമെന്നും അദ്ദേഹമാഗ്രഹിച്ചു. അത് സാഫല്യമടയുന്നത് ഏത് വനവാസി മേഖലയില്‍ ചെന്നാലും അനുഭവിക്കാന്‍ കഴിയും. ഭാസ്കര്‍റാവുവിന്റെ ജീവിതത്തെയും ഔന്നത്യത്തെയും അദ്ദേഹത്തിന്റെ നൂറാം പിറന്നാളിന് അനുസ്മരിക്കാന്‍ ഈയവസരം ഉപയോഗിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: