സംഭവബഹുലമായൊരു കാലഘട്ടം പിന്നിട്ടാണ് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര സുപ്രീം കോടതിയുടെ പടിയിറങ്ങുന്നത്. ഔദ്യോഗികമായി വിരമിക്കല്‍ ദിവസം ഇന്നാണെങ്കിലും ഇന്ന് അവധിയായതിനാല്‍ അദ്ദേഹത്തിന്റെ ഔദ്യോഗിക ജീവതത്തിലെ അവസാന ദിവസം ഇന്നലെയായിരുന്നു. ശബരിമല സ്ത്രീപ്രവേശനം സംബന്ധിച്ച കേസിലെ വിധി സൃഷ്ടിച്ച അലയൊലികള്‍ അടങ്ങും മുന്‍പുതന്നെയുള്ള പടിയിറക്കം ശ്രദ്ധേയവും വിവാദവുമായ ഒട്ടേറെ വിധികളുടെ നിരയ്ക്കും ശേഷമാണ്. ഏറെ വിവാദങ്ങളും അദ്ദേഹത്തെ ചുറ്റിപ്പറ്റിയുണ്ടായി. അയോധ്യ കേസ് അടക്കം സുപ്രധാനമായ മറ്റു ചില വിധി കാത്തിരിക്കുന്ന സാഹചര്യവുമാണ്.
വ്യക്തിസ്വാതന്ത്ര്യത്തിന് ഊന്നല്‍ നല്‍കിക്കൊണ്ടുള്ളതായിരുന്നു അദ്ദേഹത്തിന്റെ ശ്രദ്ധേയമായ വിധികളില്‍ മിക്കതും. സ്വവര്‍ഗ്ഗരതിയും വിവാഹേതര ലൈംഗിക ബന്ധവും ക്രിമിനല്‍ കുറ്റമല്ലാതാക്കിയതും ശബരിമലയില്‍ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകള്‍ക്കും പ്രവേശനം നല്കിയതും ഹാദിയ കേസില്‍ വിവാഹം സാധുവായി വിധിച്ചതും എല്ലാം ആ നിരയില്‍ വരും. സ്ത്രീകളുടെ സുരക്ഷയും അവകാശവും സംബന്ധിച്ച വിഷയങ്ങളില്‍ എന്നും അദ്ദേഹം സ്ത്രീപക്ഷത്തായിരുന്നു. ആധാര്‍ കേസിലും മെഡിക്കല്‍ കോഴ കേസിലും സുപ്രധാന വിധി വന്നതും അദ്ദേഹം നയിച്ച ബഞ്ചില്‍ നിന്നാണ്. കോടതി നടപടികള്‍ തല്‍സമയം സംപ്രേഷണം ചെയ്യണമെന്ന് ആവശ്യപ്പെട്ട ഹര്‍ജി അനുവദിച്ച അദ്ദേഹമാണ് കോടതി നടപടികള്‍ ലളിതവത്ക്കരിക്കാന്‍ നടപടികള്‍ സ്വീകരിച്ചതും, കൂടുതല്‍ സുതാര്യമാക്കിയതും. ഇതോടെയാണ് ഹര്‍ജികള്‍ ശ്രദ്ധയില്‍പ്പെടുത്താന്‍ ജൂനിയര്‍ അഭിഭാഷകര്‍ക്കു സൗകര്യം ലഭിച്ചത്.
വിവാദങ്ങള്‍ക്കിടയിലും, തനിക്കെതിരെ ആരോപണങ്ങളുമായി കോടതിക്ക് പുറത്തു കോളിളക്കമുണ്ടാക്കിയ നാലു ജഡ്ജിമാരില്‍ ഒരാളായ രഞ്ജന്‍ ഗൊഗോയിയെ, തന്റെ പിന്‍ഗാമിയായി നിര്‍ദ്ദേശിച്ചതു വഴി നിഷ്പക്ഷതയുടെ നേര്‍രൂപമായി അംഗീകാരം നേടാനും മിശ്രയ്ക്കു കഴിഞ്ഞു. ചീഫ് ജസ്റ്റിസ് ആയി തിരഞ്ഞെടുക്കപ്പെടുന്നയാള്‍ ഏറ്റവും സീനിയറായ ജഡ്ജി തന്നെ ആയിരിക്കണമെന്നില്ല എന്ന നിയമ കമ്മിഷന് റിപ്പോര്‍ട്ട് നിലനില്‍ക്കെയാണു ജസ്റ്റിസ് മിശ്രയുടെ ഈ നടപടി. തനിക്കെതിരെ ഒളിയമ്പെയ്ത എതിരാളിയെ ഒഴിവാക്കാന്‍ പഴുതുണ്ടായിട്ടും അദ്ദേഹമതു ചെയ്തില്ല. ജസ്റ്റിസ് ഗൊഗോയ് നാളെ അധികാരമേല്‍ക്കും.
പതിമൂന്നു മാസം നീണ്ട കാലയളവില്‍ ജസ്റ്റിസ് മിശ്ര വാര്‍ത്തകളില്‍ നിറഞ്ഞുനിന്നിരുന്നു. വിധികളുടെ പ്രാധാന്യവും കോടതിക്കു പുറത്തുള്ള പ്രശ്നങ്ങളും ജഡ്ജിമാര്‍ക്കിടയിലെ പ്രശനങ്ങളും ഇംപീച്ച്മെന്റിന്റെ വക്കുവരെയെത്തിയ ആരോപണങ്ങളും അതിനു കാരണമായി. സുപ്രീം കോടതിയുടെ ഭരണത്തലവന് കൂടിയായ അദ്ദേഹം ഭരണകാര്യങ്ങളില്‍ പരാജയമാണെന്നും പക്ഷഭേദം കാണിക്കുന്നുവെന്നുമായിരുന്നു ഏതാനും ജഡ്ജിമാരുടെ ആരോപണം. ഇതിന്റെ പേരില്‍ നാലു മുതിര്‍ന്ന ജഡ്ജിമാര്‍ കോടതിക്കു വെളിയില്‍ പത്രസമ്മേളനം നടത്തിയത് ചരിത്രത്തിലുണ്ടാവാത്ത സംഭവമായിരുന്നു. കോളിളക്കമുണ്ടാക്കിയ ആ സംഭവത്തില്‍ മറുപടി പത്രസമ്മേളനത്തിന് ജസ്റ്റിസ് മിശ്ര തയ്യാറായില്ലെന്നതും ശ്രദ്ധേയമായി.
ആ സംയമനം ഫലത്തില്‍ പ്രശ്നത്തെ ഒട്ടൊന്നു തണുപ്പിച്ചു. തന്റെ സ്വതസ്സിദ്ധമായ ശൈലിയില്‍ അദ്ദേഹം പ്രവര്‍ത്തനം തുടരുകയും ചെയ്തു. കേസുകള്‍ വിതരണം ചെയ്യുന്നതില്‍ ജസ്റ്റിസ് മിശ്ര പക്ഷപാതിത്വം കാണിക്കുന്നതായി ആരോപിച്ചായിരുന്നു പത്രസമ്മേളനം. താത്പര്യമുള്ള കേസുകള്‍ തനിക്ക് ഇഷ്ടപ്പെട്ടവരുടെ ബഞ്ചില്‍ മാത്രം കൊടുക്കുന്നു എന്നായിരുന്നു ആരോപണം. ഈ നാലംഗ സംഘത്തില്‍പ്പെട്ടയാളാണ് നാളെ ചീഫ് ജസ്റ്റിസ് ആയി ചുമതലയേല്‍ക്കുന്ന ജസ്റ്റ്സ് ഗൊഗോയ്. സിബിഐ ജഡ്ജി ബി.എച്ച്. ലോയയുടെ മരണം സംബന്ധിച്ച കേസ് വളരെ ജൂനിയറായ ഒരു ജഡ്ജിയെ ഏല്‍പ്പിച്ചതാണ്, ചീഫ് ജസ്റ്റിസിനെതിരെ അണിനിരക്കാന്‍ മുതിര്‍ന്ന ജഡ്ജിമാരെ പ്രേരിപ്പിച്ചത്. ഇത് ഇംപീച്ച്മെന്റിന്റെ വക്കിലെത്തിയെങ്കിലും ഇതു സംബന്ധിച്ച പ്രതിപക്ഷ നോട്ടീസിന് രാജ്യസഭാ അധ്യക്ഷന്‍ അനുമതി നിഷേധിക്കുകയായിരുന്നു.
സമീപ ഭൂതകാലത്ത് പ്രവൃത്തികൊണ്ടും വിവാദംകൊണ്ടും വിധികളുടെ പ്രാധാന്യം കൊണ്ടും ഏറെ ശ്രദ്ധേയനായ ചീഫ് ജസ്റ്റിസ്, വിവാദങ്ങളില്‍ കുലുങ്ങാത്ത വ്യക്തിയായാണ് വിട പറയുന്നത്. ഒപ്പം നിഷ്പക്ഷതയുടെ കൈപിടിച്ചുകൊണ്ടും. പ്രതികാരവും പ്രത്യാക്രമണവുമല്ല പ്രവര്‍ത്തി വിജയത്തിന് ആധാരമെന്ന് പരമോന്നത കോടതിയുടെ കാവല്‍ക്കാരനായിരുന്ന് അദ്ദേഹം പറയാതെ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: