ഈ നൂറ്റാണ്ടിന്റെ തുടക്കത്തില്‍, കൃത്യമായി പറഞ്ഞാല്‍ 2000 ഫെബ്രുവരി 11 ന്, ഒരു പത്രവാര്‍ത്ത എന്റെ സവിശേഷശ്രദ്ധ ആകര്‍ഷിക്കുകയുണ്ടായി.
ഇന്ത്യയിലെ ദക്ഷിണാഫ്രിക്കന്‍ അംബാസഡര്‍ മെയ്തേ എമിലിമെഹേല്‍, ഇന്ത്യക്കാര്‍ക്കുള്ള ഒരു പാക്കേജ് ടൂര്‍ ഏര്‍പ്പെടുത്തുന്നതിനെപ്പറ്റി ദല്‍ഹിയില്‍ പ്രസ്താവിച്ചതായിരുന്നു വാര്‍ത്ത. വന്നത് ഇംഗ്ലീഷ് പത്രമായ ഇക്കണോമിക് ടൈംസില്‍. മഹാത്മാഗാന്ധിയുടെ കാല്‍പ്പാടുകളിലൂടെയായിരിക്കും ആ യാത്ര എന്നതത്രേ വലിയ പ്രത്യേകത.
1893-ലാണ് വക്കീല്‍ വേഷധാരിയായ ഒരു ഇന്ത്യന്‍ യുവാവ് ദക്ഷിണാഫ്രിക്കയിലെ ഡര്‍ബനില്‍ കപ്പലിറങ്ങിയത്. ബാരിസ്റ്റര്‍ എം.കെ. ഗാന്ധി എന്ന ആ 24 കാരന് അവിടെ ലഭിച്ച സ്വീകരണം അത്ര ഹൃദ്യമായിരുന്നില്ല. എന്നുകരുതി തന്റെ ദൗത്യത്തില്‍ നിന്നു പിന്മാറാന് ആ യുവാവ് തയ്യാറായുമില്ല. ചെറുത്തുനില്‍പ്പിന്റെ പുത്തന്‍ സമരമുറകളും ശാന്തിവചനങ്ങളുമായി സുദീര്‍ഘമായ 21 വര്‍ഷം അദ്ദേഹം അവിടെ നിറഞ്ഞുനില്ക്കുകതന്നെ ചെയ്തു. ആ ജീവിതയാത്രയുടെ കാല്‍പ്പാടുകള്‍ ഇന്ത്യക്കാര്‍ അറിയണം, പിന്തുടരണം എന്നൊക്കെയാവാം പാക്കേജ് ടൂറിലൂടെ ദക്ഷിണാഫ്രിക്കന്‍ അംബാസഡര്‍ ആഗ്രഹിച്ചത്. ഇന്ത്യക്കാര്‍ക്കും വേണമല്ലോ അത്തരമൊരാഗ്രഹം!
പാക്കേജ് ടൂറിന്റെ ആരംഭം ദക്ഷിണാഫ്രിക്കയിലെ മാരിറ്റ്സ് ബര്‍ഗ് റെയില്‍വേ സ്റ്റേഷനില്‍നിന്നാണ്. ഫസ്റ്റ് ക്ലാസ് ടിക്കറ്റ് ഉണ്ടായിട്ടും വെള്ളക്കാരന് സായ്പ്, കറുത്ത ഗാന്ധിയെ കമ്പാര്‍ട്ടുമെന്റില്‍നിന്നും പുറത്തെ പ്ലാറ്റ്ഫോമിലേക്കു തള്ളിയിട്ട സംഭവം, ആദ്യ പീഡാനുഭവം അവിടെവച്ചായിരുന്നല്ലോ. ഒരു യുഗപുരുഷന്നു ജന്മം കൊടുത്തതും ആ സംഭവമാണെന്നു പറയാം. അടുത്ത സന്ദര്‍ശനസ്ഥലം നേറ്റാള്‍ ആണ്. ഇന്ത്യന്‍ കോണ്‍ഗ്രസ്സ് രൂപീകരിച്ചു പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കിയത് അവിടെവച്ചാണ്. പിന്നെ രണ്ടു ആശ്രമങ്ങള്‍-ഫീനിക്സ് ആശ്രമവും 1910-ല്‍ സ്ഥാപിച്ച വിസ്തൃതമായ ടോള്‍സ്റ്റോയ് ഫാമും. 1908- ല്‍ രണ്ടുമാസം തടവുശിക്ഷ അനുഭവിച്ച ജോഹന്നാസ് ബര്‍ഗ് ജയില്‍ ആണ് മറ്റൊരു സന്ദര്‍ശനകേന്ദ്രം.
1900-ാം ആണ്ടിലെ ദക്ഷിണാഫ്രിക്കയുടെ അപൂര്‍വമായ ഒരു ഭൂപടം ശ്രദ്ധിക്കുന്നത് കൗതുകകരമായിരിക്കും. തുറമുഖ നഗരമായ ഡര്‍ബനില്‍നിന്ന് ആദ്യ പ്രവര്‍ത്തനങ്ങള്‍ക്കുശേഷം അകത്തേക്കകത്തേക്ക് നീങ്ങുകയാണ് ഗാന്ധി. ആഴത്തിലും പരപ്പിലുമുള്ള പ്രവര്‍ത്തനങ്ങള്‍ക്കൊടുവില്‍ ടോള്‍സ്റ്റോയ് ഫാമും സ്ഥാപിച്ചു. 1914-ലാണ് ഇന്ത്യയിലേക്കുള്ള മടക്കം. പൂര്‍ണമനസ്സോടെ ആയിരുന്നില്ലെങ്കിലും അത് അനിവാര്യമായിരുന്നു. തീവ്രവേദനയോടെയുള്ള മാതൃഭൂമിയുടെ രോദനം കേള്‍ക്കാതിരിക്കാന്‍ ഒരു മകനും സാധ്യമല്ലല്ലോ. അങ്ങനെ ഒരു ജനതയുടെ മോചകനായും ലോകത്തിന്റെ മഹാത്മാവായും അദ്ദേഹം മാറി.
”അതെ, നൂറ്റേഴുവര്‍ഷം മുന്‍പ് നിങ്ങള്‍ ഞങ്ങള്‍ക്കൊരു വക്കീലിനെ തന്നു, ഞങ്ങള്‍ അദ്ദേഹത്തെ മഹാത്മാവാക്കി നിങ്ങള്‍ക്കു തിരിച്ചുതന്നു.” എന്നാണ് ഒരു പുഞ്ചിരിയോടെ ദക്ഷിണാഫ്രിക്കയുടെ ആ അംബാസഡര്‍ അന്ന് (2000 ത്തില്‍) പറഞ്ഞത്. അതു വായിച്ചപ്പോള്‍ മനസ്സു വല്ലാതെ നൊന്തു. ആ മഹാത്മാവിനെ ഇന്ത്യക്കാരായ നാം പിന്നീട് എന്താണ് ചെയ്തത്? ഇപ്പോഴും എന്താണ് ചെയ്യുന്നത്?
2000-ത്തിലെ പാക്കേജ് ടൂര്‍ നടപ്പിലായിക്കാണുമോ? ഇല്ലെങ്കില്‍ നടപ്പിലാക്കണം. ഉണ്ടെങ്കില്‍ ശക്തിപ്പെടുത്തണം. മാത്രമല്ല, ഇന്ത്യയ്ക്കകത്തും ഗാന്ധിയന്‍ ജീവിതപാദമുദ്രകളിലൂടെ ഒരു ജനബോധവല്‍ക്കരണ യാത്ര അനിവാര്യമാണ്.
പണ്ട് ഒരു ഗാന്ധിയേ അറിയപ്പെട്ടിരുന്നുള്ളൂ. അദ്ദേഹം മഹാത്മാവായി. അനുയായികളില്‍ പലരും അതതു ദേശങ്ങളിലെ ‘ഗാന്ധി’മാരായി-ആദര്‍ശജീവിതംകൊണ്ട്. നമുക്കു ഒരു കേരള ഗാന്ധി ഉണ്ടായിരുന്നല്ലോ. ജപ്പാന് ഗാന്ധിയേയും അമേരിക്കന്‍ ഗാന്ധിയേയും ആഫ്രിക്കന്‍ ഗാന്ധിയേയുമെല്ലാം നമ്മള് കേട്ടിട്ടുണ്ട്.
എന്നാല്‍ ഇന്നോ? ഇന്ത്യയിലെങ്ങും വ്യാജഗാന്ധിമാര്‍ പെരുകിയിരിക്കയാണ്. ഗാന്ധി വിരുദ്ധരുടെ കാര്യവും പറയാനില്ല. അങ്ങനെ രണ്ടുവഴിക്കും ഇവിടെ വളരുന്ന അസത്യത്തിന്റെയും അധര്‍മത്തിന്റേയും ഹിംസകളുടെയും പ്രളയത്തില്‍ ജനജീവിതം ദുരിതപൂര്ണമായിരിക്കുന്നു. ഈ അവസരത്തില്‍ മഹാത്മാഗാന്ധിയുടെ ജീവിതപഥങ്ങളിലൂടെ, പാഠങ്ങളിലൂടെ മനുഷ്യരെ നടത്തേണ്ടുന്ന ഒരു പദ്ധതിക്കു വലിയ പ്രസക്തിയാണുള്ളത്.
ഗാന്ധി എന്നത് കേവലം ഒരു വ്യക്തിയുടേയോ സമൂഹത്തിന്റെയോ പേരല്ല; ഭാരതം മുന്നോട്ടുവച്ച ‘തത്ത്വമസി’ പോലുള്ള മഹാവാക്യമാണ്. അതു സാര്‍ത്ഥകമാക്കാനുള്ള ഒരു തീര്‍ത്ഥാടന-പഠന-പരിശീലന പരിപാടി ഗവണ്മെന്റിനു തുടങ്ങാവുന്നതേയുള്ളൂ. അതിന് നേതൃത്വം കൊടുക്കാന്‍ ഒരു കേരളീയനു സൗഭാഗ്യം വന്നതായി ഇപ്പോള്‍ തോന്നുന്നുണ്ട്. വിനോദസഞ്ചാര ഐടി വകുപ്പുകളുടെ കേന്ദ്രമന്ത്രിയായി സ്ഥാനമേറ്റ അല്‍ഫോണ്‍സ് കണ്ണന്താനത്തില്‍ പ്രതീക്ഷയര്‍പ്പിച്ചുകൊണ്ടും വിജയം ആശംസിച്ചുകൊണ്ടും നമുക്ക് കാത്തിരിക്കാം.
2000-ത്തിലെ പാക്കേജ് ടൂര്‍ നടപ്പിലായിക്കാണുമോ? ഇല്ലെങ്കില്‍ നടപ്പിലാക്കണം. ഉണ്ടെങ്കില്‍ ശക്തിപ്പെടുത്തണം. മാത്രമല്ല, ഇന്ത്യയ്ക്കകത്തും ഗാന്ധിയന്‍ ജീവിതപാദമുദ്രകളിലൂടെ ഒരു ജനബോധവല്‍ക്കരണ യാത്ര അനിവാര്യമാണ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: