ഇക്കഴിഞ്ഞ ദിവസമാണ് രത്നാബായി ജ്ഞാനേശ്വര്‍ ദിവംഗതയായത്. ഞാന്‍ ഗുരുവായൂര്‍ പ്രചാരകനായി കഴിയുന്ന 1957 കാലത്ത് തുടക്കമിട്ട എറണാകുളത്തെ പത്മ ടാക്കീസിന് എതിര്‍ഭാഗത്ത് 70 അടി റോഡിലെ(അത് മഹാത്മാഗാന്ധി റോഡായത് 1969 ലെ ഗാന്ധി ശതാബ്ദിക്കാലത്താണ്) മാധവനിവാസ് കാര്യാലയത്തില്‍ വരുമായിരുന്നു. ‘ഡൗണാ’യിപ്പോയ ആത്മവിശ്വാസത്തിന്റെ ബാറ്ററി ചാര്‍ജു ചെയ്യുകയായിരുന്നു ഉദ്ദേശ്യം. പരമേശ്വര്‍ജിയോടൊപ്പം രണ്ടുമൂന്നുനാള്‍ കഴിഞ്ഞ് അവിടത്തെ ഊര്‍ജസ്വലമായ ശാഖകളില്‍ പങ്കെടുക്കാന്‍ ആ ഉദ്ദേശ്യം സാധിക്കുമായിരുന്നു. വെറും ശാഖകളില്‍ പോക്കു മാത്രമല്ല സ്വയംസേവകരുടെ വീടുകളില്‍ പോക്കും കുറച്ചു സമയം ചെലവഴിക്കലും, അവിടത്തെ അന്തരീക്ഷം ആസ്വദിക്കലുമൊക്കെ ഒരു സാംസ്കാരിക വിദ്യാഭ്യാസം തന്നെയായിരുന്നു.
ഒരു ദിവസം, ‘നമുക്കിന്ന് അല്പം നടക്കേണ്ട ഒരു ശാഖയിലാണ് പോകേണ്ടത്’ എന്നുപറഞ്ഞുകൊണ്ട് പരമേശ്വര്‍ജി ഉച്ചയ്ക്കു മുന്‍പ് പുറപ്പെട്ടു. നോര്‍ത്ത് റെയില്‍വേ സ്റ്റേഷന്റെ വടക്കു വശത്തേക്ക് എറണാകുളം ഇല്ലെന്നു പറയാം. ഉച്ചയ്ക്ക് മുമ്പ് ‘പത്മ’യില്‍ നിന്ന് നടപ്പു തുടങ്ങി റെയില്ക്രോസിങ് കടന്ന് കലൂര്‍ എത്തി. അന്നു ബസ്സ്റ്റാന്ഡില്ല. ഓലപ്പുരയിലുള്ള ഒരു ചായക്കടമാത്രം. സ്റ്റാന്‍ഡിരിക്കുന്ന സ്ഥലം മുനിസിപ്പാലിറ്റിയുടെ മല നിക്ഷേപകേന്ദ്രം. നാട്ടുകാര്‍ക്ക് തീട്ടപ്പറമ്പ്. അവിടെനിന്നും കിഴക്കോട്ടാണ് പോയത്.
ഒരു ചെമ്മണ് റോഡ്. മൂന്നുകിലോ മീറ്റര്‍ നടന്നുകാണണം. ഇടതുവശത്തെ ഒരു ഗേറ്റ് കടന്ന് സാമാന്യം നല്ല ഒരു വീട്ടിലേക്കു പ്രവേശിച്ചു. അവിടെ ഒരു ചെറുപ്പക്കാരനും പത്നിയും കാത്തുനില്ക്കുന്നു. അകത്തുകയറി. ഉപചാരങ്ങള്‍ക്കുശേഷം ഗൃഹനാഥനെ പരമേശ്വര്‍ജി പരിചയപ്പെടുത്തി-ജ്ഞാനേശ്വര്‍. പരമേശ്വര്‍ജിക്കും ഗുരുവായൂരിലേക്കു നിശ്ചയിക്കപ്പെട്ട പുതിയ പ്രചാരകനായ ഈ ലേഖകനും ചായ വന്നു. അല്‍പ്പം കഴിഞ്ഞ് ഊണുകഴിച്ചു. പരമേശ്വര്‍ജിയുമായി ജ്ഞാനേശ്വര്‍ സംസാരിച്ചതത്രയും പുതിയ പുസ്തകങ്ങളെക്കുറിച്ചായിരുന്നു. ലോകമാന്യതിലകനെക്കുറിച്ച് ആയിടെ ഇറങ്ങിയ ഒരു പുതിയ പുസ്തകം അദ്ദേഹം പരമേശ്വര്‍ജിക്കു വായിക്കാന്‍ കൊടുത്തു. ആ വീട് ഒരു പുസ്തക പ്രപഞ്ചം തന്നെ ആയിരുന്നു. അദ്ദേഹത്തിന്റെ പത്നി രത്നാബായിയുടെ അഭിപ്രായത്തില്‍ പണം മുഴുവന്‍ പുസ്തകം വാങ്ങാന്‍ ചെലവഴിക്കുകയായിരുന്നു.
രാജ്യത്തെവിടെ പുതിയ പുസ്തകം ഇറങ്ങിയാലും പ്രസാധകര് അദ്ദേഹത്തെ അറിയിക്കുകയും അതു വാങ്ങുകയും ചെയ്യുന്ന ആളായിരുന്നു ജ്ഞാനേശ്വര്‍. അതു വായിച്ച് കുറിപ്പുകള്‍ എഴുതിയ നോട്ടുബുക്കുകളും അലമാരയില്‍ അടുക്കിവച്ചിരിക്കും. നേരത്തെ പറഞ്ഞ തിലകനെക്കുറിച്ചുള്ള പുസ്തകത്തെക്കുറിച്ച് പ്രഗത്ഭമായ പഠനം തന്നെയായിരുന്നു പിന്നീട് പരമേശ്വര്‍ജി കേസരിയില്‍ എഴുതിയ ലേഖനം.
ജ്ഞാനേശ്വറിന്റെ പത്നി ഭക്ഷണ സമയത്തെ സംഭാഷണത്തില്‍ ചേരുമായിരുന്നു. അങ്ങനെ സംസാരിക്കുന്നതിനിടെ ആ വീട്ടില്‍ വെച്ചിരിക്കുന്ന ചിത്രങ്ങളില്‍ ഒന്ന് തിരുവിതാംകൂര്‍ രാജാവ് ശ്രീചിത്തിരതിരുനാളിന്റേതായിരുന്നത് കൗതുകകരമായിതോന്നി. കൊച്ചി രാജാവിന്റെ ചിത്രമില്ലായിരുന്നുതാനും. അതെന്താണെന്നന്വേഷിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞത് അവിടം പൊറ്റക്കുഴി മുതല്‍ വടക്കോട്ട് തിരുവിതാംകൂര്‍ ആണ്, പറവൂര്‍ താലൂക്കിലാണ് പെടുക എന്നായിരുന്നു. ഒരു വ്യാഴവട്ടംകൂടി കഴിഞ്ഞ് കൊച്ചി കോര്പ്പറേഷന് രൂപീകരിച്ചപ്പോഴാണ് അവിടം പറവൂര്‍ താലൂക്കില്‍നിന്ന് വിടര്‍ത്തി കോര്‍പ്പറേഷനില്‍ ചേര്‍ത്തത്.
പിന്നീട് എറണാകുളത്ത് പോകുമ്പോള്‍ സന്ദര്‍ശിക്കുന്ന ഒരു പതിവ് വസതിയായിത്തീര്‍ന്നു അവിടം. സംഘത്തെ സംബന്ധിച്ച ഹിന്ദു സംസ്കാരത്തെയും ചരിത്രത്തെയും പറ്റിയുള്ളതായ ഒട്ടേറെ കനപ്പെട്ട പുസ്തകങ്ങള്‍ അവിടെനിന്നു എടുത്താണ് ഞാന്‍ വായിച്ചത്. സാവര്‍ക്കറുടെ ഐതിഹാസികമായ ഒന്നാം സ്വാതന്ത്ര്യസമരചരിത്രം, എക്കോസ് ഫ്രം ആന്തമാന്സ്, ഡാനിസ്കിന് കെയിസിന്റെ ഗ്രാന്ഡ്റിബല്, സര്‍ദാര്‍ പണിക്കരുടെ ഏഷ്യ ആന്‍ഡ് വെസ്റ്റേണ്‍ ഡോമിനന്സ്, മലബാര്‍ ആന്‍ഡ് ദി പോര്‍ച്ചുഗീസ്, മലബാര്‍ ആന്‍ഡ് ദി ഡച്ച്, മലബാര്‍ ആന്‍ഡ് മൈസൂര്‍, കേരള സിംഹം എന്നിങ്ങനെ ഓര്ത്തെടുക്കാനാവാത്തത്ര വരുമത്. വീട്ടില്പോയപ്പോഴൊക്കെ ശ്രീമതി ജ്ഞാനേശ്വറിന്റെ വക മധുരംനിറഞ്ഞ പലഹാരങ്ങളും വചസ്സുകളും സല്ക്കാരത്തില്പ്പെടുമായിരുന്നു. 1964-ല്‍ അവരുടെ മകന് മുകുന്ദന് എന്ന മണി സംഘശിക്ഷാവര്ഗിനു വന്നിരുന്നു. എട്ടിലോ ഒന്‍പതിലോ പഠിക്കുന്ന അയാള്‍ക്ക് പ്രായത്തിലും കവിഞ്ഞ ശരീരപുഷ്ടിയുണ്ടായിരുന്നുവെങ്കിലും ശിശു മനസ്സായിരുന്നു. കോയമ്പത്തൂരില്‍ ആദ്യ രണ്ടാഴ്ച വീട്ട് ചൊരുക്ക് (ഹോം സിക്ക്നെസ്സ്) മൂലം വിഷമിക്കുന്നതിനാല്‍ ആശ്വസിപ്പിക്കാന്‍, അവരുടെ സൗഹൃദം അനുഭവിച്ച മുതിര്‍ന്ന പ്രചാരകന്മാര് ഏറെ പണിപ്പെട്ടിരുന്നു.
സ്വര്‍ഗസ്ഥനായ എ.വി. ഭാസ്കര്ജിക്ക് 1965-ല്‍ പാലക്കാട് വിഭാഗ് പ്രചാരകനായിരിക്കെ പട്ടാമ്പിക്കടുത്ത് വല്ലപ്പുഴയില്വച്ച് സംഘവിരോധികളുടെ മാരകാക്രമണത്തില് പരിക്കേറ്റു. സഹപ്രചാരകനായിരുന്ന കെ. പെരച്ചനോടൊപ്പം പട്ടാമ്പി സര്‍ക്കാര്‍ ആസ്പത്രിയില്‍ കഴിയവേ, കൂടുതല്‍ മെച്ചപ്പെട്ട ചികിത്സ ഉറപ്പുവരുത്താന്‍ അവിടെനിന്ന് ഡിസ്ചാര്‍ജ് വാങ്ങി എറണാകുളത്തേക്ക് പോന്നു.
സംഭവത്തെക്കുറിച്ചുള്ള അന്വേഷണം പൂര്‍ത്തിയാകാത്തതിനാല്‍ താമസവും ചികിത്സയും രഹസ്യമായി വേണ്ടിവന്നു. അന്നു താമസിച്ചത് എളമക്കരയിലെ ജ്ഞാനേശ്വറിന്റെ വീട്ടിലായിരുന്നു. അദ്ദേഹത്തെ ശ്രീമതി ജ്ഞാനേശ്വര്‍ നിര്‍വിശേഷമായ വാത്സല്യത്തോടെ പരിചരിച്ചു. ഒരിക്കല്‍ ഭാസ്കര്ജിയെക്കാണാന് അവിടെ പോയിരുന്നു. ആ പുസ്തക പ്രപഞ്ചത്തില്‍ ഊളിയിട്ടുകൊണ്ട് ശരീരവേദന മറന്ന് ഭാസ്കര്‍ജി കഴിയുന്നു. അദ്ദേഹത്തെ പിന്തുടര്ന്ന് ഞാന്‍ കോട്ടയം ജില്ലാ പ്രചാരകനായിരുന്നതിനാല്‍ ഭാസ്കര്‍ജി കോട്ടയം വിശേഷങ്ങള്‍ അന്വേഷിച്ചു സമയം ചെലവഴിച്ചു.
ആ വീട്ടിലെ പുസ്തക പ്രേമികളായ സന്ദര്‍ശക സുഹൃത്തുക്കളില്‍ പി. ഗോവിന്ദപ്പിള്ളയെപ്പോലുള്ള പ്രഗത്ഭരുമുണ്ടായിരുന്നു. ജ്ഞാനേശ്വറിന്റെ നിര്യാണശേഷം അവര്‍ കൊണ്ടുപോയി തിരിച്ചേല്‍പ്പിക്കാത്ത പുസ്തകങ്ങള്‍ തേടി മകന് മണി പലപ്പോഴും പോകുന്നതു കണ്ടിട്ടുണ്ട്.
സ്വാര് എന്നായിരുന്നു അവരുടെ കുലനാമം. ജ്ഞാനസ്വാര് ജ്ഞാനേശ്വര്‍ ആയി മാറിയതാണ്. അദ്ദേഹത്തിന്റെ പിതൃവ്യപുത്രന്മാരും അവരുടെ കുടുംബാംഗങ്ങളും ജ്ഞാനേശ്വറിനുശേഷം സജീവമായി സംഘസംബന്ധമായ എല്ലാ സംരംഭങ്ങളിലും മുന്നില്നില്ക്കുന്നവരാണ്. ‘ജന്മഭൂമി’യുടെ ആദ്യകാലങ്ങളിലെ എല്ലാക്കാര്യങ്ങള്‍ക്കും ചന്ദ്രശേഖര്‍ സ്വാര് മുന്നില്‍നിന്നു. അദ്ദേഹത്തിന്റെ ജ്യേഷ്ഠന് താളവാദ്യ വിദഗ്ദ്ധനാണ്. അതിന്റെ നിര്‍മാണവും അറ്റകുറ്റവും ചെയ്യും. എന്റെ മകന് മനുവിന് ഒരു തബല സമ്മാനമായി കിട്ടിയിരുന്നു. അതിന് ആവരണ ചര്‍മ്മമോ, കെട്ടുന്ന ചരടോ ഉണ്ടായിരുന്നില്ല. അത് ചന്ദ്രശേഖറിന്റെ ജ്യേഷ്ഠന് ശരിപ്പെടുത്തിത്തന്നു. തബല കൊടുക്കാനും, വാങ്ങാനും അവരുടെ വീട്ടില്‍ പോയപ്പോള്‍ രത്നാബായി അവരെ കാണാന്‍ ചെല്ലാത്തതില്‍ പരിഭവം പറഞ്ഞു.
1957 മുതല്‍ ആ വീടുമായി പുലര്‍ത്തി വന്ന ബന്ധം ഏതാണ്ട് രണ്ടായിരാമാണ്ടില്‍ ‘ജന്മഭൂമി’യില്‍നിന്നു വിരമിക്കുന്നതുവരെ തുടര്‍ന്നിരുന്നു. പ്രാന്തകാര്യാലയത്തില്‍ താമസിക്കുന്ന ദിവസങ്ങളിലെ പ്രഭാത നടത്തത്തിനിടെ അവരുടെ വളപ്പിലെ സ്വാമിപ്പടി ശാഖയില്‍ പ്രണാം ചെയ്ത് പ്രാര്‍ത്ഥനയില്‍ പങ്കെടുത്തും പോകുമായിരുന്നു.
എളമക്കരയില്‍ ഇന്നുയര്‍ന്നു നില്ക്കുന്ന സംഘകുടുംബ സാകല്യം ആര്‍ക്കും അദ്ഭുതാതിശയ വിസ്മയങ്ങള്‍ ജനിപ്പിക്കുന്നവയാകുന്നു. അത്തരമൊരു സമുച്ചയം കേരളത്തില്‍ അന്യാദൃശമാണ്. ശ്രീജ്ഞാനേശ്വറിന്റെ വാക്കുപാലിച്ച ശ്രീമതി രത്നാബായിയുടെ ഹൃദയംഗമ സമര്പ്പണമാണതിന്റെ അടിത്തറ, കേരളത്തിലെ ലക്ഷക്കണക്കിനു സ്വയംസേവകരും സംഘബന്ധുക്കളും അതിന്മേല് ഓരോ കല്ലെങ്കിലും വെയ്ക്കാന്‍ മുന്നോട്ടു വരികയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: