ഒരു സഞ്ചാരംകൊണ്ട് ഒരുലോകം തീര്‍ക്കാം. ഇന്നലെവരെ കാണാത്തതും കേള്‍ക്കാത്തതുമായ ലോകം അനുഭവത്തിലൂടെ അറിയാന്‍ കഴിയുന്നു എന്നതാണ് സഞ്ചാരത്തിന്റെ നേട്ടം. അതുണ്ടാക്കുന്നത് പുതിയ അറിവുകളാണ്. അതു നമ്മെ മാറ്റിത്തീര്‍ത്തേക്കാം. ഇന്ന് ലോക സഞ്ചാര ദിനം കൊണ്ടാടുമ്പോള്‍ കൂടുതല്‍ അറിയാന്‍ ലോകത്തെ അറിയുകയെന്നും സഞ്ചാരം ജീവിതത്തെ വിശാലമാക്കുമെന്നുമുള്ള പുതിയ വിചാരങ്ങളിലേക്കു കൂടി കടക്കുകയാണ് ആളുകള്‍.
ലോകം വിശാലമെന്നു പറയുമ്പോഴും അത് അകലെയാണെന്നു പറയുമ്പോഴും ശാസ്ത്രത്തിന്റെയും ടെക്നോളജിയുടേയും നിറവില്‍ ഏതുരാജ്യവും ഇന്നുവിരല്തൊട്ടാല് മുന്നിലെത്തും. എന്തും ഏതിനെക്കുറിച്ചു അറിയാം. അതിസൂക്ഷ്മമായവപോലും ഒരു വിരല്‍ സ്പര്ശത്തില് അറിയാന്‍ കഴിയും. എന്നാലത് സ്ക്രീനിലെ അറിവാണ്. അത് സഞ്ചാരമാകുന്നില്ല. പഴയപോലെ കാഴ്ചകള്‍ ദൂരെയാകുന്നില്ലെന്നുമാത്രം. എന്നാല്‍ കാഴ്ചകള്‍ അനുഭവവും അറിവും ആകണമെങ്കില്‍ സഞ്ചാരിക്കണം.
ഇന്ന് സഞ്ചാരം അപൂര്‍വതയോ അതിശയമോ അല്ല. നൂറുകിലോമീറ്റര്‍ നിത്യവും സഞ്ചരിച്ച് ജോലി ചെയ്യുന്നവരുണ്ട്. കിലോമീറ്ററുകള്‍ യാത്രചെയ്ത് സ്ക്കൂളില്‍ പോകുന്നവരാണ് കുട്ടികള്‍പോലും. ഇന്ന് ദൂരം ചെറുതായിരിക്കുന്നു. അതുകൊണ്ടുതന്നെ യാത്ര നിത്യനുഭവമായിത്തീര്ന്നിട്ടുമുണ്ട്. സാധാരണക്കാരുടെ ജീവിതത്തില്‍ തന്നെ യാത്ര തികച്ചും സാധാരണമായിരിക്കുന്നു. എന്നാല്‍ ഇതുമാത്രമല്ല സഞ്ചാരം. വിവിധ രാജ്യങ്ങളിലേക്ക് വിവിധ സ്ഥലങ്ങലിലേക്ക് സഞ്ചരിക്കുക. അവിടത്തെ ചരിത്രവും സംസ്ക്കാരവും അറിയുക. അതിലൂടെ അവിടത്തെ മനുഷ്യരെ മനസിലാക്കുക. അതുവഴി നമ്മില്‍ പുതിയ ആശയങ്ങളും പ്രവര്‍ത്തികളും ഉണ്ടാവുക എന്നൊക്കെയാണ് യാത്രകൊണ്ട് ഉദ്ദേശിക്കുന്നത്.
സഞ്ചരിച്ചില്ലെങ്കില്‍ തീരെ പഴഞ്ചരായിപ്പോകുമെന്നു വിചാരിക്കുന്നവരുണ്ട്. അതൊരര്‍ഥത്തില്‍ ശരിയാണ്. യാത്ര മനുഷ്യനെ നവീകരിക്കുന്നുണ്ട്. ആഴ്ചകളോളം ചിലപ്പോള്‍ മാസങ്ങളോളം വര്‍ഷങ്ങളോളം തന്നെ സഞ്ചരിക്കുന്നവരുമുണ്ട്. ഇതെല്ലാം നമ്മള് കരുതുന്ന വലിയ ആള്ക്കാര് മാത്രം ചെയ്യുന്നതല്ല. സാധാരണക്കാരും ഇതില്‍പ്പെടും. നമുക്കറിയാവുന്ന വലിയ സഞ്ചാരിയായ സന്തോഷ് ജോര്‍ജ് കുളങ്ങര പറയുന്നത്് ആഡംഭരങ്ങളില്ലാതെ അത്യാവശ്യത്തിനുമാത്രം ചെലവാക്കിക്കൊണ്ടാണ് സഞ്ചാരം നടത്തുന്നതെന്നാണ്.
പണ്ട് കേരളത്തിനു പുറത്തുപോകുന്നവര്‍ നമുക്ക് വലിയ അതിശയമായിരുന്നു.വിദേശ യാത്ര ചെയ്യുന്നവരെക്കുറിച്ചു പറയാനുമില്ല. ഇന്ന് അതെല്ലാം സര്‍വസാധാരണമായിരിക്കുന്നു. വിവിധ ദേശങ്ങളെക്കുറിച്ചോ മറ്റു കാഴ്ചകളെക്കുറിച്ചോ സഞ്ചാരത്തെക്കുറിച്ചുപോലും അറിഞ്ഞിരുന്നത് വല്ലപ്പോഴും ആരെങ്കിലും എഴുതിയിരുന്ന പുസ്തകങ്ങള്‍ വായിച്ചാണ്. ഇന്ന് അത്തരം പുസ്തകങ്ങള്‍ നമുക്ക് സുലഭമാണ്. സഞ്ചാരസാഹിത്യം തന്നെ നമുക്കുണ്ട്.എസ്.കെ. പൊറ്റക്കാട് നമ്മുടെ സഞ്ചാരസാഹിത്യത്തിന്റെ തലതൊട്ടപ്പനാണ്. ലോകസാഹിത്യത്തില്‍ എഴുത്തുകാര്‍ പലരും നിത്യസഞ്ചാരികളായിരുന്നു. അമേരിക്കല്‍ സാഹിത്യകാരന് ഏണസ്റ്റ് ഹെമിംഗ്വേ തന്നെ മികച്ച ഉദാഹരണം.
സഞ്ചാരത്തിന്റെ അനുബന്ധഘടകമായി പലനേട്ടങ്ങളും ഉണ്ടാകുന്നുണ്ട്. എത്തിച്ചേരുന്ന നാടുകള്‍ക്ക് സന്ദര്‍ശകരില്‍നിന്നും ഉണ്ടാകുന്ന സാമ്പത്തിക നേട്ടം വലുതാണ്. ടൂറിസം പല രാജ്യങ്ങള്‍ക്കും നിനലനില്പ്പിന്റെ ഭാഗമാണ്. വിവിധ മൂന്നാംലോക രാജ്യങ്ങള്‍ ഉള്‍പ്പെടെയുള്ള പല ഏഷ്യന്‍ രാജ്യങ്ങളുടെ വരുമാനം ടൂറിസത്തില്‍നിന്നും കിട്ടുന്ന വരുമാനമാണ്. ഇന്നത്തെ ദിവസം നമുക്ക് സഞ്ചാരത്തിന്റെ പുതിയ മനസ് തരാന്‍ ഇടയാകട്ടെ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: