ഓരോ മനുഷ്യനേയും ഭൂമിയിലേക്ക് പറഞ്ഞയച്ചിരിക്കുന്നത് നിയതമായ കര്‍മ്മം ചെയ്യുന്നതിനാണ്. അത് കൃത്യമായി നിര്‍വഹിക്കുക എന്നതിന് നിശ്ചയദാര്‍ഢ്യം വേണം. പ്രതികൂലമായ സാഹചര്യത്തില്‍നിന്നും വളര്‍ന്ന്, ചികിത്സാരംഗത്ത് ഒരു പാരമ്പര്യവും ഇല്ലാത്ത ബൈജു സേനാധിപന്‍ ആ രംഗത്ത് തന്റെ പേരു കൊത്തിവയ്‌ക്കുകയായിരുന്നു. താക്കോല്‍ദ്വാര ശസ്ത്രക്രിയയില്‍ വൈദഗ്‌ദ്ധ്യം നേടി ലോകമെമ്പാടും പറന്ന കര്‍മ്മനിരതനായ ഭിഷഗ്വരന്‍. തനി നാട്ടിന്‍പുറത്തെ സാധാരണ കുടുംബത്തില്‍ പിറന്ന് പ്രശസ്തനായത് ദൈവനിയോഗത്താല്‍ മാത്രം. കഥകളിലും സിനിമകളിലും കണ്ട വില്ലന്‍വേഷങ്ങളെ നേരില്‍ കണ്ട അനുഭവം ഡോക്ടര്‍ പങ്കുവയ്‌ക്കുന്നത് മനസ്സിലാക്കുമ്പോള്‍ കഷ്ടം തോന്നും. മനുഷ്യജീവനെ വകവരുത്തുവാനായി ശ്രമിച്ച് ഒരു ഡോക്ടറുടെ പേരു ചീത്തയാക്കാന്‍ യത്‌നിക്കുന്ന ആരോഗ്യമേഖലയെ ഓര്‍ത്ത് ലജ്ജ തോന്നുകയാണ്.
തൊഴുത്തില്‍ക്കുത്ത് മൂലം ഓരോ മേച്ചില്‍പ്പുറം തേടിപ്പോകേണ്ട അവസ്ഥ സേനാധിപന്‍ ഡോക്ടര്‍ക്കും ധാരാളം ഉണ്ടായി. ഒട്ടേറെ ശിഷ്യരെ വാര്‍ത്തെടുത്ത അധ്യാപകനെന്നും ഖ്യാതി നേടിയ ഇദ്ദേഹം 60 വയസ്സുള്ള അച്ഛന്റെ പ്രായക്കാരനേയും പഠിപ്പിച്ചു. അധ്യാപകന് 32 വയസ്സ്. പത്തുംപതിനഞ്ചും സര്‍ജറികള്‍ വിശ്രമവും ഭക്ഷണവും ഒഴിവാക്കി ആവേശത്തോടെയും സേവനതൃഷ്ണയോടെയും ചെയ്തുതീര്‍ത്തു. ഖ്യാതി കേട്ടറിഞ്ഞുവന്ന രോഗികളും കുറവല്ല.
ശ്രീനാരായണ ഗുരുദേവന്റെ ശിഷ്യനാണ് ഗുരുദേവന്റെ നിര്‍ദ്ദേശപ്രകാരം ഡോ.ബൈജുവിന്റെ അച്ഛന് സേനാധിപന്‍ എന്ന പേരു നിശ്ചയിച്ചത്. തന്റെ മക്കളിലും ബൈജുസാര്‍ സേനാധിപന്‍ ചേര്‍ത്തുവച്ചിട്ടുണ്ട്. ഡോക്ടര്‍ക്ക് വിദ്യാഭ്യാസകാലത്ത് ജയില്‍വാസവും വേണ്ടിവന്നു. കവിസമ്മേളനം, അടൂര്‍, അരവിന്ദ സിനിമ എന്നിവയും ലഹരിയായിരുന്നു. നാഗര്‍കോവിലിലെ ഒരാശുപത്രിയില്‍ സര്‍ജറിക്കു ക്ഷണംകിട്ടി ചെല്ലവെ അവിടുത്തെ തീയറ്റര്‍ അപര്യാപ്തതയുടെ കൂടായിരുന്നു. കേരളത്തിലെ ആരോഗ്യമേഖലയുടെ മേന്മ നമുക്കവിടെ വായിക്കാം.
ഭാര്യ അയോഡിന്‍ നേത്രരോഗ വിദ്ഗ്ധയാണ്. ഒരു കുടുംബനാഥന്‍ എന്ന വേഷം ബൈജു സേനാധിപന് യഥാവിധി നിര്‍വഹിക്കാനായില്ല. കുട്ടികള്‍ക്ക് അച്ഛന്റെ സാന്നിദ്ധ്യം അപ്രാപ്യമായിരുന്നു. തന്റെ പ്രവര്‍ത്തന മേഖലയില്‍ സധൈര്യം കുതിച്ചതിന്റെ കീര്‍ത്തി ഈ മഹത്തായ ചികിത്സകന് എന്നും നിലനില്‍ക്കും. സ്‌നേഹാര്‍ദ്രം എന്ന ഒരു പ്രസ്ഥാനത്തിന് കൂടി ഡോക്ടര്‍ തുടക്കംകുറിച്ചു. സാമ്പത്തിക പരാധീനതയില്‍ ഒരാളും ചികിത്സ കിട്ടാതെ പോകരുതെന്ന നിശ്ചയം ഡോ.ബൈജു സേനാധിപനുണ്ടായിരുന്നു. ഈ പ്രസ്ഥാനം സാധാരണക്കാര്‍ക്ക് അത്താണിയാണിന്ന്.
ഈ മഹാനായ ശസ്ത്രക്രിയാ വിദഗ്‌ദ്ധന്റെ ജീവചരിത്രം സേവ്യര്‍ ജെ. ‘സ്‌നേഹാര്‍ദ്രം സേനാധിപന്‍’ എന്ന പുസ്തകത്തിലൂടെ നമുക്ക് പരിചയപ്പെടുത്തുകയാണ്. നല്ല ഒഴുക്കുള്ള ഭാഷയിലൂടെ ഒരു കാലഘട്ടത്തിന്റെ മഹാനെ നമ്മെ കാണിച്ചുതരികയാണ്. നാമെല്ലാം അനുകരിക്കേണ്ട ഈ കീര്‍ത്തിമാനെ വായിക്കാനാവുംവിധം ലഭിച്ചത് വായനക്കാരുടെ ഭാഗ്യം തന്നെയാണ്. ദാരിദ്ര്യത്തിന്റെ താഴെത്തട്ടില്‍നിന്നും പഠിച്ചുവലുതായി ആകാശത്തോളം കീര്‍ത്തി നേടുമ്പോഴും വിനീതനാണ് ഇദ്ദേഹം. ലോകത്തില്‍ ഇദ്ദേഹത്തിന്റെ കൈത്തഴക്കം, വേഗത എന്നിവ ഫിലിം വഴി കണ്ടുപഠിക്കുകയാണ് പുതിയ തലമുറക്കാരും പ്രൊഫഷണല്‍ വിദഗ്‌ദ്ധരും.
പാലേലി മോഹൻ
പ്രതികരിക്കാൻ ഇവിടെ എഴുതുക: