പ്രളയാനന്തര പുനര്‍നിര്‍മാണം നടത്താന്‍ കേരളത്തിനു വേണ്ടി ജിഎസ്ടിയില്‍ ചില ഉല്‍പ്പന്നങ്ങള്‍ക്ക് നിശ്ചിത കാലാവധിയില്‍ അധിക നികുതി ഏര്‍പ്പെടുത്താന്‍ ധാരണയായിരിക്കുന്നു. കേരളത്തിനുമാത്രമായി ജിഎസ്ടിയുടെ മേല്‍ അധിക നികുതി ചുമത്താമെന്ന നിര്‍ദ്ദേശമാണ് കേന്ദ്രമന്ത്രി അരുണ്‍ ജെറ്റ്ലിയുമായുള്ള ചര്‍ച്ചയില്‍ സംസ്ഥാന ധനമന്ത്രി തോമസ് ഐസക് മുന്നോട്ടുവച്ചത്. എന്നാല്‍ ഒരു സംസ്ഥാനത്തിനുമാത്രമായി സെസ് ഏര്‍പ്പെടുത്തുന്നത് ജിഎസ്ടി വിഹിതം കണക്കാക്കുന്നതുള്‍പ്പെടെ വിഷമതകള്‍ സൃഷ്ടിക്കുമെന്ന് വിലയിരുത്തി രാജ്യവ്യാപകമായി സെസ് ചുമത്താനാണ് ആലോചന.
പുകയില ഉള്‍പ്പെടെ ചില ഉല്‍പ്പന്നങ്ങള്‍ക്ക് അധിക നികുതി ചുമത്താമെന്നാണ് നിര്‍ദ്ദേശം. ഇക്കാര്യത്തില്‍ തീരുമാനമെടുക്കാനും നടപ്പാക്കാനും മറ്റ് സംസ്ഥാനങ്ങളുടെ അനുമതിയും ആവശ്യമായതിനാല്‍ ഈ മാസം ഇരുപത്തിയെട്ടിന് ചേരുന്ന ജിഎസ്ടി കൗണ്‍സില്‍ അന്തിമ തീരുമാനമെടുക്കും. അധികനികുതി ചുമത്തുകവഴി 2000 കോടി രൂപ സമാഹരിക്കാനാവുമെന്നാണ് കണക്കാക്കപ്പെടുന്നത്.
പ്രളയ രക്ഷാ-ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ പേരില്‍ കേന്ദ്രസര്‍ക്കാരിനെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും കുറ്റപ്പെടുത്തുന്നതില്‍ ഇടതുമുന്നണി സര്‍ക്കാരും സിപിഎമ്മും പരസ്പരം മത്സരിക്കുകയായിരുന്നു. പ്രളയത്തെത്തുടര്‍ന്ന് യുദ്ധകാലാടിസ്ഥാനത്തില്‍ സഹായമെത്തിക്കുകയും, ചോദിക്കുന്ന എന്ത് സഹായവും ചെയ്യാന്‍ തയ്യാറാണെന്ന് വ്യക്തമാക്കുകയും ചെയ്തിട്ടും കേന്ദ്രസര്‍ക്കാരിനെതിരെ കുരിശുയുദ്ധം നടത്തുകയായിരുന്നു പിണറായി സര്‍ക്കാര്‍. യുഎഇയില്‍നിന്ന് 700 കോടി ലഭിക്കുമെന്ന കിംവദന്തിയുടെ പേരില്‍ സിപിഎം നേതാക്കളും മറ്റും ഉണ്ടാക്കിയ കോലാഹലങ്ങള്‍ക്ക് കയ്യും കണക്കുമില്ല.
പണമായും അരിയുള്‍പ്പെടെയുള്ള ഭക്ഷ്യധാന്യങ്ങളായും, ആരോഗ്യരക്ഷയ്ക്കുള്ള സാമഗ്രികളായും കേന്ദ്രസഹായം ഒഴുകിയെത്തുകയായിരുന്നു. എന്നിട്ടും പാലുകൊടുക്കുന്ന കയ്യില്‍ കൊത്തുന്നതുപോലെയാണ് ചില മന്ത്രിമാരും സിപിഎം നേതാക്കളും പെരുമാറിയത്. അടവുനയമെന്ന നിലയില്‍ മുഖ്യമന്ത്രി പിണറായി വിജയന് ‘മാന്യമായി’ പെരുമാറി സ്വന്തം പാര്‍ട്ടിക്കാരെക്കൊണ്ട് മ്ലേച്ഛമായ ഭാഷയില്‍ പ്രതികരിപ്പിക്കുകയായിരുന്നു. കരുതിക്കൂട്ടി സൃഷ്ടിച്ച ഈ വിവാദത്തിലേക്ക് വര്‍ഗീയതവരെ ഇക്കൂട്ടര്‍ വലിച്ചുകൊണ്ടുവന്നു.
പിണറായി സര്‍ക്കാര്‍ അധികാരമേറ്റതിനെത്തുടര്‍ന്ന് കേന്ദ്ര വിരുദ്ധ സമരത്തില്‍ മുന്നില്‍നിന്നയാളാണ് ധനമന്ത്രി തോമസ് ഐസക്. നോട്ടു നിരോധനത്തിനും ജിഎസ്ടി കൊണ്ടുവന്നതിനുമെതിരെ വളരെ ആസൂത്രിതമായ പ്രചാരണമാണ് ഐസക് നടത്തിയത്. നരേന്ദ്ര മോദിയെ ജനവിരുദ്ധനാക്കുകയെന്നതായിരുന്നു ദുഷ്ടലാക്ക്. പ്രളയ രക്ഷാ-ദുരിതാശ്വാസ പ്രവര്‍ത്തനത്തിന്റെ പേരിലും ഈ മന്ത്രി തനിനിറം കാട്ടി. പ്രധാനമന്ത്രി മോദിയെ പ്രതിക്കൂട്ടിലാക്കാനുള്ള വിഫലശ്രമമായിരുന്നു ഇത്. ഇതേ ഐസക്കുതന്നെയാണ് പ്രളയത്തെത്തുടര്‍ന്നുള്ള കേരളത്തിന്റെ പുനര്‍നിര്‍മാണം, വായ്പ, അധിക വരുമാനം തുടങ്ങിയ കാര്യങ്ങളില്‍ കേന്ദ്രസര്‍ക്കാരിന് ക്രിയാത്മക സമീപനമാണെന്ന് പ്രശംസിക്കുന്നത്.
ഇത് ആത്മാര്‍ത്ഥമാണെങ്കില്‍ കക്ഷി രാഷ്ട്രീയ താല്പര്യം മുന്‍നിര്‍ത്തി കേന്ദ്രസര്‍ക്കാരിനും പ്രധാനമന്ത്രിക്കുമെതിരെ ജനങ്ങള്‍ക്കിടയില്‍ തെറ്റിദ്ധാരണ പരത്തിയതിന് ഐസക്കും കൂട്ടരും മാപ്പുപറയണം. പ്രളയദുരിതാശ്വാസ പ്രവര്‍ത്തന കാലത്ത് സംസ്ഥാന മന്ത്രിമാരെക്കാള്‍ ആത്മാര്‍ത്ഥമായും കാര്യക്ഷമമായും പ്രവര്‍ത്തിച്ചത് കേന്ദ്രമന്ത്രിമാരാണ്. പ്രതിപക്ഷം ഭരിക്കുന്നതിന്റെ പേരില്‍ കേരളത്തിലെ ജനങ്ങളോട് യാതൊരു വിവേചനവും അവര്‍ കാണിച്ചില്ല. ഇതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് പ്രളയാനന്തര പുനര്‍നിര്‍മാണത്തിന് ജിഎസ്ടിയില്‍ അധികനികുതി ചുമത്താനുള്ള നിര്‍ദ്ദേശം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: