ഓര്‍മകള്‍ ഉണ്ടായിരിക്കണം എന്നു പറയുമ്പോള്‍ ഓര്‍മകള്‍ ഇല്ലാതാകുന്നതിനെക്കുറിച്ച് എന്തുപറയും. മരിക്കുന്ന ഓര്മകളോടൊപ്പം ഇല്ലാതാകുന്നത് ചരിത്രമാണ്, സ്വത്വമാണ്. മങ്ങി മങ്ങി ഇല്ലാതാകുന്ന ഓര്‍മകളെക്കുറിച്ചും മറവിയിലേക്കു ജീവിതം മറിഞ്ഞുപോകുന്നതിനെക്കുറിച്ചും ഓര്‍മിപ്പിക്കാന്‍ ലോകം ഇന്ന് അല്‍ഷിമേഴ്സ് ദിനമായി ആചരിക്കുന്നു. എന്തിനേയും സ്നേഹംകൊണ്ട് കീഴടക്കാമെങ്കിലും ഒന്നിനോടും കീഴടങ്ങാന്‍ വിസമ്മതിക്കുന്ന രോഗമാണ് അല്‍ഷിമേഴ്സ്. എല്ലാം മറവിയിലേക്കു മടങ്ങുകയും ഒന്നും തിരിച്ചറിയാതെപോകുകയും ചെയ്യുമ്പോള്‍ സ്നേഹത്തിനെങ്ങനെ അവിടെ കൂട്ടുകൂടാനാകും.
ഓര്‍മനാശം, സ്മൃതിനാശം എന്നൊക്കെ പരക്കെ പരാമര്‍ശിക്കപ്പെടുന്ന വാക്കുകള്‍ക്ക് കൂടുതല്‍ പ്രസക്തി വന്നത് മരവിരോഗ വ്യാപ്തിയോടെയാണ്. സാഹിത്യത്തിലും തത്ത്വചിന്തയിലും എന്നുവേണ്ട സാധാരണ വര്‍ത്തമാനങ്ങളില്‍ പോലും ഈ വാക്കുകള്‍ ഭാഷയുടെ സ്നേഹഭാജനമായിട്ടുണ്ട്. മറവിരോഗം മനുഷ്യന് ഇന്ന് നേരിടുന്ന ഗുരുതരമായ പ്രതിസന്ധിയാണ്. അവരവര്‍ക്കു തന്നേയും മറ്റുള്ളവര്‍ക്കും ഭാരമായി ജീവിക്കേണ്ടിവരിക എന്നു തന്നെയാണ് ഇതിന്റെ ഏറ്റവും വലിയ പ്രശ്നം. മറ്റുള്ളവരുടെ കരുതലും സ്നേഹവും ഇത്തരക്കാര്‍ക്ക് ആവശ്യമാണെന്നു പറയുമ്പോള്‍ തന്നെ അത്തരം സാന്നിധ്യം ഇവര്‍ക്ക് തിരിച്ചറിയാനാവില്ലെന്നതും ഈ രോഗം വരുത്തിവെക്കുന്ന അന്യതാബോധത്തിന്റെ കടുപ്പം എത്രയാണെന്നു ബോധ്യപ്പെടുത്തുന്നു. പ്രായമായവരില്‍ അപൂര്‍വമായി വരുന്നതാണ് അള്‍ഷിമേഷ്യസ് എന്നു പറയുമ്പോഴും ഈ രോഗം വരാന്‍ പ്രായമാകേണ്ടതില്ല എന്നതാണ് പലപ്രായത്തിലുള്ള മറവിരോഗക്കാര് പറഞ്ഞുതരുന്ന സത്യം. അറുപതിനു ശേഷം വരുന്ന രോഗം എന്നു പറഞ്ഞിടത്ത് അറുപതിനു മുന്‍പേയും അന്പതിലും നാല്പതില്പ്പോലും ഈ രോഗം ചിലരെയെങ്കിലും പിടികൂടുന്നതായി കണ്ടുവരുന്നു. അമേരിക്കയില്‍മാത്രം 60വയസിനു താഴെയുള്ള രണ്ടു ലക്ഷം മറവിരോഗികളുണ്ട്. 65 വയസിനുമേലുള്ള മറവിരോഗികളുടെ എണ്ണം അവിടെത്തന്നെ 50 ലക്ഷമാണ്. ലോകവ്യാപകമായി ഇത് കോടികള്‍ വരും.
മറവിരോഗ ലക്ഷണങ്ങള്‍ നിരവധി ഉണ്ടെങ്കിലും അവ പ്രത്യക്ഷപ്പെടുന്നതോ ബോധ്യപ്പെടുന്നതോ ഈ രോഗം മനുഷ്യനെ മിക്കവാറും വേട്ടയാടിക്കഴിയുമ്പോഴായിരിക്കും. മറവിയുണ്ടെന്ന് ആളുകള്‍ പറയാറുണ്ടെങ്കിലും അത് മറവിരോഗത്തിന്റെ ലക്ഷണം ആണെന്നോ അല്ലെന്നോ പറയാനാവില്ല, മറവിതന്നെ പ്രധാന ലക്ഷണമെന്നു വരികിലും. തലച്ചോറിനെ ബാധിക്കുന്ന രോഗമാണിത്. മറവിയിലേക്കു പോകാനനുവദിക്കാതെ എപ്പോഴും തലച്ചോറിനെ ഉണര്‍ത്തി നിറുത്തുക തന്നെയാണ് ഇതിനുള്ള പ്രതിവിധി. വായന, നല്ല ഉറക്കം, കേള്‍വി, ധാന്യ പച്ചക്കറി ഭക്ഷണം എന്നിങ്ങനെ പലവിധമുണ്ട് മറവിപ്രതിരോധ കുറിപ്പടികള്‍.
മറവിരോഗത്തക്കുറിച്ചും അതിന്റെ മുന്നറിവിനെക്കുറിച്ചും ലോകത്ത് നിരവധി പ്രചരണങ്ങള്‍ ഇടതടവില്ലാതെ നടക്കുമ്പോഴും മൂന്നില്‍ രണ്ടുഭാഗം ആളുകളും ആഗോളവ്യാപകമായി ഇപ്പോഴും ഇതിനെക്കുറിച്ച് അജ്ഞരാണ്. വര്‍ഷങ്ങള്‍ക്കു മുന്‍പ് മോഹന്‍ലാല്‍ നായകനായി ബ്ളസി സംവിധാനം ചെയ്ത തന്മാത്ര മറവിരോഗം പ്രമേയമായ കാതലുള്ള സിനിമയും കാമ്പുള്ള ബോധവല്‍ക്കരണവുമായിരുന്നു. മറവിരോഗത്തിന്റെ ആരംഭവും അതിന്റെ പ്രത്യാഘാതവും എടുത്തുകാട്ടിയ ചിത്രം. മറവിരോഗത്തെക്കുറിച്ച് മലയാളികള്‍ കൂടുതല്‍ അറിഞ്ഞതും ഈ ചിത്രക്കിലൂടെയായിരുന്നു. അവനവനെതന്നെ തിരിച്ചറിയാതെ പോകുന്ന ഈ രോഗത്തക്കുറിച്ച് മറന്നുപോകാതിരിക്കുക എന്നുതന്നെയാണ് മറവിക്കെതിരെയുള്ള പ്രതിരോധമെന്നേ പറയാനുള്ളൂ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: