സംഘര്‍ഷ ഭൂമികയിലെ ആകാംക്ഷകളിലാണോ ലോകത്തിന്റെ നിലനില്പ്. അല്ലെങ്കില്‍ സംഘര്‍ഷത്തില്‍നിന്നും പിറക്കുന്നതാണോ സമാധാനം. ഇന്നത്തെ ലോകാവസ്ഥ കാണുമ്പോള്‍ അങ്ങനെയൊക്കെ വിചാരിക്കാന്‍ തോന്നുന്നു. എവിടേയും പ്രശ്നങ്ങളാണ്. എന്തെങ്കിലും കാരണം പറഞ്ഞ് മനുഷ്യന് കൂടുതല്‍ ഇല്ലാതായിക്കൊണ്ടിരിക്കുന്ന ചുറ്റുപാടുകളാണ് യുദ്ധമായും കലാപമായും രൂപപ്പെടുന്നത്. യമനിലും സിറിയയിലും ഇസ്രായേലിലും ഇറാനിലും എന്നുവേണ്ട ലോകത്തോളം അസ്വസ്ഥതകള്‍ വളരാനുള്ള വെടിമരുന്നുകള്‍ ആവശ്യത്തില്ക്കൂടുതലുണ്ട് ഈ രാജ്യങ്ങളില്‍. ചൈനയിലാകട്ടെ മനുഷ്യാവകാശപ്രശ്നങ്ങള്‍ ഒന്നിനു പിറകെ ഒന്നായി.
ലോകത്തിലെ ഏറ്റവും ദരിദ്ര രാജ്യങ്ങളില്‍ ഒന്നാണെങ്കിലും യമനില്‍ യുദ്ധമൊഴിഞ്ഞിട്ടു നേരമില്ല. നിത്യവും മരണം റിപ്പോര്‍ട്ടു ചെയ്യുന്ന ഇവിടെ ഏതെങ്കിലും തരത്തില്‍ കലാപമില്ലെങ്കില് പറ്റില്ലെന്ന അവസ്ഥയാണ്! സൗദിയുടെ സഹായംകൊണ്ടാണ് അടിസ്ഥാന സൗകര്യങ്ങള്‍ യമനില്‍ ഉണ്ടായതെങ്കിലും ഇന്ന് സൗദി സഖ്യസേന ആ മണ്ണില്‍ യുദ്ധം ചെയ്യുകയാണ്. നാലഞ്ചുവര്‍ഷമായി യുദ്ധം തുടങ്ങിയിട്ട്. യെമനിലെ ഏകാധിപതി അലി അബിദുല്ല സ്വാഹലി ഭരണത്തില്‍ നിന്നും സൗദിയിലേക്ക് പലായനം ചെയ്തതോടുകൂടി അവിടത്തെ ആഭ്യന്തരപ്രശ്നങ്ങള്‍ കൂടുതല്‍ വഷളാകുകയായിരുന്നു. ഷിയവിമതരായ ഹൂത്തികളാണ് അവിടെ പ്രശ്നം സൃഷ്ടിക്കാന്‍ തുടങ്ങിയത്. ഇറാനും ലബനനും സഹകരിച്ച് ഹൂത്തികളെ ആയുധം നല്കി അവിടെ കലാപം ഉണ്ടാക്കുന്നുവെന്നാണ് സൗദിയുടെ ആരോപണം. അങ്ങനെയാണ് സൗദിയും യു എ ഇയും ചേര്‍ന്നുകൊണ്ട് അവിടെ യുദ്ധം തുടങ്ങിയത്. ഫലത്തില്‍ അതിന്റെ പ്രത്യാഘാതം മുഴുവനും അനുഭവിക്കുന്നതാകട്ടെ യെമനും. ഐക്യരാഷ്ട്ര സഭയുടെ നേതൃത്വത്തില്‍ സമാധാനശ്രമങ്ങള്‍ തുടരുകയാണ്. നേരത്തെ ഇത്തരം ശ്രമങ്ങള്‍ ഉണ്ടായെങ്കിലും ഹുത്തികളുടെ നിസഹകരണംമൂലം മുന്നോട്ടു നീങ്ങിയില്ല. ഇപ്പോള്‍ അവര്‍ സഹകരിക്കാമെന്നായിട്ടുണ്ട്.
യുദ്ധവും കലാപവും ഇല്ലെങ്കില്‍ നിലനില്‍ക്കാനാവില്ലെന്ന അവസ്ഥയിലാണ് സിറിയയും! രണ്ട് രാജ്യങ്ങള്‍ തമ്മിലുളള ശത്രുതയില്‍ അങ്കത്തട്ടാവുകയാണ് സിറിയ. സിറിയയോട് പ്രശ്നങ്ങള്‍ ഇല്ലെങ്കിലും ബദ്ധവൈരിയായ ഇറാനോട് തീരാത്ത പകയാണ് ഇസ്രായേലിനുള്ളത്. ഐ എസിന്റെ ആക്രമണത്തില്‍ വര്‍ഷങ്ങളായി നീറിപ്പുകയുന്ന സിറിയയില്‍ ഐ എസിനെ പ്രതിരോധിക്കുന്നതില്‍ ഇറാന് വലിയ പങ്കുവഹിക്കുന്നുണ്ട്്. റഷ്യയും ഇക്കാര്യത്തില്‍ സിറിയയെ സഹായിച്ചിരുന്നു. ഇക്കഴിഞ്ഞ ദിവസം സിറിയയിലെ ഇറാന് ആയുധപ്പുരയ്ക്കുനേരെ ഇസ്രായേല്‍ ആക്രമണം നടത്തിയെന്ന് ആരോപണം നിലവിലുണ്ട്. എന്നാല്‍ ഈ സംഭവം ഇസ്രായേല്‍ ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. ഇസ്രായേലിന്റെ ശത്രുവായ ഹിസ്ബുള്ളയെ സഹായിക്കാനാണ് ഇറാന് സിറിയയില്‍ ആയുധ സംഭരണം നടത്തുന്നുവെന്നാണ് ഇസ്രായേല്‍ കുറ്റപ്പെടുത്തുന്നത്. ഡമാസ്ക്കസ് വിമാനത്താവളത്തിനടുത്തുള്ള ഇറാന്റെ ആയുധപ്പുരയ്ക്കുനേരെയാണ് ഇസ്രായേല്‍ മിസൈലാക്രമണം നടത്തിയതെന്നാണ് നിലവിലുള്ള ആരോപണം.
ഇസ്രായേല്‍ വലിയ കേമത്തം കാണിക്കുമ്പോഴും ആ രാജ്യത്തിന് നടുക്കവും നാണക്കേടും ഉണ്ടാക്കുംവിധമുള്ള റിപ്പോര്‍ട്ടുകളാണ് അവിടെനിന്നും വന്നുകൊണ്ടിരിക്കുന്നത്. ഇസ്രായേല്‍ സൈന്യത്തിന്റെ ഓംബുഡ്സ്മാനായി ജോലിനോക്കുന്ന മേജര്‍ ജനറല്‍ യിത് സാക് ബ്രിക്കാണ് നടുക്കുന്ന റിപ്പോര്‍ട്ടുകള്‍ അധികൃതര്‍ക്ക് നല്‍കിയിരിക്കുന്നത്. ലോകത്തിലെ ഏറ്റവും ശക്തമായ സൈന്യം എന്നുവിളിപ്പേരുള്ള ഇസ്രായേല്‍ കരസേന വലിയ ദൗര്ബല്യത്തിലാണെന്നുള്ളതാണ് ഈ റിപ്പോര്‍ട്ടുകള്‍. ഒരു യുദ്ധത്തിന് ഇസ്രായേല്‍ സൈന്യം സുസജ്ജമല്ല എന്നാണ് പൊതുവെയുള്ള റിപ്പോര്‍ട്ട്. എല്ലാവിധത്തിലും അശക്തമായ നിലവാരമാണ് സൈന്യത്തിനുള്ളതെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. പുതിയ ആയുധങ്ങളോ യുദ്ധമുറകളോ സൈന്യത്തിനില്ല. സൈന്യത്തിന്റെ വിവിധമേഖലകളില്‍ മനുഷ്യവിഭവശേഷി കുറവാണെന്നും പറയുന്നു. മാനസികവും ശാരീരികവുമായ അനവധി സമ്മര്‍ദങ്ങളിലൂടെയാണ് ഇസ്രായേല്‍ സൈന്യം ഇപ്പോള്‍ കടന്നുപോകുന്നതെന്നാണ് ബ്രിക് സൂചിപ്പിക്കുന്നത്. ഇസ്രായേലിലെ പ്രധാനപ്പെട്ട ഒരു പത്രത്തിലാണ് ഈ റിപ്പോര്‍ട്ടുകള്‍ വന്നിട്ടുള്ളത്.
അതിനിടയിലാണ് വലിയ മനുഷ്യാവകാശ ലംഘനങ്ങള്‍ക്ക് പ്രതിക്കൂട്ടിലായിരിക്കുന്ന ചൈനയെ മറ്റൊരു തലവേദന പിടികൂടിയിരിക്കുന്നത്. ചൈനയിലെ ഏറ്റവും പ്രമുഖ നടിയും ലോകപ്രശസ്തയുമായ ഫാന്‍ പിങ് പിങിനെ കാണാതായിരിക്കുന്നുവെന്നാണ് പുതിയ റിപ്പോര്‍ട്ട്. ചൈനയിലെ സെലിബ്രിറ്റികളില്‍ സമ്പത്തിന്റെ കാര്യത്തില്‍ മുമ്പിലുള്ള ഫാനിനെ കാണാതായിട്ട് മാസങ്ങളായി. അവരെ ചൈനീസ് അധികൃതര്‍ ജയിലില്‍ അടച്ചിരിക്കാം എന്നാണ് അഭ്യൂഹം. നികുതി വെട്ടിപ്പ് നടത്തിയെന്ന് ഫാനിനെക്കുറിച്ച് ആരോപണം നിലവിലുണ്ട്. അതിന്റെ പേരില്‍ അറസ്റ്റു ചെയ്യപ്പെട്ടിരിക്കാം എന്നാണ് നിഗമനം. സാമൂഹ്യ ഉത്തരവാദിത്വത്തില്‍ അവരുടെ നിലവാരം പൂജ്യമാണെന്ന് പലപ്പോഴും കണ്ടെത്തിയിരുന്നു. ഇതും തിരോധാനത്തിനു കാരണമായേക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: