ഒരു ജനാധിപത്യ സംവിധാനം പുലരുന്ന സമൂഹത്തില്‍ പിടിച്ചുപറി, കൊള്ള, കൊള്ളിവെപ്പ് തുടങ്ങിയ സാമൂഹികവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ഉണ്ടാകാന്‍ പാടില്ലാത്തതാണ്. സംഗതിവശാല്‍ അങ്ങനെ വരുന്നുവെന്നു കരുതുക. അടുത്ത നിമിഷം അത് ഇല്ലാതാക്കാനുള്ള ശക്തമായ നടപടികള്‍ ഭരണകൂടം സ്വീകരിക്കും. ജനാഭിമുഖ്യ നിലപാടുള്ള ഒരു ഭരണകൂടത്തിന് അങ്ങനെ ചെയ്യാനേ സാധിക്കൂ. അങ്ങനെയുള്ള സര്‍ക്കാരിനെ എന്നെന്നും അവിടത്തുകാര്‍ നെഞ്ചേറ്റി ലാളിക്കും. അതിന് അന്നും ഇന്നും ഒരു മാറ്റവും വന്നിട്ടില്ല. ചില ഭരണകൂടങ്ങളെ പുറംകാല്‍കൊണ്ട് തൊഴിച്ചെറിയുന്നതും ചിലതിനെ കെട്ടിപ്പുണര്‍ന്ന് ഓമനിക്കുന്നതും നാം കാണുന്നുണ്ടല്ലോ.
പ്രളയം മുക്കിത്താഴ്ത്തിയ ഒരു ജനതയോട് സാധാരണക്കാരുടെ സര്‍ക്കാര്‍ എന്ന് കൊട്ടിഘോഷിക്കുന്നവര്‍ എന്താണ് ചെയ്യുന്നതെന്ന് ഇപ്പോള്‍ പകല്‍പോലെ തെളിഞ്ഞുകിടക്കുന്നു. സര്‍വതും നഷ്ടപ്പെട്ടവരെ കൈപിടിച്ച് കരകേറ്റാന്‍ രാഷ്ട്രീയ താല്‍പ്പര്യം വെച്ച് ചിലതൊക്കെ ചെയ്യുന്നത് ഒഴിച്ചുനിര്‍ത്തിയാല്‍ ഔദ്യോഗിക കൊള്ളയടിയാണ് നടക്കുന്നത്. ഉടുതുണിക്ക് മറുതുണിയില്ലാത്തവരും ഒരുനേരം തലചായ്ക്കാന്‍ സ്വന്തമായുള്ള കൂര നഷ്ടമായവരും ഇത്തിരി ആശ്വാസത്തിനായി കെഞ്ചുമ്പോള്‍ അവരെ അങ്ങേയറ്റം കൊല്ലാക്കൊല ചെയ്യുകയാണ്. അല്പം സഹായധനം കിട്ടാന്‍വേണ്ടി കേട്ടുകേള്‍വിയില്ലാത്ത തരത്തിലുള്ള നിയമക്കുരുക്കില്പ്പെടുത്തുകയാണ്. ഇതിലും ഭേദം പ്രളയത്തില്‍ ജീവന് നഷ്ടപ്പെടുന്നതായിരുന്നുവെന്ന് അവര്‍ ഉള്ളുരുകി കരയുന്നു. എന്ത് ജനാഭിമുഖ്യമാണ് ഈ സര്‍ക്കാറിനുള്ളത്?
ഒരു ഭാഗത്ത് നിസ്സഹായരെയും നിരാലംബരെയും വറചട്ടിയില്‍ എടുത്തിടുന്ന ഭരണകൂടം മറുഭാഗത്ത് സഹായധനത്തിനുവേണ്ടി തീവെട്ടിക്കൊള്ള നടത്തുകയാണ്. ദുരിതാശ്വാസ സഹായത്തിന്റെ പേരിലുള്ള ഈ കൊള്ളയെ കഴിഞ്ഞ ദിവസം ഹൈക്കോടതി നിരീക്ഷിച്ചത് പിടിച്ചുപറിയെന്നാണ്. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ഒരു മാസത്തെ ശമ്പളം ദുരിതാശ്വാസനിധിയിലേക്ക് നല്‍കണമെന്ന് മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചതിന്റെ ബലത്തില്‍ കൊള്ള നടത്താനാണ് ശ്രമിക്കുന്നത്.
മാസത്തിലുള്ള ആകെ വരുമാനത്തില്‍ നിന്ന് വായ്പയും വാടകയും മറ്റും കഴിഞ്ഞാല്‍ തുച്ഛമായ വരുമാനം കൊണ്ട് ജീവിതത്തിന്റെ രണ്ടറ്റവും മുട്ടിക്കാന്‍ കഴിയാത്തവരാണ് ബഹുഭൂരിപക്ഷം വരുന്ന സര്‍ക്കാര്‍ ജീവനക്കാര്‍. അവരുടെ മൊത്തം ശമ്പളം ദുരിതാശ്വാസനിധിയിലേക്ക് ബലമായി പിടിച്ചുവാങ്ങുമ്പോള്‍ അവര്‍ എങ്ങനെ ജീവിക്കണമെന്നാണ് സര്‍ക്കാര്‍ കരുതുന്നത്? മാനുഷിക പരിഗണന വെച്ച് അവരില്‍ പലരും നല്ല സംഖ്യതന്നെ ഇതിനകം ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയിട്ടുണ്ട്. അതും പോരാഞ്ഞ് കിഴിവൊന്നും ഇല്ലാത്ത മൊത്തം ശമ്പളം നല്‍കണമെന്ന് ശഠിക്കുമ്പോള്‍ ഭരണകൂടം കൊള്ളക്കാരുടെ മാനസിക നിലവാരത്തിലേക്ക് അധപ്പതിക്കുകയാണ്.
സര്‍ക്കാര്‍ ഉദ്യോഗസ്ഥരില്‍ നല്ലൊരു ശതമാനം പേരും ഈ പ്രളയഭീഷണിയില്പെട്ട് വീടും വീട്ടുപകരണങ്ങളും നഷ്ടപ്പെട്ടതാണെന്നു കൂടി ഓര്‍ക്കണം. ”ജീവനക്കാരുടെ ഒരു ദിവസത്തെ ശമ്പളം പോലും പിടിക്കാന്‍ സര്‍ക്കാരിന് അധികാരമില്ല. അതിനൊക്കെ ഒരു രീതിയുണ്ട്. നിയമം നോക്കാതെ ശമ്പളം പിടിക്കാന്‍ ഉത്തരവിറക്കുന്നതെങ്ങനെ? നിയമ സെക്രട്ടറിയുമായി ചര്‍ച്ച നടത്തിയോ?” എന്ന് കോടതി ചോദിച്ചതിന് എന്തു മറുപടിയാണുള്ളത്. ചുരുക്കിപ്പറഞ്ഞാല്‍ പാര്ട്ടിമാടമ്പിത്തം സര്‍ക്കാറിലേക്ക് പറിച്ചുനടാന്‍ നടത്തിയ നീചശ്രമത്തെ അതിശക്തമായി തന്നെ കോടതി അപലപിച്ചിരിക്കുകയാണ്. അടുത്തിടെ കോടതിയില്‍ നിന്ന് കിട്ടുന്ന കനത്ത പ്രഹരങ്ങള്‍ ഏറ്റുവാങ്ങാന്‍ ഇനിയും ജീവിതം ബാക്കി എന്നു പറയുന്നതുപോലെയാണ് ഇടതു സര്‍ക്കാറിന്റെ ഭരണം. ഇത് ഇടതു ഭരണമല്ല, ഇടിത്തീഭരണമാണ്. ജനങ്ങളോട് അല്പമെങ്കിലും സ്നേഹമുണ്ടെങ്കില്‍ സര്‍ക്കാര്‍ നിലപാടില്‍ ഇത്തിരി മനുഷ്യത്വം ചേര്ക്കണമെന്നേ ഞങ്ങള്‍ക്ക് പറയാനുള്ളൂ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: