ത്രിപുരയില്‍ വീണ്ടും ബിജെപി അദ്ഭുതം സൃഷ്ടിച്ചിരിക്കുന്നു. നിയമസഭാ തെരഞ്ഞെടുപ്പില്‍ പോരാടി നേടിയ വിജയത്തില്‍ നിന്ന് വ്യത്യസ്തമാണിത്. വിജയം ഒരു വെള്ളിത്തളികയില്‍വച്ച് പ്രതിപക്ഷം ബിജെപിക്ക് നല്‍കിയിരിക്കുകയാണ്. പഞ്ചായത്തുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ 96 ശതമാനം സീറ്റുകളിലും ബിജെപി സ്ഥാനാര്‍ത്ഥികള്‍ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടതായി തെരഞ്ഞെടുപ്പ് കമ്മീഷനാണ് പ്രഖ്യാപിച്ചത്.
മുഖ്യമന്ത്രി ബിപ്ലവ് ദേവ് നേതൃത്വം നല്കുന്ന ബിജെപി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതോടെ പഞ്ചായത്തുകളിലെ വലിയൊരു വിഭാഗം ഇടത് അംഗങ്ങള്‍ രാജിവച്ചിരുന്നു. ഇങ്ങനെ ഒഴിവുവന്ന 3,386 സീറ്റുകളിലേക്കാണ് ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. ഇതില്‍ 3,075 ഗ്രാമപഞ്ചായത്ത് സീറ്റുകളിലും, 154 പഞ്ചായത്ത് സമിതി സീറ്റുകളിലും, 18 ജില്ലാ പരിഷത് സീറ്റുകളിലുമാണ് ബിജെപി സ്ഥാനാര്‍ത്ഥികള്‍ മത്സരമില്ലാതെതന്നെ ജയിച്ചത്. അവശേഷിക്കുന്ന 132 ഗ്രാമപഞ്ചായത്ത് സീറ്റുകളിലേക്കും ഏഴ് ജില്ലാ പഞ്ചായത്ത് സമിതികളിലേക്കും സെപ്തംബര്‍ മുപ്പതിന് ഉപതെരഞ്ഞെടുപ്പ് നടക്കും.
ബിജെപിയെ സംബന്ധിച്ചിടത്തോളം അനായാസേന ലഭിച്ച വെറുമൊരു തെരഞ്ഞെടുപ്പ് വിജയമല്ല ഇത്. നിയമസഭാ തെരഞ്ഞെടുപ്പില്‍ നിലംപരിശായ ഇടതുപാര്‍ട്ടികള്‍ക്ക്, പ്രത്യേകിച്ച് സിപിഎമ്മിന് ആ കനത്ത പരാജയത്തില്‍നിന്ന് കരകയറാന്‍ കഴിഞ്ഞിട്ടില്ലെന്നതിന്റെ തെളിവുകൂടിയാണിത്. ബിജെപിയേയും പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും അപകീര്‍ത്തിപ്പെടുത്തുന്നതിനുവേണ്ടിയാണ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍നിന്ന് തങ്ങളുടെ അംഗങ്ങളെ സിപിഎം രാജിവെപ്പിച്ചത്. തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിനെ അംഗീകരിക്കില്ലെന്ന ധാര്‍ഷ്ട്യം കമ്മ്യൂണിസ്റ്റ് സഹജമാണ്.
ജനാധിപത്യത്തോടുള്ള അവഹേളനമായിരുന്നു ഇത്. ഇടതുപാര്‍ട്ടികള്‍, പ്രത്യേകിച്ച് സിപിഎം ജനാധിപത്യത്തില്‍ വിശ്വസിക്കുകയോ അതിനെ അംഗീകരിക്കുകയോ ചെയ്യുന്ന പാര്‍ട്ടിയല്ല. അധികാരത്തിനുവേണ്ടി ജനാധിപത്യത്തെ ഉപയോഗിക്കുന്നവരാണ് അവര്‍. അധികാരം ലഭിക്കാതെ വന്നാല്‍ അവര്‍ക്ക് ജനാധിപത്യം വേണ്ട. പ്രതിപക്ഷത്തിരിക്കുന്നതുപോലും ജനാധിപത്യത്തെ മാനിക്കുന്നതുകൊണ്ടല്ല, അതുവഴി ലഭിക്കുന്ന ആനുകൂല്യങ്ങള്‍ക്കുവേണ്ടിയാണ്. കമ്മ്യൂണിസ്റ്റ് സ്വേച്ഛാധിപത്യം നിലനിന്ന രാജ്യങ്ങളിലും, ഇപ്പോള്‍ നിലനില്‍ക്കുന്ന ചൈന, ഉത്തരകൊറിയ എന്നിവിടങ്ങളിലും പ്രതിപക്ഷം എന്നൊന്നില്ലല്ലോ.
”കമ്മ്യൂണിസം അജയ്യമാണ്, കാരണം അത് സത്യമാണ്” എന്ന സൂക്തം ഉദ്ധരിക്കുന്ന ഗുഹാമനുഷ്യരെ ഇപ്പോഴും കാണാം. കമ്മ്യൂണിസം അജയ്യമല്ലെന്നു മാത്രമല്ല, അത് അശാസ്ത്രീയവും ആപല്‍ക്കരവും മനുഷ്യവിരുദ്ധവുമാണെന്ന് സോവിയറ്റ് യൂണിയന്റെയും കിഴക്കന്‍ യൂറോപ്യന്‍ നാടുകളുടെയും ചരിത്രം പഠിപ്പിച്ചു. ഇന്ത്യയുടെ കാര്യമെടുത്താല്‍ ബംഗാളില്‍ 34 വര്‍ഷവും, ത്രിപുരയില്‍ 25 വര്‍ഷവും തുടര്‍ച്ചയായി നിലനിന്ന ഇടതുവാഴ്ചയ്ക്ക് അന്ത്യം കുറിക്കാനായത് ചരിത്രപരമാണ്.
ബംഗാള്‍ നഷ്ടപ്പെട്ടപ്പോഴും ത്രിപുരയുടെ പേരില്‍ ഇടതുപാര്‍ട്ടികള്‍ അഹങ്കരിച്ചു. മണിക് സര്‍ക്കാര്‍ രക്ഷകനാവുമെന്ന് കരുതിയ ത്രിപുരയിലും ചുവപ്പ്, കാവിക്ക് വഴിമാറുമെന്ന് അവര്‍ സ്വപ്നത്തില്‍പ്പോലും വിചാരിച്ചില്ല. ത്രിപുരയില്‍ സംഭവിച്ചിരിക്കുന്നത് വെറുമൊരു അധികാരമാറ്റം മാത്രമല്ല, സിപിഎം എന്ന പാര്‍ട്ടിതന്നെ അവിടെ ഇല്ലാതാവുകയാണ്. ഇതിന് തെളിവാണ് തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് നേടാനായ തിളങ്ങുന്ന വിജയം. മുന്നണി രാഷ്ട്രീയത്തിന്റെ ബലത്തിലും മതന്യൂനപക്ഷങ്ങളെ പ്രീണിപ്പിച്ചും അധികാരത്തില്‍ തുടരുന്ന കേരളത്തിലെ അന്തിച്ചോപ്പും അധികം വൈകാതെ മാഞ്ഞുപോകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: