കേശവദര്ശിത മാധവ പൂജിത
മധുകരവിരാജിത
രാജേന്ദ്രപോഷിത
സുദര്ശനസേവിത
ഇദംസംഘകാര്യം
ലോകഹിതാര്‍ഥം
സമര്‍പയാമ്യഹം
ഓം രാഷ്ട്രായസ്വാഹാ
ഇദം ന മമ.
ഏതാനും ദിവസങ്ങള്‍ക്കു മുന്‍പ് ഇഹലോകഭൗതിക വാസം അവസാനിപ്പിച്ച മുതിര്‍ന്ന സംഘപ്രചാരകന് എസ്. രാമനാഥന്റെ ജീവിതസാരാംശവും ഉദ്ദേശ്യവും ഈ സംസ്കൃത വചനം തികച്ചും ഉള്‍ക്കൊള്ളുന്നു. 2005-ല്‍ കുരുക്ഷേത്ര പ്രസിദ്ധീകരിച്ച ‘സ്മരാമി മാധവം’ എന്ന മാലിനി ജോഷി, പുജനീയ ഗുരുജിയുടെ ജീവിതപശ്ചാത്തലത്തെ ആഖ്യായിക രൂപത്തില്‍ എഴുതിയ പുസ്തകത്തിന്റെ മലയാള വിവര്‍ത്തനം തയ്യാറാക്കി പ്രസിദ്ധം ചെയ്തപ്പോള്‍ അതിന്റെ സമര്‍പ്പണമായി എഴുതിയതായിരുന്നു ഈ സൂക്തം. അദ്ദേഹത്തിന്റെ ജീവിതത്തിന്റെ ആദര്‍ശവും വഴികാട്ടിയുമായിരുന്നതു ശ്രീ ഗുരുജി തന്നെയായിരുന്നുവെന്ന് നിസ്സംശയം പറയാം. ഗുരുജി വിവിധ അവസരങ്ങളിലായി, പ്രഭാഷണങ്ങളിലും ബൗദ്ധിക്കുകളിലുമായി ധാരാളം കഥകള്‍ അവതരിപ്പിക്കാറുണ്ടായിരുന്നു. ഓരോ കഥയും ഓരോ സന്ദേശം നല്‍കുന്നതാണ്. അത്തരം കഥകള്‍ മലയാളത്തിലാക്കി കോര്‍ത്തുകെട്ടി ‘ഗുരുജി പറഞ്ഞ കഥകള്‍’ എന്ന ഒരു പുസ്തകവും തയ്യാറാക്കിയിരുന്നു. കുട്ടികള്ക്കുപയോഗപ്പെടുന്ന വിധത്തിലായിരുന്നു അതിന്റെ മട്ട് എങ്കിലും ഏതു പ്രായക്കാര്‍ക്കും, മാനസികവും ബൗദ്ധികവുമായ വളര്‍ച്ച എത്തിയവര്‍ക്കും അത് പ്രചോദകമായി.
കുരുക്ഷേത്ര പ്രകാശന് സദ്ഗമയ പരമ്പരയില്‍ മുതിര്‍ന്ന ആദ്യകാല സംഘപ്രചാരകന്മാരുടെയും മറ്റ് അനേകം സമാജ സേവകരുടെയും ലഘുജീവിത ചരിത്രങ്ങള്‍ പ്രസിദ്ധീകരിക്കാന്‍ ഉദ്യമിച്ചപ്പോള്‍ അതില്‍ മുഖ്യപങ്ക് വഹിച്ചതു മറ്റാരുമായിരുന്നില്ല. വളരെ പ്രഫുല്ലവും ആശയപുഷ്കലവുമായിരുന്നു രാമനാഥന്റെ ഭാവന; അത്രതന്നെ മനോഹരമായ ഭാഷാശൈലിയും സ്വായത്തമാക്കി. ഭാരതത്തിലെ മുനികുലങ്ങള്‍ ഇതിഹാസകാലത്തിനും അപ്പുറം മുതല്‍ ഇരുപതാം നൂറ്റാണ്ടുവരെ നീണ്ടുനിന്ന (ഇന്നു നിലനില്‍ക്കുന്ന) മുനികുല പരമ്പരയുടെ അനുസ്യൂതിയെ നമുക്ക് കാട്ടിത്തരുന്ന ഗ്രന്ഥമാണ്. ജന്മഭൂമി പത്രം സംസ്കൃതി പേജ് ആരംഭിച്ചപ്പോള്‍ അതിലേക്ക് എഴുതിത്തുടങ്ങിയവയാണീ ലേഖനങ്ങള്‍. മലയാള ദിനപത്രങ്ങളില്‍ ‘ജന്മഭൂമി’യെ അന്യാദൃശമാക്കുന്ന മേന്മ സംസ്കൃതി പേജ് ആണെന്ന് പ്രത്യേകം പറയേണ്ടതില്ല. 75 മുനിവാടങ്ങള്‍ അതില്‍ പരാമര്‍ശിക്കപ്പെടുന്നുണ്ട്. ചില പുസ്തകങ്ങള്‍ ഇംഗ്ലീഷിലും തയ്യാറാക്കി. തന്റെ മാതൃഭാഷയായ കൊങ്കണിയില്‍ വാല്മീകി രാമായണം തയ്യാറാക്കുന്ന യത്നത്തിലായിരുന്നു അവസാനകാലത്ത്. അതു പൂര്‍ത്തിയായോ എന്നറിയില്ല.
രാമനാഥനുമായുള്ള പരിചയം 1966-ല്‍ തുടങ്ങിയെന്നു വേണമെങ്കില്‍ കരുതാം. ആയിടെ, എറണാകുളം വിഭാഗിലെ (അന്നത്തെ) പ്രചാരകന്മാരുടെ ഒരു ബൈഠക് ഉദയനാപുരത്തിന് പടിഞ്ഞാറ് വേമ്പനാട്ടു കായലിലെ തൈക്കാട്ടുശ്ശേരി ദ്വീപിലെ ഇല്ലത്ത് ചേര്‍ന്നിരുന്നു. വരാനിരിക്കുന്ന സംഘവികാസത്തിന്റെ രൂപരേഖയുടെ ചര്‍ച്ചയാണവിടെ നടന്നതെന്നു വേണമെങ്കില്‍ പറയാം. അന്നത്തെ മുതിര്‍ന്ന പ്രചാരകന്മാരായ ഭാസ്കര്‍ റാവു, ഹരിയേട്ടന്, രാ. വേണുഗോപാല്‍ (അന്ന് ജനസംഘ ചുമതല) എന്നിവരും സേതുമാധവന്, പി.പി. മുകുന്ദന് തുടങ്ങിയവരും ഉണ്ടായിരുന്നു. കോഴിക്കോട്ട് നടത്താനുദ്ദേശിച്ച പ്രാന്തീയ തരുണ ശിബിരവും, കേസരി വാരികയുടെ വികാസവും അവിടെ ചര്‍ച്ചയ്ക്കു വന്നുവെന്നാണ് ഓര്‍മ്മ. ബൈഠക് കഴിഞ്ഞ് വള്ളത്തില്‍ എല്ലാവരും ഒളവയ്പ് എന്ന അടുത്ത ദ്വീപിലെത്തി. അവിടെ ഒരു വീട്ടില്‍ കയറി വിശ്രമിച്ചു. അവിടെ കണ്ട കൗമാരം കടന്നിട്ടില്ലാത്ത രാമനാഥനാണ് പിന്നീട് പ്രചാരകനായത്. അടുത്ത സംഘശിക്ഷാവര്‍ഗില്‍ അയാളുടെ ശിക്ഷകനാകാനും എനിക്ക് അവസരമുണ്ടായി.
രാമനാഥനെ പരിചയപ്പെടുകയും കൂടുതല്‍ അടുക്കുകയും ചെയ്തപ്പോള്‍ എനിക്ക് ഓര്‍മയില്‍ ഉയരുന്നത് തിരുവനന്തപുരത്ത് സംസ്കൃത കോളജില്‍ പഠിച്ചിരുന്ന ഞങ്ങളുടെ മുഖ്യശിക്ഷക്കായിരുന്ന രാമാനന്ദനായിക്കിനെ ആയിരുന്നു. അതിബുദ്ധിമാനായിരുന്ന ആ വൈക്കത്തുകാരന്‍ ബിരുദാനന്തര പഠനവും അത്യുത്തമമായി പൂര്‍ത്തിയാക്കി തന്റെ പ്രതിഭ ഉപയോഗിക്കാന്‍ പറ്റിയ വേദി കിട്ടായ്കയാല്‍ വൈക്കത്ത് പടിഞ്ഞാറെ നടയില്‍ സ്വന്തമായുണ്ടായിരുന്ന കെട്ടിടത്തില്‍ വാല്മീകി ഇന്റര്‍നാഷണല്‍ സംസ്കൃത യൂണിവേഴ്സിറ്റി എന്ന ബോര്‍ഡ് വച്ച് കുട്ടികളെ പഠിപ്പിക്കാന്‍ തുടങ്ങി. ചില പ്രത്യേക ദിവസങ്ങളില്‍ അതിനു മുമ്പിലും ചിലപ്പോള്‍ ബോട്ട് ജട്ടിയിലും പ്രഭാഷണങ്ങള്‍ നടത്തി. പിന്നീട് തേവര കോളജിലെ സംസ്കൃതാധ്യാപകനായി. ധാരാളം പുസ്തകങ്ങള്‍ ഇംഗ്ലീഷിലും മലയാളത്തിലും സംസ്കൃതത്തിലുമായി പ്രസിദ്ധീകരിച്ചു. രാമനാഥന്റെയും അദ്ദേഹത്തിന്റെയും കുടുംബങ്ങള്‍ ബന്ധുക്കളാണോ എന്നറിയില്ല.
രാമനാഥന്റെ ജ്യേഷ്ഠന് ഡോ. നരസിംഹ നായിക്ക് എന്റെ അനുജന് കേസരിയുടെ ഹോമിയോ കോളജിലെ സഹപാഠിയാണ്. ആ പരിചയവും ഞങ്ങളുടെ അടുപ്പത്തിന് ആക്കം കൂട്ടിയെന്നു പറയാം. രാമനാഥന് ഒറ്റപ്പാലത്തു പ്രചാരകനായിരുന്നപ്പോള്‍ 1969 ലോ 70 ലോ മുതിര്‍ന്ന പ്രചാരകനും ജനസംഘത്തിന്റെ മഹാരാഷ്ട്ര സംഘടനാ കാര്യദര്‍ശിയുമായിരുന്ന രാം ഭാവു ഗോഡ്ബൊലേ ആയുര്‍വേദ ചികിത്സയ്ക്കായി ഷൊര്‍ണൂരിലെ ആയുര്‍വേദ സമാജത്തില്‍ വന്നു. അന്നു രാമനാഥന് ഒറ്റപ്പാലം താലൂക്ക് പ്രചാരകനായിരുന്നു. അദ്ദേഹത്തെ വിവരമറിയിച്ചതനുസരിച്ച് ഷൊര്‍ണൂരില്‍ വരികയും വേണ്ട ഏര്‍പ്പാടുകള്‍ക്ക് സഹായിക്കുകയും ചെയ്തു. ഇപ്പോള്‍ കോയമ്പത്തൂര്‍ ആര്യവൈദ്യ ഫാര്‍മസിയുടെ തലവനായ പി. ആര്. കൃഷ്ണകുമാര്‍ അന്നവിടെ വിദ്യാര്‍ത്ഥിയാണ്. ഒ.എസ്. കൃഷ്ണന്, തിരുവല്ലാക്കാരന് രാമചന്ദ്രന് തുടങ്ങി മറ്റു സ്വയംസേവകരും ആയുര്‍വേദ വിദ്യാര്‍ത്ഥികളുമുണ്ടായിരുന്നു. വൈദ്യമഠം വലിയ നാരായണന് നമ്പൂതിരിയാണ് പരിശോധിച്ചു ചികിത്സ നിശ്ചയിച്ചത്. പ്രചാരകന് എന്ന നിലയ്ക്കു രാമനാഥിന്റെ വീക്ഷണം വ്യാപകമാകുന്നതിന് രണ്ടുവര്‍ഷത്തെ രാംഭാവുവിന്റെ ചികിത്സക്കാലത്തെ സഹവാസം വളരെ ഉപകരിച്ചു.
താന്‍ പ്രവര്‍ത്തിച്ച സ്ഥലങ്ങളിലെല്ലാം സ്വയംസേവകരുമായി ഉള്ളഴിഞ്ഞ അടുപ്പവും മമതയും സ്ഥാപിക്കാനും, പിന്നീട് അതു തുടര്‍ന്നും നിലനിര്‍ത്തിക്കൊണ്ടുപോകാനും രാമനാഥനു കഴിഞ്ഞിരുന്നു. ജന്മഭൂമിയില് പ്രവര്‍ത്തിക്കുന്ന കാലത്ത് 2000-മാണ്ടിനു മുന്‍പ് ഞങ്ങള്‍ ഏറ്റവും അടുത്തു പെരുമാറി വന്നിരുന്നു. പഴയ ചരിത്രങ്ങള്‍ പറയാനും ധാരാളമുണ്ടായിരുന്നു. രാമനാഥന് ഹോസ്ദുര്‍ഗില്‍ പ്രവര്‍ത്തിച്ച കാലത്ത്, അടിയന്തരാവസ്ഥയ്ക്കു മുമ്പുള്ള സഹപ്രവര്‍ത്തകരുമായി കാണാന്‍ അവസരമുണ്ടായപ്പോള്‍ അവര്‍ക്കുള്ള ആ വികാരവായ്പ് അറിയാന്‍ കഴിഞ്ഞു. അവിടെനിന്നും അറസ്റ്റില്പ്പെടാനിടയായ സാഹചര്യവും ഏല്‍ക്കേണ്ടിവന്ന മര്‍ദ്ദന പീഡനാദികളുമൊക്കെ അവരെ വല്ലാതെ വേദനിപ്പിച്ചതായി മനസ്സിലായി.
രാമനാഥന്റെ തീരുമാനങ്ങള്‍ എന്നും ഉറച്ചതായിരുന്നു. ആ ശീലം ചെറുപ്പത്തില്‍ത്തന്നെ, അതായത് സഹജമായിരുന്നു. പഠനം കഴിഞ്ഞ് സൗത്ത് ഇന്ത്യന്‍ ബാങ്കില്‍ ജോലി തരമായി. അക്കൊല്ലം സംഘശിക്ഷാവര്‍ഗിന് പോകാന്‍ പ്രചാരകന്റെ നിര്‍ദ്ദേശമുണ്ടായപ്പോള്‍ ബാങ്കില്‍ നിന്ന് അവധികൊടുക്കാത്ത സ്ഥിതിയില്‍ ജോലി രാജിവയ്ക്കുകയായിരുന്നു. പിന്നെ തിരിഞ്ഞു നോക്കിയിട്ടില്ല. ആകാശവാണി നിലയങ്ങളില്‍ പരിപാടികളവതരിപ്പിക്കാനുള്ള അവസരം തന്റെ സമ്പര്‍ക്കം മൂലം ഇങ്ങോട്ടുവരികയായിരുന്നു.
തന്റെ സമയം അവസാനിക്കാറായി എന്ന് രാമനാഥന് തോന്നിത്തുടങ്ങിയപ്പോള്‍ ഒരു ചികിത്സയ്ക്കും വിധേയനാവാന്‍ കൂട്ടാക്കുമായിരുന്നില്ല. സ്വസ്ഥമായ ഇച്ഛാമരണമായിരുന്നുവെന്നു വേണമെങ്കില്‍ കരുതാം. അവിസ്മരണീയമാണ് ആ ജീവിതവും വ്യക്തിത്വവും വാക്കും വാങ്മയവും. അടല്‍ജി പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തപ്പോള്‍ അദ്ദേഹത്തെ അഭിനന്ദിച്ചുകൊണ്ട് ഏതാനും വരികള്‍ സംസ്കൃതത്തിലും ഹിന്ദിയിലുമായി എഴുതി അദ്ദേഹത്തിനയച്ചു. അതിനു മറുപടിയും ലഭിച്ചിരുന്നു. അന്നത് ജന്മഭൂമിയില് പ്രസിദ്ധീകരിച്ചതോര്ക്കുന്നു. മനഃപാഠമാക്കിയത് മറന്നുപോയതില്‍ ഖേദമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: