കത്തോലിക്ക സഭയുടെ ചരിത്രത്തില്‍ ആദ്യമായി തിരുവസ്ത്രം ധരിച്ച് കന്യാസ്ത്രീകള്‍ സഭാനേതൃത്വത്തിനെതിരെ പൊതുവഴിയില്‍ സമരത്തിനിറങ്ങി. സഭാനേതൃത്വത്തില്‍ നിന്ന് നീതി കിട്ടാനായിരുന്നു ഈ അസാധാരണ പ്രതിഷേധം. ബിഷപ്പിനാല്‍ പീഡിപ്പിക്കപ്പെട്ട തങ്ങളുടെ സഹപ്രവര്‍ത്തകയ്ക്ക് എതിരെ നടക്കുന്ന അനീതിയില്‍ മനം മടുത്ത് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചായിരുന്നു ഇത്. കോട്ടയം കുറവിലങ്ങാട് മഠത്തിലെ അഞ്ച് കന്യാസ്ത്രീകളാണ് എറണാകുളം ഹൈക്കോടതിക്ക് മുന്നിലെ പൊതുനിരത്തില്‍ പ്ലക്കാര്‍ഡുകളുമായി എത്തിയത്. പോലീസ് നീതിപാലിക്കണം, ജീവന് അപകടത്തില്‍, ഞങ്ങള്‍ക്ക് നീതിവേണം, ബിഷപ്പ് ഫ്രാങ്കോയെ സംരക്ഷിക്കുന്നത് എന്തിനുവേണ്ടി തുടങ്ങിയവ എഴുതിയ പ്ലക്കാര്‍ഡുകള്‍ ഉയര്‍ത്തിപ്പിടിച്ച് ദൈവത്തിന്റെ മണവാട്ടികള്‍ മുദ്രാവാക്യം വിളിച്ചപ്പോള്‍ സഹതാപമാണ് പലര്‍ക്കുമുണ്ടായത്. അണമുട്ടിയാല്‍ ചേരയും കടിക്കും എന്നതാണ് ഇത്തരമൊരു സമരത്തിന് അവരെ പ്രേരിപ്പിച്ചത്. ഒടുവില്‍, ഇന്നലെ പത്തനാപുരത്ത് ഒരു കന്യാസ്ത്രീയുടെ മൃതദേഹം മഠത്തിലെ കിണറ്റില്‍ കണ്ടെത്തിയിട്ടുണ്ട്. പ്രഥമദൃഷ്ട്യാ കൊലപാതകമെന്ന് തോന്നിപ്പിക്കുന്ന തെളിവുകളും ഉണ്ട്. പക്ഷേ കേസ് അന്വേഷിക്കുമെന്നോ കുറ്റവാളികള്‍ പിടിക്കപ്പെടുമെന്നോ കരുതാനാവില്ല.
ക്രൈസ്തവ സഭകളുടെ ചരിത്രത്തിലെ വലിയൊരു നാണക്കേടിന്റെ ഏടാണ് അടുത്തകാലത്തായി നടന്നുകൊണ്ടിരിക്കുന്നത്. വസ്തു ഇടപാടിന്റെ പേരില്‍ ആര്‍ച്ച് ബിഷപ്പ് തന്നെ പ്രതിക്കൂട്ടില്‍. കന്യാസ്ത്രീയെ പീഡിപ്പിച്ചതിന് ബിഷപ്പിനെതിരെ കേസ്. ഭര്‍തൃമതിയായ യുവതിയെ കുംബസാര രഹസ്യത്തിന്റെ പേരില്‍ പീഡിപ്പിച്ച അഞ്ച് പാതിരിമാര്‍ അറസ്റ്റിലായി അകത്ത്. ക്രൈസ്തവ സമൂഹത്തിന് തന്നെ നാണക്കേടുണ്ടാക്കുന്ന വൃത്തികെട്ട കേസുകള്‍. അതിലും വലിയ നാണക്കേടാണ് ഇവരെ സഹായിക്കാനും പിന്താങ്ങാനും സഭാനേതൃത്വവും പ്രമാണിമാരും അരയും തലയും മുറുക്കി ഇറങ്ങിയിരിക്കുന്നു എന്നത്. മാത്രമല്ല, രാഷ്ട്രീയ നേതൃത്വവും ഭരണ വര്‍ഗ്ഗവും പോലീസ് തലപ്പത്തുള്ളവരും കുറ്റവാളികള്‍ക്കൊപ്പമെന്ന പ്രതീതി സൃഷ്ടിക്കപ്പെടുകയും ചെയ്തിരിക്കുന്നു.
ഈ കേസുകളൊക്കെയും പുറത്തുകൊണ്ടുവന്നത് ഏതെങ്കിലും തരത്തില്‍ സഭയോടോ സഭാനേതൃത്വത്തോടോ എതിര്‍പ്പോ വിദ്വേഷമോ ഉള്ളവരല്ല. സഭയുടെ കുഞ്ഞാടുകള്‍ തന്നെയാണ് ഗതിമുട്ടിയപ്പോള്‍ ഉള്ളില്‍ നടക്കുന്ന അനാവശ്യങ്ങള്‍ പുറംലോകത്തെ അറിയിച്ചത്. ഈ വിഷയങ്ങളില്‍ കഴമ്പൊന്നുമില്ലെന്ന് കേരളത്തില്‍ അരിയാഹാരം കഴിക്കുന്ന ആരും വിശ്വസിക്കുന്നുമില്ല. പ്രഥമദൃഷ്ട്യാ കേസെടുത്ത് കുറ്റാരോപിതരെ ജയിലിലടയ്ക്കാവുന്ന കേസ്സുകളാണ് എല്ലാം. എന്നാല്‍ പുറത്തു പറയാനാകാത്ത കാര്യങ്ങളുടെ പേരില്‍ അറസ്റ്റും നടക്കുന്നില്ലെന്ന് മാത്രം. കന്യാസ്ത്രീയെ പീഡിപ്പിച്ച ബിഷപ്പിനെ ഉടന്‍ അറസ്റ്റ് ചെയ്യുമെന്ന് പോലീസ് അറിയിച്ചിട്ട് ആഴ്ചകളായി. അതിനുശേഷം ബിഷപ്പിനെ സംസ്ഥാനത്തിന് വെളിയിലുള്ള അദ്ദേഹത്തിന്റെ ആസ്ഥാനത്തുപോയി മുഖം കാണിച്ച് മടങ്ങിയതല്ലാതെ പോലീസിന് ഒന്നും ചെയ്യാനായില്ല. ഇപ്പോള്‍ മറ്റൊരു ഏജന്‍സിയെ അന്വേഷണം ഏല്‍പ്പിച്ച് രക്ഷപ്പെടാന്‍ സമയം നല്‍കാനാണ് നീക്കം.
ബിഷപ്പിനെതിരെ പരാതി നല്കിയ കന്യാസ്ത്രീക്കെതിരെ പ്രലോഭനങ്ങളും ഭീഷണികളുമുണ്ടെന്ന് അവര്‍ തന്നെ പല രീതിയില്‍ പറഞ്ഞുകഴിഞ്ഞു. സഭയുടെ അവിഭാജ്യഘടകമായ അവര്‍ക്കൊപ്പം നില്‍ക്കേണ്ട സമൂഹം അതിന് തയ്യാറാകാത്തതിനാലാണ് സഹ കന്യാസ്ത്രീമാര്‍ പൊതുനിരത്തില്‍ സമരമിരിക്കേണ്ട സാഹചര്യമുണ്ടായത്. ”ഞങ്ങളെ സംരക്ഷിക്കാന്‍ സഭയോ സര്‍ക്കാരോ പോലീസോ ഇല്ല. നീതി കിട്ടാനായി എവിടെയൊക്കെ സമരം ചെയ്യാമോ അത് ചെയ്യും. തിരുവസ്ത്രം ഉപേക്ഷിക്കാതെ സഭയ്ക്കുള്ളില്‍ നിന്നുകൊണ്ടുതന്നെ പോരാടാനാണ് ആഗ്രഹം”. എന്നു പറഞ്ഞുകൊണ്ട് രംഗത്തുവന്ന കന്യാസ്ത്രീകളെ നല്ല രീതിയിലല്ല ചിത്രീകരിക്കുന്നത് എന്നതാണ് മറ്റൊരു കാരണം. സഭാംഗം കൂടിയായ പി.സി. ജോര്‍ജ്ജ് എംഎല്‍എ ഇവരെ അടച്ചാക്ഷേപിച്ചതുതന്നെ ഉദാഹരണം. അഭിസാരികമാരാണിവരെന്ന നിലയിലാണ് ജോര്‍ജ്ജ് ആക്ഷേപിച്ചത്. പീഡനത്തിന് ഇരയായ കന്യാസ്ത്രീ എന്തുകൊണ്ട് ആദ്യപീഡനം നടന്നപ്പോഴേ പരാതിപ്പെട്ടില്ലെന്നും പീഡിപ്പിക്കപ്പെട്ടതിനാല്‍ കന്യകാത്വം നഷ്ടപ്പെട്ട അവര്‍ക്ക് തിരുവസ്ത്രം അണിയാന്‍ യോഗ്യതയില്ലെന്നുമൊക്കെ ഒരു ജനപ്രതിനിധിയെക്കൊണ്ട് പറയിപ്പിക്കേണ്ടിവരുന്ന അവസ്ഥ സാംസ്കാരിക കേരളത്തിന് യോജിച്ചതല്ല. പറഞ്ഞയാളുടെ നിലവാരവും യോഗ്യതയും എന്തുതന്നെയായാലും പറയിപ്പിക്കാന്‍ സാഹചര്യം ഒരുക്കാതിരിക്കാന്‍ സഭാനേതൃത്വത്തിനും കഴിയണമായിരുന്നു.
സഭകളുമായി ബന്ധപ്പെട്ട കേസും വിവാദവും ആദ്യത്തേതല്ല. അഭയാ കേസ്സുള്‍പ്പെടെ ഇത്തരം കേസ്സുകളെല്ലാം ഉത്തരം കിട്ടാത്ത ചോദ്യങ്ങളായി അവശേഷിക്കുന്നു എന്നതാണ് ദുര്യോഗം. പതിറ്റാണ്ടുകള്‍ പിന്നിട്ടിട്ടും അഭയയ്ക്ക് നീതി കിട്ടാത്തതുപോലെ ക്രിസ്തുവിന്റെ മണവാട്ടികളായവര്‍ക്കെല്ലാം നീതി കിട്ടാന്‍ തിരുവസ്ത്രം ഉപേക്ഷിക്കേണ്ട ഗതികേടുണ്ടാകുന്നത് ശരിയല്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: