ബുധനാഴ്ച മന്ത്രിസഭായോഗം എന്നത് കേരളത്തില്‍ തുടര്‍ന്നുവരുന്ന കീഴ്വഴക്കമാണ്. ഒരാഴ്ച സര്‍ക്കാര്‍ തലത്തില്‍ എടുക്കേണ്ട തീരുമാനങ്ങള്‍ക്ക് അനുമതി നല്‍കാനാണ് മന്ത്രിസഭായോഗം. നയപരവും ഭരണപരവുമായ അന്തിമതീര്‍പ്പ് കല്‍പ്പിക്കുന്ന ഭരണഘടനാസംവിധാനമാണിത്. അടിയന്തര ഘട്ടത്തില്‍ ബുധനാഴ്ചയ്ക്ക് പുറമെയും മന്ത്രിസഭ ചേരാറുണ്ട്. വിഷയമൊന്നുമില്ല എന്നതിന്റെ പേരില്‍ മന്ത്രിസഭായോഗം വേണ്ടെന്നുവച്ചതായി കേട്ടിട്ടില്ല. മുഖ്യമന്ത്രിക്കും ഭൂരിപക്ഷം മന്ത്രിമാര്‍ക്കും തിരുവനന്തപുരത്തെത്താന്‍ സാധിക്കാത്ത സാഹചര്യത്തില്‍ യോഗം നീട്ടിവയ്ക്കാറുണ്ട്.
എന്നാല്‍ ബുധനാഴ്ച നടക്കേണ്ടിയിരുന്ന മന്ത്രിസഭായോഗം നടന്നതേയില്ല. മുഖ്യമന്ത്രി അമേരിക്കയിലെ ആശുപത്രിയില്‍ പോയതിനാല്‍ മന്ത്രിസഭായോഗം വേണ്ടെന്ന് തീരുമാനിച്ചതുപോലെയാണ് കാര്യങ്ങള്‍. മുഖ്യമന്ത്രിയുടെ ചുമതല ഏതെങ്കിലും മന്ത്രിയെ ഏല്‍പ്പിക്കുന്ന കീഴ്വഴക്കം പാലിച്ചില്ലെങ്കിലും മന്ത്രിസഭയില്‍ അധ്യക്ഷം വഹിക്കാനുള്ള അധികാരം മന്ത്രി ഇ.പി.ജയരാജന് നല്‍കിയാണ് പിണറായിവിജയന് അമേരിക്കയ്ക്ക് പറന്നത്. ഇക്കാര്യം ഗവര്ണറെവരെ അറിയിക്കുകയും ചെയ്തിരുന്നു.
എന്നാല്‍ മന്ത്രിസഭായോഗം ചേരാനായില്ല. കാര്യമായ വിഷയമൊന്നുമില്ലായിരുന്നു എന്നതാണ് പറയുന്ന കാര്യം. ഇത് ശുദ്ധ കളവാണെന്നതാണ് യാഥാര്‍ത്ഥ്യം. കേരളം കണ്ട ഏറ്റവും വലിയ ദുരന്തവും അതില്‍ നിന്ന് കരകയറാനുള്ള ശ്രമവുമാണ് നടന്നുകൊണ്ടിരിക്കുന്നത്. ഇതിനായി അടിയന്തരമായും ആധികാരികമായും ധാരാളം കാര്യങ്ങളില്‍ സര്‍ക്കാരിന് തീരുമാനങ്ങളെടുക്കാനുണ്ട്. കേന്ദ്രസഹായം ലഭിക്കുന്ന കാര്യംതന്നെ ഉദാഹരണം.
പുനരധിവാസപ്രവര്‍ത്തനങ്ങള്‍ക്ക് സാധ്യമായ സഹായമെല്ലാം ചെയ്യാമെന്ന് പ്രധാനമന്ത്രിയും കേന്ദ്ര ധനകാര്യമന്ത്രിയുമൊക്കെ ആവര്‍ത്തിച്ചുപറയുന്നു. കേരളം ചെയ്യേണ്ടത് ഒരേയൊരു കാര്യമാണ്. നഷ്ടത്തിന്റെ കണക്ക് തിട്ടപ്പെടുത്തി സഹായമാവശ്യപ്പെട്ട് നിവേദനം നല്‍കുക. പ്രളയം കഴിഞ്ഞ് ദിവസങ്ങള്‍ പിന്നിട്ടിട്ടും നഷ്ടത്തിന്റെ കണക്കുകള്‍ തിട്ടപ്പെടുത്തി നല്കാന് വിവിധ വകുപ്പുകള്‍ക്ക് കഴിഞ്ഞിട്ടില്ല. അവ ക്രോഡീകരിച്ച് നിവേദനമാക്കാന് തീരുമാനവുമുണ്ടാകുന്നില്ല. മന്ത്രിസഭ ഇക്കാര്യങ്ങളൊക്കെ ചര്‍ച്ചചെയ്ത് നടപടികള്‍ വേഗത്തിലാക്കേണ്ടതാണ്. മുഖ്യമന്ത്രി ഇല്ലാത്തതിനാല്‍ മന്ത്രിസഭായോഗമേ വേണ്ട എന്ന നിലപാടുമൂലം ചര്‍ച്ചകള്‍ക്കോ തീരുമാനങ്ങള്‍ക്കോ സാധിക്കുന്നില്ല. ഇതുമൂലം വെള്ളത്തില്‍ ഇപ്പോഴും മുങ്ങിക്കിടക്കുന്ന പ്രളയദുരിത ബാധിതരെ സഹായിക്കാനുള്ള അവസരങ്ങള്‍ക്ക് കാലവിളംബം ഉണ്ടാകുകയാണ്.
വിഷയമില്ലാത്തതല്ല, പാര്‍ട്ടിയിലെയും മുന്നണിയിലെയും വിഷയങ്ങളാണ് മന്ത്രിസഭായോഗം ചേരാതിരിക്കാന്‍ കാരണമെന്നതാണ് സത്യം. മുഖ്യമന്ത്രിയെ ഭയന്ന് നല്ലകുട്ടികളായി കഴിയുന്ന മന്ത്രിമാര്‍ പിണറായിയുടെ അഭാവത്തില്‍ തനിനിറം കാണിക്കുമോ എന്ന പേടിയാണ് പിന്നില്‍. ധനമന്ത്രിയെ കണ്ടുകൂടാത്ത പൊതുമരാമത്ത് മന്ത്രി. പരസ്പരം കുറ്റംചാരാന്‍ പാര്‍ത്തുനടക്കുന്ന വൈദ്യുതിമന്ത്രിയും ജലസേചനമന്ത്രിയും. രണ്ടാംസ്ഥാനം പോയതിന്റെ വിഷമത്തില്‍ കഴിയുന്ന സാംസ്കാരിക മന്ത്രി. താന്‍ രണ്ടാമനാകാന്‍ അര്‍ഹനോ എന്ന സംശയത്തില്‍ പുതിയ വ്യവസായമന്ത്രി. ജനങ്ങളെ വെള്ളത്തിലിട്ട് വിദേശത്തേക്ക് പറന്നതിന്റെ ജാള്യതയില്‍ വനം മന്ത്രി. വിദേശയാത്രകള്‍ നഷ്ടപ്പെടുമോ എന്ന വിഷമത്തില്‍ ടൂറിസം മന്ത്രി. ഇങ്ങനെ സ്വന്തം പ്രശ്നങ്ങളുമായി നില്ക്കുന്ന മന്ത്രിമാര്‍ ഒന്നിച്ചുകൂടാതിരിക്കാന് കാരണം വിഷയം ഇല്ലാത്തതല്ല.
നിയന്ത്രിക്കാനും പേടിക്കാനും ആളില്ലാതെയാകുമ്പോള്‍ വിഷയങ്ങള്‍ ഉണ്ടാകുമോ എന്നുള്ള ഭയംതന്നെയാണ്. അന്താരാഷ്ട്ര ചലച്ചിത്രോത്സവവും സ്കൂള്‍ കലോത്സവവും ഒന്നും വേണ്ടാ എന്ന സര്‍ക്കാര്‍ തീരുമാനത്തിനെതിരെയുണ്ടായ പൊട്ടിത്തെറി തന്നെ തെളിവ്. മന്ത്രിസഭ ചേര്‍ന്ന് എടുക്കേണ്ട തീരുമാനമാണ് ഉദ്യോഗസ്ഥന്റെ ഉത്തരവായി പുറത്തുവന്നത്. സാംസ്കാരിക മന്ത്രിയും വിദ്യാഭ്യാസ മന്ത്രിയും എതിര്‍പ്പ് പരസ്യമായി പറഞ്ഞെങ്കിലും ഫലമുണ്ടായില്ല. തീരുമാനം തീരുമാനം തന്നെയെന്ന് പറഞ്ഞ് മുഖ്യമന്ത്രിക്ക് പകരക്കാരനായ വ്യവസായമന്ത്രി നിലപാടെടുത്തു. എതിര്‍പ്പ് പറഞ്ഞ മന്ത്രിമാര്‍ക്ക് പഞ്ചപുച്ഛമടക്കേണ്ടിവന്നു.
പിണറായിവിജയന് ഇല്ലാതെ മന്ത്രിസഭായോഗം ചേര്‍ന്നാല്‍ എല്ലാ വിഷയത്തിലും ഇത്തരം അഭിപ്രായ വ്യത്യാസമുണ്ടാകുമെന്നും ഉറപ്പാണ്. തങ്ങളുടെ മന്ത്രി വിദേശത്തുപോയതിനെ വിമര്‍ശിച്ചിട്ട് സിപിഎം മന്ത്രിമാര്‍ കൂട്ടത്തോടെ വിദേശയാത്രയ്ക്കൊരുങ്ങുന്നിതിന് സിപിഐ തടയിടാന്‍ ശ്രമിക്കും. ദുരന്തത്തിന് കാരണക്കാരായ വൈദ്യുതി മന്ത്രിയും ജലസേചനമന്ത്രിയും കോര്‍ക്കുന്നതിനും സാക്ഷ്യം വഹിക്കേണ്ടിവരും. കേന്ദ്രത്തോടുള്ള സമീപനത്തിന്റെ കാര്യത്തില്‍ രാഷ്ട്രീയത്തിനുപരിയായ അഭിപ്രായ പ്രകടനങ്ങള്‍ നടത്തേണ്ടിവരും. ഇതൊക്കെ ഒഴിവാക്കാന്‍ എളുപ്പമാര്‍ഗ്ഗമാണ് മന്ത്രിസഭായോഗമേ വേണ്ടെന്നുവയ്ക്കുന്നത്. വിഷയം ഇല്ലാഞ്ഞിട്ടല്ല, വിഷയമാകാതിരിക്കാനാണിതെന്ന് വ്യക്തം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: