മഹത്തായതെല്ലാം പെട്ടെന്നു സംഭവിക്കുന്നതല്ല. വിദൂര നക്ഷത്രപിറവിപോലെ അത് വല്ലപ്പോഴും മാത്രം സംഭവിക്കുന്നു. മനുഷ്യര്‍ക്കിടയില്‍ ദൈവത്തെപ്പോലെ ആയിത്തീരുന്ന മഹത്തുക്കള്‍ നന്മയുടെ വരംപോലെ മനുഷ്യകുലത്തിന് പ്രചോദനപരമായ ആശയങ്ങള്‍ നല്കിക്കൊണ്ടിരിക്കും. അങ്ങനെ മഹാനായ അധ്യാപകന് എന്ന നിലയില്‍ ഇന്ത്യയ്ക്ക് പ്രകാശം ചൊരിഞ്ഞുകൊണ്ടിരിക്കുന്ന നാമമാണ് ഡോ. എസ്. രാധാകൃഷ്ണന്.
ഇന്ന് അധ്യാപകദിനം എന്നറിയുമ്പോള്‍ അത് മഹാനായ ഡോ. രാധാകൃഷ്ണന്റെ ജന്മദിനംകൂടിയാണെന്ന അറിവ് നമ്മെ കൂടുതല്‍ ആദരവിന്റേയും ആരാധനയുടേയും സോപാനങ്ങളിലെത്തിക്കുന്നു. മഹത്തുക്കളായ ഗുരുക്കന്മാരുള്പ്പെടെ നല്‍കിയതാണ് ഇന്ത്യയുടെ സാംസ്ക്കാരികമായ വളര്‍ച്ച എന്നത് നാം മനസിലാക്കുന്നു. അധ്യാപനത്തിന്റെ പാവനതയും മൂല്യങ്ങളുടെ ഉന്നതിയും ജ്ഞാനത്തിന്റെ പ്രകാശവുംകൊണ്ടുതീര്ന്നതാണ് നമ്മുടെ പാരമ്പര്യം. അധ്യാപകരെ കൂടുതല്‍ അറിയാനും അവര്‍ പകര്‍ന്നുതന്ന അറിവിനെ പൂജിക്കാനുമുള്ള അവസരമാണ് അധ്യാപക ദിനം. ആ ദിനം ഡോ. എസ്. രാധാകൃഷ്ണന്റെ ജന്മദിനംകൂടിയായത് എല്ലാംകൊണ്ടും മഹത്തരം.
ഡോ. രാധാകൃഷ്ണന് ജീവിതംകൊണ്ട് പലതായിരുന്നു. ഇന്ത്യയുടെ രണ്ടാമത്തെ പ്രസിഡന്റ്. വിദ്യാഭ്യാസ വിചക്ഷണന്‍, തത്വചിന്തകന്‍, എഴുത്തുകാരന്, സ്വദേശത്തും വിദേശങ്ങളിലുമായി വിവിധ സര്‍വകലാശാലകളില്‍ അധ്യാപകനായിരുന്ന വ്യക്തിത്വം എന്നിങ്ങനെ മികവുകൊണ്ട്് നിരവധി വിശേഷണങ്ങള്‍ പേരിനൊപ്പം ചേര്‍ന്ന അദ്ദേഹം തന്റെ വിദ്യാര്‍ഥികളെ പഠിപ്പിച്ചത് പാഠപുസ്തകങ്ങളെക്കാളുപരി ജീവിതത്തിലെ ശ്രേഷ്ഠമൂല്യങ്ങളായിരുന്നു. ഇന്ത്യന്‍ പ്രസിഡന്റായപ്പോള്‍ മൈസൂര്‍ സര്‍വകലാശാലയില്‍ ഗംഭീര സ്വീകരണം നല്‍കിയശേഷം കുതിരവണ്ടിയില്‍ അദ്ദേഹത്തെ ഇരുത്തി റെയില്‍വേ സ്റ്റേഷന്‍വരെ വേഗത്തില്‍ വലിച്ചുകൊണ്ടുപോകുകയായിരുന്നു വിദ്യാര്‍ഥികള്‍. ഇതില്‍പ്പരം ഒരു അധ്യാപകന് എന്തു ദക്ഷിണ കിട്ടണം.
ഇല്ല വല്ലായ്മകളില്നിന്നും പഠിച്ചുയര്‍ന്ന അധ്വാനത്തിന്റെ മഹാപ്രതീകമാണ് ഡോ.രാധാകൃഷ്ണന്. ഇഷ്ടവിഷയം മറ്റൊന്നായിരുന്നുവെങ്കിലും സൗജന്യമായികിട്ടിയത് തത്വശാസ്ത്ര പുസ്തകങ്ങളായിരുന്നതുകൊണ്ട് ആ വിഷയം പഠിക്കുകയായിരുന്നു അദ്ദേഹം. ഇങ്ങനെ നിരവധി വൈരുധ്യങ്ങളും വൈവിധ്യങ്ങളും നിറഞ്ഞ ജീവിതത്തെയാണ് അദ്ദേഹം തനിക്കിണങ്ങുംവിധം രൂപപ്പെടുത്തിയെടുത്തത്. ഇന്ത്യന്‍ ഫിലോസഫി എന്ന അദ്ദേഹത്തിന്റെ പുസ്തകം ആ വിഷയത്തില്‍ ആധികാരിക ഗ്രന്ഥമാണ്.
ഓരോരുത്തര്‍ക്കും അവരവര്‍ക്ക് ഇഷ്ടപ്പെട്ട അധ്യാപകരുണ്ടാകാം. മരിക്കുംവരെ ഹൃദയപത്മത്തില്വെച്ച് അവര്‍ ആദരിക്കപ്പെടാം. വിദ്യാഭ്യാസം തികച്ചും കച്ചവടമായ ഇന്നത്തെക്കാലത്തും വിദ്യയ്ക്ക് വിലയും നിലയും കല്‍പ്പിക്കുന്ന അധ്യാപകരും ഉണ്ടാവാം. അവരാണ് ഇരുട്ടിലെ വെളിച്ചം. അധ്യാപകനും വിദ്യാര്‍ഥികളും തമ്മിലുള്ള ആഴമുള്ള ബന്ധം പ്രകടമാക്കുന്ന വലിയൊരു സംഭവം വാര്ത്തയായുണ്ടായിരുന്നു. തമിഴ്നാട്ടില്‍ ഒരു സ്ക്കൂളില്‍നിന്നും മറ്റൊരു സ്ക്കൂളിലേക്കു മാറ്റമുണ്ടായി പോകാനൊരുങ്ങുന്ന ഭഗവാന് എന്നുപേരായ ഇംഗ്ളീഷ് അധ്യാപകനെ തന്റെ വിദ്യാര്‍ഥികള്‍ അലറിക്കരഞ്ഞ് തങ്ങളെ വിട്ടുപോകല്ലേയെന്നഭ്യര്ഥിക്കുന്നത് ആര്‍ക്കും രോമാഞ്ചമുമ്ടാക്കുന്നതായിരുന്നു. അധികൃതര്‍ ഇടപെട്ട് അധ്യാപകന്റെ ട്രാന്‍സ്ഫര്‍ തടഞ്ഞപ്പോഴാണ് വിദ്യാര്‍ഥികള്‍ക്ക് ആശ്വാസമായത്. എന്തൊരു പുണ്യമാണ് ആ അധ്യാപകനുണ്ടായത്. ശരിക്കും ഭഗവാനായിരുന്നു അദ്ദേഹം വിദ്യാര്‍ഥികള്‍ക്ക്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: