മഹാപ്രളയത്തിന്റെ ഇരമ്പം ഇനിയും അടങ്ങിയിട്ടില്ല. പ്രളയം കശക്കിയെറിഞ്ഞ ചില പ്രദേശങ്ങളില്‍ നിന്നും വെള്ളം ഇറങ്ങിയെങ്കിലും കെടുതി ഇനിയും തീര്‍ന്നിട്ടില്ല. വെള്ളത്തില്‍ അലിഞ്ഞതും ഒഴുകിയതുമായ വീടുകള്‍ക്ക് പകരമൊരു തകരക്കൂരപോലും കെട്ടിക്കൊടുക്കാനായിട്ടില്ല. തകരാത്ത വീടുകളില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ഇനിയും പൂര്‍ത്തിയായിട്ടില്ല. കുടിവെള്ളംപോലും പലയിടത്തും കിട്ടാക്കനിയാണ്. വൈദ്യുതി ബന്ധവും പുനഃസ്ഥാപിക്കാനായിട്ടില്ല.
കുട്ടനാട്ടില്‍ എപ്പോള്‍ വെള്ളമിറങ്ങുമെന്ന് ആര്‍ക്കും നിശ്ചയമില്ല. വീടിനകത്തുപോലും മുട്ടോളം വെള്ളമാണ്. വെള്ളമിറങ്ങിയ വീട്ടിലേക്ക് അരയോളമുള്ള വെള്ളം താണ്ടിയേ കയറാനൊക്കൂ. ഈ സൗഹചര്യങ്ങളെ ഭീതിയോടെ കാണുകയാണ്. ഈ അവസ്ഥയില്‍ രണ്ടുദിവസത്തിനകം ക്യാമ്പുകള്‍ അടയ്ക്കുമെന്ന വിധത്തിലുള്ള വിവരങ്ങള്‍ കൂനിന്മേല് കുരുവാകുകയാണ്. ഒരു കാരണവശാലും എല്ലാ ക്യാമ്പുകളും പൂട്ടി പാവപ്പെട്ടവരെ വെള്ളത്തിലേക്ക് തള്ളിയിടുന്നത് പൊറുക്കാനാവുന്നതല്ല.
ക്യാമ്പുകളില്‍ കഴിയാന്‍ വിധിക്കപ്പെട്ടവര്‍ക്ക് സര്‍ക്കാര്‍ സഹായം മാത്രമല്ല, പൊതുജനങ്ങള്‍ ഒന്നടങ്കം അവര്‍ക്കൊപ്പമുണ്ട്. രാജ്യത്തിനകത്തും പുറത്തുമുള്ള മലയാളികളുള്‍പ്പെടെയുള്ളവര്‍ എല്ലാസഹായവും നല്കാന് സന്നദ്ധമായിരിക്കുകയാണ്. ശുചീകരണ പ്രവര്‍ത്തനം ചാനലുകള്‍ക്ക് മുന്നിലെ ഗോഷ്ഠികളാക്കാതെ ആത്മാര്‍ത്ഥമായി അദ്ധ്വാനിക്കുന്ന ആയിരങ്ങളുണ്ട്. അതില്‍ വലിയ പങ്ക് വഹിക്കുന്നത് സേവാഭാരതിയാണ്.
ഒന്നുകൊടുത്ത് നൂറുമേനി വിളമ്പുന്ന സാഹചര്യം നിലനില്‍ക്കെ നൂറുകൊടുത്ത് ഒന്നുപോലും കൊട്ടിഘോഷിക്കാത്ത പ്രസ്ഥാനമായ സേവാ ഭാരതിയെ ജനങ്ങളാകെ നെഞ്ചിലേറ്റുകയാണ്. പ്രളയത്തിന്റെ തുടക്കം മുതല്‍ അവര്‍ കരയിലും വെള്ളത്തിലുമായി സേവനം നടത്തുന്നു. അതിന്റെ ഒടുവിലത്തെ വിശ്വരൂപമായിരുന്നു ശനിയാഴ്ച നടത്തിയ സേവന പ്രവര്‍ത്തനം. ‘ജീവന് രക്ഷിച്ചു, ഇനി ജീവിതത്തിലേക്ക്’ എന്ന തീവ്രയജ്ഞവുമായി നടത്തിയ ശുചീകരണ പ്രവര്‍ത്തനത്തില്‍ സംസ്ഥാനത്തെമ്പാടുമായി രണ്ടു ലക്ഷത്തോളം പ്രവര്‍ത്തകരാണ് അണിനിരന്നത്.
മഹാപ്രളയം വിഴുങ്ങിയ കുട്ടനാട്, ചെങ്ങന്നൂര്‍, പാണ്ടനാട്, തിരുവല്ല, ആറന്മുള, റാന്നി, ആലുവ, ചാലക്കുടി, വടക്കന്‍ കേരളത്തിലെ വിവിധ പ്രദേശങ്ങള്‍ എല്ലായിടത്തും ഒരേ മനസ്സോടെ, ഒരേ ലക്ഷ്യത്തോടെ ലക്ഷക്കണക്കിന് പ്രവര്‍ത്തകര്‍ ശുചീകരണത്തില്‍ പങ്കാളികളായി. രാഷ്ട്രീയ സ്വയംസേവകസംഘത്തിന്റെ വിവിധ പരിവാര്‍ പ്രസ്ഥാനങ്ങളുടെ മുഴുവന്‍ കാര്യകര്‍ത്താക്കളും പ്രവര്‍ത്തകരും അണിനിരന്ന നിസ്വാര്‍ഥ പ്രവര്‍ത്തനം സേവനരംഗത്തെ വേറിട്ട മാതൃകയായി. ഓരോ പ്രദേശത്തും ശുചീകരണത്തിന് ആവശ്യമായ ഉപകരണങ്ങളും സാമഗ്രികളുമായി അതിരാവിലെ തന്നെ വാഹനങ്ങളില്‍ പ്രവര്‍ത്തകര്‍ എത്തിച്ചേര്‍ന്നു.
സര്‍ക്കാര്‍ ശുചീകരണം നടത്തിയതായി അവകാശപ്പെടുന്ന കുട്ടനാട്ടില്‍ സേവാഭാരതി പ്രവര്‍ത്തകരെ നാട്ടുകാര്‍ തങ്ങളുടെ വീടുകളിലേക്ക് ക്ഷണിച്ചുകൊണ്ടു പോകുകയായിരുന്നു. ചില പ്രദേശങ്ങളില്‍ ഒരു വീട്ടില്‍ ശുചീകരണം പൂര്‍ത്തിയാകുന്നതിന് മുമ്പുതന്നെ മറ്റു വീടുകളിലേക്ക് കൂട്ടിക്കൊണ്ടുപോകാന്‍ വീട്ടമ്മമാരടക്കം എത്തുന്നതും കാണാമായിരുന്നു. സര്‍ക്കാര്‍ സംവിധാനത്തില്‍ നടത്തിയ ശുചീകരണങ്ങള്‍ ടിവി ക്യാമറകള്‍ മടങ്ങുന്നതോടെ പിന്മാറുമ്പോഴാണ് സേവാഭാരതിയുടെ വേറിട്ട പ്രവര്‍ത്തനം.
അരക്കോടിയിലധികം പേരെ സാരമായി ബാധിച്ചതാണ് പ്രളയം. അഞ്ഞൂറോളം പേര് മരണപ്പെടുകയും ചെയ്തു. 14 പേരെ കണ്ടെത്താനും കഴിഞ്ഞില്ല. റോഡുകളും വീടുകളും സ്ഥാപനങ്ങളും തകര്‍ന്ന പശ്ചാത്തലത്തില്‍ പുതിയ കേരളമുണ്ടാക്കുമെന്നാണ് പ്രഖ്യാപനം. അത് എങ്ങനെയാകണമെന്ന അഭിപ്രായം ശക്തമാണ്. ഉരുള്‍ പൊട്ടിയ സ്ഥലങ്ങളടക്കം വാസയോഗ്യമാക്കണമെന്ന അഭിപ്രായമുയരുന്നു. അപ്പോഴാണ് ഹരിത ട്രൈബ്യൂണലിന്റെ തീരുമാനം പ്രസക്തമാകുന്നത്. കസ്തൂരി രംഗന് റിപ്പോര്‍ട്ടില്‍ പറയുന്ന, പശ്ചിമഘട്ടത്തിലെ പരിസ്ഥിതി ലോല മേഖലകളില്‍ ഒരു തരത്തിലുള്ള മാറ്റവും വരുത്തരുതെന്നാണ് ദേശീയ ഹരിത ട്രിബ്യൂണല്‍ കേരളത്തിന് കര്‍ശന നിര്‍ദേശം നല്‍കിയത്. സംസ്ഥാനം നേരിട്ട പ്രളയത്തിന്റെ പശ്ചാത്തലത്തില്‍ പശ്ചിമഘട്ട സംരക്ഷണം നിര്‍ബന്ധമായി നടപ്പാക്കേണ്ടതാണെന്നും ഹരിത ട്രിബ്യൂണല്‍ വ്യക്തമാക്കി.
പശ്ചിമഘട്ട സംരക്ഷണത്തിനായി കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയം തയാറാക്കിയ കരട് വിജ്ഞാപനത്തിലെ പരിസ്ഥിതിലോല മേഖലകളില്‍നിന്ന് 424 ചതുരശ്ര കിലോമീറ്റര്‍ പ്രദേശം ഒഴിവാക്കണമെന്ന കേരളത്തിന്റെ ആവശ്യം ദേശീയ ഹരിത ട്രിബ്യൂണല്‍ തള്ളിയിരിക്കുകയാണ്. ഇത്തരം മേഖലകളെ ഒഴിവാക്കുന്നത് പരിസ്ഥിതിയില്‍ കൂടുതല്‍ പ്രത്യാഘാതങ്ങളുണ്ടാക്കും. കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടില്‍ പരിസ്ഥിതി ലോല മേഖലകളായി കണ്ടെത്തിയ പ്രദേശത്തെ ഏലമലക്കാടുകളും ചതുപ്പുകളും പട്ടയ ഭൂമികളും അടങ്ങുന്ന 424 ചതുരശ്ര കിലോമീറ്റര്‍ ഭൂമിയെ പരിസ്ഥിതിലോല മേഖലയുടെ നിര്‍വചനത്തില്‍നിന്ന് ഒഴിവാക്കണം എന്നതായിരുന്നു കേരളത്തിന്റെ ആവശ്യം.
പശ്ചിമഘട്ടത്തിലെ പരിസ്ഥിതി വലിയ സമ്മര്‍ദ്ദത്തിലാണെന്നും ദേശീയ ഹരിത ട്രിബ്യൂണല്‍ വിലയിരുത്തി. അതൊന്നും കേരളത്തിലെ ഭരണ-പ്രതിപക്ഷ കക്ഷികള്‍ ഗൗനിക്കുന്നില്ല. വോട്ട് ബാങ്കിന്റെ സമ്മര്‍ദ്ദത്തിന് വഴങ്ങി മുന്നോട്ടുപോകുമെന്ന സൂചനയാണ് കാല്‍കോടിയോളം മുടക്കി നിയമസഭയില്‍ നടന്ന എട്ടരമണിക്കൂര്‍ ചര്‍ച്ചയില്‍ വ്യക്തമായത്. ഇത് ആപല്‍ക്കരവും ആത്മഹത്യാപരവുമായ സമീപനമാണ്. പരിസ്ഥിതി സംരക്ഷണം ജനങ്ങള്‍ക്ക് വേണ്ടിയാണ്. വോട്ടിനെക്കാള്‍ പ്രധാനമാണെന്നത് സര്‍ക്കാരും പാര്‍ട്ടികളും മറന്നുകൂടാ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: