”ഏതു കാര്യത്തിനും മുന്‍പന്തിയില്‍ ഉണ്ടാകുമായിരുന്നു ഞങ്ങളുടെ അപ്പു. സ്വന്തം കാര്യത്തേക്കാള്‍ അവന് ശ്രദ്ധ നല്‍കിയിരുന്നത് സഹജീവികളുടെ ആവശ്യങ്ങള്‍ക്കായിരുന്നു. ഞങ്ങളുടെ പൗരസമിതിയിലെ സജീവ പ്രവര്‍ത്തകനുമായിരുന്നു.” പ്രളയക്കെടുതിയില്‍ രക്ഷാപ്രവര്‍ത്തനത്തിനിടെ വഞ്ചി മറിഞ്ഞു കാണാതായ മിഥുനെ കുറിച്ചുള്ള കൂട്ടുകാരുടെ വാക്കുകളാണിത്.
അപ്പു എന്നുവിളിക്കുന്ന മിഥുനെ കുറിച്ച് നാട്ടിലുള്ള എല്ലാവര്ക്കും പറയാനുള്ളതും ഇതുതന്നെ. വീണ്ടും ഒരു ശ്രീകൃഷ്ണ ജയന്തി ദിനംകൂടി വന്നെത്തുമ്പോള്‍ മിഥുന്റെ ഓര്‍മ്മകളില്‍ വേദനിക്കുകയാണ് കൂട്ടുകാര്‍. മുന്‍കാലങ്ങളില്‍ ശ്രീകൃഷ്ണ ജയന്തി ആഘോഷങ്ങള്‍ക്കായി അഹോരാത്രം പ്രവര്‍ത്തിച്ചിരുന്നയാളാണ് മിഥുന്. അവന് ഇല്ലാത്ത ശ്രീകൃഷ്ണ ജയന്തി ആഘോഷങ്ങളെക്കുറിച്ച് ആലോചിക്കാന്‍കൂടി അവര്‍ക്കിപ്പോള്‍ കഴിയുന്നില്ല.
കഴിഞ്ഞ ആഗസ്റ്റ് 17-ന് രാവിലെയാണ് യുവമോര്‍ച്ച എളങ്കുന്നപ്പുഴ പഞ്ചായത്ത് വൈസ് പ്രസിഡന്റും പുതുവൈപ്പ് മറ്റപ്പിള്ളി കുമാറിന്റെ മകനുമായ അപ്പു എന്നുവിളിക്കുന്ന ഇരുപത്തിമൂന്നുകാരനായ മിഥുന് കുമാറിനെ ഓച്ചന്തുരുത്ത് അത്തോച്ചി കടവിനു സമീപം കായലില്‍ വള്ളംമറിഞ്ഞു കാണാതായത്.
പുതുവൈപ്പ് പൗരസമിതിയുടെ നേതൃത്വത്തില്‍ ആഗസ്റ്റ് 16-ന് പറവൂര്‍ ഭാഗത്തേക്ക് രക്ഷാപ്രവര്‍ത്തനത്തിനായി വള്ളങ്ങള്‍ കൊണ്ടുപോയിരുന്നു. പിറ്റേദിവസവും കൂടുതല്‍ വള്ളങ്ങള്‍ കൊണ്ടുപോകാന്‍ തീരുമാനിച്ചു. അന്ന് രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ച വള്ളത്തില്‍ മിഥുന് ഉള്‍പ്പെടെ മൂന്നു പേരാണ് ഉണ്ടായിരുന്നത്. വള്ളം മലവെള്ളപ്പാച്ചിലില്‍ അകപ്പെട്ട് സമീപത്ത് കെട്ടിയിട്ടിരുന്ന ബോട്ടില്‍ ഇടിച്ചുമറിയുകയായിരുന്നു. ഉടന്‍തന്നെ ബോട്ടിലുണ്ടായിരുന്ന തൊഴിലാളികള്‍ വടം ഇട്ടുകൊടുത്ത് വള്ളത്തിലുണ്ടായിരുന്ന ലിന്സന്, ജയരാജ് എന്നിവരെ രക്ഷപ്പെടുത്തി. വള്ളം കീഴ്മേല്‍ മറിഞ്ഞ് മിഥുന് അതിനടിയില്‍ അകപ്പെട്ടു. മിഥുന് വടം ഇട്ടുകൊടുത്തെങ്കിലും രക്ഷപ്പെടുത്താനായില്ല. കുത്തൊഴുക്കില്‍ കായലിന്റെ അടിത്തട്ടിലേക്ക് താഴ്ന്നുപോയ മിഥുനുവേണ്ടി തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല.
അച്ഛന് കുമാറും അമ്മ സതിയും ഉള്‍പ്പെടെ മൂന്ന് പേരടങ്ങുന്ന കുടുംബത്തിന്റെ അത്താണിയായിരുന്നു മിഥുന്. ഏക സഹോദരി ഭര്‍ത്താവിന്റെ വീട്ടിലാണ്. കുമാര്‍ അസുഖബാധിതനാണ്. മത്സ്യവില്പ്പനയാണ് ഉപജീവനമാര്‍ഗ്ഗം. അമ്മ തൊഴിലുറപ്പ് ജോലിക്ക് പോകുന്നു.
നല്ലൊരു ജോലി സമ്പാദിച്ച് അതില്‍നിന്നുള്ള വരുമാനംകൊണ്ട് പ്രായമായ അച്ഛനെയും അമ്മയേയും ഒരിടത്തും ജോലിക്കു വിടാതെ സംരക്ഷിക്കണമെന്ന് പറഞ്ഞിരുന്ന മകനെയോര്‍ത്ത് ആ അമ്മ വിങ്ങിപ്പൊട്ടുകയാണിപ്പോള്.
ജീവിത പ്രാരബ്ധങ്ങള്‍ക്കിടെ ഏത് ജോലിക്കും പോയി പണം സമ്പാദിച്ച് കുടുംബത്തെ പോറ്റാന്‍ ശ്രദ്ധിച്ചിരുന്നു മിഥുന്. ഇതിനിടെ പഠിക്കാനുള്ള സമയവും കണ്ടെത്തിയിരുന്നു. അവധി ദിനങ്ങളില്‍ നായരമ്പലം നവോദയയില്‍ കഴിഞ്ഞ മാര്‍ച്ചില്‍ ബിരുദ പഠനം പൂര്‍ത്തിയാക്കിയിരുന്നു. സര്‍ക്കാര്‍ ജോലിക്കുവേണ്ടി ശ്രമിച്ചുകൊണ്ടിരുന്ന മിഥുന് നല്ലൊരു ഭാവിജീവിതം സ്വപ്നം കണ്ട് കാനഡയ്ക്ക് പോകുവാനുള്ള തയ്യാറെടുപ്പിലായിരുന്നു. പ്രളയജലത്തില്‍ അവനൊപ്പം ഒഴുകിപ്പോയത് ആ സ്വപ്നങ്ങളുമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: