ഒരു കേന്ദ്രം, 300 ലേറെ പ്രവര്‍ത്തകര്‍. 25000 ചപ്പാത്തി ഒരു ദിവസം. മറ്റ് ഭക്ഷ്യവസ്തുക്കളുടെ കിറ്റുകള്‍ 5000 ലേറെ. തിരുമല ദേവസ്വം, വെങ്കിടേശ്വര സേവാസമിതിയും ആര്‍എസ്എസ്-സേവാഭാരതി പ്രവര്‍ത്തകരും ഒന്നിച്ചതോടെ 10 ദിവസമായി നടന്നത് അദ്ഭുതകരമായ അന്നദാനം. കൊച്ചി-ആലുവ -പറവൂര്‍ പ്രദേശത്തേക്ക് ഭക്ഷണക്കിറ്റുകള്‍ അതിവേഗമെത്തി. കുട്ടികളും പ്രായമായവരടക്കമുള്ളവരും ഓട്ടോതൊഴിലാളികളും രക്ഷാപ്രവര്‍ത്തനം നടത്തി. ശുചീകരണ പ്രവര്‍ത്തനത്തിന് ഏറെ ഗുണകരമാകുന്ന കുറ്റിച്ചൂല് സ്വയം നിര്‍മിച്ചു നല്കി 20 ഓളം യുവതികള്‍ അവരുടെ പങ്ക് നിര്‍വഹിച്ചു.
പുല്ലേപ്പടി ആര്‍എസ്എസ് ആസ്ഥാനത്തേക്ക് ആരുടെ നിര്‍ദ്ദേശവുമില്ലാതെ വെങ്കിടേഷിന്റേയും വിവേകിന്റെയും നേതൃത്വത്തില്‍ പലചരക്കും പച്ചക്കറികളും വെള്ളവും ആദ്യമായി എത്തിയതോടെ പ്രധാന സംഭരണകേന്ദ്രമായി അത് മാറി. വിവിധ പ്രദേശത്തേക്ക് പാക്കിങ് ആരംഭിച്ചു. ബിഎംഎസ് സംസ്ഥാന ഓഫീസ് മറ്റൊരു പാക്കിങ് കേന്ദ്രമാക്കി. ആലുവ, ചെങ്ങന്നൂര്‍, ആലപ്പുഴ മേഖലയില്‍ സാധനങ്ങള്‍ ചിട്ടയായി പോകുന്നു. 5000 ഓണക്കിറ്റ്. 10500 പാക്കറ്റ് തുണികള്‍, 1500 പെട്ടി കുടിവെള്ളം എല്ലാം തയ്യാറാക്കി യുവതികളും യുവാക്കളും അടങ്ങുന്ന 40 അംഗ സംഘം ഊണും ഉറക്കവും മാറ്റിവച്ച് പരിശ്രമിക്കുന്നു.
സേവാഭാരതി ജില്ലാ സംയോജകര്‍ മണികണ്ഠന്, വാസുദേവന്‍, അബിനു, സത്യന്, വിബിന് എന്നിവരുടെ നേതൃത്വത്തില്‍ പ്രവര്‍ത്തനം തുടരുന്നു. രാമായണമാസാചരണം നടന്ന വീടുകളിലെ ധനസമാഹരണങ്ങളും ദുരിതാശ്വാസ നിധിയായി സമര്‍പ്പിച്ചുകൊണ്ട് തമ്മനം സേവാഭാരതി മാതൃകയായി. മഹാരാഷ്ട്ര, രാജസ്ഥാന്, ഗുജറാത്തി സമൂഹത്തിലെ പ്രവര്‍ത്തകരും കൊച്ചി നഗരത്തില്‍ സേവാഭാരതിയുമായി കൈകോര്‍ത്തു.
തൃപ്പൂണിത്തുറയില്‍നിന്ന് എട്ട് ദിവസമായി 300 പേര്‍ക്ക് രാവിലെയും 500 പേര്‍ക്ക് ഉച്ചയ്ക്കും ഭക്ഷണം നല്കി സേവാഭാരതി മാതൃകയായി.
ചിട്ടയായ ക്യാമ്പ്, മതംമറന്ന് ഐക്യം
എളമക്കര ആര്‍എസ്എസ് ആസ്ഥാനത്ത് പ്രളയക്കെടുതി സൂചന കിട്ടുന്നതിനു മുന്നേ ഒരുക്കം തുടങ്ങി. സമീപപ്രദേശത്തെ വീടുകളില്‍നിന്ന് ആളുകളെ ആര്‍എസ്എസ് പ്രചാരക് സുഭാഷിന്റെയും മാനവസേവാസമിതി പ്രവര്‍ത്തകരുടെയും നേതൃത്വത്തില്‍ സരസ്വതി വിദ്യാനികേതന്‍ സ്കൂളിലെത്തിച്ചു. ദുരിതബാധിതര്‍ എത്തുമ്പോഴേക്കും ചൂട് കഞ്ഞി തയ്യാറാക്കിക്കഴിഞ്ഞിരുന്നു. 600-ലേറെ പേര്‍ക്ക് സാന്ത്വനമായ ക്യാമ്പില്‍ 60-ലേറെ പ്രവര്‍ത്തകര്‍ വിവിധ ചുമതല ഏറ്റെടുത്തു. 10 ഓളം ഡോക്ടര്‍മാര്‍, നഴ്സുമാര്‍, മറ്റ് ആരോഗ്യ-രക്ഷാപ്രവര്‍ത്തകര്‍ എന്നിവര്‍ എട്ട് ദിവസത്തെ ക്യാമ്പിന് സേവാപ്രമുഖ് സുരേഷ് ചിട്ടയായ രൂപം നല്കി. അവസാന ദിവസം ക്യാമ്പ് അംഗമായ ഇംതിതാസ് എന്ന മുസ്ലിം വനിത ഉച്ചഭക്ഷണ തയ്യാറാക്കിയത് നെയ്യ്ച്ചോറ് വച്ചാണ്. പിരിയാന്‍ മടിയായവിധം ഒരു കുടുംബമായി മാറിയ അനുഭവം എല്ലാവരും പങ്കുവച്ചു.
മറ്റൊരു ക്യാമ്പ് അമൃതവിദ്യാലയത്തിലായിരുന്നു. ചേരാനല്ലൂര്‍ പഞ്ചായത്തിലെ 1000 ത്തിലേറെ പേര്‍ക്ക് അവിടം ആശ്രയമായി. ക്യാമ്പിന്റെ ചിട്ടവട്ടമറിയാവുന്ന ആര്‍എസ്എസ് പ്രവര്‍ത്തകരെ അമൃത അധികാരികള്‍ ക്യാമ്പ് ഏല്‍പ്പിച്ചു. കൊച്ചി സേവാഭാരതിയുടെ മണികണ്ഠന്, സുരേഷ്, ജോബി ബാലകൃഷ്ണന്, ടി.പി. സിന്ധുമോള്‍, അഡ്വ. മഹേശ്വരി എന്നിവര്‍ നേതൃത്വം നല്കി.
പ്രളയക്കെടുതി തുടങ്ങിയതോടെ വൈപ്പിന്‍, വരാപ്പുഴ, ആലുവ പ്രദേശത്ത് നിന്നുള്ളവരെ കെഎസ്ആര്‍ടിസി സ്റ്റാന്റിനടുത്തുള്ള എബിഎം ഹാളും വിശ്വഹിന്ദുപരിഷത്തിന്റെ പാവക്കുളം ക്ഷേത്രവും ക്യാമ്പുകളാക്കി.
ശരാശരി രണ്ടു ലോറി സാധനങ്ങള്‍ വീതം വിതരണം ചെയ്തുകൊണ്ടും 500 ലേറെ പ്രവര്‍ത്തകരെ ശുചീകരണത്തിന് നിയോഗിച്ചുകൊണ്ടും കൊച്ചി സേവാഭാരതി സജീവമാണ്. കുടിവെള്ള വിതരണം പള്ളുരുത്തി അഴകിയകാവ് പ്രദേശത്തെ സേവാഭാരതി പ്രവര്‍ത്തകര്‍ നടത്തുന്നു.
ആലുവ ഭാഗത്ത് ഭക്ഷണ നിര്‍മാണം നടത്തി മുക്കോട്ടില്‍, കളമശ്ശേരി, നൊച്ചിമ, എസ്എന്‍ പുരം, മന്നം, കാഞ്ഞൂര്‍, പറവൂര്‍ മേഖലയിലും സേവാഭാരതി ശ്രദ്ധ നേടി. വീടുകളിലേക്ക് മടങ്ങിയവര്‍ക്ക് ഭക്ഷണവും വസ്ത്രവും കിറ്റുകളാക്കി നല്‍കുകയാണ് ചെയ്തുകൊണ്ടിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: