പ്രളയജലം സര്‍വ്വതും നക്കിത്തുടയ്ക്കാന്‍ പാഞ്ഞടുക്കുമ്പോഴും വീടുവിട്ടുപോരാന്‍ മടികാണിച്ചവരുണ്ടായിരുന്നു. അത്തരക്കാരെ പറഞ്ഞുമനസ്സിലാക്കി ക്യാമ്പുകളിലേക്കുമാറ്റുക എന്ന ദൗത്യവും വിജയകരമായി പൂര്‍ത്തിയാക്കി. അറുപതിനായിരത്തോളം സ്വയംസേവകര്‍ കേരളത്തില്‍ വിവിധ ജില്ലകളിലായി പ്രളയ രക്ഷാ പ്രവര്‍ത്തനത്തില്‍ പങ്കെടുത്തുവെന്നാണ് കണക്ക്. ഇത് കേരളത്തിന്റെ പോലീസ് സേനയുടെ എണ്ണത്തിലധികം വരും. മത്സ്യപ്രവര്‍ത്തകസംഘത്തിന്റെ നേതൃത്വത്തില്‍ 150 വള്ളങ്ങള്‍ രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളികളായി. ഇതില്‍ അറുനൂറിലേറെ വിദഗ്ധരായ തൊഴിലാളികളും . പ്രളയം സര്‍വ്വനാശം വിതച്ച ചെങ്ങന്നൂര്‍, ആലുവ, റാന്നി,ചാലക്കുടി തുടങ്ങിയ കേന്ദ്രങ്ങളിലായിരുന്നു ഇവരുടെ പ്രവര്‍ത്തനം.
അന്നമായി തണലായി
പെയ്തുതോര്‍ന്ന കണ്ണീര്‍മഴ ബാക്കിവയ്ക്കുന്നത് നൊമ്പരങ്ങളുടെ കടലാഴങ്ങളാണ്. തകര്‍ന്നുപോയ പ്രതീക്ഷകളുടെ ആകാശമേലാപ്പില്‍ ബാക്കിയാവുന്നതാകട്ടെ പെയ്യാന്‍ വിതുമ്പി നില്ക്കുന്ന ഹൃദയമേഘങ്ങളും. എങ്കിലും മഹാപ്രളയത്തിന്റെ അടയാളങ്ങളിലൊന്ന് അവരുടെ സമര്‍പ്പണമാണ്. മുങ്ങിത്താണുപോയ ജീവിതങ്ങളെ കൈയ്ക്കുപിടിച്ച് കരയ്ക്കണച്ചവര്, നെഞ്ചിലെ പ്രാണവായു ഊതി നിറച്ചവര്‍. അരവയര്‍ നിറയാതെയുണ്ട് എല്ലാവരെയും ഊട്ടിയവര്‍. അതെ, അഭിമാനമാവുകയാണ് മലയാളക്കരയ്ക്ക് ഈ സംഘം.
കഴിഞ്ഞ പതിനഞ്ചാം തീയതി മുതല്‍ രണ്ടാഴ്ചയിലേറെക്കാലമായി പതിനായിരക്കണക്കിന് യുവാക്കള്‍ കര്‍മ്മരംഗത്താണ്. രാഷ്ട്രീയ സ്വയംസേവക സംഘമെന്ന മഹാപ്രസ്ഥാനത്തിന്റെ ഭാഗമായവര്‍. സേവാഭാരതിയുടെ ബാനറിനു കീഴില്‍ പ്രളയബാധിത പ്രദേശങ്ങളില്‍ അവര്‍ നടത്തിയ സേവനപ്രവര്‍ത്തനങ്ങള്‍ വിവരണാതീതമാണ്.
സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്ക് എത്തിച്ചേരാന്‍ കഴിയാതിരുന്ന നൂറുകണക്കിന് കേന്ദ്രങ്ങളില്‍ അവര്‍ അഭയമായി, അന്നമായി, തണലായി. ഔദ്യോഗിക സംവിധാനങ്ങളുടെ മെല്ലെപ്പോക്കും അധികാര രാഷ്ട്രീയത്തിന്റെ തിണ്ണമിടുക്കും നരകതുല്യമാക്കിയ പലയിടത്തും സേവാഭാരതിയുടെ പ്രവര്‍ത്തകര്‍ നന്മയുടെ സേവനത്തിന്റെ അവസാനവാക്കായി മാറി.
ആര്‍ത്തിയോടെ കവരാനെത്തിയ പ്രളയജലത്തിനു നേരെ അവര്‍ രാമസേതുവായി. സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഉറക്കം വിട്ടെണീറ്റു വരുന്നതിനും മണിക്കൂറുകള്‍ മുമ്പേ പ്രളയം താറുമാറാക്കിയ പ്രദേശങ്ങളില്‍ രക്ഷാ ദൗത്യവുമായി പാഞ്ഞെത്തിയത് സംഘപരിവാറിലെ സേവാഭാരതി പ്രവര്‍ത്തകരായിരുന്നു. ചാലക്കുടിയില്‍, ആലുവയില്‍, പറവൂരില്‍ ,ചെങ്ങന്നൂരില്‍ അങ്ങനെ എല്ലായിടത്തും. കരകവിഞ്ഞെത്തിയ പമ്പയും പെരിയാറും ചാലക്കുടിപ്പുഴയും ആയിരം നാവുനീട്ടി നക്കിയെടുക്കാന്‍ ശ്രമിക്കുകയായിരുന്നു ജീവിതങ്ങളെ.
ചാലക്കുടിപ്പുഴ ഏഴുകിലോമീറ്ററാണ് രണ്ടുവശങ്ങളിലേക്കും പരന്നൊഴുകിയത്. അമ്പതടിയിലേറെ ഉയരത്തിലുള്ള ദേശീയപാതയിലെ മേല്‍പ്പാലം പൂര്‍ണ്ണമായും വെള്ളത്തിനടിയിലായി. ഞങ്ങളെത്തുമ്പോള്‍ ഓരോ വീട്ടില്‍ നിന്നും നിലവിളികള്‍ കേള്‍ക്കാം. ആദ്യം പോസ്റ്റുകളില്‍ വടംകെട്ടി. റോഡ് തിരിച്ചറിയാനായിരുന്നു ഇത്. തുടര്‍ന്ന് ഓരോരുത്തരെയായി പുറത്തെത്തിക്കാന്‍ തുടങ്ങി.
വെള്ളം ഉയര്‍ന്നുകൊണ്ടിരുന്നു. രാത്രി കനത്തതോടെ ഇത്തരം രക്ഷാ പ്രവര്‍ത്തനം അസാധ്യമെന്ന നിലയിലായി. അപ്പോഴേക്ക് കയ്പമംഗലത്തുനിന്ന് മത്സ്യ പ്രവര്‍ത്തകസംഘത്തിന്റെ പ്രവര്‍ത്തകരായ സ്വയം സേവകരെത്തി. വള്ളങ്ങളും.പിന്നെ വള്ളങ്ങളിലായി രക്ഷാ പ്രവര്‍ത്തനം. ചാലക്കുടിയില്‍ രക്ഷാ പ്രവര്‍ത്തനത്തിന് നേതൃത്വം നല്കിയവര് പറയുന്നു.
രാത്രി ഒരുമണി ആയപ്പോഴേക്കും കെട്ടിടങ്ങളുടെ താഴെനില പൂര്‍ണ്ണമായും വെള്ളത്തില്‍ മുങ്ങിക്കഴിഞ്ഞിരുന്നു. മത്സ്യ പ്രവര്‍ത്തകസംഘത്തിന്റെ പ്രവര്‍ത്തകരും വഞ്ചികളും എത്തിയില്ലായിരുന്നുവെങ്കില്‍ ചാലക്കുടി മൃതഭൂമിയായി മാറിയേനെ. പ്രദേശവാസിയായ ഒരാള്‍ പറഞ്ഞു.
കേരളമെന്ന അഭയാര്‍ത്ഥി ക്യാമ്പ്
പതിനാറിന് നേരം പുലര്‍ന്നതോടെ കേരളം ഒരഭയാര്‍ത്ഥി ക്യാമ്പായി മാറിയിരുന്നു. ഇനിയും രക്ഷപ്പെടുത്താന്‍ ഒട്ടേറെപ്പേര്‍ കെട്ടിടങ്ങള്‍ക്കുള്ളില്‍ അവശേഷിക്കുന്നു. പുറത്തെത്തിച്ച പലര്‍ക്കും ചികിത്സ വേണം.ഭക്ഷണം വേണം.താമസ സൗകര്യമൊരുക്കണം. ആദ്യ പരിഗണന ജീവന് രക്ഷിക്കാന്‍ തന്നെ. ചെങ്ങന്നൂരില്‍ രക്ഷാ ദൗത്യത്തിന്റെ ഭാഗമായിരുന്ന സജീവന് ഓര്‍ക്കുന്നു. പമ്പാ നദി ഗതിമാറി ഒഴുകിയതോടെ ചെങ്ങന്നൂരില്‍ ജലനിരപ്പ് ഉയര്‍ന്നുകൊണ്ടേയിരുന്നു. പതിനേഴിന് വൈകിട്ട് പോലും രക്ഷാ ദൗത്യം തുടരുകയായിരുന്നു. അന്നേക്ക് മൂന്നു ദിവസം പിന്നിട്ടിരുന്നു രക്ഷാ പ്രവര്‍ത്തനത്തിന്. പരുമല, പാണ്ടനാട്, ബുധനൂര്‍, തിരുവന്‍വണ്ടൂര്‍, വെണ്മണി പ്രദേശങ്ങളെല്ലാം വെള്ളത്തിനടിയിലായി. സൈന്യവും സംഘപ്രവര്ത്തകരുമാണ് രക്ഷാ ദൗത്യത്തില്‍ സജീവമായി ഉണ്ടായിരുന്നത്. സ്ഥിതി ഇങ്ങനെ പോയാല്‍ ചെങ്ങന്നൂരില്‍ പതിനായിരങ്ങള്‍ മുങ്ങി മരിക്കും എന്നാണ് എംഎല്‍എ സജി ചെറിയാന് പ്രളയത്തിന്റെ രൂക്ഷത കണ്ട് വിലപിച്ചത്. എന്നാല്‍ അവരെ മരണത്തിന് വിട്ടുകൊടുക്കാന്‍ ഞങ്ങള്‍ തയ്യാറല്ലായിരുന്നു. രക്ഷിക്കാന്‍ കഴിയുന്ന അവസാന ജീവനും രക്ഷിച്ചേ ഈ ദൗത്യം അവസാനിപ്പിക്കൂവെന്ന് ഉറപ്പിച്ചാണ് ഞങ്ങള്‍ തുടര്‍ന്നത്. ഭക്ഷണവും കുടിവെള്ളവുമില്ലാതെ പലരും തളര്‍ന്നു തുടങ്ങിയിരുന്നു. പോരാത്തതിന് കോരിച്ചൊരിയുന്ന മഴയും ആര്‍ത്തലച്ചെത്തുന്ന പ്രളയജലത്തിന്റെ കുത്തൊഴുക്കും. പ്രാണവായുവിന് വേണ്ടി പിടയുന്ന നിലവിളികള്‍ക്ക് മുന്നില്‍ അതൊരു തടസ്സമായി തോന്നിയില്ല. ഓരോ കൂട്ടമായി ആളുകളെ പുറത്തെത്തിച്ച് വീണ്ടും പായുകയായിരുന്നു കുത്തൊഴുക്കിലേക്ക്. അപ്പോഴും അവസാനിക്കാത്ത നിലവിളികളിലേക്ക്. സര്‍ക്കാര്‍ സംവിധാനങ്ങളും ജനപ്രതിനിധികളും സൈന്യവും പോലീസും എല്ലാം രക്ഷാ ദൗത്യത്തില്‍ കൈമെയ് മറന്ന് രംഗത്തിറങ്ങി.
പ്രളയജലം സര്‍വ്വതും നക്കിത്തുടയ്ക്കാന്‍ പാഞ്ഞടുക്കുമ്പോഴും വീടുവിട്ടുപോരാന്‍ മടികാണിച്ചവരുണ്ടായിരുന്നു. അത്തരക്കാരെ പറഞ്ഞുമനസ്സിലാക്കി ക്യാമ്പുകളിലേക്കുമാറ്റുക എന്ന ദൗത്യവും വിജയകരമായി പൂര്‍ത്തിയാക്കി.
അറുപതിനായിരത്തോളം സ്വയംസേവകര്‍ കേരളത്തില്‍ വിവിധ ജില്ലകളിലായി പ്രളയ രക്ഷാ പ്രവര്‍ത്തനത്തില്‍ പങ്കെടുത്തുവെന്നാണ് കണക്ക്. ഇത് കേരളത്തിന്റെ പോലീസ് സേനയുടെ എണ്ണത്തിലധികം വരും. മത്സ്യപ്രവര്‍ത്തകസംഘത്തിന്റെ നേതൃത്വത്തില്‍ 150 വള്ളങ്ങള്‍ രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളികളായി. ഇതില്‍ അറുനൂറിലേറെ വിദഗ്ധരായ തൊഴിലാളികളും . പ്രളയം സര്‍വ്വനാശം വിതച്ച ചെങ്ങന്നൂര്‍, ആലുവ, റാന്നി,ചാലക്കുടി തുടങ്ങിയ കേന്ദ്രങ്ങളിലായിരുന്നു ഇവരുടെ പ്രവര്‍ത്തനം.
രണ്ടുദിവസത്തിലേറെ നീണ്ട പ്രളയപ്രവാഹത്തിന് അല്പം ശമനമായതോടെ ദുരിതാശ്വാസക്യാമ്പുകളിലായി എല്ലവരുടേയും ശ്രദ്ധ. സര്‍ക്കാര്‍ തലത്തില്‍ സംഘടിപ്പിച്ച ക്യാമ്പുകളില്‍ പലയിടത്തും സേവാഭാരതി പ്രവര്‍ത്തകരാണ് എല്ലാത്തിനും മുന്നിലുണ്ടായിരുന്നത്. സര്‍വ്വതും വെള്ളത്തില്‍ മുങ്ങി ആശങ്കയോടെ ദുരിതാശ്വാസ ക്യാമ്പുകളിലെത്തിയവര്ക്കുമുന്നില് അവര്‍ സ്നേഹത്തിന്റെ മറുവാക്കായി. കേരളത്തിലെ എല്ലാ ജില്ലാ കേന്ദ്രങ്ങളിലും സേവാഭാരതി പ്രവര്‍ത്തകര്‍ ആരംഭിച്ച സംഭരണ കേന്ദ്രങ്ങളിലൂടെ കാരുണ്യത്തിന്റെ മഹാപ്രവാഹമായിരുന്നു. അരി, ഭക്ഷ്യ ധാന്യങ്ങള്‍,വസ്ത്രങ്ങള്‍, മരുന്നുകള്‍,കുടിവെള്ളം ഉള്‍പ്പെടെ എല്ലാം വന്നു നിറയുകയായിരുന്നു. പലയിടത്തും സര്‍ക്കാര്‍ സംവിധാനങ്ങള്‍ പോലും സേവാഭാരതിയുടെ പ്രവര്‍ത്തകരെ ആശ്രയിച്ചാണ് പ്രവര്‍ത്തിച്ചത്. ഇരിങ്ങാലക്കുടയിലെ പലപ്രദേശങ്ങളിലും സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്ക് ദിവസങ്ങളോളം കുടിവെള്ളം എത്തിക്കാന്‍ കഴിഞ്ഞില്ല. വിവരമറിഞ്ഞ സേവാഭാരതി പ്രവര്‍ത്തകര്‍ മണിക്കൂറുകള്‍ക്കുള്ളില്‍ പ്രദേശത്ത് കുടിവെള്ളം വിതരണം ചെയ്തു. ഇതുപോലെ എത്രയോ ഉദാഹരണങ്ങള്‍. ചാവക്കാട് മരുതയൂരിലെ ഗവ.സ്കൂളില്‍ പ്രവര്‍ത്തിച്ചിരുന്ന ക്യാമ്പിലെ അംഗമായിരുന്ന ഒരമ്മ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞത് ഈ കുട്ടികള്‍ ഉള്ളതുകൊണ്ടാണ് ഞങ്ങള്‍ ഇപ്പോള്‍ ജീവനോടെ ഇരിക്കുന്നത് എന്നാണ്. കാക്കിനിക്കറും ബനിയനുമിട്ട് ചെളിയില്‍ പുതഞ്ഞ്, വെള്ളത്തില്‍ മുങ്ങി , ഒഴുക്കിനെതിരെ നീന്തി ജീവിതം തിരികെപ്പിടിച്ചു നല്കിയ ഈ കുട്ടികള്‍ അവര്‍ക്ക് പ്രിയപ്പെട്ടവരാണ്. മറ്റെന്തിനേക്കാളേറെ.
എവിടെനിന്ന് വിളിച്ചാലും
കാഞ്ഞങ്ങാട്,പാലക്കാട്, തിരുവനന്തപുരം എന്നിങ്ങനെ മൂന്നു സ്ഥലങ്ങളിലാണ് പ്രധാന സംഭരണ കേന്ദ്രങ്ങള്‍ തുറന്നത്. മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുള്ള സഹായം എത്തിക്കുന്നതിന് കൂടി ലക്ഷ്യമിട്ടായിരുന്നു ഇത്. ഇതിനു പുറമേയാണ് എല്ലാ ജില്ലാ കേന്ദ്രങ്ങളിലും സംഭരണ കേന്ദ്രങ്ങള്‍ തുറന്നത്. ഏത് ക്യാമ്പില്‍നിന്ന് എപ്പോള്‍ വിളിച്ചാലും ആവശ്യം നടന്നിരിക്കും എന്നതായിരുന്നു അവസ്ഥ. എണ്ണയിട്ട യന്ത്രം പോലെ ഒരേ മനസ്സോടെ പതിനായിരങ്ങള്‍ അവശ്യ സാമഗ്രികള്‍ ശേഖരിക്കാനും വിതരണം ചെയ്യാനും പ്രയത്നിച്ചുകൊണ്ടേയിരുന്നു. ദുരിതാശ്വാസ ക്യാമ്പുകളില്‍ നിന്ന് മടങ്ങുന്നവര്‍ക്ക് ചുരുങ്ങിയത് ഒരാഴ്ചത്തേക്കുള്ള സാമഗ്രികളും വസ്ത്രങ്ങളും നല്‍കിയാണ് യാത്രയാക്കിയത്. ചിലയിടത്ത് സര്‍ക്കാര്‍ സംവിധാനങ്ങളുമായി സഹകരിച്ചും ചിലയിടത്ത് തനിച്ചും ഇത് പ്രാവര്‍ത്തികമാക്കി.
വെള്ളത്തില്‍ മുങ്ങിയ വീടുകളില്‍ ഇനി ജീവിതം ഒന്നില്‍ നിന്ന് തുടങ്ങണം. ജീവന് മാത്രം കയ്യിലെടുത്തുള്ള ഓട്ടമായിരുന്നു പലരുടേതും. വിലപ്പെട്ടതൊക്കെയും പ്രളയജലം കവര്‍ന്നു. അവശേഷിക്കുന്ന വീടുകളാകട്ടെ ചെളി നിറഞ്ഞും. പ്രളയം ഭീകരനൃത്തം ചെയ്ത പ്രദേശങ്ങളിലൊക്കെയും സ്ഥിതി ഇതാണ്. മലപ്പുറത്ത് നിന്ന് ആര്.എസ്.എസിന്റെ ജില്ലാ സഹകാര്യവാഹ് ശ്രീനിവാസന്,ഖണ്ഡ് കാര്യവാഹ് സുകുമാരന്‍ എന്നിവരുടെ നേതൃത്വത്തില്‍ പത്തോളം പേരടങ്ങുന്ന സംഘം മാളയിലെ കൊച്ചുകടവില്‍ ഒരു ദിവസത്തെ ശുചീകരണത്തിന് എത്തിയതാണ്. എന്നാല്‍ പ്രദേശത്തെ ദൈന്യാവസ്ഥ കണ്ടതോടെ പത്തുദിവസമായി ഇവിടെ തുടരുകയാണ്. നിരവധി വീടുകള്‍ ഇതിനകം വൃത്തിയാക്കി.
അഭിമാനമാണ് ഈ സംഘം
ഇത്തരം ഒട്ടേറെ സംഘങ്ങളാണ് പ്രളയബാധിത പ്രദേശങ്ങളില്‍ പ്രവര്‍ത്തിക്കുന്നത്. തൃശൂര്‍ ജില്ലയിലെ ആര്.എസ്.എസ്.പ്രവര്‍ത്തകര്‍ക്ക് ഇക്കുറി തിരുവോണം ചാലക്കുടിയിലേയും മാളയിലേയും പ്രളയബാധിത പ്രദേശങ്ങളിലായിരുന്നു. ദിവസേന നൂറുകണക്കിന് പ്രവര്‍ത്തകര്‍ ഇവിടെയെത്തി ശുചീകരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമാകുന്നു. മുട്ടോളം ചെളിയാണ് വീടിനകത്തും. ചാലക്കുടിയിലെ വ്യാപാര സ്ഥാപനങ്ങള്ക്കുള്ളില്പ്പോലും ചെളി നിറഞ്ഞിരിക്കുന്നു. മനുഷ്യസാധ്യമല്ലെന്ന് കരുതി വൃത്തിയാക്കാന്‍ കഴിയാതെ പലരും മാറിനിന്ന ഇടങ്ങളിലും സംഘടിതദൗത്യത്തിന്റെ കരുത്ത് തെളിയിച്ച് വിജയം രചിക്കുകയാണ് സ്വയം സേവകര്‍. അഭിനന്ദനങ്ങളോ പൂച്ചെണ്ടുകളോ പ്രതീക്ഷിച്ചല്ല ഇതൊന്നും. അതൊരു ദൗത്യമാണ് അവര്‍ക്ക്. ജീവിതാദര്‍ശത്തിന്റെ ദൗത്യം. അതുകൊണ്ടാണ് കേരളം ഒന്നടങ്കം പറയുന്നത്, അഭിമാനമാണ് ഈ സംഘമെന്ന്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: