രണ്ടാഴ്ചയോളം നീണ്ട പ്രളയത്തിന്റെ ദുരിതക്കാഴ്ചകളില്‍നിന്ന് തികച്ചും വ്യത്യസ്തമായിരുന്നു അത്. ഒരു കൂറ്റന്‍ കെട്ടിടത്തിന്റെ മട്ടുപ്പാവില്‍ ‘താങ്ക്സ്’ എന്നെഴുതിയതിന്റെ ആകാശക്കാഴ്ച. വെള്ളത്താല്‍ ചുറ്റപ്പെട്ട് ജീവിതത്തിനും മരണത്തിനുമിടയില്‍ കഴിഞ്ഞ രണ്ട് വനിതകളെ ഈ വീട്ടില്‍നിന്ന് ഹെലികോപ്ടര്‍ വഴി രക്ഷിച്ച നാവികസേനയെ നന്ദിയറിയിക്കുകയായിരുന്നു.
ദിവസങ്ങളോളം മരണതാണ്ഡവമാടിയ മഴയില്‍ കടല്‍പോലെ നിറഞ്ഞുകവിഞ്ഞ അണക്കെട്ടുകള്‍ ഏതാണ്ട് ഒരേസമയത്ത് വേണ്ടത്ര മുന്നൊരുക്കമില്ലാതെ തുറന്നുവിട്ടതാണ് കേരളത്തെ രണ്ട് നൂറ്റാണ്ടുകണ്ട ഏറ്റവും വലിയ പ്രളയത്തില്‍ മുക്കിയത്. 353 പേര്‍ക്ക് ജീവഹാനി സംഭവിച്ചു. 40,000 ഹെക്ടറില്‍ കൃഷിനാശം സംഭവിച്ചു. 26,000 ലേറെ വീടുകള്‍ പൂര്‍ണമായോ ഭാഗികമായോ തകര്‍ന്നു. പൊതുമരാമത്ത് വകുപ്പിന്റെ മാത്രം 16,000 കിലോമീറ്റര്‍ റോഡും 130-ലേറെ പാലങ്ങളും ഒലിച്ചുപോയി. ചെറിയ നഗരങ്ങളെയും ഗ്രാമങ്ങളെയും ബന്ധിപ്പിക്കുന്ന 82,000 ഗ്രാമീണ റോഡുകളും അപ്രത്യക്ഷമായി. അക്ഷരാര്‍ത്ഥത്തില്‍ കേരളത്തെ കടലെടുക്കുന്ന പ്രതീതി.
ഐഎസ്ആര്‍ഒയുടെ അഞ്ച് ഉപഗ്രഹങ്ങള്‍ ശരിയായ വിവരങ്ങള്‍ നല്കിക്കൊണ്ടിരുന്നു. ഹൈദരാബാദ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ‘ഡിവിഷന് സപ്പോര്‍ട്ട് സെന്റര്‍’ ഇതില്‍നിന്ന് ആവശ്യമുള്ള വിവരങ്ങള്‍ ബന്ധപ്പെട്ട ഏജന്‍സികള്‍ക്ക് എത്തിച്ചു. ഇന്ത്യയുടെ സായുധസേനകള്‍ക്ക് ഇത്രയും മതിയായിരുന്നു. ബോട്ടുകള്‍, ഹെലികോപ്റ്ററുകള്‍ തുടങ്ങിയവ ഉപയോഗിച്ചും അല്ലാതെയും കരവ്യോമനാവിക സേനാംഗങ്ങള്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചു.
എല്ലാ ബന്ധങ്ങളുമറ്റ് ഒറ്റപ്പെട്ട് പോയവരുടേയും, വീടുകളുടെ മുകള്‍നിലകളിലും മേല്‍ക്കൂരകളിലും കുടുങ്ങിക്കിടക്കുന്നവരുടേയും അടുത്തേക്ക് എത്തിച്ചേരാന്‍ സൈനികര്‍ ഒട്ടും താമസിച്ചില്ല. ഭക്ഷണത്തിനും വെള്ളത്തിനും വേണ്ടി കേഴുകയായിരുന്നവര്ക്ക് അവ നല്കി. മോട്ടോര്‍ ഘടിപ്പിച്ച 300 ബോട്ടുകളാണ് സേനകള്‍ രക്ഷാപ്രവര്‍ത്തനത്തിന് ഉപയോഗിച്ചത്. നൂറ് കണക്കിന് മെഡിക്കല്‍ സംഘങ്ങളെ അണിനിരത്തി.
ഹെലികോപ്ടറില്‍ പറന്നുചെന്ന നാവികസേനാംഗങ്ങള്‍ താഴേക്ക് തൂങ്ങിയിറങ്ങി വീടുകളില്‍ കുടുങ്ങിക്കിടക്കുന്നവരെ രക്ഷിക്കുന്ന ദൃശ്യങ്ങള്‍ ശ്വാസമടക്കിപ്പിടിച്ചാണ് ജനങ്ങള്‍ കണ്ടത്. 70 ബോട്ടുകളിലായി 58 രക്ഷാസംഘങ്ങളെയാണ് നാവികസേന പ്രളയബാധിത പ്രദേശങ്ങളില്‍ വിന്യസിച്ചത്. രക്ഷാപ്രവര്‍ത്തനം വേഗത്തിലാക്കുന്നതില്‍ റബ്ബറൈസ്ഡ് ബോട്ടുകളും അതിലെ മുങ്ങല്‍ വിദഗ്ദ്ധരും വലിയ പങ്ക് വഹിച്ചു. വെള്ളം കയറിയ പ്രദേശങ്ങളില്‍നിന്ന് ആളുകളെ ദുരിതാശ്വാസ ക്യാമ്പുകളില്‍ എത്തിക്കുന്നതിനായി മൂന്ന് സൈനിക വിഭാഗങ്ങളും ചേര്‍ന്ന് മോട്ടോര്‍ ഘടിപ്പിച്ച 339 ബോട്ടുകളും മോട്ടോര്‍ ഘടിപ്പിക്കാത്ത 24 ബോട്ടുകളും, വാടകയ്ക്കെടുത്ത 21 ബോട്ടുകളുമാണ് ഉപയോഗിച്ചത്.
വിവിധയിടങ്ങളില്‍നിന്ന് രക്ഷിച്ചുകൊണ്ടുവന്ന180 പേര്‍ക്കായി കൊച്ചിയിലെ നേവല്‍ബേസില്‍ ഒരു ദുരിതാശ്വാസ ക്യാമ്പുതന്നെ സജ്ജീകരിച്ചു. ഇവര്‍ക്കായി മൊബൈല്‍ ഫോണുകള്‍, നിശാവസ്ത്രം ഉള്‍പ്പെടെയുള്ളവ നല്കി. 24 മണിക്കൂറും വൈദ്യസേവനം ലഭ്യമാക്കി. വെള്ളക്കുപ്പികളും ഭക്ഷണപ്പൊതികളും ഹെലികോപ്ടറുകളില്‍ കൊണ്ടുപോയി പ്രളയബാധിതപ്രദേശങ്ങളില്‍ വിതരണം ചെയ്തു. വൈദ്യശുശ്രൂഷകര്ക്കൊപ്പം മരുന്നുകള്‍, സാനിറ്ററി നാപ്കിനുകള്‍ തുടങ്ങിയവ യുദ്ധകാലാടിസ്ഥാനത്തില്‍ ദുരിതാശ്വാസ ക്യാമ്പുകളിലെത്തിച്ചു. നൂറുകണക്കിന് മെഡിക്കല്‍ ക്യാമ്പുകളാണ് സംഘടിപ്പിച്ചത്.
പ്രളയബാധിത പ്രദേശങ്ങളില്‍നിന്ന് രക്ഷിച്ചുകൊണ്ടുവന്നവര്ക്കായി സേനാംഗങ്ങള്‍തന്നെ ദുരിതാശ്വാസ ക്യാമ്പുകള്‍ സജ്ജീകരിച്ചു. 30,000ലേറെ ആളുകളെയാണ് ഇങ്ങനെ പാര്‍പ്പിച്ചത്. നാവികസേനയുടെ 40 സംഘങ്ങള്‍ രക്ഷാപ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായി. ഗര്‍ഭിണിയായ ഒരു വനിതയെ അരമണിക്കൂറെടുത്താണ് രക്ഷിച്ചത്. തൃശൂരിലൊരിടത്ത് ഒറ്റപ്പെട്ടുപോയവരെ രക്ഷിക്കാന്‍ ഒരു തൂക്കുപാലം തന്നെ നാവികസേന നിര്‍മിച്ചു. 38 ഉള്‍പ്രദേശങ്ങളിലായി 13 താല്‍ക്കാലിക പാലങ്ങള്‍ കരസേനയും നിര്‍മിച്ചു. 22 വിദേശ വിനോദസഞ്ചാരികളടക്കം 3627 പേരെ ഇതുവഴി രക്ഷിക്കാന്‍ കഴിഞ്ഞു. എറണാകുളം ജില്ലയിലെ കാലടി, ആലുവ പ്രദേശങ്ങളിലായി കരസേനയുടെ 120 പേരടങ്ങുന്ന എഞ്ചിനീയറിങ് സംഘം രക്ഷാപ്രവര്‍ത്തനം നടത്തി.
വെള്ളം കയറിയ പ്രദേശങ്ങളില്‍ ഒറ്റപ്പെട്ടുപോയവരെയും, വീടുകളില്‍ കുടുങ്ങിക്കിടക്കുന്നവരേയും അതിസാഹസികമായി രക്ഷിച്ച് ദുരിതാശ്വാസ ക്യാമ്പുകളിലെത്തിക്കുന്നതില് വ്യോമസേനാംഗങ്ങളും വലിയ പങ്കുവഹിച്ചു. തീരദേശ സേന 10 ഡിസാസ്റ്റര്‍ റെസ്പോണ്‍സ് ടീമിനെ സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളിലായി വിന്യസിച്ചു. തീരദേശ സേന രക്ഷിച്ചവരില്‍ ആലുവയ്ക്കടുത്ത് കടുങ്ങല്ലൂരിലുള്ള പത്ത് വയസ്സ് മാത്രം പ്രായമുള്ള കുഞ്ഞും ഉള്‍പ്പെടുന്നു. ദേശീയ ദുരന്തനിവാരണ സേനയിലെ(എന്‍ഡിആര്‍എഫ്)അംഗങ്ങളും പ്രശംസനീയമായ പങ്കാണ് രക്ഷാപ്രവര്‍ത്തനത്തില്‍ വഹിച്ചത്.
പ്രളയക്കെടുതി നേരിടുന്നതില്‍ എന്‍ഡിആര്‍എഫ് അതിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ രക്ഷാപ്രവര്‍ത്തനമാണ് നടത്തിയത്. വിവിധ സംസ്ഥാനങ്ങളില്‍നിന്നായി 42 പേരടങ്ങുന്ന 58 ടീമാണ് എത്തിയത്. ”ഇത്രയധികം എന്‍ഡിആര്‍എ അംഗങ്ങള്‍ ഒരേസമയം ഒരു സംസ്ഥാനത്ത് രക്ഷാപ്രവര്‍ത്തനം നടത്തിയത് ആദ്യമാണ്. 2014-ല്‍ ഒഡീഷയില്‍ ഹുദ് ഹുദ് ചുഴലിക്കാറ്റ് ആഞ്ഞടിച്ചപ്പോഴാണ് ഏറ്റവും കൂടുതല്‍ യൂണിറ്റിനെ എന്‍ഡിആര്‍എഫ് ഉപയോഗിച്ചത്. അപ്പോള്‍ പോലും 51 യൂണിറ്റുകളേ രക്ഷാപ്രവര്‍ത്തനം നടത്തിയുള്ളൂ. കേരളത്തില്‍ 18,077 പേരെയാണ് വീടുകളില്‍നിന്ന് രക്ഷിച്ചെടുത്തത്. ഇവരില്‍ 500-ലേറെ പേര് മരണമുഖത്തായിരുന്നു. പത്ത് മൃതദേഹങ്ങളും കണ്ടത്തി. ജനങ്ങളുടെ സഹകരണമാണ് ജീവഹാനി കുറയാന്‍ കാരണം” എന്‍ഡിആര്‍എഫിന്റെ ചെന്നൈ യൂണിറ്റിലെ ഡെപ്യൂട്ടി കമാന്റര്‍ ജി.വി. ജയന്റെ വാക്കുകളില്‍ ഒരു മഹാപ്രയത്നത്തിന്റെ ചിത്രമുണ്ട്. ഇതുപോലൊരു പ്രളയം കേരളം കണ്ടിട്ടില്ലാത്തതുപോലെ സൈനികരിറങ്ങിയുള്ള ഇത്തരമൊരു രക്ഷാ-ദുരിതാശ്വാസ പ്രവര്‍ത്തനവും സംസ്ഥാനത്തെ ജനങ്ങള്‍ക്ക് പുതുമയുള്ളതാണ്.
സര്‍വീസ് ബിഫോര്‍ സെല്‍ഫ് (തനിക്ക് മുന്‍പേ സേവനം), ശംനോ വരുണ (സമുദ്രദേവനായ വരുണന് ഞങ്ങളെ അനുഗ്രഹിക്കട്ടെ), നഭഃസ്പര്ശം ദീപ്തം (ആകാശത്തെ സ്പര്‍ശിക്കുന്ന പ്രകാശം) എന്നിങ്ങനെയാണ് യഥാക്രമം കരനാവികവ്യോമസേനകളുടെ ആപ്തവാക്യങ്ങള്‍. ശത്രുക്കളോട് നേര്‍ക്കുനേര്‍ വീറോടെ പൊരുതാന്‍ മാത്രമല്ല, ആപത്തിലകപ്പെടുന്ന സ്വന്തം ജനതയെ അത്യന്തം സാഹസികമായി രക്ഷിച്ചെടുക്കാനും നമ്മുടെ ധീരസൈനികര്‍ സ്വയം സമര്‍പ്പിക്കപ്പെടുന്നു. ഈ സമര്‍പ്പണത്തിന്റെ മഹാമാതൃകയാണ് പ്രളയക്കെടുതിയലകപ്പെട്ട കേരളത്തിന്റെ മണ്ണിലും വിണ്ണിലും ഇന്ത്യന്‍ സേനാംഗങ്ങള്‍ കാഴ്ചവച്ചത്.
കെ.പി. മുരളി
”എന്റെ വീട്ടില്‍ വെള്ളം കയറുകയായിരുന്നു. അത് കാര്യമാക്കിയില്ല. ഭാര്യയേയും മക്കളേയും ബന്ധുവിന്റെ വീട്ടിലേക്കയച്ചു. പിന്നെ വഞ്ചിയുമായി ഞാന്‍ ഇറങ്ങി. വെള്ളത്തില്‍ മുങ്ങിപ്പോയവരെ രക്ഷിക്കണ്ടേ?” ഞാറയ്ക്കല്‍ സ്വദേശി ജയന്റെ വാക്കുകളില്‍ മത്സ്യത്തൊഴിലാളി സമൂഹത്തിന്റെ മനസ്സുണ്ട്. കലിപൂണ്ട പെരിയാര്‍ നദി പ്രദേശമാകെ വിഴുങ്ങുന്നതറിഞ്ഞ് വഞ്ചിയുമായി ഇറങ്ങിത്തിരിച്ച ജയന് നാലുദിവസംകഴിഞ്ഞാണ് വീട്ടില്‍ മടങ്ങിയെത്തിയത്. ”വെള്ളത്തിന്റെ കുത്തൊഴുക്കായിരുന്നു. ഞങ്ങള്‍ കടലില്‍ പോകുന്നവരാണ്. ഇത്രയും ഭീകരമായ ഒഴുക്ക് കടലില്‍ കാണാറില്ല. പക്ഷേ ഞങ്ങള്‍ക്ക് വെള്ളത്തെ പേടിയില്ല. ധൈര്യം കൈവിടരുതെന്ന് നാട്ടുകാരോട് പറഞ്ഞു.”
ജയന്റെ വാക്കുകളില്‍ നിശ്ചയദാര്‍ഢ്യത്തിന്റെ മുഴക്കം. അധികമാരും ശ്രദ്ധിക്കപ്പെടാതെ, ഗൗനിക്കാതെപോയ കേരളത്തിലെ മീന്‍പിടുത്തത്തൊഴിലാളികളുടെ ശബ്ദം ഇപ്പോള്‍ പൊതുസമൂഹത്തിന്റെ കാതുകളിലേക്ക് എത്തുകയാണ്. കേരളക്കരയിലെ കടപ്പുറങ്ങളില്‍നിന്ന് കാലവര്‍ഷക്കാലത്ത് എത്രയെത്ര നിലവിളികളുണ്ടായി. വീടുകള്‍ നഷ്ടപ്പെട്ട്, ഭൂമി നഷ്ടപ്പെട്ട്, ജീവിതമാര്‍ഗ്ഗവും ഇല്ലാതായി ദുരിതങ്ങളുടെ കയത്തിലായ ഒരു ജനത ഈ നാടിന്റെ രക്ഷകരാകുന്ന കാഴ്ച മലയാളിയുടെ മനസ്സിലേക്ക് ആവേശമായി പടര്‍ന്നു കയറുകയായിരുന്നു.
പ്രകൃതിയെ അറിഞ്ഞു ജീവിക്കുന്നവരാണ് മത്സ്യത്തൊഴിലാളി സമൂഹം. അവര്‍ക്ക് കടലിന്റെ താളമറിയാം. വെള്ളത്തിന്റെ ശക്തിയറിയാം. വെള്ളത്തോട് എങ്ങനെ പെരുമാറണമെന്ന് അറിയാം. പ്രകൃതി കോപിക്കുമ്പോള്‍ അവര്‍ സ്വയം സജ്ജരാകുന്ന കാഴ്ചയാണ് പ്രളയ ദുരിതകാലത്ത് കേരളം കണ്ടത്. പ്രകൃതിയോട് ഇഴചേര്‍ന്നു ജീവിക്കുന്നവര്‍ക്കേ അതിനു കഴിയൂ.
ഒരു പൊറോട്ട മാത്രം കഴിച്ച് മൂന്നു ദിവസം തള്ളി നീക്കിയ കഥ ചെറായിക്കാരനായ മത്സ്യത്തൊഴിലാളി സുരേഷ് പറയും. ഈ മൂന്നു ദിവസവും ചെറിയ വഞ്ചിയില്‍ കയറി ദുരിതക്കയത്തില്‍നിന്ന് മുങ്ങിയ മനുഷ്യജീവനുകള്‍ രക്ഷിച്ച് കരയിലേക്ക് എത്തിക്കുകയായിരുന്നു അയാള്‍. ഭക്ഷണം കഴിക്കണമെന്ന് അയാള്‍ക്ക് തോന്നിയില്ല. ഭക്ഷണം കഴിക്കാനുള്ള സമയംപോലും ഒരു ജീവന് നഷ്ടപ്പെടാന്‍ ഇടവരുത്തുമെന്നാണ് അയാള്‍ ചിന്തിച്ചത്.
പെരിയാറും പമ്പയും ചാലക്കുടിപ്പുഴയും അക്ഷരാര്‍ത്ഥത്തില്‍ രൗദ്രരൂപംപൂണ്ട് ആര്‍ത്തലച്ച് സംഹാര താണ്ഡവം ആടുകയായിരുന്നു. കേരളം മുഴുവന്‍ വിറങ്ങലിച്ചുപോയ ദിവസങ്ങള്‍. ഭരണകൂടം പകച്ചു, ജനം എല്ലാം നഷ്ടപ്പെട്ടുവെന്നറിഞ്ഞ് മരണം കാത്തു നില്ക്കുന്ന അവസരത്തില്‍, ഞങ്ങള്‍ കടലിന്റെ മക്കള്‍ എന്ന് പരിചയപ്പെടുത്തി വള്ളങ്ങളിലേക്ക് ഓരോ ജീവനേയും എടുത്തുവച്ച് രക്ഷാദൗത്യം നടത്തുകയായിരുന്നു അവര്‍.
മരണത്തിലേക്ക് ഊര്‍ന്നിറങ്ങിയ ജീവിതങ്ങളെ എങ്ങനെ രക്ഷിക്കുമെന്നറിയാതെ ഭരണകൂടം കുഴഞ്ഞു. ഈ ഘട്ടത്തിലാണ് മത്സ്യത്തൊഴിലാളി സമൂഹം രക്ഷകരായി മാറിയത്.
”ദൈവത്തെ നേരില്‍ കണ്ട പോലെയായിരുന്നു. അവര്‍ എന്നെ എടുത്ത് വഞ്ചിയിലേക്ക് കയറ്റി കണ്ണടച്ച് ഇരുന്നോളാന്‍ പറഞ്ഞു. വഞ്ചി കരയില്‍ അടുത്തപ്പോള്‍ അവര്‍ വാരിയെടുത്തു ക്യാമ്പിലേക്ക് കൊണ്ടുപോയി.” ദുരിതമുഖത്തുനിന്ന് രക്ഷപ്പെട്ട് ആലുവയിലെ ക്യാമ്പിലെത്തിയ ഒരു വൃദ്ധ പറഞ്ഞു. കടലിന്റെ മക്കളെക്കുറിച്ചായിരുന്നു ഇത്.ഭാരതീയ മത്സ്യപ്രവര്‍ത്തക സംഘം സംസ്ഥാന ഉപാദ്ധ്യക്ഷന്‍ കൂടിയായ എന്‍.പി. രാധാകൃഷ്ണന് ദുരന്ത തീരത്തേക്ക് ആറോളം വള്ളങ്ങളും തൊഴിലാളികളുമായി തിരിക്കുമ്പോള്‍ പ്രളയത്തിന്റെ തീവ്രത ഇത്രയധികമാണെന്ന് കരുതിയിരുന്നില്ല. പെരിയാറിന്റെ തീരത്തെത്തി പ്രളയത്തിലേക്ക് കുതിച്ചു. എത്ര പേരെ രക്ഷപ്പെടുത്തിയെന്ന് നിശ്ചയമില്ല. വീടുകളുടെ ടെറസ്സില്‍ ജീവനായുള്ള കരച്ചിലുകള്‍ വഴിമുടക്കി. കൂറ്റന്‍ വൃക്ഷത്തലപ്പുകള്‍ വെട്ടിമാറ്റിയാണ് രക്ഷാപ്രവര്‍ത്തനം ഏകോപിപ്പിച്ചത്.
രക്ഷാപ്രവര്‍ത്തനത്തിനിടെ ഉയരമുള്ള വള്ളത്തിലേക്ക് കയറാനാവാതെനിന്ന സ്ത്രീക്ക് ചവിട്ടിക്കയറാന്‍ വെള്ളത്തില്‍ കുനിഞ്ഞിരുന്ന് സ്വന്തം പുറം കാണിച്ചു കൊടുത്ത ജെയ്സല്‍ എന്ന ചെറുപ്പക്കാരന്റെ മുഖം കേരളം മറക്കില്ല. കേരളത്തിലെ മത്സ്യത്തൊഴിലാളിയുടെ മുഖമാണത്. കിടക്കാന്‍ നല്ലൊരു വീടുപോലുമില്ലാതെ കടലിനോടും പ്രാരബ്ധങ്ങളോടും മല്ലടിച്ച് കുടുംബം പുലര്‍ത്താന്‍ ശ്രമിക്കുന്ന മുഖം. അവര്‍ക്ക് ചെത്തിമിനുക്കി വര്‍ത്തമാനം പറയാന്‍ വശമില്ല. തോന്നുന്നത് പറയും. പക്ഷേ, ആ മനസ്സുകളില്‍ നിറയുന്നത് ആര്‍ദ്രതയാണ്. സഹജീവികളോടുള്ള സ്നേഹം. ഈ സ്നേഹമില്ലായിരുന്നെങ്കില്‍, കേരളത്തിന്റെ പ്രളയ കഥ മറ്റൊന്നാകുമായിരുന്നു. മരണക്കണക്ക് അഞ്ചക്കത്തിലേക്ക് വഴിമാറുമായിരുന്നു.
സുനാമിയും ഓഖിയുമൊക്കെ നേരിട്ട സമൂഹത്തിന്റെ പ്രതിനിധികളാണ് ഈ തൊഴിലാളികള്‍. മഴ വന്നാലും പോയാലും ഇവരുടെ വീടുകളിലേക്ക് കെടുതികള്‍ വിരുന്നിനെത്തും. 24 മണിക്കൂര്‍ കഷ്ടപ്പെട്ടാലും ചിലപ്പോള്‍ വെറും കയ്യോടെ കടലില്‍നിന്ന് മടങ്ങേണ്ടി വരും. ദാരിദ്ര്യമാണ് കൂട്ട്. കുട്ടികള്‍ക്ക് പലപ്പോഴും പഠിക്കാന്‍ കഴിയാറില്ല. ദുരിതങ്ങളെ ഒപ്പം കൂട്ടിയ ജീവിതം. അവര്‍ക്ക് സ്വപ്നങ്ങളില്ല. അധ്വാനിക്കാനുള്ള ആവേശം മാത്രം.
മത്സ്യക്ഷാമം, ഇന്ധനവില വര്‍ദ്ധനവ്, കടല്‍ക്ഷോഭം…. ഇങ്ങനെ ഒഴിയാബാധപോലെ പിടികൂടിയ ദുരിതങ്ങള്‍. എല്ലാ കാലത്തും അവഗണനയുടെ ലോകത്താണ് അവരുടെ ജീവിതം. കേരള സമൂഹത്തില്‍ മത്സ്യത്തൊഴിലാളിക്കും ഒരിടമുണ്ടെന്ന് കാണിച്ചു തരികയായിരുന്നു ഈ പ്രളയകാലം. വികാര പരവശരായ മലയാളികള്‍ പൊന്നാട വാങ്ങി കഴുത്തിലണിയിച്ച് ഇവരെ ആദരിച്ചേക്കും. എന്നാല്‍ ഇത്തരം വികാരപ്രകടനങ്ങളല്ല അവര്‍ ആഗ്രഹിക്കുന്നത്.
ആപത്ഘട്ടങ്ങളില്‍ ഇനിയും അവര്‍ രക്ഷകരായി വരും. അതിന് ആ സമൂഹത്തെ കെല്പുള്ളവരാക്കാന് നമുക്ക് ബാദ്ധ്യതയുണ്ട്. അവര്‍ക്കും വേണം ഭൂമിയും വീടും സൗകര്യങ്ങളുമൊക്കെ. അവരുടെ കുട്ടികള്‍ക്കും പഠിക്കണം. അവര്‍ക്ക് നല്ല ജോലി വേണം. ഏതൊരു മനുഷ്യനെ പോലെയും പാവം മത്സ്യത്തൊഴിലാളികളും ഇതൊക്കെ ആഗ്രഹിക്കുന്നുണ്ട്. അവര്‍ക്ക് വേണ്ടിക്കൂടി സ്വപ്നം കാണാന്‍ മലയാളിക്ക്കഴിയണം.
മത്സ്യത്തൊഴിലാളികളെ പുകഴ്ത്തുവാന്‍ മത്സരിക്കുകയാണ് നാമിപ്പോള്‍. നല്ലതുതന്നെ. പക്ഷേ, നഅവരുടെ ഇല്ലായ്മകളെക്കുറിച്ച് മനസ്സിലാക്കാനും ശ്രമിക്കണം. പ്രളയം നേരിടാന്‍ കേരളം കാണിച്ച ആവേശം, ഒത്തൊരുമ ഇതൊക്കെ പാവപ്പെട്ട മത്സ്യത്തൊഴിലാളികളുടെ ജീവിതം മെച്ചപ്പെടുത്തുന്ന കാര്യത്തിലുമുണ്ടാകണം. രാജ്യത്തിന്റെ സേനയ്ക്കൊപ്പംനിന്ന് രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളികളായ മത്സ്യത്തൊഴിലാളി സമൂഹം മറ്റൊരു സേനയായി മാറുന്ന കാഴ്ചയാണ് നാടു കണ്ടത്.
കടല്‍ കയറുമ്പോള്‍, പേമാരി പെയ്യുമ്പോള്‍ ഓര്‍ക്കുക- മത്സ്യത്തൊഴിലാളി ഒരു നേരത്തെ ആഹാരത്തിനു വേണ്ടി കടലിനോട് പൊരുതുകയാവും. അവര്‍ക്കു വേണ്ടിയും ഒരു കരുതലുണ്ടാകണം; സര്‍ക്കാരിന് മാത്രമല്ല നമ്മില്‍ ഓരോരുത്തര്‍ക്കും.
കെ.കെ. റോഷന്‍കുമാര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: