സാമ്പത്തികമായി പിന്നാക്കം നില്ക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് സ്കോളര്‍ഷിപ്പുകള്‍ ഉന്നത വിദ്യാഭ്യാസത്തിന് ആശ്വാസമാകാറുണ്ട്. മിടുക്കര്‍ക്ക് പഠനത്തിനുള്ള പ്രോത്സാഹനവും.കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ 2018-19 വര്‍ഷത്തെ വിവിധ വിദ്യാഭ്യാസ സ്കോളര്‍ഷിപ്പുകള്‍ക്ക് അപേക്ഷ സമര്‍പ്പിക്കാനുള്ള തീയതി കോളജ് വിദ്യാഭ്യാസ വകുപ്പ് ദീര്‍ഘിപ്പിച്ചിട്ടുണ്ട്. സ്കോളര്‍ഷിപ്പുകള്‍ക്ക് അപേക്ഷ ഓണ്‍ലൈനായി സെപ്തംബര്‍ 13 വരെ സ്വീകരിക്കും. സ്ഥാപന മേധാവികള്‍ക്ക് ഹാര്‍ഡ് കോപ്പികള്‍ പരിശോധിച്ച് അനുമതി നല്‍കുന്നതിന് സെപ്തംബര്‍ 15 വരെ സമയം നല്‍കിയിട്ടുണ്ട്. കോളജ് വിദ്യാഭ്യാസ വകുപ്പ് മുഖാന്തിരമാണ് സ്കോളര്‍ഷിപ്പുകള്‍ ലഭ്യമാക്കുക. സ്കോളര്‍ഷിപ്പുകള്‍ പുതുക്കാനും അപേക്ഷകള്‍ സ്വീകരിക്കും. വിവിധ സ്കോളര്‍ഷിപ്പുകളുടെ സംക്ഷിപ്ത വിവരങ്ങള്‍ ചുവടെ. വിശദവിവരങ്ങള്‍ക്കും ഓണ്‍ലൈന്‍ അപേക്ഷാ സമര്‍പ്പണത്തിനും www.dcescholarship.kerala.gov.in, www. scholarships.gov.in എന്നീ വെബ്സൈറ്റുകള്‍ സന്ദര്‍ശിക്കേണ്ടതാണ്.
$ സെന്‍ട്രല്‍ സെക്ടര്‍ സ്കോളര്‍ഷിപ്പ്: 2018 മാര്‍ച്ചിലെ ഹയര്‍ സെക്കന്ററി/വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി ബോര്‍ഡ് പരീക്ഷയില്‍ 80 ശതമാനത്തിന് മുകളില്‍ നേടി ബിരുദ കോഴ്സുകളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം. വാര്‍ഷിക കുടുംബ വരുമാനം എട്ട് ലക്ഷം രൂപയ്ക്ക് താഴെയാവണം. ആധാര്‍ കാര്‍ഡും ബാങ്ക് അക്കൗണ്ടും അപേക്ഷകര്‍ക്കുണ്ടാകണം. പുതുക്കാനുള്ള അപേക്ഷകളും സ്വീകരിക്കും. പുതുക്കുന്നതിന് മുന്‍പുള്ള പരീക്ഷയില്‍ 60 ശതമാനം മാര്‍ക്കില്‍ കുറയാതെ നേടിയിരിക്കണം. www.scholarships.gov.in എന്ന നാഷണല്‍ സ്കോളര്‍ഷിപ്പ് പോര്‍ട്ടലിലാണ് ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യേണ്ടത്. കേരളത്തിന് 2324 സ്കോളര്‍ഷിപ്പുകള്‍ ലഭ്യമാകും. 50% പെണ്‍കുട്ടികള്‍ക്കാണ്. ഡിഗ്രി വിദ്യാര്‍ത്ഥികള്‍ക്ക് 10,000 രൂപയും പോസ്റ്റുഗ്രാഡുവേറ്റ് വിദ്യാര്‍ത്ഥികള്‍ക്ക് 20,000 രൂപയുമാണ് വാര്‍ഷിക സ്കോളര്‍ഷിപ്പായി ലഭിക്കുക.
$ സ്റ്റേറ്റ് മെരിറ്റ് സ്കോളര്‍ഷിപ്പ്: ഗവണ്മെന്റ്/എയിഡഡ് കോളജുകളിലും വാഴ്സിറ്റി ഡിപ്പാര്‍ട്ടുമെന്റുകളിലും പഠിക്കുന്ന ഒന്നാം വര്‍ഷ ബിരുദ, ബിരുദാനന്തര ബിരുദ വിദ്യാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം. 50% മാര്‍ക്കില്‍ കുറയാതെ നേടി യോഗ്യത പരീക്ഷ വിജയിച്ചിട്ടുള്ളവരാകണം. വാര്‍ഷിക കുടുംബവരുമാനം ഒരു ലക്ഷം രൂപയില്‍ കവിയരുത്. ഉയര്‍ന്ന മെറിറ്റ് പരിഗണിച്ച് വാര്‍ഷിക കുടുംബ വരുമാന പരിധിയില്‍ ഇളവ് ലഭിക്കും. ബിരുദ വിദ്യാര്‍ത്ഥികള്‍ക്ക് 300 സ്കോളര്‍ഷിപ്പുകളും പിജി വിദ്യാര്‍ഥികള്‍ക്ക് 150 സ്കോളര്‍ഷിപ്പുകളും ലഭിക്കും. ബിരുദ വിദ്യാര്‍ത്ഥികള്‍ക്ക് 1250 രൂപയും പിജി വിദ്യാര്‍ഥികള്‍ക്ക് 1500 രൂപയുമാണ് വാര്‍ഷിക സ്കോളര്‍ഷിപ്പ്.
$ ജില്ലാ മെരിറ്റ് സ്കോളര്‍ഷിപ്പ്: 2018 മാര്‍ച്ചില്‍ എസ്എസ്എല്‍സി/ടിഎച്ച്എസ്എല്‍സി സംസ്ഥാന സിലബസില്‍ പഠിച്ച് എല്ലാ വിഷയങ്ങള്‍ക്കും ‘എ’പ്ലസ് ഗ്രേഡ് നേടി പ്ലസ്വണ്/ഐടിഐ/പോളിടെക്നിക് കോഴ്സുകളില്‍ പഠിക്കുന്നവര്‍ക്ക് അപേക്ഷിക്കാം. വാര്‍ഷിക സ്കോളര്‍ഷിപ്പ് തുക 1250 രൂപ. തുടര്‍വിദ്യാഭ്യാസത്തില്‍ 50% മാര്‍ക്ക് വാങ്ങി പാസ്സാകുന്നവര്‍ക്ക് പഠനം തുടരുന്ന 7 വര്‍ഷം വരെ സ്കോളര്‍ഷിപ്പ് പുതുക്കാം.
$ സുവര്‍ണ ജൂബിലി മെരിറ്റ് സ്കോളര്‍ഷിപ്പ്: ഗവണ്മെന്റ്/എയിഡഡ് കോളജുകളില്‍/വാഴ്സിറ്റി ഡിപ്പാര്‍ട്ടുമെന്റുകളില്‍ ബിരുദ/ബിരുദാനന്തര ബിരുദ കോഴ്സുകളില്‍ ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം. ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള (ബിപിഎല്‍) കുടുംബാംഗമായിരിക്കണം. യോഗ്യതാ പരീക്ഷയ്ക്ക് 50% മാര്‍ക്കില്‍ കുറയാതെയുണ്ടാകണം. വര്‍ഷം 10,000 രൂപയാണ് സ്കോളര്‍ഷിപ്പ്.
$ ഹിന്ദി സ്കോളര്‍ഷിപ്പ്: 2018 മാര്‍ച്ചില്‍ പ്ലസ് ടു 60% മാര്‍ക്കോടെ പാസ്സായി ഹിന്ദി മുഖ്യവിഷയമായോ ഉപവിഷയമയോ ബിരുദപഠനം നടത്തുന്ന വിദ്യാര്‍ത്ഥികള്‍ക്കും ബിരുദ പരീക്ഷയില്‍ 60% മാര്‍ക്കില്‍ കുറയാതെ നേടി ബിരുദാനന്തര ബിരുദ കോഴ്സില്‍ ഒന്നാംവര്‍ഷം പഠിക്കുന്നവര്‍ക്കും മറ്റും അപേക്ഷിക്കാം. അഹിന്ദി സംസ്ഥാനങ്ങളില്‍ ഹിന്ദി പ്രചരിപ്പിക്കുന്നതിനുള്ള കേന്ദ്ര സര്‍ക്കാര്‍ സ്കോളര്‍ഷിപ്പാണിത്. ഹിന്ദി ഉപവിഷയമായി ഡിഗ്രി, ഹിന്ദി ടീച്ചേഴ്സ് ട്രെയിനിങ്, പോസ്റ്റ് മെട്രിക്കിന് തുല്യമായ ഹിന്ദി കോഴ്സ്, ഹിന്ദി ബിഎഡ്, എംഎ ഹിന്ദി, എംഎഡ് ഹിന്ദി വിദ്യാര്‍ത്ഥികളെയും പരിഗണിക്കും. വരുമാന പരിധിയില്ല. ബിരുദതലത്തില്‍ 180 സ്കോളര്‍ഷിപ്പുകള്‍, പ്രതിമാസ സ്കോളര്‍ഷിപ്പ് തുക 500 രൂപ. പിജി തലത്തില്‍ 59 സ്കോളര്‍ഷിപ്പുകള്‍, തുക 1000 രൂപ. പഠിക്കുന്ന സ്ഥാപന/കോളജ് മേധാവി മുഖാന്തിരം അപേക്ഷിക്കണം.
$ സംസ്കൃത സ്കോളര്‍ഷിപ്പ്: സംസ്കൃതം പ്രധാന വിഷയമായി ഡിഗ്രി, പിജി കോഴ്സുകളില്‍ ഒന്നാം വര്‍ഷം പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം. വാര്‍ഷിക കുടുംബ വരുമാനം ഒരു ലക്ഷം രൂപയില്‍ കവിയരുത്. സംസ്കൃതം ഒരു വിഷയമായി എടുത്ത് 2017-18 യോഗ്യതാ പരീക്ഷ ആദ്യതവണ പാസായിരിക്കണം. അപേക്ഷ സ്ഥാപന മേധാവി മുഖാന്തിരം കോളജ് വിദ്യാഭ്യാസ വകുപ്പിന് സമര്‍പ്പിക്കണം. ബിരുദതലത്തില്‍ 55 സ്കോളര്‍ഷിപ്പുകളും പിജി തലത്തില്‍ 25 സ്കോളര്‍ഷിപ്പുകളും ലഭിക്കും. സ്കോളര്‍ഷിപ്പ് തുക മാസം 200 രൂപ.
$മ്യൂസിക്/ഫൈന്‍ ആര്‍ട്സ് സ്കോളര്‍ഷിപ്പ്: ഗവണ്മെന്റ് മ്യൂസിക് കോളജുകളില്‍ ബിപിഎ/എംപിഎ/ബിഎ/എംഎ കോഴ്സുകളിലും ഗവണ്മെന്റ് ഫൈന്‍ ആര്‍ട്സ് കോളജുകളില്‍ ബിഎഫ്എ/എംഎഫ്എ കോഴ്സുകളിലും പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് 2018-19 വര്‍ഷത്തെ മ്യൂസിക്/ഫൈന്‍ ആര്‍ട്സ് സ്കോളര്‍ഷിപ്പിന് അപേക്ഷിക്കാം. പുതുക്കുന്നതിനും അപേക്ഷകള്‍ സ്വീകരിക്കും. വാര്‍ഷിക കുടുംബ വരുമാനം ഒരുലക്ഷം രൂപയ്ക്ക് താഴെയാവണം. മറ്റ് സ്കോളര്‍ഷിപ്പോ സ്റ്റൈപന്റോ ലഭിക്കുന്നവരാകരുത്. ബാങ്ക് അക്കൗണ്ടും ആധാറും ഉണ്ടാകണം. സ്കോളര്‍ഷിപ്പുകള്‍/ ബിപിഎ/ബിഎ ഗാനഭൂഷണം-50, വാര്‍ഷിക സ്കോളര്‍ഷിപ്പ് തുക 1250/- രൂപ; എംപിഎ/എംഎ ഗാനപ്രവീണ-15, തുക 1500 രൂപ, ഫൈന്‍ ആര്‍ട്സ് സ്കോളര്‍ഷിപ് ബിരുദ കോഴ്സ്- ഭരതനാട്യം-5, തുക മാസം-300 രൂപ; ഡ്രോയിങ്/ പെയിന്റിങ്5 തുക 250 രൂപ,മോഹിനിയാട്ടം-5, തുക 300 രൂപ. സ്കള്‍പ്ച്ചര്‍/മോഡലിങ്-5, തുക 250 രൂപ, കഥകളി- അപേക്ഷിക്കുന്നവര്‍ക്കെല്ലാം, തുക മാസം 500 രൂപ, ബിരുദാനന്തരബിരുദ കോഴ്സ്-കഥകളി, മാസം 750 രൂപ, മറ്റ് വിഭാഗങ്ങള്‍ക്ക്-500 രൂപ.
ഈ സ്കോളര്‍ഷിപ്പുകള്‍ക്ക് പുറമെ കലാപ്രതിഭകള്‍ക്കുള്ള സ്കോളര്‍ഷിപ്പ്, പോസ്റ്റ് മെട്രിക് സ്കോളര്‍ഷിപ്പ് ഫോര്‍ മൈനോറിട്ടീസ്, സ്കൂള്‍ ടീച്ചര്‍മാരുടെ കുട്ടികള്‍ക്കുള്ള മെരിറ്റ് സ്കോളര്‍ഷിപ്, മുസ്ലിം, നാടാര്‍ പെണ്‍കുട്ടികള്‍ക്കുള്ള സ്കോളര്‍ഷിപ്പ്, ബ്ലൈന്റ്/പിഎച്ച് സ്കോളര്‍ഷിപ്പ് മുതലായ മറ്റ് സ്കോളര്‍ഷിപ്പുകള്‍ക്കും അപേക്ഷിക്കാം. എല്ലാം സ്കോളര്‍ഷിപ്പുകളുടെയും വിശദവിവരങ്ങളടങ്ങിയ വിജ്ഞാപനം www.dcescholarship.kerala.gov.in ല്‍ ലഭ്യമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: