പഠിച്ചതേ പാടൂ എന്നത് പഴയ ചൊല്ലാണ്. ചൊല്ലു പഴകിയെങ്കിലും ഉള്ളടക്കത്തിനു മാറ്റമൊന്നുമില്ല. ചിലര്‍ അങ്ങനെയാണ്. ഏത് ഉയരത്തിലെത്തിയാലും ശീലിച്ചതേ ചെയ്യൂ എന്നു വാശിപടിക്കും. ഇരിപ്പിടത്തിന്റെ വില മനസ്സിലാക്കാന്‍ അവര്ക്കാവില്ലെന്നു ചുരുക്കം. അക്കൂട്ടത്തില്‍ ഒരാളാണു നമ്മുടെ മുഖ്യമന്ത്രി. താനിന്നു പിണറായിക്കാരന് വിജയന് മാത്രമല്ല, കേരളത്തിന്റെ മുഖ്യമന്ത്രിയാണെന്ന് ഇനി എന്നാണ് അദ്ദേഹം മനസ്സിലാക്കുക?. മുഖ്യന്ത്രി എങ്ങനെയൊക്കെ പെരുമാറണമെന്ന് ആരും പെരുമാറ്റച്ചട്ടം എഴുതിയുണ്ടാക്കിയിട്ടില്ലായിരിക്കാം. പക്ഷെ ഒരു പൊതു ധാരണയുണ്ടല്ലോ. അതു പൊതു ജീവിതത്തിലെ അനുഭവങ്ങളിലൂടെ ഉരുത്തിരിഞ്ഞതാണ്. അത് മനസ്സിലാക്കാന്‍ നിയമം പഠിക്കേണ്ടകാര്യമില്ല. നിലവാരത്തിനൊത്ത ചിന്താശക്തിമതി. അതല്ലെങ്കില്‍ മുന്‍ഗാമികളുടെ ചെയ്തികളിലൂടെ മനസ്സു പായിച്ചാല്‍ മതി. അതൊന്നും പക്ഷേ, പിണറായി വിജയന് എന്ന മുഖ്യമന്ത്രിക്കു ബാധകമല്ല.
ഭരിക്കുന്നവര്‍ ഭരിക്കപ്പെടുന്നവരുടെ വേദന അറിഞ്ഞ് ഏറ്റെടുക്കണം എന്നൊക്കെ പറയുന്നത് ഒരു തരം പഴഞ്ചന്‍ ചിന്താഗതിയാണെന്നു പരിഹസിക്കാം. പക്ഷേ, ആ വേദന എന്തെന്ന് അറിയാനെങ്കിലും ഉള്ള ബാധ്യത ഭരണകര്‍ത്താക്കള്‍ക്കു വേണ്ടതാണല്ലോ. ഓണമുണ്ണാനൊരുങ്ങുന്ന കേരളത്തിന്റെ നെല്ലറയായ കുട്ടനാടിന്റെ വേദന ഇന്നു കേരളത്തിന്റെ മൊത്തം വേദനയാണ്. മലയാളികള്‍ മുഴുവനും അത് ഏറ്റെടുത്തിട്ടുമുണ്ട്. മഴ ദുരന്തത്തില്‍ മുങ്ങിയ അവരുടെ വേദന അറിയാനും ഒരു കൈ സഹായിക്കാനും കേരളം ഒന്നടങ്കം മുന്നോട്ടുവരുന്ന നാളുകളാണിത്. പക്ഷേ, അതൊന്നു നേരിട്ടുകാണാനോ ദുരന്തബാധിതരെ ആശ്വസിപ്പിക്കാനോ കേരളത്തിന്റെ മുഖ്യമന്ത്രിക്കു സമയമില്ല. ഉദ്യോഗസ്ഥരുടെ വിശദീകരണം കേട്ടു തൃപ്തിയടയാനാണ് അദ്ദേഹത്തിന് ഇഷ്ടം. ആലപ്പുഴയിലെ മഴ ദുരന്തത്തേക്കുറിച്ച് കൊല്ലം കളക്ട്രേറ്റിലിരുന്ന് അവലോകനം നടത്തിയ മുഖ്യമന്ത്രിയാണു നമ്മുടേത്.
പിന്നീട് പ്രളയബാധിതരുടെ നാട്ടിലെത്തിയിട്ടും ഒരു ഹാളില്‍ ഇരുന്നു വിശകലന യോഗം നടത്തി പിരിഞ്ഞ മുഖ്യന് തൊട്ടടുത്തുള്ള ദുരന്തബാധിത പ്രദേശത്തേയ്ക്കു പോകാതിരുന്നതു ദുരിത ബാധിതരെ അവഹേളിക്കലായി. കഴിഞ്ഞ ദിവസത്തെ അവലോകന യോഗം നടന്ന വണ്ടാനം മെഡിക്കല്‍ കോളജ് ഹാളില്‍ നിന്ന് മിനിട്ടുകളുടെ യാത്രാദൂരമേ ഉണ്ടായിരുന്നുള്ളൂ ദുരിത മേഖലയിലേയ്ക്കും ദുരിതാശ്വാസ ക്യാംപുകളിലേയ്ക്കും. എന്നിട്ടും ക്യാംപുകള്‍ സന്ദര്‍ശിച്ചില്ല. ബുദ്ധിമുട്ടുകള്‍ നേരിട്ടറിയാന്‍ താത്പര്യം കാണിച്ചുമില്ല. മറിച്ച് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളില്‍ നിന്ന് ഒഴിഞ്ഞുമാറാനുള്ള തിടുക്കമാണു കാണിച്ചത്.
ആരില്‍ നിന്നാണു നമ്മുടെ മുഖ്യന്ത്രി ഒളിച്ചോടുന്നത്? മുഖ്യമന്ത്രി അടക്കം പങ്കെടുക്കുന്ന ഇത്ര സുപ്രധാനമായൊരു യോഗസ്ഥലത്ത് മാധ്യമപ്രവര്‍ത്തകരുടെ സാന്നിദ്ധ്യം സ്വാഭാവികം മാത്രം. അതിന്റെ പേരില്‍ അസ്വസ്ഥനായ മുഖ്യമന്ത്രി താന്‍ ദേഷ്യം തീര്‍ക്കുന്നതു പാവപ്പെട്ട ദുരിത ബാധിതരോടാണെന്ന് മറന്നു പോകുന്നു. കടല്‍ ക്ഷോഭ ദുരന്തത്തില്‍ തിരുവനന്തപുരം ജില്ലയിലെ തീരദേശ മേഖല വിറങ്ങലിച്ചു നിന്നപ്പോഴും മുഖ്യമന്ത്രിയുടെ നിലപാടു സമാനമായിരുന്നു. ഈ രണ്ടിടത്തും സാന്ത്വന നടപടികളുമായി പറന്നെത്തിയ കേന്ദ്ര മന്ത്രിമാരുടെ മനസ്സ് നാടിന്റെ മുഖ്യന് ഇല്ലാതെ പോകുന്നതാണ് കഷ്ടം. മൂന്നു മന്ത്രിമാരുടെ ജില്ലയാണ് കുട്ടനാടുള്‍പ്പെട്ട ആലപ്പുഴ. പക്ഷേ, ദുരന്തം കൊടികുത്തി നിന്ന ആദ്യ ദിവസങ്ങളിലൊന്നും ഒരു മന്ത്രി പോലും ആ മേഖലയിലേയ്ക്ക് എത്തിനോക്കിയില്ല. അതിനും കേന്ദ്രത്തില്‍ നിന്നു മന്ത്രിമാര്‍ വരേണ്ടിവന്നു.
മഴ ദുരന്തം കേരളത്തില്‍ ആദ്യമല്ല. വേറൊരു തരത്തില്‍ പറഞ്ഞാല്‍ അതു പതിവാണ്. ഇന്നു വരെ അതിനു ശാശ്വത പരിഹാരം കാണാന്‍ കഴിഞ്ഞിട്ടുമില്ല. പ്രകൃതി ദുരന്തങ്ങളെ ഒരു പരിധിയിലധികം നിയന്ത്രിക്കാനാവില്ലെന്ന് എല്ലാവര്ക്കും അറിയാം. എന്നാല്‍ ഇത്തവണത്തെ മഴക്കെടുതി അടുത്ത കാലത്തൊന്നും കാണാത്തത്ര ഭീകരമായിരുന്നു. കേരളത്തെയാകെ അതു ബാധിച്ചെങ്കിലും ഏറ്റവുമധികം ബാധിച്ചത് താഴ്ന്ന പ്രദേശമായ കുട്ടനാടിനെയാണ്. അതില്‍ നിന്ന് കരകയറാന്‍ ഇനി എത്രനാള്‍ വേണ്ടിവരുമെന്നു വ്യക്തമല്ലതാനും. ദിവസങ്ങളോളം വെള്ളത്തില്‍ മുങ്ങിക്കിടന്ന ഒരു പ്രദേശത്ത് ജനജീവിതം സാധാരണ നിലയിലാകണമെങ്കില്‍ ഒന്ന് എന്നു തുടങ്ങേണ്ടിവരും.
കൃഷിയും വീട്ടുപകരണങ്ങളുമടക്കം എല്ലാം നഷ്ടപ്പെട്ടവരുടെ രോദനമാണവിടെ മുഴങ്ങുന്നത്. ശുണ്ഠിയും പിടിവാശിയും എടുത്തുചാട്ടവുമല്ല, സമചിത്തതയും സഹിഷ്ണുതയും അനുകമ്പയും സഹായ മനസ്ഥിതിയും പ്രായോഗിത സമീപനവും ഒക്കെയാണ് ഒരു മുഖ്യമന്ത്രിയില്‍ നിന്നും ജനം പ്രതീക്ഷിക്കുന്നത്. താന്‍ ഒരു പാര്‍ട്ടിയുടെ ചോദ്യം ചെയ്യപ്പെടാനാവാത്ത നേതാവല്ല, നാടിന്റെ മുഖ്യമന്ത്രിയാണെന്ന് അദ്ദേഹം തിരിച്ചറിയട്ടെ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: