ദേശീയപാത 766-ല്‍ വരുന്ന ബന്ദിപ്പൂരിലെ രാത്രിയാത്രാ നിരോധനം പരിഹരിക്കുന്നതിന് കേന്ദ്ര ഗതാഗത-ഹൈവേ മന്ത്രാലയം മുന്നോട്ടുവച്ചിരിക്കുന്ന നിര്‍ദ്ദേശം എന്തുകൊണ്ടും സ്വാഗതാര്‍ഹമാണ്. രാത്രിയാത്രാ നിരോധനം നീക്കുന്നതിന്റെ ഭാഗമായി ബന്ദിപ്പൂര്‍ വന്യജീവി സങ്കേതത്തിലൂടെ കടന്നുപോകുന്ന 19 കിലോമീറ്റര്‍ ഹൈവേയില്‍ അഞ്ചിടങ്ങളില്‍ ഒരു കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള മേല്‍പ്പാലങ്ങള്‍ നിര്‍മിക്കാനും, ബാക്കി വരുന്ന റോഡിനിരുവശവും വേലികെട്ടി വേര്‍തിരിക്കാനുമാണ് കേന്ദ്രനിര്‍ദ്ദേശം. വനത്തിലൂടെയുള്ള ദേശീയ പാത വീതികൂട്ടണമെന്നും കേന്ദ്ര ഗതാഗത സെക്രട്ടറി വൈ.എസ്. മാലിക് കര്‍ണാടക ചീഫ്സെക്രട്ടറിക്ക് അയച്ച കത്തില്‍ പറയുന്നുണ്ട്. ബന്ദിപ്പൂര്‍ വന്യജീവി സങ്കേതത്തിലെ മൃഗങ്ങളുടെ സംരക്ഷണത്തിനായി റോഡിന്റെ വീതി 15 മീറ്ററായി വര്‍ധിപ്പിക്കണം, റോഡിനിരുവശവും എട്ടടി ഉയരത്തില്‍ കമ്പിവല സ്ഥാപിക്കണം എന്നിങ്ങനെ പോകുന്നു നിര്‍ദ്ദേശങ്ങള്‍. ഇപ്പോഴത്തെ സാഹചര്യത്തില്‍ ഏറ്റവും ഉചിതമാണ് ഇതെന്ന കാര്യത്തില്‍ അഭിപ്രായ വ്യത്യാസത്തിന് ഇടയില്ല.
ഒരു കാരണവശാലും സമ്പൂര്‍ണമായ രാത്രിയാത്രാ നിരോധനം പാടില്ലെന്നാണ് പൊതുജനാഭിപ്രായം. നിരോധനത്തിന്റെ കാര്യത്തില്‍ ഇളവുകള്‍ ആകാമെന്ന് പരിസ്ഥിതി സംഘടനകളും അഭിപ്രായപ്പെട്ടിട്ടുണ്ട്. ഈ സാഹചര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ മുന്നോട്ടുവച്ചിട്ടുള്ള പ്രായോഗിക നിര്‍ദ്ദേശങ്ങള്‍ കര്‍ണാടക-കേരള സര്‍ക്കാരുകള്‍ മുഖവിലയ്ക്കെടുക്കണം. ബന്ദിപ്പൂരിലെ 25 കിലോമീറ്റര്‍ വരുന്ന വന്യജീവി സങ്കേതത്തിലൂടെയുള്ള ദേശീയപാതയില്‍ ഒരുകിലോമീറ്റര്‍ വീതം അഞ്ചിടത്താണ് ആകാശപാത നിര്‍മ്മിക്കേണ്ടിവരിക.
രാത്രിയാത്രാ നിരോധനം മറികടക്കാനുള്ള കേന്ദ്രനീക്കത്തോട് വന്യജീവി സംഘടനകള്‍ എങ്ങനെ പ്രതികരിക്കുമെന്ന് വ്യക്തമല്ല. പ്രശ്നത്തില്‍ സജീവമായി ഇടപെട്ടുകൊണ്ടിരിക്കുന്ന നീലഗിരി-വയനാട് എന്‍എച്ച്-റെയില്‍വേ ആക്ഷന്‍ കമ്മിറ്റി കേന്ദ്രനിര്‍ദ്ദേശത്തെ പൂര്‍ണമായി സ്വാഗതം ചെയ്തിരിക്കുന്നത് വലിയ കാര്യമാണ്.
രാത്രിയോടുന്ന വണ്ടികളിടിച്ചും മറ്റും വന്യജീവികള്‍ ചത്തൊടുങ്ങുന്നത് ഒരിക്കലും അംഗീകരിക്കാനാവില്ല. വണ്ടിച്ചക്രങ്ങള്‍ കയറിയിറങ്ങി കുരങ്ങുകളും മറ്റും ചതഞ്ഞരയുന്ന കാഴ്ച ഹൃദയഭേദകമാണ്. മനുഷ്യനെപ്പോലെ അവയ്ക്കുമുണ്ട് ജീവിക്കാനും സഞ്ചാര സ്വാതന്ത്ര്യത്തിനുമുള്ള അവകാശം. എന്നാല്‍ ഇതൊഴിവാക്കാന്‍ സമ്പൂര്‍ണമായ രാത്രിയാത്രാ നിരോധനം വിവേകശൂന്യമാണ്. രാത്രിയാത്രാ നിരോധനം മുതലെടുത്ത് ബദല്‍പാത നിര്‍മ്മാണം വേണമെന്ന ആവശ്യവുമായി ചിലര്‍ രംഗത്തുവരികയുണ്ടായി.
ഇവരുടെ ദുഷ്ടലാക്ക് കാണാതിരുന്നുകൂട. വന്യജീവി സ്നേഹമല്ല, അഴിമതിക്കുള്ള സാധ്യതകളാണ് ഇക്കൂട്ടരുടെ മനസ്സിലെന്ന് പ്രത്യേകം പറയേണ്ടതില്ല. 456 കോടി രൂപയാണ് ആകാശപാത നിര്‍മാണത്തിനും കമ്പിവേലി കെട്ടുന്നതിനും വേണ്ടിവരുന്നത്. ഇതില്‍ പകുതി തുക കേന്ദ്രം വഹിക്കുമെന്നാണ് അറിയുന്നത്. ഇത് കാര്യങ്ങള്‍ എളുപ്പമാക്കിത്തീര്‍ക്കുന്നു. കേരളത്തെ സംബന്ധിച്ചിടത്തോളം ഏറെ ആശ്വാസപ്രദമാണിത്. വളരെ ചെറിയതുക മാത്രമേ കേന്ദ്രനിര്‍ദ്ദേശം നടപ്പാക്കുന്നതിന് കേരളം വഹിക്കേണ്ടതുള്ളൂ. ഒട്ടും വൈകാതെ ഇപ്പോഴത്തെ കേന്ദ്രനിര്‍ദ്ദേശം കേരളസര്‍ക്കാര്‍ സ്വാഗതം ചെയ്യുകയാണ് വേണ്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: