കേരളം ജലസമൃദ്ധമാണെന്നാണ് സങ്കല്‍പ്പം ഈ കര്‍ക്കടകത്തിലെ കണക്കുനോക്കിയാല്‍ അത് സത്യമാണ്താനും. 44 നദികളും കായലുകളും കുളങ്ങളും തോടുകളുമെല്ലാം നിറഞ്ഞുകഴിഞ്ഞു. 78 അണക്കെട്ടുകളില്‍ മൂന്നിലൊന്ന് അണക്കെട്ടുകളും തുറന്നു. അടുത്തകാലത്തൊന്നും തുറക്കേണ്ടിവന്നിട്ടില്ലാത്ത മലമ്പുഴ അണക്കെട്ടും തുറന്നിട്ടുണ്ട്. ഏറ്റവും വലിയ ഇടുക്കി അണക്കെട്ടില്‍ 2395 അടിവരെ വെള്ളമെത്തി. 2400 ആയാല്‍ തുറന്നേ പറ്റൂ എന്ന വിലയിരുത്തലിലായിരുന്നു. ഇപ്പോള്‍ നീരൊഴുക്ക് താണതിനാല്‍ തുറക്കേണ്ട സാഹചര്യം ഒഴിവായി. പരീക്ഷണ തുറക്കല്‍ അടക്കമുള്ള കാര്യങ്ങള്‍ മഴ കുറഞ്ഞ സാഹചര്യത്തില്‍ ഉടന്‍ നടത്തില്ലെന്നാണ് വിവരം. തിങ്കളാഴ്ച രാത്രി ഒമ്പത് മണിയോടെ ജലനിരപ്പ് 2395 അടിയായതിനാല്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നു. ചെറുതോണി അണക്കെട്ടിന് മുകളില്‍ കണ്ട്രോള് റൂം തുറന്നു. 2403 ആണ് പരമാവധി സംഭരണ ശേഷിയെങ്കിലും ആദ്യം 2400ലും പിന്നീട് 2397ലും ഷട്ടര്‍ തുറക്കാന്‍ ആലോചിച്ചിരുന്നു. കൂടുതല്‍ വെള്ളമെത്തുന്ന സാഹചര്യം ഒഴിവാക്കി തീര പ്രദേശങ്ങളെ സംരക്ഷിക്കാനായിരുന്നു ഈ നീക്കം.
അണക്കെട്ട് തുറക്കേണ്ടി വന്നാല്‍ ഏതു സാഹചര്യത്തെയും നേരിടാന്‍ ജില്ലാ ഭരണകൂടം സജ്ജമാണെന്നും ആശങ്കയ്ക്ക് അടിസ്ഥാനമില്ലെന്നും ജില്ലാ കളക്ടര്‍ വ്യക്തമായിരുന്നു. ഡാമില്‍ നിന്നുള്ള വെള്ളം ഒഴുകുന്ന അഞ്ച് പഞ്ചായത്തിലെ പുഴയോരങ്ങളിലെ വീടുകള്‍ക്ക് നോട്ടീസ് നല്‍കിയതാണ്. പുഴയിലൂടെ സുഗമമായി വെള്ളം ഒഴുകിപ്പോകുന്നതിനുള്ള ക്രമീകരണങ്ങള്‍ പൂര്‍ത്തിയാക്കി. ചെറുതോണി ഡാമിന്റെ ഷട്ടറുകള്‍ തുറക്കുമ്പോള്‍ നടത്തേണ്ട കാര്യങ്ങളും വിലയിരുത്തി. അഞ്ച് സെക്ടറുകളിലായി തൊടുപുഴ ഡിവൈഎസ്പിയുടെ കീഴില്‍ 383 പോലീസുകാരെയും ഇതിനായി നിയോഗിച്ചു. മറ്റ് വകുപ്പുകള്‍ക്കും ചുമതലകള്‍ വീതിച്ച് നല്‍കിയിട്ടുണ്ട്. മഴയുടെ ശക്തി കുറഞ്ഞാല്‍ ഷട്ടര്‍ തുറക്കാതെ പരമാവധി വെള്ളം സംഭരിക്കാനുള്ള വൈദ്യുതി വകുപ്പിന്റെ തീരുമാനം സ്വാഗതാര്‍ഹമാണ്.
ഡാമുകളിലെ വര്‍ദ്ധിച്ച ജലനിരപ്പ് ഡാമിന് സമീപപ്രദേശങ്ങളിലും താഴ്വാരങ്ങളിലും കഴിയുന്നവരുടെ നെഞ്ചില്‍ തീയാണുണ്ടാക്കിയത്. അതിന് സാഹചര്യം സൃഷ്ടിച്ചത് നമ്മള് തന്നെയാണ്. ഡാമിന് ചുറ്റുവട്ടവും കൃഷിയോ കെട്ടിടങ്ങളോ പാടില്ലെന്ന നിബന്ധനകളും നിര്‍ദ്ദേശങ്ങളുമെല്ലാം തൃണവത്ഗണിക്കുന്നതാണ് ശീലം. പഞ്ചായത്തുകളും സര്‍ക്കാരുകളുമെല്ലാം കണ്ണടയ്ക്കുകയാണ് പതിവ്. കയ്യേറി കൈവശം വയ്ക്കുകയും കൃഷിയും കെട്ടിടങ്ങളും വയ്ക്കാന്‍ സ്ഥാപനങ്ങള്‍ അനുമതി നല്കുന്നു. വോട്ട് ബാങ്ക് ലക്ഷ്യമിട്ട് കയ്യേറിയ ഭൂമിക്ക് പട്ടയവും നല്കുന്നു.
പുഴകളും തോടുകളുമെല്ലാം പാടങ്ങളോ കൃഷിസ്ഥലങ്ങളോ ആക്കി മാറ്റിയിരിക്കുകയാണ്. വെള്ളം തുരുതുരാ ഉയര്‍ന്നപ്പോഴാണ് സര്‍ക്കാര്‍ സംവിധാനങ്ങള്‍ വെള്ളച്ചാലുകള്‍ പുനഃസൃഷ്ടിക്കാന്‍ വല്ലാതെ പാടുപെടുന്നത് കണ്ടത്. സ്വതവേ പാലിക്കേണ്ട ജാഗ്രത ജനങ്ങളില്‍നിന്നും സര്‍ക്കാരില്‍നിന്നും ഉണ്ടായില്ല എന്നതും വിസ്മരിച്ചുകൂടാ. ഈ മഴക്കാലത്ത് ഏറ്റവും കൂടുതല്‍ കെടുതിയുണ്ടായത് കുട്ടനാട്ടിലും കോട്ടയത്തുമാണല്ലൊ. കുട്ടനാട്ടിന് എന്തുകൊണ്ട് ഈ അവസ്ഥ വരുത്തിവച്ചത് എന്ന് പരിശോധിക്കണം. കുട്ടനാട് പാക്കേജിനെക്കുറിച്ച് കേള്‍ക്കാന്‍ തുടങ്ങിയിട്ട് കാലമേറെയായി. കോടിക്കണക്കിന് രൂപയും വെള്ളത്തിലൊഴുക്കി. എന്നിട്ടും കുട്ടനാടിനെ രക്ഷിക്കാനാകാത്തതെന്തുകൊണ്ടെന്ന് പരിശോധിക്കണം.
കുട്ടനാട് നീര്‍ത്തട പരിസ്ഥിതി പദ്ധതി വികസിപ്പിക്കുന്നതിനും പദ്ധതി സംയോജിതമായി പൂര്‍ത്തീകരിക്കുന്നതിനും സാധിച്ചില്ല. വെള്ളപ്പൊക്കം എന്നത് ഒരു സ്വാഭാവിക പ്രതിഭാസമാണ്. വെള്ളപ്പൊക്കം പൂര്‍ണമായി ഇല്ലാതാക്കുകയോ നിയന്ത്രിക്കുകയോ ചെയ്യുന്നത് സാമ്പത്തികമായും പ്രായോഗികമായും സാധ്യമല്ല. എന്നാലും കരുതലും ജാഗ്രതയും സദാനേരവും ഉണ്ടാകണം. ജനങ്ങളെ ഭീതിയിലാക്കുന്ന പ്രചരണം ആരുടെ ഭാഗത്തുനിന്നും ഉണ്ടാകുന്നില്ലെന്നും ഉറപ്പുവരുത്തണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: