വയനാടിനെ രാമായണക്ഷേത്രമായി സങ്കല്‍പ്പിക്കാവുന്ന അനവധി വിശ്വാസങ്ങളും തെളിവുകളും ജില്ലയില്‍ നിറഞ്ഞുനില്‍ക്കുന്നുണ്ട്.
വയനാടിന്റെ രാമായണ ബന്ധം ഇവിടെ പല സ്ഥലങ്ങളിലുമുണ്ട്. പൊന്‍കുഴി ശ്രീരാമക്ഷേത്രം, പുല്‍പ്പള്ളി സീതാ ലവകുശ ക്ഷേത്രങ്ങള്‍, തിരുനെല്ലിയിലെ രാമപാദം എന്നിവ ഇക്കൂട്ടത്തില്‍ ചിലതുമാത്രം. രാമലക്ഷ്മണന്മാരെ യാഗരക്ഷയ്ക്കായി വിശ്വാമിത്രന് കൂട്ടിക്കൊണ്ടുപോകുന്ന വഴിക്കാണല്ലോ താടകാവധം നടന്നത്. ഘോരരൂപിണിയായ താടക വീണുകിടക്കുന്ന മനോജ്ഞദൃശ്യം അമ്പലവയലിലെ അമ്പുകുത്തി എന്ന സ്ഥലത്തുണ്ട്. ദൂരെനിന്നു നോക്കിയാല്‍ അമ്പുകുത്തി കുന്നുകള്‍ക്ക് സ്ത്രീ ശരീരത്തിന്റെ സാമ്യമുണ്ട്. ശരീരത്തിന്റെ മാറിടഭാഗത്താണ് അമ്പുകുത്തിയ പിളര്‍പ്പുള്ളത്. ആ പിളര്‍പ്പുകള്‍ക്ക് ഇടയ്ക്കാണ് പ്രസിദ്ധമായ ഇടക്കല്‍ ഗുഹ. ഈ സ്ഥലപ്പേരുതന്നെ അമ്പുകുത്തി എന്നായതും രാമായണബന്ധത്തെ സൂചിപ്പിക്കുന്നു. വയനാട്ടിലെ പല സ്ഥലനാമങ്ങളും രാമായണവുമായി ബന്ധമുള്ളതാണ്. ചീരാംകുന്ന് (ശ്രീരാംകുന്ന്), ചെതലയം (സീതാലയം) അമ്പുകുത്തി, ശിശുമല (ലവകുശന്മാര് കളിച്ചു വളര്‍ന്ന സ്ഥലം), പുല്‍പ്പള്ളി (സീതാദേവി പുല്ലില്‍ പള്ളികൊണ്ട സ്ഥലം) തുടങ്ങിയവ ഉദാഹരണങ്ങളാണ്.
പക്ഷിപാതാളത്തെ സ്വയംപ്രഭ
ശ്രീരാമസീതാലക്ഷ്മണന്മാരുടെ വനവാസകാലത്ത് സീതയെ രാവണന് ലങ്കയിലേക്ക് അപഹരിച്ചുകൊണ്ടുപോയി. സീതയെ കണ്ടെത്തുന്നതിന് നിയോഗിക്കപ്പെട്ട പല സംഘങ്ങളില്‍ ഹനുമാന്റെ നേതൃത്വത്തിലുള്ള സംഘമാണ് തെക്കോട്ടു പോയത്. അവര്‍ തിരുനെല്ലിക്കടുത്ത പക്ഷിപാതാളത്തില്വച്ചാണ് ചിറകുകളില്‍നിന്ന് വെള്ളം ഇറ്റുവീഴുന്ന ക്രൗഞ്ചപ്പക്ഷികളെയും അരയന്നങ്ങളെയും കണ്ടത്. പക്ഷികളെ പിന്തുടര്ന്നെത്തിയ വാനരന്മാര്ക്ക് ഗുഹയിലെത്തിയപ്പോള്‍ വെള്ളവും ഫലമൂലാദികളും വേണ്ടുവോളം കിട്ടി. ആ ഗുഹയിലുണ്ടായിരുന്ന സ്വയംപ്രഭ എന്ന യോഗിനി ലങ്കയിലാണ് സീതയുള്ളതെന്നും, അങ്ങോട്ടുള്ള വഴിയും പറഞ്ഞുകൊടുത്തുവത്രേ.
പിന്നീട് സംഘം ദക്ഷിണ തീരത്തെത്തി സമ്പാദിയെ കണ്ടപ്പോഴാണ് ലങ്കയില്‍ എത്താനുള്ള മാര്‍ഗങ്ങള്‍ അറിഞ്ഞത്. സീതാദേവിയെക്കണ്ട് മാരുതി തിരിച്ചെത്തി രാമലക്ഷ്മണന്മാരെ കുട്ടി ദക്ഷിണദിക്കിലേക്ക് പോകുന്നത് വയനാട് വഴിക്കു തന്നെയാണ്. ആ യാത്രയിലാണ് ശ്രീരാമന് തിരുനെല്ലിയിലും പിന്നീട് രാമേശ്വരത്തും എത്തുന്നത്. വയനാടിന്റെയും കര്‍ണാടക സംസ്ഥാനത്തിന്റെയും ഇടയ്ക്കുള്ള ഇരിപ്പ് എന്ന സ്ഥലത്തും ശ്രീരാമക്ഷേത്രമുണ്ട്. അവരുടെ ദക്ഷിണേന്ത്യയിലെ മാര്‍ഗ്ഗം ഇതായിരുന്നു. തിരുനെല്ലി, മാനന്തവാടി, പൊങ്ങിനി മുട്ടില്‍, മേപ്പാടി, മീന്മുട്ടി, നിലമ്പൂര്‍, പാലക്കാട്, മധുര, രാമേശ്വരം, ശ്രീലങ്ക.
സീതാദേവിയുടെ കണ്ണീര് തടാകം
വയനാടുമായി സീതാദേവിക്കുള്ള ബന്ധം തുടങ്ങുന്നത് ഗര്‍ഭവതിയായ ദേവിയെ ഒരു അപവാദം കേട്ടതിന്റെ പേരില്‍ ശ്രീരാമന് ലക്ഷ്മണനോട് വാല്മീകിയുടെ ആശ്രമത്തില്‍ കൊണ്ടുവിടാന്‍ കല്‍പ്പിച്ച് ആശ്രമത്തിലെത്തുന്നതു മുതല്ക്കാണ്. ആശ്രമപരിസരത്തെ പൊന്‍കുഴിയിലെ തടാകം ദേവിയുടെ കണ്ണീര്‍തടാകം എന്നാണ് അറിയപ്പെടുന്നത്. വാല്മീകിയുടെ ആശ്രമത്തില്‍വച്ച് ദേവി ലവകുശന്മാരെ പ്രസവിച്ചു. അവര്‍ കളിച്ചുവളര്‍ന്ന മലയാണ് പുല്‍പ്പള്ളിക്കടുത്തുള്ള ശിശുമല. വാല്മീകിയുടെ ആശ്രമപരിസരത്തുള്ള മന്ദാര വൃക്ഷത്തില്‍ എന്നും രണ്ടു പൂക്കളെങ്കിലും വിരിയുന്നത് ലവകുശന്മാരെ ഓര്ത്തുകൊണ്ടാണെന്ന വിശ്വാസം ഇന്നും അഭംഗുരം നിലനില്ക്കുന്നു. അതുപോലെ വയനാട്ടിലെല്ലായിടത്തും പൊതുവെ കാണപ്പെടുന്ന ഒരു പഴമാണ് സീതപ്പഴം.
പുല്‍പ്പള്ളിയിലെ മറ്റൊരു കാഴ്ച നമ്മെ അത്ഭുതപ്പെടുത്തും. വര്‍ഷക്കാലത്ത് ഇത്തരം പ്രദേശങ്ങളില്‍ സാധാരണ കാണാറുള്ള അട്ട പുല്‍പ്പള്ളിയില്‍ ഇല്ല! ലവകുശന്മാരെ അട്ട കടിച്ചപ്പോള്‍ സീതാദേവിക്കുണ്ടായ മനോവിഷമത്താല്‍ അട്ടകള്‍ ഇല്ലാതായി എന്നാണ് വിശ്വാസം. മറ്റൊന്ന് വയനാട്ടിലെങ്ങും കാണുന്ന വലിയ പുറ്റുകളാണ്. ഇത്തരം ഒരു വാല്മീകത്തിലായിരുന്നല്ലോ രത്നാകരന് തപസ്സിലൂടെ വാല്മീകിയായി മാറിയത്.
ജടയറ്റ കാവിലെ ചേടാലിറ്റമ്മ
വാല്മീകി മുനി ലവകുശന്മാരെ രാമായണം പാടിപ്പഠിപ്പിച്ചു. അയോധ്യയില്‍ ശ്രീരാമന് നടത്തുന്ന അശ്വമേധയാഗവേദിയില് ലവകുശന്മാര് രാമായണകഥ ഭംഗിയായി പാടി. ഇതുകേട്ട് ആദികാവ്യം രചിച്ചത് ആരാണെന്നും, കുട്ടികള്‍ ആരാണെന്നും തിരക്കി. വാല്മീകി മുനിയാണിത് പഠിപ്പിച്ചതെന്നും, ഞങ്ങള്‍ ശ്രീരാമചന്ദ്രന്റെ മക്കളാണെന്നും കുട്ടികള്‍ ധൈര്യപൂര്‍വ്വം പറഞ്ഞു. ശ്രീരാമന് വാല്മീകിയെ കാണുവാനും സീതാദേവിയെ തിരികെകൊണ്ടുവരാനും വയനാട്ടിലെ വാല്മീകിയുടെ ആശ്രമത്തിലേക്ക് പുറപ്പെട്ടു. ശ്രീരാമന് മഹര്‍ഷിയോട് സീതയെ തിരികെ ആവശ്യപ്പെട്ടു. മുനി സന്തോഷത്തോടെ ദേവിയെ വിളിച്ചു. സീത ദോഷമൊന്നും ചെയ്തിട്ടില്ലെന്നും, അപവാദം തീര്‍ന്നിരിക്കുന്നുവെന്നും പറഞ്ഞു.
സീതാദേവി ശ്രീരാമനെ നോക്കി കണ്ണീര് പൊഴിച്ചുകൊണ്ട് ഇപ്രകാരം പറഞ്ഞു: ഭര്‍ത്താവായ രാമനെയല്ലാതെ മറ്റൊരു പുരുഷനെ ചിത്തത്തില്‍ കാംക്ഷിച്ചിട്ടേ ഇല്ല. ഇതു സത്യമെങ്കില്‍ മാതാവേ, ഭൂമിദേവീ എന്നെ അനുഗ്രഹിക്കണമെന്ന് വിലപിച്ചു. ഉടനെ ഭൂമി പിളര്‍ന്ന് ഒരു സിംഹാസനം ഉയര്‍ന്നുവന്നു. അതില്‍ സീതയെ ഇരുത്തി ഭൂമാതാവ് താഴ്ന്നുപോയി. ശ്രീരാമന് ദേവിയെ രക്ഷിക്കാനായി പിടിക്കാന്‍ ശ്രമിച്ചെങ്കിലും ദേവിയുടെ ജട മാത്രമാണ് കരഗതമായത്. പുല്‍പ്പള്ളിയിലെ ഈ സ്ഥാനത്താണ് ജടയറ്റകാവ് സ്ഥിതിചെയ്യുന്നത്. ഇവിടെയുള്ള ജടയറ്റ അമ്മ കാലാന്തരത്തില്‍ ചേടാറ്റിലമ്മയായി വാഴുന്നു.
പരിക്രമണ യാത്രയ്ക്ക് 14 വയസ്സ്
രാമായണ സങ്കല്പങ്ങളുറങ്ങുന്ന പുല്‍പ്പള്ളിയിലെ പ്രധാന ക്ഷേത്രങ്ങളിലൂടെയുള്ള ഒരു ദിവസത്തെ യാത്രയാണ് രാമായണ പരിക്രമണ തീര്‍ഥയാത്ര എന്ന പേരില്‍ 14 വര്‍ഷമായി മാതാ അമൃതാനന്ദമയീ മഠത്തിന്റെ അനുഗ്രഹാശിസ്സുകളോടെ നടന്നുവരുന്നത്. യാത്രയില്‍ ആയിരക്കണക്കിന് ഭക്തജനങ്ങളെ കൂടാതെ കുമ്മനം രാജശേഖരന്, കെ.പി. ശശികല ടീച്ചര്‍, വേദാമൃതചൈതന്യ, ശോഭ സുരേന്ദ്രന് തുടങ്ങിയവര്‍ സംബന്ധിച്ചിട്ടുണ്ട്. ഇത്തവണത്തെ രാമായണ പരിക്രമണ തീര്‍ത്ഥയാത്രയ്ക്ക് കര്‍ക്കടകത്തിലെ അവസാന ഞായറാഴ്ച ആഗസ്റ്റ് പന്ത്രണ്ടിന് രാവിലെ എട്ടുമണിക്ക് പുല്‍പ്പള്ളി സീതാലവകുശക്ഷേത്രത്തില് സമാരംഭം കുറിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: