കൊച്ചി: ട്രായ് ചെയര്മാന് ആര്.എസ് ശര്‍മയുടെ രഹസ്യങ്ങള്‍ ആധാര്‍ നമ്പര്‍ വഴി ചോര്‍ത്തിയെന്ന ഫ്രഞ്ച് ഹാക്കറുടെ അവകാശവാദങ്ങളും മോദി സര്‍ക്കാരിനെ കുറ്റപ്പെടുത്താന്‍ അത് കണ്ണുമടച്ച് വിശ്വസിച്ചവരുടെ വിശ്വാസ്യതയും തുറന്നുകാട്ടി മലയാളി. ഹാക്കര്‍ വെറും ജോക്കറാണെന്നും അയാളെ കണ്ണുമടച്ച് പിന്തുണച്ച ചില പിഎച്ച്ഡിക്കാരും ഏതാനും മാധ്യമപ്രവര്‍ത്തകരും വിവരക്കേടാണ് കാണിച്ചതെന്നും വിശ്വരാജ് വിശ്വ സുദീര്‍ഘമായി വിവരിക്കുന്നു.
സാധാരണ ഭരണ സുതാര്യതയില്‍ ആര്‍ക്കും ശേഖരിക്കാവുന്ന വിവരങ്ങളല്ലാതെ ഒന്നും ട്രായ് ചെയര്‍മാന്റെ ആധാര്‍ നമ്പര്‍വഴി ഫ്രഞ്ച് ഹാക്കര്‍ക്ക് കിട്ടിയില്ലെന്നും കിട്ടില്ലെന്നും വിശ്വരാജ് വിശ്വയാണ് തെളിയിച്ചത്. അതേസമയം ആധുനിക സംവിധാനങ്ങളുള്ള ക്രെഡിറ്റ്-ഡബിറ്റ് കാര്‍ഡുകളുടെ ഉപയോഗത്തില്‍ സൂക്ഷ്മത പാലിച്ചില്ലെങ്കില്‍ പണച്ചോര്‍ച്ച സംഭവിക്കാമെന്ന് ഈ വിവര സാങ്കേതിക ജ്ഞാനികൂടിയായ സാമ്പത്തിക വിശകലനക്കാരന്‍ തന്റെ ഫേസ്ബുക്ക് അക്കൗണ്ടിലൂടെ വിവരിക്കുന്നു.
ഫേസ്ബുക് പോസ്റ്റില്‍നിന്ന്:
”ട്രായ് ചെയര്മാന് ആര്.എസ് ശര്‍മ്മയോട് സ്വന്തം ആധാര്‍ നമ്പര്‍ പബ്ലിക്ക് ആയി പറയാമോ, നിങ്ങളുടെ ആധാറുമായി ബന്ധപ്പെട്ടു രഹസ്യ വിവരങ്ങള്‍ മുഴുവന്‍ പുറത്തു വിടാം എന്നായിരുന്നു ഒരു ഫ്രഞ്ച് ഹാക്കര്‍ എന്നവകാശപ്പെടുന്ന ഒരു മരമണ്ടന്റെ വാദം. ശര്‍മ്മ ആധാര്‍ നമ്പര്‍ സാമൂഹ്യ മാധ്യമത്തില്‍ പരസ്യമാക്കി, എന്നിട്ട് താന്‍ ഒന്ന് മലര്‍ത്തി അടിച്ചു കാണിക്ക് എന്ന് കമന്റും ഇട്ടു. പിന്നെ കാണുന്നത് പ്രമുഖ വാര്‍ത്ത ചാനലുകളില്‍, മാധ്യമങ്ങളില്‍, മലയാള ‘സിഐടിയു’ വാര്‍ത്തകളില്‍ എല്ലാം വാര്‍ത്ത നിറയുന്നതാണ്- ആധാര്‍ വിവരങ്ങള്‍ അനായാസം ചോര്‍ത്താം, ട്രായ് ചെയര്‍മാന്റെ മുഴുവന്‍ രഹസ്യ വിവരങ്ങളും സാമ്പത്തിക ഇടപാടുകളും ആധാര്‍ വഴി ഹാക്ക് ചെയ്ത് ഫ്രഞ്ച് ഹാക്കര്‍മാര്‍… മോദി പ്രതിരോധത്തില്‍.. ആധാര്‍ പിന്‍വലിക്കാന്‍ മോദി നിര്‍ബന്ധിതനാവുമോ ? ആധാറിന്റെ നിലനില്‍പ്പ് ചോദ്യത്തില്‍ എന്നിങ്ങനെ കോലാഹലം. ഇത് എഴുതണം എന്ന് തോന്നിയത്, എന്നെ പഠിപ്പിച്ച പിഎച്ച്ഡി ഒക്കെ ഉള്ള ഒരു ബുദ്ധിമാന് എന്ന് കരുതിയ ഒരു ഇടത് സഹചാരി ആയ അധ്യാപകന് വാര്‍ത്ത ഷെയര്‍ ചെയ്ത് ആശങ്ക അറിയിക്കുന്നത് കണ്ടപ്പോളാണ്… എത്ര വേഗം ആളുകള്‍ തെറ്റിധരിക്കെപ്പെടുന്നു…
മണ്ടന്‍ ഹാക്കര്‍ ചെയ്തത് നോക്കാം ..
ട്രായ് (ടെലികോം റഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ) യുടെ ചെയര്മാന് ശര്‍മ്മയുടെ മൊബൈല്‍ നമ്പര്‍ എടുത്തത് സര്‍ക്കാരിന്റെ വെബ്സൈറ്റ് ആയ ഡിഒപിടി യുടെ സൈറ്റില്‍ നിന്നാണ്. അവിടെ ശര്‍മ്മയെ പോലുള്ള ഡിപ്പാര്‍ട്ട്മെന്റ് തലവന്മാരുടെ ഫോണ്‍ നമ്പറും ഇമെയില്‍ ഐഡിയും കൊടുത്തിട്ടുണ്ട്. അതില്‍ നിന്ന് നമ്പര്‍ എടുത്തു ഫേസ്ബുക്കില്‍ സെര്‍ച്ച് ചെയ്താല്‍ അദ്ദഹത്തിന്റെ പ്രൊഫൈല്‍ ലഭിക്കും. അതില്‍ നിന്ന് (സെക്യൂരിറ്റി സെറ്റിംഗ്സ് മാറ്റിയിട്ടില്ല എങ്കില്‍) ഇമെയില്‍ ഐഡിയും എളുപ്പം ലഭിക്കുമല്ലോ. ഇനി അദ്ദേഹത്തിന്റെ നമ്പര്‍ സ്വന്തം മൊബൈലില്‍ സേവ് ചെയ്ത ഹാക്കര്‍ ശര്‍മ്മയുടെ വാട്സ് ആപ് ഡിപി ചിത്രം എടുത്തു കാണിച്ചിട്ട് പറയുന്നു, കണ്ടോ കണ്ടോ നിങ്ങളുടെ ആധാര്‍ വഴി നിങ്ങളുടെയും ഭാര്യയുടെയും ഫോട്ടോ വരെ എനിക്ക് ലഭിച്ചു എന്ന്. ശര്‍മ്മ, അത് കൂടാതെ അനേകം ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ഇട്ടിട്ടുണ്ട്. അതെങ്കിലും പ്രമുഖ ഹാക്കര്‍ക്ക് നോക്കാമായിരുന്നു.
ട്രൂകോളറില് കിട്ടില്ലേ?
ഇനി ഒരു നമ്പര്‍ കിട്ടിയാല്‍ അതിന്റെ ഡീറ്റൈല്‍സും ആള്‍ട്ടര്‍നേറ്റ് നമ്പറും എല്ലാം ട്രൂ കോളറില്‍ കൂടി ലഭ്യമല്ലേ. അല്ലെങ്കില്‍ അതുപോലെ മൊബൈല്‍ നമ്പര്‍ കൊടുത്താല്‍ കോളര്‍ ഐഡി ട്രേസ് ചെയുന്ന എത്ര മൊബൈല്‍ ആപ്പുകളുണ്ട്. ഇത്രയും വിവരങ്ങള്‍ എടുക്കാന്‍ നമ്മുടെ ആധാര്‍ നമ്പറിന്റെ ആവശ്യം പോലുമില്ലെന്ന് മനസ്സിലായല്ലോ അല്ലെ ?
പിന്നെ പുറത്തായ വിവരം എന്ന് പറയുന്നത് അദ്ദേഹത്തിന്റെ പാന്‍ കാര്‍ഡ് നമ്പര്‍ ആണ്… അതിനു വേണ്ടിയാവും ‘ജോക്കര്‍’ അല്പം പണി എടുത്തിട്ടുള്ളത്.. ആദ്യം ഡിടിഎഫ്. ഇന്‍ (ഡിസിപ്ലിനറി ആന്‍ഡ് ട്രാന്‍സ്പേരന്‍സി ഫോറം) വെബ്സൈറ്റില്‍ പോയി സര്‍ക്കാര്‍ സിവില്‍ സര്‍വീസ്, ഉന്നത ചുമതലയില്‍ ഇരിക്കുന്നവര്‍ എന്നിവരുടെ സീനിയോറിറ്റി ലിസ്റ്റ് ഇട്ടിട്ടുള്ള സര്‍ക്കാരിന്റെ ഔദേ്യാഗിക സര്‍ക്കുലറുകളില്‍ ഏതെങ്കിലും ഒന്നില്‍ പോയി അതില്‍ ശര്‍മ്മയുടെ ഡിഒബി (ജനന തീയതി) കണ്ടെത്തി.
അപ്പോള്‍ പാന്‍കാര്‍ഡോ?
പിന്നെ നിങ്ങള്‍ ശ്രദ്ധിച്ചാല്‍ മനസിലാവും, പാന്‍കാര്‍ഡ് നമ്പര്‍ പുറത്തുവിട്ടു എന്ന് പറഞ്ഞു കൊടുത്തിരിക്കുന്ന ആ സ്ക്രീന്‍ഷോട്ടില്‍ അദ്ദേഹത്തിന്റെ ഇന്‍കം ടാക്സ് സര്‍ക്കിള്‍ കൊടുത്തിട്ടുണ്ട്. അങ്ങനെ ഇന്‍കം ടാക്സ് സര്‍ക്കിളിന്റെ ഡാറ്റ കിട്ടുന്ന ഒരേ ഒരു സ്ഥലം ഇന്‍കം ടാക്സ് സൈറ്റാണ്. ഇന്‍കം ടാക്സ് ഫയലിംഗ് സൈറ്റില്‍ ലോഗിന്‍ ചെയ്യാന്‍ നേരത്തു നിങ്ങളുടെ പേര്, ജനനത്തീയതി ഇമെയില്‍ ഐഡി / മൊബൈല്‍ നമ്പര്‍ ഒക്കെ ചോദിക്കും. അതെല്ലാം ജോക്കറിന് കിട്ടിക്കഴിഞ്ഞല്ലോ. അത് ആധാറിന്റെ കുഴപ്പം അല്ലല്ലോ.. ഇവിടെയും ആധാര്‍ നമ്പര്‍ കൊണ്ട് ഹാക്കറിന് ഒരു വിവരങ്ങളും കിട്ടിയിട്ടില്ല എന്ന് മനസ്സിലായല്ലോ..
ഇനി ഈ വിവരങ്ങള്‍ എല്ലാം വച്ചു എയര്‍ ഇന്ത്യ കസ്റ്റമര്‍ കെയറില്‍ ബന്ധപ്പെട്ടു ഡാറ്റ ക്രോസ്സ് വെരിഫൈ ചെയ്തു ഫ്രീക്വന്റ്റ് ഫ്ളയര്‍ നമ്പര്‍ സംഘടിപ്പിച്ചു…..
എയര്‍ ഇന്ത്യയുടെ പങ്ക്?
ശര്‍മ്മയുടെ ഇമെയില്‍ ഹാക്ക് ചെയ്യാന്‍ നോക്കിയപ്പോള്‍ സെക്യൂരിറ്റി ചോദ്യം എയര്‍ ഇന്ത്യ ഫ്രീക്വന്റ്റ് ഫഌര്‍ നമ്പര്‍ ആണ് കൊടുത്തിരുന്നത് എന്നു മനസ്സിലാക്കിയ ഹാക്കര്‍ ഇമെയില്‍ ഐഡി സെക്യൂരിറ്റി ചോദ്യം വഴി തുറക്കാന്‍ വേണ്ടി ആണ് എയര്‍ ഇന്ത്യ ഫ്രീക്വന്റ് ഫഌയര്‍ നമ്പര്‍ തേടി പോയത്… ഇമെയിലില്‍ നിന്നു കിട്ടിയ പാന്‍ ഡെലിവറി നോട്ടിഫിക്കേഷനില്‍ നിന്നു അതിന്റെ റെസിപ്റ്റ് നമ്പര്‍ എടുത്തു അതിന്റെ സ്റ്റാറ്റസ് എന്‍ക്വയറി നോക്കുമ്പോള്‍ പാന്‍കാര്‍ഡ് നമ്പര്‍ കൂടി അതില്‍ കാണിക്കും…ഇവിടെയും ആധാര്‍ ബ്രീച്ച് നടന്നിട്ടില്ല…. ഇവിടെ കുഴപ്പം എളുപ്പത്തില്‍ ബ്രെക്ക് ചെയ്യാവുന്ന വിവരങ്ങള്‍ ഇ മെയില്‍ സെക്യൂരിറ്റിക്ക് വേണ്ടി കൊടുത്തത് കൊണ്ടു മാത്രമാണ്….
ഇത്രയൊക്കെ ആയി..എന്നാല്‍ പിന്നെ ശര്‍മ്മയുടെ കറണ്ട് ബില്ലും പാല്‍ക്കാരന്റെ പൈസയും പത്രക്കാരന്റെ ബില്ലും കൂടി കൊടുക്കാമായിരുന്നു.. അത് അവരെ വിളിച്ചു ചോദിച്ചാല്‍ പോലും അവര്‍ പറഞ്ഞു കൊടുത്തേനെ.. പുവര്‍ ഹാക്കര്‍.. . പിന്നീട് നമ്മള് എല്ലാം ചെയ്യാറുള്ളത് പോലെ മൊബൈല്‍ നമ്പര്‍ ഉപയോഗിച്ച് ആധാര്‍ പേ വഴി 10 രൂപ ശര്‍മ്മയുടെ അക്കൗണ്ടിലേക്ക് ട്രാസ്ഫറും ചെയ്തു കൊടുത്തു. പേ ടിഎം ആയാലും, ടിഇസെഡ്, അല്ലെങ്കില്‍ ഭീം ആപ്, ആധാര്‍ പേ എന്നിവ ആയാലും മൊബൈല്‍ നമ്പര്‍ വഴി പണം അയക്കാന്‍ സൗകര്യം ഉണ്ടെന്നറിയാമല്ലോ.. അങ്ങനെ പണം അയച്ചാല്‍ അക്കൗണ്ട് നമ്പര്‍ കിട്ടി എന്നാണോ അര്‍ത്ഥം ..ഹാക്കര്‍ ചേട്ടന്റെ 10 രൂപ ശര്‍മ്മയ്ക്ക് കിട്ടി എന്ന് മാത്രം… ഹഹഹ .. ഇവിടെയും ആധാര്‍ നമ്പര്‍ ഉപയോഗിച്ച് ഒരു ആധാര്‍ ഡാറ്റയും ഹാക്കര്‍ എന്ന് പറയുന്ന ജോക്കര്‍ക്ക് ലഭിച്ചിട്ടില്ല…”
വെറും പുകമറ!
ഹാക്കറുടെ അവകാശവാദം വെറും പുകമാത്രമാണെന്ന് വിശ്വരാജ് വിശ്വ എഴുതുന്നു. ആധാര്‍വഴി നാടിന് വന്‍ നേട്ടമാണുണ്ടായതെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു. ”വെറും പുക മാത്രമാണ് ഉണ്ടായത്. വെടി പൊട്ടിയതും ഇല്ല.. പക്ഷെ ഇടത് മാധ്യമങ്ങള്‍ക്ക്, രാഷ്ട്രീയ നപുംസകങ്ങള്‍ക്ക് എല്ലാം ഇതൊക്കെ ഈ നാടിന്റെ മുന്നേറ്റത്തിന് വളരെ അധികം ഗുണം ചെയ്യുന്ന ആധാര്‍ സംവിധാനവും അതിന്റെ വിശ്വാസ്യതയും തകര്‍ക്കാന്‍ അനേക വഴികളില്‍ ഒന്ന് മാത്രം. ” പോസ്റ്റ് തുടരുന്നു.
പോസ്റ്റ് വിശദമായി വായിക്കാന്‍:
https://www.facebook.com/lonelywanderlust/posts/10211926427974778
പ്രതികരിക്കാൻ ഇവിടെ എഴുതുക: